17 November 2024, Sunday
KSFE Galaxy Chits Banner 2

ഒന്നാം അഖില കേരള സമ്മേളനം

നാടിനെ ചുവപ്പിച്ച
തൊഴിലാളി സമരങ്ങള്‍
Janayugom Webdesk
December 16, 2022 4:13 am

1935 മേയ് മാസത്തില്‍ കോഴിക്കോട്ട് വച്ച് ഒന്നാം അഖില കേരള തൊഴിലാളി സമ്മേളനം നടന്നു. കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാന ചരിത്രത്തില്‍ അവിസ്മരണീയമായ സംഭവമായി ഇതിനെ തൊഴിലാളിവര്‍ഗം ഇന്നും ആചരിക്കുന്നു. എം എ കാക്കു, പി എസ് നമ്പൂതിരി, പുതുപ്പള്ളി രാഘവന്‍, ഇഎംഎസ്, കെ സി ഗോവിന്ദന്‍, പി നാരായണന്‍ നായര്‍ എന്നിവര്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളും ലേഖനങ്ങളും അവരില്‍ ചിലരുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങളും ആ സമ്മേളനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.
കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ കൂടെയാണ് അഖില കേരള തൊഴിലാളി സമ്മേളനം ചേര്‍ന്നത്. ഇതില്‍ പങ്കെടുത്ത പ്രതിനിധികളില്‍ ബഹുഭൂരിപക്ഷവും മലബാര്‍ പ്രദേശത്തു നിന്നുള്ളവരായിരുന്നു. ഇതര കേന്ദ്രങ്ങളില്‍ നിന്നും പ്രധാനപ്പെട്ട തൊഴിലാളി പ്രവര്‍ത്തകരും‍ സംബന്ധിച്ചിരുന്നു. പി കൃഷ്ണപിള്ളയായിരുന്നു സമ്മേളനത്തിന്റെ പ്രധാന സൂത്രധാരന്‍. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പുറമെ രാഷ്ട്രീയത്തിനതീതമായ തൊഴിലാളിപ്രസ്ഥാനം എന്ന കാഴ്ചപ്പാടോടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിരുന്ന ചില നേതാക്കളും പ്രതിനിധികളായി എത്തിയിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പ്രതിനിധികളും‍ ഈ സമീപനത്തിനെതിരായിരുന്നു. അവര്‍ സോഷ്യലിസ്റ്റ് സമുദായ സ്ഥാപനം എന്ന ലക്ഷ്യമാണ് സ്വീകരിച്ചിരുന്നത്.

ബോംബെയിലെ പ്രസിദ്ധ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയായ മണിബന്‍കാരയായിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷ. എന്‍ സി ശേഖര്‍, കെ കെ വാര്യര്‍, പി എസ് നമ്പൂതിരി, കെ സി ഗോപാലന്‍, പി കെ ബാലന്‍, എകെജി, ആര്‍ സുഗതന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സജീവമായി പങ്കുകൊണ്ടു. ജോലിസമയം, ജോലിസ്ഥിരത എന്നിവയെപ്പറ്റിയുള്ള പ്രമേയങ്ങള്‍ ഈ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി. തൊഴില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഈ സമ്മേളനം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ തൊഴിലാളികള്‍ക്ക് കൂടി അംഗത്വം നല്കണമെന്നും ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കിട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വാതന്ത്ര്യസമരത്തില്‍ തൊഴിലാളികള്‍ മുന്‍കയ്യെടുക്കണമെന്നും പൂര്‍ണ സ്വാതന്ത്ര്യമായിരിക്കണം സ്വാതന്ത്ര്യസമര ലക്ഷ്യമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

ഒരു സ്വതന്ത്ര വർഗശക്തി എന്ന നിലയിൽ തൊഴിലാളികളെ ഉയർത്തിക്കൊണ്ടുവരുന്ന ഈ ഇടപെടൽ കമ്മ്യൂണിസ്റ്റ് ആശയപ്രചരണത്തിനു പശ്ചാത്തലമൊരുക്കി. ഈ ഘട്ടത്തിൽ തിരുവിതാംകൂറിൽ കയർ തൊഴിലാളികളും സംഘടിച്ച് ശക്തിപ്രാപിക്കുന്ന അവസ്ഥയുണ്ടായി. കൊച്ചിയിൽ കൊച്ചിൻ സ്റ്റെർലിങ് വർക്കേഴ്സ് യൂണിയൻ പോലുള്ള സംഘടനകളും രൂപപ്പെട്ടു തുടങ്ങി. ലേബർ ബ്രദർഹൂഡും അളഗപ്പ ടെക്സ്റ്റെെൽസിലെയും സീതാറാം മില്ലിലെയും യൂണിയനുകളും രൂപപ്പെട്ടു തുടങ്ങി. 1937ൽ തൃശൂരിൽ രണ്ടാം അഖില കേരള തൊഴിലാളി സമ്മേളനവും നടക്കുകയുണ്ടായി. തൊഴിലാളികൾക്കിടയിൽ രൂപപ്പെട്ടുവന്ന ഈ സംഘടനാബോധം പുതിയ രാഷ്ട്രീയത്തിനുള്ള മണ്ണൊരുക്കുകയായിരുന്നു. 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.