12 April 2024, Friday

ന്യായവിലഷോപ്പുകളെ രാഷ്ട്രീയപ്രചരണ വേദിയാക്കരുത്

ബിനോയ് വിശ്വം
March 4, 2024 4:22 am

ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ ചാപ്പകുത്തി അപമാനിക്കുന്നതുപോലെ മാതൃകാപരമായ കേരളത്തിലെ പൊതുവിതരണത്തിന്റെ മേലും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയമുദ്ര പതിപ്പിക്കാനാണ് നീക്കം. സംസ്ഥാനത്തെ 14,133 റേഷൻകടകളിലും പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ഫ്ലക്സ് ബാനറുകളും തിരഞ്ഞെടുക്കപ്പെട്ട 553 റേഷൻ കടകളിൽ സെൽഫി പോയിന്റുകളും സ്ഥാപിക്കാനും കേന്ദ്ര സർക്കാരിന്റെ ലോഗോ പതിപ്പിച്ച ക്യാരിബാഗുകളിൽ അരി വിതരണം ചെയ്യാനും നിർദേശിച്ചിരിക്കുന്നു. പിഎംജികെവൈ പദ്ധതിയുടെ പ്രചരണാർത്ഥമാണിത് എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും സ്വതന്ത്രഭാരതം ഇതുവരെ കണ്ടിട്ടില്ലാത്ത തരംതാണ പ്രചരണ നടപടിയാണിതെന്ന് വ്യക്തമാണ്.

അവഗണനയും പ്രതികാരവും

അരിക്ക് പുറമെ ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര ഇവയുടെ എല്ലാം വിഹിതത്തിൽ കേന്ദ്രസർക്കാർ നിരന്തരം വെട്ടിക്കുറവ് വരുത്തുന്നു. ടൈഡ് ഓവർ വിഹിതമായി കേരളത്തിന് അനുവദിക്കപ്പെട്ടിരുന്ന 6420 മെട്രിക് ടൺ ഗോതമ്പ് 2022 മേയ് 13ലെ ഉത്തരവിലൂടെ നിർത്തൽ ചെയ്തതോടെ സംസ്ഥാനത്തെ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗക്കാർക്ക് റേഷൻ ഗോതമ്പ് ഇല്ലാതായി. 2015–16ൽ 1,17,780കിലോ ലിറ്റർ ആയിരുന്ന സംസ്ഥാനത്തിന്റെ പ്രതിവർഷ മണ്ണെണ്ണ വിഹിതം നിലവിൽ 7,776 കിലോ ലിറ്റർ മാത്രമായി ചുരുങ്ങി. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ യാനങ്ങളിലുപയോഗിക്കാൻ മാത്രം പ്രതിവർഷം 25,920 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമായിരിക്കെയാണ് ഈ വെട്ടിക്കുറവ്. ഇ‑ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇതരസംസ്ഥാന തൊഴിലാളികളിൽ റേഷൻ കാർഡില്ലാത്തവർക്ക് മുഴുവൻ സംസ്ഥാനത്ത് കാർഡ് നൽകണമെന്ന് നിഷ്കർഷിക്കുകയും എന്നാൽ ഇതിന് ആനുപാതികമായി സംസ്ഥാന ഭക്ഷ്യവിഹിതം വർധിപ്പിച്ചു നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ഭക്ഷ്യലഭ്യത ഇനിയും കുറയാൻ ഇത് ഇടയാക്കും.


ഇതുകൂടി വായിക്കൂ: കേരളത്തിനെതിരെ ഭക്ഷ്യ ഉപരോധം


പ്രളയകാലത്ത് സംസ്ഥാനത്തിന് നൽകിയ അരിയുടെ വിലയായ 205.81 കോടി രൂപ പോലും പിടിച്ചുവാങ്ങുന്ന മനുഷ്യത്വഹീനമായ നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായി. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർ കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെ ഐതിഹാസിക പ്രക്ഷോഭത്തിലാണ്. അവരുല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ ശേഖരമാണ് എഫ്സിഐയുടെ പക്കലുള്ളത്. ഇത് രാജ്യത്തിന്റെ പട്ടിണിമാറ്റാനുള്ളതാണ്. ആ പരിഗണനയില്‍ ‍സംസ്ഥാനത്തിന്റെ ടൈഡ് ഓവർ വിഹിതം വർധിപ്പിച്ചു നൽകിയിരുന്നെങ്കിൽ 8.30 രൂപയ്ക്ക് വാങ്ങി കേരളത്തിലെ റേഷൻ കടകളിലൂടെ നാല് രൂപയ്ക്കോ 10.90 രൂപയ്ക്കോ മുൻഗണനേതര വിഭാഗങ്ങൾക്ക് നൽകാൻ കഴിയുന്ന അരിയാണ് 29 രൂപയ്ക്ക് കേന്ദ്ര ഏജൻസികൾ ഭാരത് അരിയായി നൽകുന്നത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ഒഎംഎസ്എസ് മുഖേന 18.59 രൂപയ്ക്കെങ്കിലും നൽകിയാൽ 20 രൂപയിൽ താഴെ സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യാൻ കഴിയുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന് അരി നൽകാൻ മനസില്ല എന്ന പ്രഖ്യാപനമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. ഇത്തരം ദ്രോഹനടപടികളെയെല്ലാം അതിജീവിച്ചുകൊണ്ടും കേരളം മുന്നേറുകതന്നെയാണ്.

 

 

2016 മുതൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട് 13 ഇനം നിത്യോപയോഗ സാധനങ്ങൾ വില വർധിപ്പിക്കാതെ വിതരണം ചെയ്തു. ഏഴര വർഷങ്ങൾക്കു ശേഷമാണ് ന്യായവും യുക്തിസഹവുമായ ഒരു വിലപരിഷ്കരണം ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്. ഔഷധമുൾപ്പെടെയുള്ള മറ്റനേകം ഉപയോഗവസ്തുക്കൾ ഗണ്യമായ വിലക്കുറവിൽ നൽകിവരുന്നു. ‘വിശപ്പുരഹിത കേരളം പദ്ധതി‘യുടെ ഭാഗമായി 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷ ഹോട്ടലുകൾ വ്യാപകമാക്കി. ആദിവാസി ഊരുകളിലേക്ക് പ്രയാണം നടത്തുന്ന സഞ്ചരിക്കുന്ന റേഷൻഷോപ്പ് പദ്ധതിയും കിടപ്പു രോഗികൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീട്ടിലെത്തിച്ചു നൽകുന്ന ‘ഒപ്പം’ പദ്ധതിയും നടപ്പിലാക്കി. വിലക്കയറ്റനിരക്ക് ദേശീയശരാശരി 5.1 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിൽ 4.04 ശതമാനം മാത്രമാണ്. രാജ്യത്തെ ഭ
ക്ഷ്യോല്പാദകരടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്.
കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന് രാജ്യത്തെ ഏറ്റവുമുയർന്ന സംഭരണവിലയായ 28.20 രൂപ നൽകുന്നത് കേരളത്തിലാണ്. ജോലിയും കൂലിയുമില്ലാതെ ജനങ്ങളാകെ അടച്ചിടപ്പെട്ട മഹാമാരിയുടെ ദിനങ്ങളിൽ ഒരാളെയും പട്ടിണിക്കിടില്ലെന്ന് സധൈര്യം പ്രഖ്യാപിക്കുകയും ഏവർക്കും സൗജന്യമായി ഭക്ഷണം ലഭ്യമാക്കുകയും ചെയ്തതും ഈ നാടാണ്. പ്രഖ്യാപിച്ച സമയപരിധിക്കുമുമ്പേ അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യാനും കേരളത്തിന് കഴിഞ്ഞു. എന്നാൽ ജനപക്ഷസർക്കാരിന്റെ ഈ പ്രയാണം പൂവിരിച്ച പാതയിലൂടെയല്ല. ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന നികുതി വിഹിതം 3.58ൽ നിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ കേരളത്തിന് 18,000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായി. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയതിലൂടെ 12,000 കോടി, റവന്യുകമ്മി ഗ്രാന്റിൽ വരുത്തിയ കുറവിലൂടെ 8,400 കോടി, വായ്പാനുമതി പരിധി കുറച്ചതിലൂടെ 19,000 കോടി എന്നിങ്ങനെ 57,400 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഈ വർഷം സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിൽ 13,600 കോടി രൂപയുടെ വർധനവ് ഉണ്ടായിട്ടുപോലും ജനക്ഷേമ പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിയാത്ത ധനഞെരുക്കത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. അതുവഴി സംസ്ഥാനത്തിന്റെ പുരോഗമനസ്വഭാവത്തെ തകർത്തുകൊണ്ട് വികസനക്ഷേമപ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ പ്രതികാര മനോഭാവത്തിന്റെ പുതിയ അധ്യായമാണ് മലയാളികളെ പട്ടിണിക്കിട്ട് തോല്പിക്കാനുള്ള നീക്കങ്ങൾ. ഇതിനെ ചെറുക്കാൻ കേരള ജനത ഒറ്റക്കെട്ടായി മുന്നോട്ടു വരണം.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.