പതിനെട്ടുമാസ യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസ മുനമ്പിനുനേരെ ഒരു ഹ്രസ്വ ഇടവേളയ്ക്കുശേഷം ഇസ്രയേൽ പുനരാരംഭിച്ച യുദ്ധം രണ്ടാംദിവസവും തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പുലർച്ചെ പുനരാരംഭിച്ച ആക്രമണത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം, നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ജനുവരി 19ന് ആരംഭിച്ച വെടിനിർത്തലിന് വിരാമമിട്ട് പുനരാരംഭിച്ച ആക്രമണം ഈ യുദ്ധത്തിലെ മാരകദിനങ്ങളിൽ ഒന്നായിരുന്നു. ഹമാസിനെ സമ്പൂർണമായി തകർക്കുകയും ബന്ദികളെ മുഴുവൻ വിമോചിപ്പിക്കുകയുമെന്ന, അസാധ്യവും അപ്രായോഗികവുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ലക്ഷ്യം കൈവരിക്കാതെ യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുന്നു. യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയിൽ തുടർന്നുവരുന്ന സമാധാനശ്രമങ്ങൾ രണ്ടാംഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് ഇസ്രയേൽ പൊടുന്നനെ മാരകമായ കടന്നാക്രമണം ആരംഭിച്ചത്. യുഎസ് ഭരണകൂടത്തിന്റെ അറിവോടും അനുമതിയോടുമാണ് അന്താരാഷ്ട്ര സമാധാനശ്രമങ്ങളെ അപ്പാടെ അട്ടിമറിച്ചുകൊണ്ടുള്ള ആക്രമണത്തിന് നെതന്യാഹു മുതിർന്നിരിക്കുന്നത്. ജോ ബൈഡൻ ഭരണകൂടം തുടങ്ങിവച്ച സമാധാനശ്രമങ്ങൾ അട്ടിമറിക്കുന്നതിൽ പ്രസിഡന്റ് ട്രംപിന് നിക്ഷിപ്ത രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾ ഉണ്ടാവാമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നെതന്യാഹുവിന്റെ കാര്യത്തിൽ അയാളുടെ രാഷ്ട്രീയവും വ്യക്തിപരവുമായ താല്പര്യങ്ങൾ പ്രകടമാണ്. ഇസ്രയേലി ജനതയുടെയും രാഷ്ട്രത്തിന്റെയും പൊതുതാല്പര്യങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ പുനരാരംഭിച്ച ആക്രമണയുദ്ധമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.
അഴിമതി ആരോപണങ്ങൾക്ക് വിചാരണ നേരിടുന്ന നെതന്യാഹു അധികാരത്തിൽ തുടരുന്നത് തീവ്രവലതുപക്ഷ സയണിസ്റ്റ് പാർട്ടികളുടെ പിന്തുണയോടെയാണ്. മുഖ്യധാരാ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിന് പാത്രമായ നെതന്യാഹു കഴിഞ്ഞ 15 വർഷമായി അധികാരത്തിൽ തുടരുകയാണ്. അധികാരത്തിൽ നിന്നും പുറത്താവുകയും ശിക്ഷിക്കപ്പെടുകയും ചെയ്താൽ ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരുമെന്നതാണ് അവസ്ഥ. വെടിനിർത്തൽ കരാർ അവസാനിപ്പിച്ച് യുദ്ധം പുനരാരംഭിക്കാൻ സയണിസ്റ്റുകൾ നെതന്യാഹുവിന്റെ മേൽ സമ്മർദം ശക്തമാക്കിയിരുന്നു. യുദ്ധകാര്യ മന്ത്രിസഭയിലെ ധനമന്ത്രി തന്നെ രാജിഭീഷണി മുഴക്കി. മാർച്ച് 31നകം ബജറ്റ് പാസാക്കിയില്ലെങ്കിൽ സർക്കാർ നിലംപൊത്തുമെന്നതായിരുന്നു അവസ്ഥ. ഇതിനിടയിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസി ഷിൻ ബെറ്റിന്റെ തലവനെ തൽസ്ഥാനത്തുനിന്നും നീക്കാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങൾക്കെതിരെ രാജ്യത്തെമ്പാടും വൻ പ്രതിഷേധവും ഉയർന്നിരുന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി രണ്ടായിരത്തിലധികം പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതാണ് യുദ്ധത്തിലേക്കുനയിച്ചത്. സുരക്ഷാമുന്നറിയിപ്പുകൾ അവഗണിച്ചതാണ് അതിനുകാരണം. അതേപ്പറ്റി നടക്കുന്ന അന്വേഷണത്തിൽ ഷിൻ ബെറ്റ് തലവന്റെ മൊഴി നിർണായകമാകും. അതിനുമുമ്പ് അയാളെ തൽസ്ഥാനത്തുനിന്ന് പുറത്താക്കാനാണ് നെതന്യാഹുവിന്റെ നീക്കം. ഗാസയ്ക്കെതിരെ ആക്രമണം പുനരാരംഭിച്ചതിന് തൊട്ടുതലേന്ന് ആയിരങ്ങൾ നെതന്യാഹുവിന്റെ വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. നെതന്യാഹു അഴിമതിക്കേസിൽ വിചാരണ നേരിടാൻ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. അന്നുപുലർച്ചെയാണ് ഗാസയ്ക്കെതിരെ യുദ്ധം പുനരാരംഭിച്ചത്.
യുദ്ധത്തിന്റെ പേരിൽ വിചാരണയ്ക്ക് ഹാജരാകുന്നതിൽ നെതന്യാഹു ഇളവ് ആവശ്യപ്പെടുകയും അത് അനുവദിക്കപ്പെടുകയുമാണുണ്ടായത്. ബന്ദികളാക്കപ്പെട്ടവരെ വിമോചിപ്പിക്കുന്നതിന് യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തിയാർജിക്കുകയും അതിന് മാധ്യമങ്ങളുടെയും ബഹുജനങ്ങളുടെയും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെയും പിന്തുണ ലഭിക്കുകയുമുണ്ടായി. എന്നാൽ തീവ്രവലതുപക്ഷ സയണിസ്റ്റുകൾ യുദ്ധം അവസാനിപ്പിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ചു. നെതന്യാഹുവിനാകട്ടെ ആ നിലപാട് സൗകര്യപ്രദവും സ്വീകാര്യവുമായി.
തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം, താൻ വിജയിച്ചാൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. എന്നാൽ അധികാരത്തിലേറിയതോടെ ട്രംപിന്റെ തനിനിറം പുറത്തുവന്നു. അത് യഥാർത്ഥ ഭൂമിക്കച്ചവടക്കാരന്റേതാണ്. ഗാസയിലെ ജനങ്ങളെയൊന്നാകെ അവിടെനിന്ന് കുടിയൊഴിപ്പിച്ച് ആ മെഡിറ്ററേനിയൻ മുനമ്പിനെ ലോകോത്തര കടലോര വിശ്രമ വിനോദകേന്ദ്രമാക്കുക എന്നതാണ് ട്രംപിന്റെ പുതിയസ്വപ്നം. നെതന്യാഹു ആ സ്വപ്നസാക്ഷാത്ക്കാരത്തിന് പറ്റിയ പങ്കാളിയും കൂട്ടാളിയുമാണെന്ന് ട്രംപ് വിലയിരുത്തുന്നുണ്ടാവും. ലോകരാഷ്ട്രീയത്തിൽ മേൽക്കെെ നേടിയിരിക്കുന്ന രാഷ്ട്രീയ, കച്ചവട കൂട്ടുകെട്ടാണ് പുനരാരംഭിച്ച ഗാസ ആക്രമണത്തിന്റെ കാതൽ എന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല. അതിനുമുമ്പിൽ അന്താരാഷ്ട്ര നയതന്ത്രവും സമാധാനത്തിനും മനുഷ്യാവകാശങ്ങൾക്കും മാനവിക മൂല്യങ്ങൾക്കുവേണ്ടിയുള്ള മുറവിളികളും വനരോദനങ്ങളായി മാറുകയാണ്. ഈ പശ്ചാത്തലത്തില്‍ യുദ്ധത്തിന് അറുതിവരുത്താന്‍ സമാധാന കാംക്ഷികളായ ലോകജനത ഒറ്റക്കെട്ടായി അണിനിരക്കേണ്ടിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.