29 May 2024, Wednesday

ഒരു മതത്തിന്റെ ആരാധനാലയങ്ങൾ പ്രതിഷ്‌ഠിക്കലല്ല സര്‍ക്കാരിന്റെ കടമ: കത്തോലിക്കസഭ

ബിനോയ് ജോര്‍ജ് പി
തൃശൂർ
April 5, 2024 11:26 pm

സർക്കാരിന് നേതൃത്വം കൊടുക്കുന്നവരുടെ പ്രധാന കടമ ഏതെങ്കിലും ഒരു മതത്തിന്റെ ആരാധാലയങ്ങൾ പ്രതിഷ്‌ഠിക്കലും ആചാരാനുഷ്‌ഠാനങ്ങൾ ഭരണതലത്തിൽ സ്ഥാപിക്കലും വർഗീയ ധ്രുവീകരണം നടത്തലും ആകരുതെന്ന് തൃശൂര്‍ അതിരൂപത മുഖപത്രം കത്തോലിക്കസഭ. അങ്ങനെ വന്നാൽ അത് മതേതരത്വത്തിനെതിരായ നീക്കങ്ങളായിരിക്കും. ഇന്ത്യ ജനാധിപത്യ‑മതേതര‑സോഷ്യലിസ്റ്റ് രാജ്യമായി നില നിൽക്കണമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹം. പക്ഷേ, കഴിഞ്ഞകുറച്ചു കാലങ്ങളായി ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരായ നീക്കങ്ങൾ ശക്തിപ്പെട്ടുവരുന്നു. ഇന്ത്യ എന്ന പേരും ഭരണഘടനയും മാറ്റുമെന്നുള്ള സൂചനകൾ അതിനുദാഹരണങ്ങളാണ്. ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള പരിശ്രമങ്ങൾ അസമാധാനവും അകൽച്ചകളും സൃഷ്‌ടിക്കും. ഭൂരിപക്ഷ മതകാര്യങ്ങളിൽ ഭരണ കക്ഷി വലിയ താല്പ‌ര്യമെടുക്കുന്നതിനാൽ ഭൂരിപക്ഷ മത വർഗീയതയെ പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും മത രാഷ്ട്ര സ്ഥാപനം അധോഗതിയാണ് കൊണ്ടുവരികയെന്നും കത്തോലിക്കസഭയുടെ ഏപ്രില്‍ ലക്കത്തില്‍ ‘സ്വന്തം ലേഖകന്‍ ‘പറയുന്നു. കേന്ദ്ര ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവരുടെ ആശങ്കകളെയും ഉത്തരേന്ത്യയിലെ ക്രിസ്ത്യനികള്‍ക്ക് നേരെയുള്ള പീഡനങ്ങളെയും പറ്റി ഒന്നാം പേജില്‍ തന്നെയാണ് ബിജെപിയെന്ന് ഒരു വാക്ക് നേരിട്ട് പരാമര്‍ശിക്കാതെയുള്ള പരോക്ഷ വിമര്‍ശനം. ‘വോട്ടാണ്, പാഴാക്കരുത്’ എന്ന തലക്കെട്ടില്‍ വിശ്വാസി സമൂഹത്തിനോട് 26ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യരുതെന്ന് വ്യക്തമാക്കുന്നതാണ് ഈ ലേഖനം. 

ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ ഒരുപാട് പ്രശ്ന‌ങ്ങൾ നേരിടുന്നുണ്ട്. ആൾകൂട്ട കൊലപാതകങ്ങൾ, ആരാധനാലയങ്ങൾ ആക്രമിക്കൽ, മതപരിവർത്തന ബില്ല് പാസാക്കി വേട്ടയാടൽ, കള്ളക്കേസിൽ കുടുക്കി വൈദികരെയും കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്യൽ, മതസ്വാതന്ത്ര്യം അപകടപ്പെടുത്തൽ, ന്യൂനപക്ഷാവകാശങ്ങൾ ധ്വംസിക്കൽ തുടങ്ങിയവയെല്ലാം നടക്കുന്നുണ്ട്. മണിപ്പൂരിലും ഛത്തീസ്ഗഡിലും ക്രൈസ്തവർ നേരിട്ട പീഢനത്തിന് കയ്യും കണക്കുമില്ല. യുപിയിൽ ക്രൈസ്‌തവർ ഭീതിയിലാണ്. ആസാമിലും ഇതു തന്നെ സ്ഥിതി. ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ഐക്യരാഷ്ട്ര സഭവരെ ആശങ്കപ്പെടുകയും ചെയ്യുന്നു. ഇതൊന്നും മതേതര ഇന്ത്യക്ക് ഭൂഷണമല്ലെന്നും ഇതിനെയൊക്കെ വിവേചിച്ചറിഞ്ഞ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വളർച്ചയ്ക്ക് ആവശ്യമായ തീരുമാനമെടുക്കണമെന്നുമാണ് കത്തോലിക്ക സഭയുടെ ആഹ്വാനം. 

അഴിമതിയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. കോടിക്കണക്കിന് ജനങ്ങൾ പട്ടിണി കിടക്കുമ്പോഴും കോർപ്പറേറ്റ് ഭീമന്മാരുടെ വായ്‌പ എഴുതിത്തള്ളുന്നതും നികുതിക്ക് ഇളവ് നൽകുന്നതും അഴിമതിയാണ്. ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ അഴിമതിയുടെ മറ്റൊരു രൂപമാണ്. കള്ളപ്പണക്കേസിൽ അന്വേഷണം നേരിട്ട ചിലർ ഭരിക്കുന്നവരുടെ പിന്തുണ ഉറപ്പാക്കാനും അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ ഒഴിവാക്കാനും മറ്റു ചിലർ സർക്കാരിന്റെ കരാറുകൾ നേടിയെടുക്കാനും ഇലക്ട്രൽ ബോണ്ടുകൾ വാങ്ങുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ മാത്രം വേട്ടയാടുകയും ഭരണകക്ഷിയിലെ ആരെക്കുറിച്ചും അന്വേഷിക്കാതിരിക്കുകയും അഴിമതി ആരോപിക്കപ്പെട്ടവർ ഭരണകക്ഷിയിലേക്ക് ചേക്കേറിയാൽ സ്വതന്ത്രരാവുകയും ചെയ്യുന്നതിനെക്കുറിച്ചും സംശയമുയര്‍ത്തുന്നു. അനർഹർക്ക് വോട്ട് ചെയ്യുന്നതും വോട്ട് പാഴാക്കുന്നതിന് തുല്യമാണെന്നും വാഗ്ദ‌ാനങ്ങളും ഗ്യാരന്റികളും പൊളളയാണെന്നും കത്തോലിക്ക സഭ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താനും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും വിവേചനം ഇല്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും ഉതകുന്ന കേന്ദ്രസർക്കാർ വേണം. ഇന്ത്യയുടെ ഭരണഘടന മാറ്റി എഴുതാനുള്ള ഏതൊരു ശ്രമത്തെയും നിരുത്സാഹപ്പെടുത്തണം. നിലവിലുള്ള ഭരണഘടനയിൽ പറയുന്നപോലെ നീതിക്കും തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന ശക്തമായ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയിരിക്കട്ടെ നമ്മുടെ ഇന്ത്യ. അതിനാകട്ടെ വോട്ട് എന്ന ആഹ്വനത്തോടെയാണ് തൃശൂരിലെ ‘കത്തോലിക്കസഭ’ വിശ്വസികളോട് തെരഞ്ഞെടുപ്പിലെ നയം വ്യക്തമാക്കുന്നത്.

Eng­lish Summary:
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.