2 May 2024, Thursday

ഒക്ടോബർസൂര്യന്റെ ദ്രാവിഡരശ്മി

ബേബി കാസ്ട്രോ
February 11, 2023 4:43 am

തൊഴിലാളിവ‍ർഗത്തിന്റെ സാർവദേശീയപതാക ഭാരതത്തിൽ ആദ്യമായി ഉയർന്നത് തമിഴകത്തായിരുന്നു. 1923ൽ മേയ്ദിനമാചരിച്ചുകൊണ്ട് അരിവാളും ചുറ്റികയും ആലേഖനം ചെയ്ത രക്തപതാക മദിരാശിയുടെ ആകാശത്ത് പറത്തിയ ശിങ്കാരവേലർ രണ്ടു സംവത്സരം പിന്നിട്ടപ്പോൾ ഉത്തരഭാരതത്തിലെ കാൺപൂരിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണസമ്മേളനത്തിൽ അധ്യക്ഷനായി, 1925 ഡിസംബർ 26ന്. സ്വാതന്ത്ര്യത്തിന്റെ പുലരി കാണാതെ മറഞ്ഞ യോദ്ധാക്കളിൽപ്പെടുന്നു അദ്ദേഹം. യുക്തിബോധത്തിന്റെയും ശാസ്ത്രമനോഭാവത്തിന്റെയും ദ്രാവിഡ നവോത്ഥാനത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പ്രചാരകനും പോരാളിയുമായി തമിഴകത്ത് ഓർമ്മിക്കപ്പെടുന്ന അദ്ദേഹം അക്കാലത്ത് ഒരിന്ത്യക്കാരന് സാധ്യമാകാവുന്ന പരമാവധിയിലേക്ക് വികസിച്ചു.
മദിരാശിയിലെ സാധാരണകുടുംബത്തിൽ ജനിച്ച ശിങ്കാരവേലു ചെട്ടിയാര്‍ പ്രസിഡൻസി കോളജിൽ നിന്ന് ബിരുദവും മദിരാശി ലോ കോളജിൽ നിന്ന് നിയമബിരുദവും നേടി 1907ൽ അഭിഭാഷകനായി. ദ്രാവിഡനവോത്ഥാന പ്രസ്ഥാനത്തിൽ പെരിയോർ ഇ വി രാമസ്വാമിനായ്ക്കരുടെയും ദേശീയ പ്രസ്ഥാനത്തിൽ മഹാത്മാഗാന്ധിയുടെയും സമകാലികനായിരുന്ന ശിങ്കാരവേലു ആശയപരമായും പ്രവർത്തനരീതിയിലും ഇരുവരോടും വിയോജിക്കുവാനും മടിച്ചില്ല. 1860 ഫെബ്രുരി 18നായിരുന്നു ശിങ്കാരവേലരുടെ ജനനം. ഹിന്ദു സമൂഹത്തിലെ അയിത്തമുൾപ്പെടെയുള്ള അനാചാരങ്ങൾക്കെതിരെ സാമൂഹ്യ പ്രതിഷേധത്തിന്റെ ആദ്യകിരണങ്ങൾ തമിഴകത്ത് ഉയരുന്ന കാലത്താണ് അദ്ദേഹം യൗവനം പിന്നിട്ടത്.

 


ഇതുകൂടി വായിക്കു; ഗാന്ധിജിയില്ലാത്ത 75 വര്‍ഷങ്ങള്‍


ശ്രീലങ്കൻ ബുദ്ധമതപ്രചാരകനായ അനാഗരിക ധർമ്മപാല രൂപം നല്‍കിയ മഹാബോധി സൊസൈറ്റിയുടെ മദിരാശി ശാഖ 1898ൽ സ്ഥാപിക്കുന്നതിൽ മുന്നില്‍നിന്ന് പ്രവർത്തിച്ചു. വർഷങ്ങൾക്കുശേഷം 1923ൽ ലേബർ ആന്റ് കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ രൂപീകരിച്ച് അതിന്റെ പ്രകടന പത്രിക പ്രസിദ്ധീകരിക്കുമ്പോൾ അടിയിൽ “എം ശിങ്കാരവേലർ (ഇന്ത്യൻ കമ്മ്യൂണിസ്റ്റ്) പ്രസിഡന്റ്, മദിരാശി മഹാബോധി സൊസൈറ്റി” എന്ന് എഴുതിയാണദ്ദേഹം ഒപ്പിട്ടത്.
1918 ഏപ്രിൽ 27ന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ബക്കിങ്ഹാം ആന്റ് കർണാട്ടിക് മില്ലിൽ മദ്രാസ് ലേബർ യൂണിയൻ രൂപീകരിക്കുമ്പോൾ മഹത്തായ ഒക്ടോബർ വിപ്ലവം കഴി‍ഞ്ഞ് ആറ് മാസങ്ങളേ ആയിരുന്നുള്ളൂ. ഇത് ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയനായി കരുതപ്പെടുന്നു. ഒക്ടോബർ സൂര്യന്റെ ദ്രാവിഡ നാട്ടിന്റെ ആദ്യകിരണമായിരുന്നു ശിങ്കാരവേലു ചെട്ടിയാർ. ബ്രിട്ടീഷ് അധികാരികൾ യൂണിയനെ നിരോധിച്ചു. ഒരു സമരവേദിയിൽ തോക്കുചൂണ്ടിയ ബ്രിട്ടീഷ് മാനേജരിൽ നിന്ന് തൊഴിലാളികൾ അത് തട്ടിപ്പറിച്ചു. വെടിവയ്പിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. 1921 ജൂൺ 21 ന് ശിങ്കാരവേലരുടെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങി. മാനേജ്മെന്റ് സമരത്തിൽ അണിനിരന്നവരിൽ നിന്ന് വ്യത്യസ്തമായ ജാതിയിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്തി. ഇതൊരു ജാതിയുദ്ധമായി മാറുകയും നിരവധി പേരുടെ മരണത്തിൽ കലാശിച്ച സോദരപ്പോരിൽ അവസാനിക്കുകയും ചെയ്തു. ഒരു ആവശ്യവും നേടാതെ സമരം പരാജയപ്പെട്ടു. വ്യക്തമായ രാഷ്ട്രീയനിലപാടും നേതൃത്വവുമില്ലാതെ തൊഴിലാളിപ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന അനുഭവപാഠം അദ്ദേഹത്തിന് ലഭിച്ചു.

1920 ഒക്ടോബർ 17ന് സോവിയറ്റ് യൂണിയനിലെ താഷ്കെന്റിൽ യോഗം ചേര്‍ന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാരുടെ ഗ്രൂപ്പിന്റെ നേതാക്കളായ എം എൻ റോയിയും ഷൗക്കത്ത് ഉസ്മാനിയുമടക്കമുള്ള നേതാക്കൾ, മുസാഫർ അഹമ്മദിന്റെ നേതൃത്വത്തിൽ കൽക്കത്തയിലും എം ശിങ്കാരവേലുവിന്റെ നേതൃത്വത്തിൽ മദിരാശിയിലും പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി സമ്പർക്കം സ്ഥാപിക്കാൻ തന്നിലൂടെ ശ്രമിച്ചിട്ടുള്ളതായി എസ് എ ഡാങ്കെ അനുസ്മരിക്കുന്നുണ്ട്. മറ്റൊരു പ്രവാസി കമ്മ്യൂണിസ്റ്റായ അബനി മുഖർജി മോസ്കോയിൽനിന്നും ബ‍ർലിൻ വഴി ഇന്ത്യയിലേക്ക് കടന്ന് കൽക്കത്തയിലെ കമ്മ്യൂണിസ്റ്റുകാരെയും മദിരാശിയിൽ ശിങ്കാരവേലരെയും കാണുകയും ഹിന്ദുസ്ഥാൻ ലേബർ കിസാൻ പാർട്ടിയുടെ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്തു. അതിന് മുൻപെ തന്നെ 1922 ഡിസംബറിലെ ഗയ എഐസിസി സെഷനിൽ ശിങ്കാരവേലർ ഡാങ്കെയുമായി നേരിൽക്കാണുകയുണ്ടായി.
മഹാത്മാഗാന്ധി 1920 സെപ്റ്റംബറിൽ നിസഹകരണപ്രസ്ഥാനം ആരംഭിച്ചപ്പോൾ ശിങ്കാരവേലർ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ച് മദ്രാസ് പ്രസിഡൻസിയിലെ സുപ്രധാന കോൺഗ്രസ് നേതാക്കളിലൊരാളായി. 1921 മേയിൽ ഒരു പൊതുയോഗത്തിൽ വച്ച് തന്റെ വക്കീൽ ഗൗൺ കത്തിച്ചുകൊണ്ട് ബ്രിട്ടീഷ് കോടതികൾ ബഹിഷ്കരിക്കാനാഹ്വാനം ചെയ്യുകയും അഭിഭാഷകജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. അക്കാലത്താണ് വെയിൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദ‍ർശനമുണ്ടായത്. മദിരാശിയിൽ രാജകുമാരൻ എത്തിയപ്പോൾ ശിങ്കാരവേലരുടെ നേതൃത്വത്തിൽ സമ്പൂർണ ഹർത്താൽ ആചരിച്ചു. എല്ലാ കടകളും അടഞ്ഞുകിടന്നു. എന്നാൽ അപൂർവമായെങ്കിലുമുണ്ടായ ബലപ്രയോഗത്തിന്റെ പേരിൽ ഗാന്ധിജി ശിങ്കാരവേലരെ വിമർശിച്ചു.

 


ഇതുകൂടി വായിക്കു;  സുഗന്ധം പൊഴിക്കുന്ന സ്വരമാധുരി


 

1922ലെ ഗയ കോൺഗ്രസ് കൺവെൻഷനിൽ പങ്കെടുത്ത അദ്ദേഹം തൊഴിൽനിയമങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും സ്വയം ഒരു കമ്മ്യൂണിസ്റ്റായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമ്പാദനത്തിനൊപ്പം തൊഴിലാളി ചൂഷണത്തിനെതിരെയും സമ്പത്തിന്റെ നീതിപൂർവകമായ വിതരണത്തിന് വേണ്ടിയും അദ്ദേഹം വാദിച്ചു. 1923 മേയ് ഒന്നിന് ഹിന്ദുസ്ഥാൻ ലേബർ കിസാൻ പാർട്ടി മദിരാശിയിൽ പിറവികൊണ്ടു. ഇന്ത്യയിലാദ്യമായി സാർവദേശീയ തൊഴിലാളി ദിനമാചരിക്കുകയും ചെമ്പതാക ഉയർത്തുകയും ചെയ്തു. മദിരാശി ഹൈക്കോടതിയുടെ മുന്നിലും ട്രിപ്ലിക്കേൻ ബീച്ചിലുമാണ് പതാക ഉയർത്തിയത്. പരസ്പരം ഏകോപനമില്ലാതെ രാജ്യത്ത് വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തിച്ചുവരുന്ന ഘട്ടമായിരുന്നു അത്. എങ്കിലും ദേശീയ പ്രസ്ഥാനത്തിൽ തൊഴിലാളി വർഗത്തെ കൂടുതൽ കൂടുതലായി അണിനിരത്തിക്കൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ പരിപാടി അവർ രൂപപ്പെടുത്തിയത്. 1923ൽ ‘ലേബർ കിസാൻ ഗസറ്റ്’, ‘തൊഴിലാളർ’ എന്നീ പ്രസിദ്ധീകരണങ്ങളും അദ്ദേഹം ആരംഭിച്ചു. 1925ൽ മദിരാശി കോർപറേഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹമാണ് വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പരിപാടി രാജ്യത്ത് ആദ്യമായി ആരംഭിച്ചത്.
1924ൽ എം എൻ റോയി, മുസാഫർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, ഗുലാം ഹുസൈൻ, എസ് എ ഡാങ്കെ, ശിങ്കാരവേലു, രാമചന്ദ്രലാൽ ശർമ്മ, നളിനി ഗുപ്ത എന്നീ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാൻ അക്രമാസക്തമായ സമരം ആസൂത്രണം ചെയ്തെന്ന കുറ്റാരോപണത്തോടെ പ്രോസിക്യൂഷൻ ആരംഭിച്ചു. ഇതാണ് ‘കാൺപൂർ ഗൂഢാലോചനക്കേസ്’ എന്ന് പിന്നീട് അറിയപ്പെട്ടത്. ബ്രിട്ടീഷ് അധികാരികളുടെ ഉദ്ദേശത്തിന് വിരുദ്ധമായി കമ്മ്യൂണിസത്തെപ്പറ്റി രാജ്യമാകെ അറിയപ്പെടാനാണ് കേസ് ഇടയാക്കിയത്.

ഇന്ത്യക്കകത്ത് പ്രവർത്തനസ്വാതന്ത്ര്യത്തോടുകൂടിയ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ആരംഭിക്കുവാനുള്ള സത്യഭക്തയുടെ ശ്രമങ്ങളുടെ പരിസമാപ്തിയായി 1925 ഡിസംബർ 25, 26 തീയതികളിൽ കാൺപൂരിൽ നടന്ന സമ്മേളനത്തിന്റെ അധ്യക്ഷൻ ശിങ്കാരവേലു ആയിരുന്നു. പാർട്ടിയുടെ ലക്ഷ്യം ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ടു. “തൊഴിലാളികളുടേയും കർഷകരുടെയും റിപ്പബ്ലിക്ക് സ്ഥാപിച്ചുകൊണ്ട് ഉല്പാദനവിതരണഉപാധികൾ സാമൂഹ്യഉടമസ്ഥതയിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യയെ വിമോചിപ്പിക്കുക”. ബ്രിട്ടീഷ് സർക്കാരിന്റെ കടുത്ത ശത്രുത മൂലം തന്ത്രപരമായ ഒരു നിലപാട് എന്ന നിലയിൽ തൊഴിലാളി-കർഷക പാർട്ടി എന്ന ഒരു പുറംപേരിലാണ് ആദ്യകാല പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. 1927ൽ റയിൽവേ തൊഴിലാളികളുടെ ഉജ്ജ്വല പ്രക്ഷോഭം തമിഴകത്ത് സംഘടിപ്പിക്കപ്പെട്ടു. അത് പരാജയപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്തു. നേതൃത്വം കൊടുത്ത ശിങ്കാരവേലുവും ചക്കരചെട്ട്യാരും അറസ്റ്റ് ചെയ്യപ്പെട്ടു. ശിങ്കാരവേലരെ 10 കൊല്ലത്തെ തടവിന് ശിക്ഷിച്ചു. പിന്നീടത് ഒന്നരക്കൊല്ലമായി കുറവ് ചെയ്തു.
ജാതിവിവേചനത്തിനെതിരെയും സാമൂഹ്യനവോത്ഥാനത്തിനുവേണ്ടിയും കമ്മ്യൂണിസ്റ്റുകാർ പ്രവർത്തിക്കണമെന്ന് വിശ്വസിച്ച ശിങ്കാരവേലർ ഈ ലക്ഷ്യത്തോടെ പെരിയോർ ഇ വി രാമസ്വാമിനായ്ക്കരോടൊപ്പം പ്രവർത്തിച്ചു. നായ്ക്കരുടെ ‘കുടിയരശ്’ മാസികയിൽ വേലരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അധഃസ്ഥിതരുടെ ഉന്നമനത്തിനും സാമൂഹ്യനീതിക്കും സോഷ്യലിസ്റ്റ് രാഷ്ട്രനിർമ്മിതിക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ച ആ ധീരൻ 1946 ൽ തന്റെ ജീവിതലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കപ്പെടുന്നത് കാണാതെയാണ് അന്തരിച്ചത്. ദ്രാവിഡനാടിന്റെയും ഭാരതത്തിന്റെയും ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഗ്രഗാമികളിൽ അദ്വിതീയനായ മലയാപുരം ശിങ്കാരവേലു എന്ന ശിങ്കാരവേലു ചെട്ടിയാർ കാലയവനികയിൽ മറ‍ഞ്ഞിട്ട് ഇന്ന് 77 സംവത്സരങ്ങൾ തികയുന്നു. ഇന്ത്യയിലെ തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും മറക്കാനാവാത്ത പേരാണ് അദ്ദേഹത്തിന്റേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.