31 March 2025, Monday
KSFE Galaxy Chits Banner 2

വയനാട് പുനരധിവാസം: സമീപനങ്ങൾ, കാഴ്ചപ്പാടുകൾ

Janayugom Webdesk
March 28, 2025 5:00 am

യനാട്ടിലെ മുണ്ടക്കൈ — ചൂരൽമല ദുരന്തത്തിൽ വീടും ഭൂമിയുമുൾപ്പെടെ സർവസ്വവും നഷ്ടമായവരുടെ പുനരധിവാസ പ്രവർത്തനത്തിലെ ഒരു സുപ്രധാന ദിനമായിരുന്നു ഇന്നലെ. കല്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രസർക്കാർ വയനാട് ദുരന്തത്തോടും ദുരിതാശ്വാസ പ്രവർത്തനങ്ങളോടും പുനരധിവാസ ശ്രമങ്ങളോടും തുടർന്നുപോരുന്ന നിഷേധാത്മക സമീപനങ്ങളുടെ പശ്ചാത്തലത്തിൽ വേണം സംസ്ഥാന സർക്കാരിന്റെ ഈ നിർണായക ചുവടുവയ്പ് വിലയിരുത്തപ്പെടാൻ. ദുരന്തത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് പ്രദേശം സന്ദർശിക്കുകയും രാജ്യവും തന്റെ സർക്കാരും ദുരന്തബാധിതരോടൊപ്പമാണെന്ന് വൈകാരിക പ്രഖ്യാപനം നടത്തുകയും അതിന് വൻ വാർത്താപ്രാധാന്യം ലഭിക്കുകയും മറ്റുമുണ്ടായി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനപ്പുറം പതിവുള്ള ദുരന്തനിവാരണ നടപടികളല്ലാതെ ദുരന്തത്തിന്റെ ആഴവും വൈപുല്യവും കണക്കിലെടുത്തുള്ള യാതൊരു സഹായവും നൽകാൻ കേന്ദ്രം തയ്യാറായില്ല.

പുനരധിവാസത്തിന്റെ ഭാഗമായുള്ള ഭവനങ്ങളുടെയും ടൗൺഷിപ്പിന്റെയും നിർമ്മാണത്തിന് അനുവദിച്ച തുകപോലും അപ്രായോഗിക നിബന്ധനകളോടുകൂടിയുള്ള വായ്പയായിരുന്നു. കേരളാ ഹൈക്കോടതിയുടെ ഇടപെടലിനെയും വ്യാപകമായ പ്രതിഷേധങ്ങളെയും തുടർന്നാണ് നിബന്ധനകളിൽ ചില ഇളവുകൾക്ക് കേന്ദ്രം തയ്യാറായത്. ബിജെപിയെയും സംഘ്പരിവാറിനെയും രാഷ്ട്രീയമായി എതിർക്കുന്ന ഇടതു ജനാധിപത്യ മുന്നണി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നത് മാത്രമാണ് മോഡി സർക്കാരിന്റെ തികച്ചും വിവേചനപരമായ സമീപനത്തിന് കാരണമെന്നത് സമാന ദുരന്തങ്ങൾ അഭിമുഖീകരിച്ച സംസ്ഥാനങ്ങളോട് കേന്ദ്രം കൈക്കൊണ്ട നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്. ദുരന്തബാധിത കുടുംബങ്ങളുടെ ബാങ്കുകളിലെ കടബാധ്യതകൾ എഴുതിത്തള്ളണമെന്ന അവരുടെയും സംസ്ഥാനത്തിന്റെയും ആവശ്യത്തോടുള്ള കേന്ദ്രസർക്കാരിന്റെ നിഷേധാത്മക സമീപനം ഇതുസംബന്ധിച്ച കേസിൽ ബുധനാഴ്ച ഹെെക്കോടതിയില്‍ തുറന്നുകാട്ടപ്പെട്ടു. വായ്പകൾ എഴുതിത്തള്ളാനാവില്ലെന്നും പലിശയിളവുപോലും പരിഗണിക്കാനാവില്ലെന്നുമായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ദുരന്തബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന കോടതിയുടെ ചോദ്യത്തിന് ഒരുവർഷത്തെ മൊറോട്ടോറിയം എന്ന സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ ശുപാർശയാണ് റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ളതെന്ന നിലപാടാണ് കേന്ദ്രത്തിന്റെ അഭിഭാഷകൻ ആവർത്തിച്ചത്.

ഒരുവർഷം കഴിയുമ്പോഴേക്കും ദുരന്തബാധിതരുടെ ജീവിതസാഹചര്യം മെച്ചപ്പെടുമെന്നും കേന്ദ്രം വാദിക്കുന്നു. ജീവിതത്തിൽ ആർജിച്ച സമസ്തവും നഷ്ടപ്പെട്ട ഒരു ജനതയോടുള്ള മോഡി സർക്കാരിന്റെ സമീപനം അവരുടെ വർഗതാല്പര്യത്തെയാണ് തുറന്നുകാട്ടുന്നത്. വയനാട്ടിലെ ദുരന്തബാധിതരോട് മാത്രമല്ല കർഷകരടക്കം സാമ്പത്തിക ക്ലേശങ്ങളും കെടുതികളും നേരിടുന്ന മഹാഭൂരിപക്ഷത്തോടുള്ള കോർപറേറ്റനുകൂല മോഡി സർക്കാരിന്റെ സമീപനം വ്യത്യസ്തമല്ല. രാജ്യത്തെ ഷെഡ്യൂൾഡ് — കൊമേഴ്സ്യൽ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത സമ്പന്നരുടെ 16.35 ലക്ഷം കോടി രൂപയുടെ വായ്പകളാണ് മോഡി സർക്കാർ അധികാരത്തിലേറി 10 വർഷങ്ങൾക്കുള്ളിൽ എഴുതിത്തള്ളിയത്. മാർച്ച് 17ന് പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. അതിൽത്തന്നെ 9.26 ലക്ഷം കോടിയും വൻകിട വ്യവസായ, സേവന സംരംഭങ്ങളുടെ വായ്പയാണ്. അത്തരം എഴുതിത്തള്ളപ്പെട്ട വായ്പകൾ തിരിച്ചുപിടിക്കുമെന്ന് സർക്കാരും റിസർവ് ബാങ്കും അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ 10 വർഷംകൊണ്ട് എത്രത്തോളം പണം തിരിച്ചുപിടിക്കാനായി എന്നതിന്റെ കണക്കുകൾ പുറത്തുവിടാൻ അവർ തയ്യാറല്ല.

കേന്ദ്രസർക്കാർ ഏറ്റവുമവസാനം കർഷകരുടെ വായ്പകൾ എഴുതിത്തള്ളിയത് 2008–09ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലയളവിലാണ്. രാജ്യത്തെയാകെ 30 ദശലക്ഷം ചെറുകിട, നാമമാത്ര കർഷകരുടെ 5,000 കോടിയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. മറ്റൊരു 2,170 കോടിയുടെ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യവും ആ പദ്ധതി പ്രകാരം കർഷകർക്ക് ലഭിക്കുകയുണ്ടായി. അതിസമ്പന്നർക്ക് മോഡി സർക്കാർ വായ്പ എഴുതിത്തള്ളലിലൂടെ 16.35 ലക്ഷം കോടി സമ്മാനിച്ചപ്പോഴാണ് യുപിഎ സർക്കാരിന്റെ കാലത്ത് 43 ദശലക്ഷം കർഷകർക്ക് 7,170 കോടിയുടെ ആനുകൂല്യം ലഭിച്ചത്. ഈ കണക്കുകൾ ആർക്കൊപ്പമാണ് മോഡി സർക്കാർ നിലകൊള്ളുന്നതെന്ന് തുറന്നുകാണിക്കുന്നു. വയനാട്ടിലെ ദുരന്തബാധിതരോടുള്ള മോഡി സർക്കാരിന്റെ സമീപനം ഈ രാജ്യത്തെ 90 ശതമാനം വരുന്ന പാവപ്പെട്ട മനുഷ്യരോടുള്ള ചങ്ങാത്ത മുതലാളിത്ത ഭരണസംവിധാനത്തിന്റെയും അതിന് നേതൃത്വം നൽകുന്ന കോർപറേറ്റനുകൂല പ്രത്യയശാസ്ത്രത്തിന്റെയും നിലപാടാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രം അവർക്ക് അധികാരത്തിലേക്കുള്ള ചവിട്ടുപടിയും ജനങ്ങളെ കബളിപ്പിക്കാനുള്ള പൊയ്‌മുഖവും മാത്രമാണ്. വയനാട് ദുരന്തബാധിതരോടുള്ള മോഡി സർക്കാരിന്റെ സമീപനം ബിജെപി ഭരണത്തിന്റെ മുഖമൂടി വലിച്ചുകീറി അവരുടെ കോർപറേറ്റ് ഭരണവൈകൃതമാണ് തുറന്നുകാട്ടുന്നത്. മറുവശത്ത്, ജനങ്ങളുടെ ദൈന്യതയിലും ദുരന്തമുഖത്തും അവരോടൊപ്പം നടന്നും അവരെ കൈപിടിച്ചുയർത്തി ജീവിത സുരക്ഷിതത്വത്തിലേക്ക് നയിക്കാനുമുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കരുതലിന്റെയും പ്രതിബദ്ധതയുടെയും പ്രകാശനത്തിനാണ് വയനാട് സാക്ഷ്യംവഹിക്കുന്നത്.

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.