ഒന്ന്
പിണ്ഡച്ചോറു തിന്നുവാനെത്തും
കൈ കൊട്ടുന്ന നേരത്തു
ബലികാക്കകൾ.
അവയെത്തിയില്ലെങ്കിലോ
മുത്തച്ഛനൊരാവലാതിയാണ്;
ശവടക്ക് കഴിഞ്ഞ് ഇളച്ചോറ് തിന്നാൻ
കൂട്ടമായി എത്തുന്ന
കാക്കകൾ, മരിച്ചോർക്കായുള്ള
വിശപ്പകറ്റലാണത്രേ!
രണ്ട്
വള്ളിപ്പടർപ്പുകൾ പടർന്ന
മുറ്റത്തെ കല്പടവുകൾക്കു മീതെ
ചോറ് വിളമ്പിയ നാക്കില
താഴേയ്ക്ക് കൊത്തിവലിച്ചിട്ട്
പിന്നെയുമഞ്ചാറു കൊത്തി
തിന്നു തീർക്കുന്ന കാക്കകൾ;
കല്യാണ പന്തലൊരുങ്ങി
ബിരിയാണി മണം മൂക്കേ
ഒന്നിനു പുറകിലൊന്നന്നായ്
എത്തുമ്പോൾ,
വാഴയിലകൾ കൊത്തിവെടിപ്പാക്കി
പോകും കാക്കകൾ!
മൂന്ന്
കാക്ക പോവുന്നേരം
നോക്കി നിൽക്കും കൊത്തിത്തിന്നാൻ
തക്കം നോക്കിയിരിക്കുന്ന മൈനകൾ;
കാക്കകൾ പോകുന്നതും
ഒളിക്കണ്ണിനാൽ
നോക്കിയിരിക്കുന്നുണ്ടെ -
ന്തോരം കിളികൾ!
നാല്
യുദ്ധമുഖങ്ങളിൽ വെടിയേറ്റു വീഴുന്ന
ശിരസ്സറ്റ കബന്ധങ്ങൾ
കൊത്തി വലിക്കുന്ന,
വിശുദ്ധ പാപങ്ങൾ
കൊക്കിലേറ്റുന്ന കാക്കകൾ;
യുദ്ധോത്സുകരാം കാക്കകൾ!
ചരിത്രത്തിലെത്രയെത്ര
യുദ്ധങ്ങൾ ചെയ്തുകൂട്ടിയവർ!
അഞ്ച്
നെയ്യപ്പം റാഞ്ചുന്ന കാക്ക;
പെൺകുട്ട്യേളെ റാഞ്ചുന്ന കാക്ക!
ആറ്
ആകാശത്തിന്റെ അനന്തതയിലേക്ക്
നഗ്നരായ് പാറിക്കൊണ്ടേയിരുന്ന കാക്കത്തി;
കാക്കക്കറുപ്പുളള ഉടുപ്പുടുത്തുടലിനെ മറച്ചവർ
ദേശമന്യരാക്കപ്പെട്ട കാക്കത്തികൾ!
ഏഴ്
ദുഃശ്ശകുനമാക്കി മാറ്റി നിർത്തിയ
പഴങ്കഥയിലെന്നും തെളിഞ്ഞുനിന്ന കറുത്ത കാക്ക;
എത്ര നികൃഷ്ട പരിഛായയിൽ
താമരക്കാലത്തെ പച്ച കാക്കകൾ!
എട്ട്
ആരറിയുന്നു
ആരറിയുന്നു
കാക്ക ഒരു പാവം പാവം
ജീവിയാണെന്ന്…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.