10 January 2025, Friday
KSFE Galaxy Chits Banner 2

ഐഎസ്‌ആര്‍ഒ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി

Janayugom Webdesk
കൊച്ചി
November 16, 2021 4:11 pm

ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച കീഴ്ക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. കേസില്‍ 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യമായിരുന്നു സി ബി ഐ കോടതി അനുവദിച്ചിരുന്നത്. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള സിബി മാത്യൂസിന്‍റെ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് 60 ദിവസത്തേക്ക് സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുന്‍ ഡിജിപി കൂടിയായ സിബി മാത്യൂസ്. ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്. എന്നാല്‍, തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നും സിബി മാത്യൂസ് ആരോപിച്ചിരുന്നു.

ചാരക്കേസില്‍ പ്രതിയായ നമ്പി നാരായണനെ ഇന്‍റലിന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് കേസ് അട്ടിമറി നടത്തിയതെന്നും ആയിരുന്നു സി ബി മാത്യൂസിന്റെ വാദം. ചില ശാസ്ത്രജ്ഞന്‍മാര്‍, പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ അട്ടിമറിയ്ക്ക് പിന്നിലുണ്ട്, ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തില്‍ സര്‍ക്കാരുകള്‍ കൈയ്യും കെട്ടി നില്‍ക്കുന്നത് ശരിയല്ലെന്നുമായിരുന്നു സിബി മാത്യൂസ് പറഞ്ഞത്. അതേസമയം, മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെ സിബിഐയുടെ വിശദീകരണം നേരത്തെ ഹൈക്കോടതി തേടിയിരുന്നു.

എന്നാല്‍ നമ്പി നാരായണനെ കസ്റ്റഡില്‍ മര്‍ദ്ദിച്ചുവെന്നും സിബിമാത്യൂസിന്റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐയും വാദിച്ചു. സി ബി മാത്യൂസിന്‍റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നമ്പി നാരായണനും ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാലി വനിതകളും കക്ഷി ചേര്‍ന്നിരുന്നു. അതേസമയം, ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരായ ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളായ പോലീസുദ്യോഗസ്ഥരായ എസ്വി ജയന്‍ ‚തമ്പി എസ്. ദുര്‍ഗാഗത്ത്, ജയപ്രകാശ് ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ജാമ്യം . നാലുപേരും അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയാലും അന്നുതന്നെ വിട്ടയയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ENGLISH SUMMARY:ISRO con­spir­a­cy case; Siby Math­ews’ antic­i­pa­to­ry bail extended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.