19 April 2024, Friday

ബിജെപി പ്രമേയം മറന്നതും മറച്ചതും

അബ്ദുൾ ഗഫൂർ
February 21, 2024 4:32 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു ദിവസം ഡൽഹിയിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം പതിനൊന്നര പേജുള്ള രാഷ്ട്രീയ പ്രമേയം അംഗീകരിക്കുകയുണ്ടായി. വികസിത ഭാരതം മോഡിയുടെ ഗ്യാരന്റി എന്ന് തുടങ്ങി 22 അധ്യായങ്ങളുള്ള പ്രമേയത്തിൽ പലതും മറച്ചുപിടിക്കുകയും കപട അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനജീവിതം അടിമുടി ദുരിതമയമാക്കിയ നോട്ടുനിരോധനത്തെക്കുറിച്ച് പ്രമേയം മൗനം പാലിക്കുന്നു. പ്രതിപക്ഷകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിൽ സന്ദേശ് ഖാലിയിൽ അടുത്തിടെ നടന്ന സംഭവത്തെ ഒരധ്യായത്തിൽ പരാമർശിക്കുന്ന പ്രമേയം ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ 10 മാസത്തോളമായി നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപത്തെയും സ്ത്രീകളെ നഗ്നരായി പ്രദർശിപ്പിച്ചതിനെയും നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരയായതും മറന്നുപോയിരിക്കുന്നു. അടിമുടി നരേന്ദ്ര മോഡിയെ സ്തുതിക്കുന്ന പ്രമേയത്തിലെ ഒട്ടുമിക്ക അധ്യായങ്ങളും അവസാനിക്കുന്നത് ഈ നേട്ടത്തിന് കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിക്കുന്നു എന്ന വാചകമടിയിലും. 84 ഇടങ്ങളിലാണ് മോഡിയെ പ്രകീർത്തിച്ചുള്ള പരാമർശങ്ങളുള്ളത്. 10 വർഷത്തെ നേട്ടങ്ങൾ എന്ന രണ്ടാമത്തെ അധ്യായത്തിൽ എടുത്തുപറയുന്നവയിൽ ചന്ദ്രയാൻ ദൗത്യത്തിന്റെ സമ്പൂർണ വിജയം മോഡിയുടെ നേട്ടമായി ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടുമെന്നവകാശപ്പെട്ടിരിക്കുന്നു. ഇതിനു പുറമേ രാജ്യത്തിന്റെ ബഹിരാകാശത്തേക്കുള്ള യാത്ര എന്ന അധ്യായം പ്രത്യേകമായും ഉൾപ്പെടുത്തി. രാജ്യം 2023ൽ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് നിരവധി റെക്കോഡുകൾ സ്ഥാപിച്ചു എന്ന് ആരംഭിക്കുന്ന ഈ അധ്യായത്തിലും നേട്ടങ്ങൾക്ക് കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രമേയം ഹൃദയപൂർവം അഭിവാദ്യം രേഖപ്പെടുത്തിയിരിക്കുന്നു. അതിനുപിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ സ്ഥാപനത്തെ ഒരു വരിയിൽ പോലും പരാമർശിക്കുന്നുമില്ല. അധ്യായം ഇങ്ങനെ പരിഭാഷപ്പെടുത്താവുന്നതാണ്: ചന്ദ്രന്റെ തെക്കേധ്രുവത്തിലിറങ്ങിയ ചന്ദ്രയാൻ3 ലോക റെക്കോഡിട്ടു. ഈ ദൗത്യം വിജയിപ്പിക്കുന്ന ലോകത്തെ ആദ്യരാജ്യമായി ഇന്ത്യ മാറി. ഓരോ ഇന്ത്യക്കാർക്കും അഭിമാനകരമാണിത്. പ്രധാനമന്ത്രിയുടെ പിന്തുണയില്ലായിരുന്നെങ്കിൽ വെറും നാല് വർഷത്തിനുള്ളിൽ ചന്ദ്രയാൻ3 ദൗത്യത്തിന്റെ വിജയം സാധ്യമാകുമായിരുന്നില്ല.
ഇതുമാത്രമല്ല, ഇന്ത്യ മറ്റൊരു റെക്കോഡ് കൂടി വിജയകരമായി സ്ഥാപിച്ചു. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദിത്യ എൽ1 വിക്ഷേപിക്കുകയും അതിനെ ലഗ്രാഞ്ച് പോയിന്റിൽ സ്ഥാപിക്കുകയും ചെയ്യുന്നു. ഇതോടെ, സൂര്യനെക്കുറിച്ച് പഠിക്കാൻ ഇത്തരമൊരു ദൗത്യം വിജയകരമായി പരീക്ഷിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായും ഇന്ത്യ മാറി എന്നു പറയുന്ന അധ്യായം ശാസ്ത്രജ്ഞർക്ക് നന്ദി പറയുന്നതായും ഈ മഹത്തായ നേട്ടങ്ങൾക്ക് നമ്മുടെ പ്രധാനമന്ത്രിയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു എന്ന് അവസാനിപ്പിക്കുകയും ചെയ്യുന്നു.

 


ഇതുകൂടി വായിക്കൂ: നമ്മുടെ ഇന്ത്യ, അവരുടെ ഭാരതം


2023 ആഗോള മില്ലറ്റ് (ചെറുധാന്യ) വർഷമായി ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനവും പ്രധാനമന്ത്രിയുടെ നേട്ടമായി ഒരധ്യായത്തിൽ അവകാശപ്പെട്ടിരിക്കുന്നു. 2021 മാർച്ചിൽ നടന്ന യുഎൻ പൊതുസഭയാണ് ആഗോള മില്ലറ്റ് വർഷം പ്രഖ്യാപിച്ചത് എന്ന കാര്യം പരാമർശിക്കുക പോലും ചെയ്യുന്നില്ല.
നൂറ്റാണ്ടുകളായി, മില്ലറ്റ്, അഥവാ ചെറുധാന്യങ്ങൾ ഇന്ത്യയുടെ പ്രധാന ഭക്ഷണമായിരുന്നു. എന്നാൽ ക്രമേണ ഇവ പൂർണമായും പാർശ്വവല്‍ക്കരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി മോഡിയുടെ മുൻകയ്യിൽ 2023 അന്തർദേശീയമായി മില്ലറ്റ് വർഷമായി ആഘോഷിച്ചു എന്നുമാണ് പ്രമേയത്തിൽ അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിലെ ചെറുകിട കർഷകർക്ക് വളരെയധികം പ്രയോജനവും ആളുകൾക്ക് ആരോഗ്യവും പ്രദാനം ചെയ്യുന്ന ചെറുധാന്യങ്ങളെ ലോകവേദിയിലെത്തിച്ചെന്ന് പറഞ്ഞ് പ്രമേയത്തിൽ മോഡിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. 1954ൽ ആരംഭിച്ച ഏറ്റവും ഉയർന്ന പൗരത്വ പുരസ്കാരമായ ഭാരത് രത്ന അഞ്ചുപേ‍ർക്ക് നൽകിയതും ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്നു.
കർഷക ക്ഷേമമെന്ന പ്രത്യേക അധ്യായത്തിലും സർക്കാരിന്റെ മറ്റ് നേട്ടങ്ങൾ സൂചിപ്പിക്കുന്ന ഇടങ്ങളിലും പ്രധാന നേട്ടമായി പിഎം കിസാൻ പദ്ധതി ആവർത്തിക്കുന്നുണ്ട്. എന്നാൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെയും പ്രധാന വാഗ്ദാനത്തെ പാടെ മറന്നിരിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന യോഗത്തിലെ പ്രമേയത്തിലും 2019 ഏപ്രിലിൽ നരേന്ദ്ര മോഡി പുറത്തിറക്കിയ ബിജെപി പ്രകടന പത്രികയിലും 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. പ്രകടനപത്രിക അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിൽ 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നത് തന്റെ പ്രതിബദ്ധതയാണ് എന്നായിരുന്നു മോഡി പ്രസ്താവിച്ചിരുന്നത്. ഇക്കാര്യം പൂർണമായും മറച്ചുപിടിച്ചു എന്നുമാത്രമല്ല രാജ്യത്ത് നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ കർഷക പ്രക്ഷോഭത്തെ ഒരുവാക്കിൽ പോലും പരാമർശിക്കുന്നില്ല. ആദ്യസമരം അവസാനിപ്പിക്കുവാൻ താൻ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതിനുപോലും അക്കാര്യം പരാമർശിച്ചില്ല. കർഷക ക്ഷേമമെന്ന ഭാഗത്ത് ബിജെപി കാലത്തെ നേട്ടമായി പറയാനുള്ളത് പിഎം കിസാൻ പദ്ധതിയെക്കുറിച്ച് മാത്രമാണ്. ബാക്കി മുഴുവൻ മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് കൃഷിയെ അവഗണിച്ചതിനെക്കുറിച്ചാണ്. അതേസമയം യുപിഎ സർക്കാർ നടപ്പിലാക്കിയ വിള ഇൻഷുറൻസ് പദ്ധതിയിൽ നൽകിയ ആനുകൂല്യങ്ങൾ മോഡിയുടെ ഭരണ നേട്ടമായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ:  മയക്കുമരുന്ന് കേന്ദ്രമാകുന്ന ഇന്ത്യ


ഊഴമനുസരിച്ച് ഇന്ത്യക്ക് ലഭിച്ച ജി20 അധ്യക്ഷ പദവിയും അതിന്റെ അടിസ്ഥാനത്തിൽ നടത്താൻ ബാധ്യസ്ഥമായ ആഗോള സമ്മേളനങ്ങളും മോഡിയുടെ നേട്ടമായി പ്രമേയത്തിൽ എടുത്തു പറയുന്നു. പതിവനുസരിച്ച് സംഘടിപ്പിച്ച ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിച്ചുവെന്നും ഇന്ത്യയുടെ ആതിഥ്യമര്യാദയും ആതിഥേയനെന്ന നിലയിൽ മോഡിയെ ലോകമെമ്പാടും പ്രശംസിച്ചുവെന്നും വാഴ്തിപ്പാടുന്ന പ്രമേയം ഇക്കാര്യത്തിനും മോഡിയെ അഭിനന്ദിക്കുന്നു. അതേസമയം അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിലുണ്ടായ അകൽച്ചയോ അതിർത്തിയിലെ സംഘർഷാവസ്ഥയോ പരാമർശിക്കുന്നില്ല.
രാമക്ഷേത്ര നിർമ്മാണവും രാമരാജ്യവും വൻ നേട്ടമായി കൊട്ടിഘോഷിക്കുന്ന പ്രമേയത്തിൽ മോഡിയെ തന്നെയാണ് കേന്ദ്രബിന്ദുവാക്കുന്നത്. ഒരിടത്തുപോലും മറ്റാരുടെയെങ്കിലും പേര് സൂചിപ്പിക്കുന്നില്ല. എൽ കെ അഡ്വാനിക്ക് ഭരത രത്ന നൽകിയതിനെ പരാമർശിക്കുമ്പോൾ അദ്ദേഹം അടിയന്തരാവസ്ഥയിൽ ജനാധിപത്യ പ്രക്രിയയ്ക്കുവേണ്ടി പ്രവർത്തിച്ചു എന്നല്ലാതെ രാമക്ഷേത്രത്തിനായി രഥയാത്ര നടത്തിയതുപോലും മിണ്ടിയില്ല.
ഇതിനെല്ലാം പുറമേ ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയാകുന്നു, സ്ത്രീ ശാക്തീകരണം, ഭാരതീയ ന്യായ സംഹിത, കോവിഡ് മഹാമാരി നന്നായി കൈകാര്യം ചെയ്തു, പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം, ചെങ്കോൽ സ്ഥാപിച്ചത് തുടങ്ങിയ പതിവ് അവകാശവാദങ്ങളും പ്രമേയത്തിൽ സമാഹരിച്ചിരിക്കുന്നു.
വാചാടോപങ്ങളും കപട അവകാശവാദങ്ങളും മുൻകാല ഭരണാധികാരികളെ കുറ്റപ്പെടുത്തലുമാണ് പ്രമേയത്തിന്റെ അന്തഃസത്ത. ഭരണനേട്ടങ്ങളെന്ന നിലയിൽ ചൂണ്ടിക്കാട്ടിയ പലതും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളോട് ഒരു ബന്ധവുമില്ലാത്തവയാണ്. രാമക്ഷേത്രവും ഭാരത രത്നയും പുതിയ പാര്‍ലമെന്റ് മന്ദിരവും ചെങ്കോലും സനാതന ധർമ്മവും ജി20 അധ്യക്ഷപദവിയുമൊന്നും പാവപ്പെട്ടവന്റെ നിത്യജീവിതത്തിന്റെ വ്യവഹാര പരിസരത്ത് ഒരുഗുണവും ചെയ്യുന്നില്ല. തൊഴിലില്ലായ്മയാണ് യുവാക്കളുടെ നീറുന്ന പ്രശ്നം. അവർക്ക് കണ്ണിൽ പൊടിയിടുന്ന തൊഴിൽ (റോസ്ഗാർ) മേളകളല്ല, തൊഴിലാണ് ആവശ്യം. അവയൊന്നും പ്രമേയത്തിൽ പരാമർശിക്കുന്നുപോലുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.