ത്രിപുര, കേവലം 38 ലക്ഷം ജനങ്ങൾ മാത്രമുള്ള, രണ്ടു എംപിമാർ മാത്രമുള്ള ഒരു സംസ്ഥാനം. അവിടെ കേവലം 60 അംഗ നിയമസഭയിലേക്ക് ഈ മാസം 16 ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരു ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രതീതിയിലാണ് രാഷ്ട്രീയ പാർട്ടികൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്, പ്രത്യേകിച്ച് ഭരണകക്ഷിയായ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത്ഷാ, പാർട്ടി അധ്യക്ഷൻ അമിത്ഷാ തുടങ്ങിയവർ മുതൽ ഉത്തരേന്ത്യയിലെ മുഴുവൻ ബിജെപി മുഖ്യമന്ത്രിമാരും കാടിളക്കി പ്രചരണം നടത്തുകയാണ്. എന്തുകൊണ്ടാണ് ത്രിപുര ഇത്രമാത്രം പ്രധാനമാകുന്നത്!. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കൊല്ലം നടക്കാനിരിക്കുന്ന അരഡസനോളം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഉദ്ഘാടനമാണ് ത്രിപുര എന്നതുതന്നെ. മേഘാലയയിലും നാഗാലാൻഡിലും ഈ മാസം തെരഞ്ഞെടുപ്പു നടക്കുന്നുണ്ടെങ്കിലും രണ്ടിടത്തും ബിജെപിക്ക് വലിയ റോളില്ല. 2018 ൽ ഇടതുപക്ഷത്തിൽ നിന്ന് പിടിച്ചെടുത്ത ഭരണം ഏതു കുതന്ത്രത്തിലൂടെയും നിലനിർത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതിനവർ എന്തും ചെയ്യും. അപ്പോള്‍ അത് ചെറുക്കുകയാണ് പ്രതിപക്ഷ ദൗത്യം.
2018ൽ അപ്രതീക്ഷിതമായി സംസ്ഥാന ഭരണം കിട്ടിയ ബിജെപി, ഫാസിസ്റ്റ് ഭീകരവാഴ്ചയാണ് അവിടെ കെട്ടഴിച്ചുവിട്ടത്. ഒരു വനിത ഉൾപ്പെടെ 24 ഇടതുപക്ഷ പ്രവർത്തകർ കൊല ചെയ്യപ്പെട്ടു. 231 വീടുകൾ ചുട്ടെരിക്കപ്പെട്ടു. രണ്ടായിരത്തിലേറെ വീടുകൾ നശിപ്പിക്കുകയും സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു. വ്യാപാരസ്ഥാപനങ്ങളിൽ വ്യാപക കവർച്ച, തോട്ടങ്ങൾ വെട്ടിനശിപ്പിക്കലും തീവയ്പും, നൂറുകണക്കിന് വാഹനങ്ങൾ നശിപ്പിക്കൽ എന്നിവയെല്ലാം അധികാരം കിട്ടിയ ബിജെപി അണികളിൽ നിന്നുണ്ടായി. കോൺഗ്രസ് ഒന്നടങ്കം കാലുമാറിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. 43.59 ശതമാനം വോട്ട് വിഹിതത്തോടെ 36 സീറ്റിൽ അവർ വിജയിച്ചു. 49 എംഎൽഎമാരുണ്ടായിരുന്ന ഇടതുപക്ഷം 16 ലേക്ക് ചുരുങ്ങിയെങ്കിലും 42.22 ശതമാനം വോട്ട് നിലനിർത്തി. പക്ഷേ 10 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന് ഒരിടത്ത് പോലും ജയിക്കാനായില്ല. 2013ൽ ഇടതുമുന്നണിക്ക് 49.86ഉം കോൺഗ്രസിന് 36.53ഉം ഐപിഎഫ‌്ടിയുടെ പൂർവരൂപം ഐഎൻപിടിക്ക് 7.6 ഉം ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. അന്ന് 1.54 ശതമാനം വോട്ടുമാത്രം നേടിയ ബിജെപി അഞ്ചുവർഷം കൊണ്ട് 43.9 ലേക്ക് ഉയർന്നപ്പോൾ കോൺഗ്രസിന്റെ 36.53 ശതമാനം കേവലം1.79 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ബിജെപി ടിക്കറ്റിൽ മത്സരിക്കുകയായിരുന്നു. അതേസമയം, ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ബിജെപിക്കെതിരെ ഇടതുപക്ഷവുമായി ഐക്യപ്പെടാൻ കോൺഗ്രസ് തയ്യാറായിട്ടുണ്ട്. ബിജെപി ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് നടക്കുന്നത്.
1978ൽ ഇടതുമുന്നണി സർക്കാർ നിലവിൽവന്നതോടെയാണ് ഭൂപരിഷ്കരണം നടപ്പാക്കിയും ആദിവാസികളുടെ ശാക്തീകരണത്തിനായി സ്വയംഭരണ ജില്ലാ കൗൺസിൽ സ്ഥാപിച്ചും സംസ്ഥാനത്തെ മുന്നോട്ടു നയിച്ചത്. 1988ൽ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കോൺഗ്രസിന്റെ അവിശുദ്ധസഖ്യം അധികാരത്തിൽനിന്ന് പുറത്താക്കിയെങ്കിലും 1993ൽ തിരിച്ചെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ച്ചയായ 24 വർഷം അഭിമാനകരമായ ഭരണമാണ് കാഴ്ചവച്ചത്. തീവ്രവാദപ്രശ്നം പരിഹരിച്ചു. അധികാര വികേന്ദ്രീകരണപ്രക്രിയ ഫലപ്രദമാക്കി. സാക്ഷരതാനിരക്ക് 97 ശതമാനമാക്കി. ഹയർ സെക്കൻഡറിവരെ സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം, മികച്ച നിലയിൽ തൊഴിലുറപ്പുപദ്ധതി, ശിശുമരണനിരക്ക് കുറയ്ക്കൽ, 95 ശതമാനം കൃഷിഭൂമിയിലും ജലസേചനസൗകര്യം, ഗതാഗതസംവിധാനം മെച്ചപ്പെടുത്തൽ, ക്രമസമാധാനപാലനം എന്നിവയും ഉറപ്പാക്കിയിരുന്നു.
ഗോത്രവർഗ സംസ്ഥാനമായ ത്രിപുരയിലെ രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണ്. നിലവിലെ നിയമസഭയിൽ ബിജെപിക്കാണ് ഭൂരിപക്ഷമെങ്കിലും രണ്ടാമത്തെ പ്രധാനപ്പെട്ട നിയമനിർമ്മാണസഭയെന്ന് അറിയപ്പെടുന്ന ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് കൗൺസിലിൽ തിപ്ര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യമാണ് ഭരിക്കുന്നത്. ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ 1985ൽ സ്ഥാപിതമായ ടിടിഎഎഡിസിക്ക് ത്രിപുരയുടെ മൂന്നിൽ രണ്ട് ഭാഗവും അധികാരപരിധിയുണ്ട്. 12 ലക്ഷത്തിലധികം ആളുകളിൽ 84 ശതമാനവും ഗോത്രവർഗക്കാരാണ്. അവർക്കിടയിൽ വളരുന്ന തിപ്ര മോതയുടെ ജനപ്രീതി അവഗണിക്കാവുന്നതല്ല. ടിടിഎഎഡിസിലെ 20 ഗോത്ര സംവരണ സീറ്റുകളും 10 പട്ടികജാതി സംവരണ സീറ്റുകളും ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകളായിരുന്നു. 2018ൽ കൗൺസിൽ ഭരണം ഇടതുപക്ഷം തൂത്തുവാരിയതാണ്. എന്നാൽ 2021 ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ 30 അംഗ ടിടിഎഎഡിസിൽ 18 സീറ്റുകൾ നേടി (46.73% വോട്ട്) തിപ്ര മോത അധികാരത്തിലെത്തി. സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് ഒമ്പത് സീറ്റുകൾ (18.72% ) മാത്രമാണ് നേടാനായത്. അവരുടെ സഖ്യകക്ഷിയായ എൻസി ദേബർമയുടെ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര 10. 62 ശതമാനം വോട്ടുകൾ നേടിയെങ്കിലും സീറ്റുകൾ കിട്ടിയില്ല.
തദ്ദേശീയ സമൂഹങ്ങൾക്കുള്ള പ്രത്യേക സംസ്ഥാനമായ ‘ഗ്രേറ്റർ ടിപ്രലാൻഡ്’ എന്ന മുദ്രാവാക്യവുമായി തിപ്ര മോത രൂപീകരിച്ച് മുൻരാജകുടുംബാംഗം പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമന്റെ കടന്നുവരവ് ഗോത്രമേഖലയിൽ ഭിന്നതയുണ്ടാക്കി. ഐപിഎഫ്‍ടി (തിപ്ര), ടിപ്രലാൻഡ് സ്റ്റേറ്റ് പാർട്ടി, ഇൻഡിജിനസ് നാഷണലിസ്റ്റ് പാർട്ടി ഓഫ് തിപ്ര എന്നിവ പ്രദ്യോതിന്റെ പാർട്ടിയിൽ ലയിച്ചു. ടിപ്രലാൻഡ് എന്ന മുദ്രാവാക്യം ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന മലയോര രാഷ്ട്രീയത്തിനൊപ്പം ത്രിപുരയുടെ രാഷ്ട്രീയ ഭൂപടത്തിലും മാറ്റങ്ങളുണ്ടാക്കി. ഐപിഎഫ്‍ടിയുടെ (എൻസി) ഗോത്ര അടിത്തറ 2018ൽ ബിജെപിയുടെ വിജയത്തിന്റെ കാരണങ്ങളിലൊന്നാണ്. എന്നാല്‍ ബിജെപിയുടെ സഖ്യകക്ഷിയായി അധികാരത്തിലെത്തിയതോടെ പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിൽ നിന്ന് ഐപിഎഫ്‍ടി (എൻസി) പിന്നോട്ട് പോയി. ഇതോടെ ഏറ്റവും പഴക്കം ചെന്ന ആദിവാസി പാർട്ടികളിലൊന്നായ ഇൻഡിജിനസ് നാഷണലിസ്റ്റ് പാർട്ടി ഓഫ് ത്രിപുരക്കുള്ളിൽ ആഭ്യന്തര കലഹം ശക്തമായി. എൻ സി ദേബർമയുടെ നേതൃത്വത്തിലും മേവാർ ജമാതിയയുടെ നേതൃത്വത്തിലും രണ്ട് വിഭാഗങ്ങളായി പിളർന്നു. പിന്നീട് മേവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം തിപ്ര മോതയിൽ ലയിച്ചു.
സംസ്ഥാനത്തെ നാലു ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്ന് ഗോത്രവർഗക്കാരാണ്. 60 അംഗ സഭയിൽ 20 സീറ്റുകൾ ഗോത്രവർഗ സംവരണവുമാണ്. അതിനുപുറമെ 15–16 അസംബ്ലി സീറ്റുകളിൽ ഗണ്യമായ സാന്നിധ്യവും വോട്ട് ബാങ്കും ഗോത്രജനവിഭാഗത്തിനുണ്ട്. ത്രിപുരയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വളരെ നിർണായക പങ്ക് വഹിച്ച ചരിത്രത്തിന്റെ പിൻബലവും ഇവർക്കുണ്ട്. 40 പൊതുസീറ്റുകളിൽ തിപ്ര മോത ഉയർത്തുന്ന വെല്ലുവിളിയിൽ ബിജെപിക്ക് കടുത്ത ആശങ്കയുണ്ട്. ജനിച്ച് കേവലം രണ്ട് വർഷം പിന്നിട്ട തിപ്ര മോതയുമായി ഇടതുപക്ഷവും കോൺഗ്രസും ചർച്ചകൾ നടത്തിയിട്ടുണ്ട്. ഗോത്രവർഗക്കാർക്കിടയിൽ പിന്തുണ വീണ്ടെടുക്കുന്നതിനുള്ള മറ്റ് ശ്രമങ്ങളും ഇടതുപക്ഷം ഊർജിതമാക്കി. ഇടത് സംഘടനകൾ മലയോരത്ത് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, ടിടിഎഎഡിസിയുടെ ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും നടക്കുന്നു.
അഞ്ച് കൊല്ലത്തെ ഭരണത്തിൽ സംസ്ഥാനത്തിന് കാര്യമായി ഒന്നും അവകാശപ്പെടാനില്ലാത്തതിനാൽ പ്രധാനമന്ത്രി മോഡിയെയും കേന്ദ്ര പദ്ധതികളെയും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. വികസനമാണ് അജണ്ടയെന്നും കേന്ദ്രവും സംസ്ഥാനവും ഒരേപാർട്ടി ഭരിക്കുന്ന ഡബിൾ എൻജിൻ ഭരണമാണ് ആവശ്യമെന്നുമുള്ള സ്ഥിരം വാചകവും പുറത്തെടുത്തിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ പറ്റുന്ന സംസ്ഥാന നേതാക്കളില്ലാത്തതിനാലാണ് കേന്ദ്രനേതൃത്വം തന്നെ പാർട്ടി സ്ഥാനാർത്ഥികളെ നയിക്കുന്നത്. പാർട്ടിക്കുള്ളിലെ അന്തഃഛിദ്രങ്ങളും ബിജെപിക്ക് കടുത്ത ക്ഷീണമുണ്ടാക്കുന്നു. എട്ട് എംഎൽഎമാരാണ് സീറ്റ് പ്രഖ്യാപനത്തിനു മുൻപേ കൂറുമാറിയത്. മന്ത്രി സുദീപ് റോയ് ബർമാൻ, എംഎൽഎയായിരുന്ന ആശിഷ് കുമാർ സാഹ എന്നിവർ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി. സംസ്ഥാന ബിജെപിയിൽ പ്രശ്നങ്ങളുണ്ടെന്നും ഗോത്രമേഖലയിലെ പുതിയ പാർട്ടി വെല്ലുവിളിയാകുമെന്നും ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ തന്നെ വെളിപ്പെടുത്തി. ഇടതുപക്ഷവും കോൺഗ്രസും വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ധലായ് ജില്ലയിലെ അംബാസയിലെ റാലിയിൽ തിപ്ര മോത വോട്ടുചോർത്തുമെന്ന ആശങ്ക കഴിഞ്ഞദിവസം നരേന്ദ്ര മോഡിയും പങ്കുവച്ചു. ഇന്ന് അഗർത്തലയിലാണ് മോഡിയുടെ റാലി.
ക്രമസമാധാനനില തകർന്നത് പ്രധാന തെരഞ്ഞെടുപ്പു വിഷയമാണെങ്കിലും വോട്ടർമാരുടെ മുൻഗണനകൾ സൂക്ഷ്മമായി വിലയിരുത്തിയാണ് ഇടതുപക്ഷവും കോൺഗ്രസും പ്രകടനപത്രിക തയ്യാറാക്കിയത്. ജനസംഖ്യയുടെ വലിയൊരു വിഭാഗം തൊഴിലിനായി സർക്കാരിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ജോലി ചെയ്യുന്നതിൽ 15 ശതമാനം വരുന്ന സർക്കാർ ജീവനക്കാരെ ലക്ഷ്യമിട്ടാണ് പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തത്. ഇടതുപക്ഷ മതേതര സഖ്യം ശക്തിപ്പെട്ടതോടെ തെരഞ്ഞെടുപ്പ് ഏതുവിധത്തിലും അട്ടിമറിക്കുക എന്ന തങ്ങളുടെ സ്ഥിരം അജണ്ടയ്ക്കും ബിജെപി നേതൃത്വം തയ്യാറെടുപ്പ് തുടങ്ങി. തെരഞ്ഞെടുപ്പ് ജോലിക്ക് കേന്ദ്ര സേനയ്ക്കു പകരം അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പൊലീസിനെ വിന്യസിക്കുന്ന അസാധാരണ നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് പൊതുവേ കേന്ദ്രസേനാ വിഭാഗങ്ങളെയാണ് വിന്യസിക്കുക. എന്നാൽ അതിർത്തി രക്ഷാസേനയെ പിൻവലിച്ച് ചില പ്രദേശങ്ങളിൽ അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ വിന്യസിക്കുകയായിരുന്നു. വിഷയത്തിൽ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം നീലോത്പൽ ബസു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകിയിട്ടുണ്ട്. ഗുജറാത്ത്, അസം പൊലീസിന്റെ സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണെന്ന് ആശങ്കയുള്ളതായി കത്തിൽ പറയുന്നു. അധികാരം നഷ്ടമായേക്കുമെന്ന ഭീതിയില്‍ ബിജെപി നേതൃത്വവും സര്‍ക്കാരും നടത്തുന്ന കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ മതേതര-ജനാധിപത്യ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. അവരത് നിറവേറ്റിയാല്‍ 2024ലേക്കുള്ള ചൂണ്ടുപലകയാകും ത്രിപുര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.