6 May 2024, Monday

വയോജന അവകാശങ്ങൾ സാക്ഷാത്ക്കരിക്കണം

എസ് ഹനീഫാറാവുത്തർ
October 1, 2023 4:06 am

എഴുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് 1948ലാണ് ഐക്യരാഷ്ട്രസഭ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനത്തിന്റെ പ്രാധാന്യം ആഘോഷിക്കാനും മുതിർന്ന പൗരന്മാർക്ക് പൂർണമായ അർത്ഥത്തിൽ മനുഷ്യാവകാശങ്ങളും സ്വാതന്ത്യ്രവും നൽകുമെന്ന് പ്രതിജ്ഞയെടുക്കാനുമാണ് ഐക്യരാഷ്ട്രസഭ ലോകത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. 2023വയോജനദിനത്തിന്റെ സന്ദേശം അതാണ്. 1991ലാണ് ഐക്യരാഷ്ട്രസഭ മുതിർന്ന പൗരന്മാരുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ചിന്തിക്കുകയും വയോജനങ്ങൾക്കുവേണ്ടിയുള്ള തത്വങ്ങൾ രൂപീകരിക്കുകയും ചെയ്തത്. വയോജനങ്ങളുടെ സ്വാതന്ത്യ്രം, പങ്കാളിത്തം, പരിരക്ഷ, ആത്മസാക്ഷാത്ക്കാരം, അന്തസ് എന്നീ മേഖലകളിലേക്കുള്ള മാര്‍ഗനിർദേശങ്ങൾ അങ്ങനെയാണ് ഉരുത്തിരിഞ്ഞത്. ഒരു ദശാബ്ദത്തിനുശേഷം 2002ൽ നടന്ന ലോക സമ്മേളനത്തിൽ മാഡ്രിഡ് ഇന്റർ നാഷണൽ പ്ലാൻ ഓഫ് ആക്ഷൻ ഓൺ ഏജിങ് അംഗീകരിക്കപ്പെട്ടു. സാമൂഹ്യ‑സാമ്പത്തിക വികാസത്തിനും മനുഷ്യാവകാശങ്ങളോടുമൊപ്പം പ്രായത്തിന്റെ പ്രശ്നങ്ങളും ചർച്ചചെയ്യാനും പരിഹാരം കാണാനും സമ്മേളനത്തിൽ പങ്കെടുത്ത ലോകരാഷ്ട്രങ്ങൾ സമ്മതിച്ചു. മുതിർന്ന പൗരന്മാരുടെ സാമൂഹ്യ ഉദ്ഗ്രഥനവും പൂർണമായ തോതിൽ മനുഷ്യാവകാശങ്ങൾ ആസ്വദിക്കാനുള്ള അവകാശവും തമ്മിലുള്ള പരസ്പരബന്ധം അവഗണിക്കാവുന്നതല്ല. സമൂഹവുമായി ഗാഢബന്ധം പുലർത്തുന്നതും ഇഴുകിച്ചേരുന്നതും അവരുടെ അന്തസിനെയും ജീവിതനിലവാരത്തെയും നേരിട്ടുതന്നെ ബാധിക്കുന്നതാണ്. എല്ലാ ദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും ബാധകമായ പൊതുനിലവാരത്തിലുള്ള തത്വങ്ങളാണ് സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം എന്ന് യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ എല്ലാ വ്യക്തികളും, സാമൂഹ്യസംഘടനകളും ഈ പ്രഖ്യാപനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും പ്രചരിപ്പിക്കുകയും വേണം. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വ്യവസ്ഥകൾ സാക്ഷാത്ക്കരിക്കാനാവശ്യമായ ഫലപ്രദമായ നടപടികൾ രാജ്യങ്ങൾ കൈക്കൊള്ളേണ്ടതുമാണ്. സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ ഒന്ന് എല്ലാ മനുഷ്യർക്കും അന്തസും അവകാശവും ഒരുപോലെയാണെന്നും സഹോദരന്മാരെന്ന നിലയിൽ അവർ ഇടപെടണമെന്നും അനുശാസിക്കുന്നു. ആർട്ടിക്കിൾ ഒന്ന് എല്ലാവർക്കും സ്വതന്ത്രമായും സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ആരെയും ശാരീരികവും മാനസികവുമായും പീഡിപ്പിക്കരുതെന്ന് ആർട്ടിക്കിൾ അഞ്ച് അനുശാസിക്കുന്നു. സാമൂഹ്യസുരക്ഷിതത്വത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും അതുറപ്പാക്കേണ്ടത് ഭരണകൂടമാണെന്നും ആർട്ടിക്കിൾ 22 പറയുന്നു. പൊതുവായ ജീവിതനിലവാരത്തെ സംബന്ധിച്ചുള്ളതാണ് ആർട്ടിക്കിൾ 25. സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ 30 ആർട്ടിക്കിളുകളാണുള്ളത്. ആധുനിക ലോകത്തെ നയിക്കുന്നതും നിയന്ത്രിക്കേണ്ടതും ഈ പ്രഖ്യാപനങ്ങളാണ്. ഇവയെല്ലാം മുതിർന്ന പൗരന്മാർക്കും ബാധകമാണ്.

 


ഇതുകൂടി വായിക്കൂ; ഭക്ഷ്യവിലപ്പെരുപ്പം: കുതിപ്പ് തടഞ്ഞത് കര്‍ഷക സമരം


മനുഷ്യാവകാശങ്ങളുടെ ചാമ്പ്യന്മാരായ മുതിർന്ന പൗരന്മാരാണ് അവരുടെ ജീവിതം തന്നെ ഇതിനുവേണ്ടി ലോകത്തിന് സമർപ്പിച്ചത്. 1948ൽ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ കാലയളവിൽ ജനിച്ചവരാണ് ഇന്നത്തെ മുതിർന്ന പൗരന്മാരിൽ കൂടുതലും. ജീവിക്കുന്ന സമൂഹത്തെപ്പോലെ അവരും വൈവിധ്യമാർന്നവരാണ്. പ്രാദേശികമായും സാമൂഹ്യമായും രാജ്യത്താകെയും മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട ചെറുതും വലുതുമായ പ്രശസ്തരും അപ്രശസ്തരുമായ ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാരുണ്ട്. ഓരോരുത്തരും പ്രത്യേകമായ ആദരവ് അർഹിക്കുന്നവരാണ്. ലോക വയോജനദിനത്തിൽ നമുക്കവരെ അഭിവാദ്യംചെയ്യാം. 1990 ഡിസംബർ 14ന് ചേർന്ന യുഎൻ ജനറൽ അസംബ്ലിയാണ് ഒക്ടോബർ ഒന്നിന് ലോക വയോജനദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. 1991 മുതൽ ഉചിതമായ പരിപാടികളോടെ ഇത് ആചരിച്ചുവരുന്നു. വയോജനങ്ങളെ ആദരിക്കുവാനും അവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനുമാണ് ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വൃദ്ധജനവർധനവിന്റെ ആശങ്കാജനകമായ ദൃശ്യമാണ് നമ്മുടെ മുമ്പിലുള്ളത്. 2011ലെ സെൻസസ് പ്രകാരം 48 ലക്ഷം ആളുകളാണ് കേരളത്തിൽ 60 വയസിനുമുകളിൽ പ്രായമുള്ളവരായിട്ടുള്ളത്. ഇതിൽ മൂന്നിലൊന്നുപേർ കഠിന രോഗങ്ങൾക്ക് വിധേയരാണ്. 2025 ആകുമ്പോൾ ജനസംഖ്യ നാല് കോടി കവിയും. അപ്പോൾ ഒരു കോടിയിലേറെ ആളുകൾ വൃദ്ധരായിരിക്കും. കാഴ്ചശക്തിയും കേൾവിയും കുറഞ്ഞവരും ഇല്ലാത്തവരും, അല്‍ഷിമേഴ്സ് രോഗം ബാധിച്ചവർ, ചലനശക്തി നശിച്ചവർ, പ്രമേഹം, കാൻസർ, ഹൃദ്രോഗം, കൊളസ്ട്രോൾ, വാതം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ എന്നിവരെയൊക്കെക്കൊണ്ട് വീടുകൾ നിറയും. വീടുകളിൽ ഇവരെ ശുശ്രൂഷിക്കുവാൻ പറ്റിയ ആളുകൾ കുറവായിരിക്കും. ബന്ധുക്കൾ മാനസികമായും സാമ്പത്തികമായും തകരും. 60ന് മുകളിൽ പ്രായമായ രണ്ടു തലമുറകൾ-അച്ഛനും മകനും അല്ലെങ്കിൽ അമ്മയും മകളും-വൃദ്ധരായി വീടുകളിൽ കഴിയുന്ന സ്ഥിതിയുണ്ടാകും. വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്നതു മാത്രമല്ല ആലോചനാ വിഷയമായിട്ടുള്ളത്, മരിക്കുന്നതുവരെ ഇവരെ താരതമ്യേന ആരോഗ്യമുള്ളവരാക്കി നിർത്തുകയെന്നതും ഗൗരവതരമായ ചിന്തയ്ക്ക് വിഷയീഭവിക്കേണ്ടതാണ്. ഇതിനുപറ്റിയതരത്തിൽ സമഗ്രമായ പദ്ധതികൾക്ക് രൂപം നൽകാനാണ് സർക്കാരുകൾ ശ്രമിക്കേണ്ടത്.

കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വയോജന നയത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങൾ പൂർണമായ തോതിൽ നടപ്പിലാക്കിയാൽ വൃദ്ധസമൂഹത്തിന് വളരെ ആശ്വാസകരമായിരിക്കും. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിന് ഒരു പ്രത്യേക വകുപ്പോ ഏജൻസിയോ ഇല്ലെന്നുള്ളതാണ് വലിയ പ്രതിസന്ധി. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനുള്ള മനസാണ് സർക്കാരിനുണ്ടാകേണ്ടത്. കഴിഞ്ഞ കാലത്ത് തുച്ഛമായ വരുമാനം ലഭിക്കുകയും തുച്ഛമായ പെൻഷന്‍ കൊണ്ട് വര്‍ത്തമാനകാലത്ത് ജീവിക്കേണ്ടിവരികയും ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും നേരിടാൻ കഴിയില്ല. ആനുപാതികമായ നഷ്ടപരിഹാരം നൽകുകയെന്നതാണ് കരണീയമായിട്ടുള്ളത്. ഏത് രോഗവും ചികിത്സിക്കാൻ ലക്ഷങ്ങൾ വേണ്ടിവരുന്ന ഇന്നത്തെ അവസ്ഥയിൽ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരാൻ സർക്കാർ കാണിക്കുന്ന വിമുഖത അക്ഷന്തവ്യമാണ്. നിലവിൽ ഒരു പെൻഷനും ലഭിക്കാത്ത വയോജനങ്ങൾക്ക് പ്രതിമാസം 5,000 രൂപയെങ്കിലും പെൻഷൻ നൽകാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഭൂതകാലത്തിലേക്കുള്ള വാതിലും ഭാവിയിലേക്കുള്ള വാതായനങ്ങളുമാണ് മുതിർന്നവർ. ഇന്നത്തെ തലമുറ നിർഹിക്കുന്ന ഉത്തരവാദിത്തമാണ് ഭാവിതലമുറയെ രൂപപ്പെടുത്തുന്നത്. തലമുറകളായി കൈമാറിവരുന്ന ഒരു പ്രക്രിയയാണിത്. പ്രായമാകുക എന്നത് സ്വാഭാവികമായ കാര്യമാണ്. എല്ലാ ജീവികളും ജനനം മുതൽ മരണം വരെ കടന്നുപോകേണ്ട ആ പ്രക്രിയയിൽ താങ്ങുംതണലും സാന്ത്വനവുമായി നിൽക്കേണ്ടതും മുതിർന്നപൗരന്മാരുടെ പ്രാധാന്യവും അവർ നൽകിയ സംഭാവനയും തിരിച്ചറിയേണ്ടതും സമൂഹവും ഭരണകൂടവുമാണ്. സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് വാർധക്യകാലം അന്തസോടെയും ആരോഗ്യത്തോടെയും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവർക്ക് അവസരമൊരുക്കേണ്ടതുണ്ട്. ലോക വയോജനദിനം ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.