27 July 2024, Saturday
KSFE Galaxy Chits Banner 2

ജി20 അധ്യക്ഷപദവിയും ആഭ്യന്തര വികസനവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
January 4, 2023 4:45 am

ജി20 കൂട്ടായ്മയുടെ ഒരു വര്‍ഷക്കാലത്തേക്കുള്ള അധ്യക്ഷപദവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിയോഗിക്കപ്പെട്ടതില്‍ ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനിക്കാവുന്നതാണ്. എന്നാല്‍ വിശദമായി പരിശോധിക്കുമ്പോള്‍, നമുക്ക് അഭിമാനിക്കത്തക്കതായി ഒന്നുംതന്നെ നിലവില്‍ ചൂണ്ടിക്കാട്ടാനില്ല. ഇന്ത്യ ഒരു ഫെഡറല്‍ രാഷ്ട്രീയ വ്യവസ്ഥയുടെയും ഭരണഘടനയുടെയും ചട്ടക്കൂട്ടിനുള്ളിലാണെങ്കിലും, സാമ്പത്തിക, ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥാവകാശവും കെെകാര്യകര്‍തൃത്വവും മിക്കവാറും കേന്ദ്രസര്‍ക്കാരിലാണ് നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ സഹായത്തോടെയായിരിക്കും സംസ്ഥാനങ്ങളുടെ സമഗ്രവികസനം നടക്കുക. എന്നാല്‍, സമീപകാലത്ത് ഇതല്ല നമ്മുടെ അനുഭവം. നിലവിലുള്ള കേന്ദ്രാവിഷ്കൃത, കേന്ദ്രാശ്രിത പദ്ധതികളില്‍ 50 ശതമാനത്തിലേറെയും ഒന്നുകില്‍ നിര്‍ത്തിവയ്ക്കുകയോ, വെട്ടിക്കുറയ്ക്കപ്പെടുകയോ, ഉടച്ചുവാര്‍ക്കപ്പെടുകയോ ആണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം അതിന്റെ തിരിച്ചടികളുടെ ആഴവും പരപ്പും വലുതാണ്. മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പിന്റെ കാര്യമെടുക്കുക. ഇവിടെ നേരത്തെ 12 പദ്ധതികളുണ്ടായിരുന്നതില്‍ 10 എണ്ണം ഉപേക്ഷിച്ചതോടെ, രണ്ടെണ്ണമായി കുറഞ്ഞിരുന്നു. കൃഷി-കര്‍ഷക‑ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള 20 പദ്ധതികളില്‍ മൂന്നെണ്ണം- കൃഷോന്നതി യോജന, കൃഷി-സഹകരണ സംഘങ്ങള്‍ എന്നിവയുടെ സമഗ്ര‑ഏകോപിത വികസന പദ്ധതി, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നിവയാണ് തുടരുന്നത്.

 


ഇതുകൂടി വായിക്കു;  ജനസംഖ്യാവര്‍ധനവും വികസനത്തിലെ പ്രതിസന്ധികളും


 

മോഡി അനുകൂലികള്‍ പ്രവചിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതുപോലെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുരുതരമായ ധനകാര്യ പ്രതിസന്ധിയാണ് ഇതേത്തുടര്‍ന്നുണ്ടായിരിക്കുന്നത്. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ അവ ഞെരുങ്ങുകയാണ്. ഫണ്ട് വെട്ടിക്കുറവ് കൂടിയാല്‍ പ്രശ്നം കൂടുതല്‍ വഷളാവുകയും ചെയ്യുമെന്ന് ഉറപ്പാണ്. ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് 2022 ജൂണ്‍ വരെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന ഫണ്ടില്‍ 1.2 ലക്ഷം കോടി രൂപയോളം വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുകയാണെന്നാണ്. ഇതിന്റെ പലിശ വരുമാനം കേന്ദ്ര ഖജനാവിലേക്ക് കൃത്യമായി പ്രവഹിക്കുകയും ചെയ്യുന്നു. 2013ല്‍ ഒട്ടേറെ കൊട്ടിഘോഷിക്കപ്പെട്ട് നിര്‍ഭയ ഫണ്ട് എന്ന ഓമനപ്പേരില്‍, പൊതുസ്ഥലങ്ങളില്‍ വനിതാസംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമാക്കിയും, സാമൂഹികസാമ്പത്തിക പരിപാടികളില്‍ വനിതാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും പദ്ധതിയുണ്ടാക്കി. 2013–16 കാലയളവില്‍ പ്രതിവര്‍ഷം 1000 കോടി ഇതിലേക്കായി ബജറ്റ് വിഹിതം നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ സിംഹഭാഗവും ചെലവാക്കപ്പെട്ടില്ല. 2021–22 ധനകാര്യ വര്‍ഷം വരെ ഈ അക്കൗണ്ടില്‍ നീക്കിവയ്ക്കപ്പെട്ട 6,214 കോടിയില്‍ 4,138 കോടി മാത്രമാണ് ചെലവഴിക്കപ്പെട്ടിട്ടുള്ളത്. വിതരണം ചെയ്യപ്പെട്ടത് വെറും 2922 കോടി മാത്രമായിരുന്നു. ഇതില്‍നിന്നും വനിതാ-ശിശുവികസന മന്ത്രാലയത്തിന് കിട്ടിയ തുക 660 കോടി രൂപയില്‍ഒതുങ്ങിയപ്പോള്‍, യഥാര്‍ത്ഥത്തില്‍ ചെലവഴിക്കപ്പെട്ടത് 2021 ജൂലെെ വരെ വെറും 181 കോടി രൂപ മാത്രമായിരുന്നു. വസ്തുതകള്‍ ഈ നിലയിലായിരിക്കെ നിരവധി വനിതാ പദ്ധതികള്‍ക്ക് വിരാമമിടുകയാേ സഹായം നിഷേധിക്കുകയോ ചെയ്തു. സ്വാഭാവികമായും കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ വനിതാ ശിശുക്ഷേമ പദ്ധതികള്‍ക്കായി പണമില്ലാതെ വലയുമ്പോഴാണ് മോഡി സര്‍ക്കാരിന്റെ ഈ നിഷേധപൂര്‍വമായ നിലപാട്.

വനിത‑ശിശുക്ഷേമ പദ്ധതികള്‍ക്കുമേല്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും സബ്സിഡി വെട്ടിക്കുറയ്ക്കല്‍ ദ്രോഹനടപടികളും നടന്നുവരുന്നത്. നാടിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെയും കര്‍ഷകസമൂഹത്തിന് നേരെയും ഫണ്ട് വെട്ടിക്കുറയ്ക്കലിന്റെയും ധനസഹായ നിഷേധത്തിന്റെയും വാള്‍ ഉയര്‍ത്തുന്നതില്‍ മോഡി സര്‍ക്കാര്‍ മടിച്ചുനിന്നില്ല. ദീര്‍ഘകാലമായി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ വളം സബ്സിഡികള്‍ ലഭ്യമാക്കാറുണ്ട്. 2020–21 ധനകാര്യവര്‍ഷമായപ്പോള്‍ ഈ തുക 1,27,921 കോടി വരെ എത്തിയെങ്കിലും 2021–22ലെ ബജറ്റില്‍ ഇത് 79,529 കോടി രൂപയായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഇതിനെതിരായി കര്‍ഷക സംഘടനകള്‍ നടത്തിയ ത്യാഗോജ്ജ്വലവും സമാധാനപരവുമായ സഹനസമരം അവഗണിക്കാന്‍ കഴിയാതെ വന്ന കേന്ദ്രസര്‍ക്കാര്‍ ഈ തുക 1,40,122 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു. കോവിഡ് മഹാമാരിയുടെ വരവും തുടര്‍ന്നുണ്ടായ ലോക്ഡൗണുകളും കൂടി ആയപ്പോള്‍ സര്‍ക്കാരിന് രക്ഷപ്പെടാന്‍ പഴുതുണ്ടായതുമില്ല. അങ്ങനെ 2022–23ലെ ബജറ്റില്‍ 1,05,222 കോടി രൂപ കാര്‍ഷിക മേഖലയ്ക്കായി നീക്കിവയ്ക്കുകയുമായിരുന്നു. രാസവള നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത നെെട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാസ്യം തുടങ്ങിയവക്കായുള്ള വിഹിതത്തില്‍ 35 ശതമാനം ഇടിവ് വരുത്തി. ഉക്രെയ്ന്‍ യുദ്ധത്തിന്റെ മറപിടിച്ചാണ് ഈ കര്‍ഷകദ്രോഹത്തിന് കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയത്. സ്വന്തം കൂടാരത്തില്‍ഉറച്ചുനില്ക്കുന്ന കോര്‍പറേറ്റുകളായ അഡാനി, അംബാനി വിഭാഗങ്ങളെ കാര്‍ഷികമേഖലയിലെ ചൂഷണത്തിലേക്കാനയിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര മോഡി-അമിത്ഷാ കൂട്ടുകെട്ട് കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച കര്‍ഷക സംഘടനകളോട് പകപോക്കാനും രാസവള ലഭ്യത കുറയ്ക്കല്‍ നടപടികള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് കരുതേണ്ടിവരുന്നു.

 


ഇതുകൂടി വായിക്കു;  ജി20 യില്‍ മുഴങ്ങുന്നത് സ്വകാര്യ മേഖലയുടെ ഇരമ്പം


 

യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ഇജിഎ)ക്കാവശ്യമായ വിഹിതത്തില്‍ 2022–23ലേക്കുള്ള ബജറ്റില്‍ മോഡിസര്‍ക്കാര്‍ 25 ശതമാനം വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. 2021–22ലെ നീക്കിയിരിപ്പ് 98,000 കോടിയായിരുന്നതാണ് 2022–23ല്‍ 73,000 കോടിയിലേക്ക് താഴ്ത്തിയത്. ഗ്രാമീണജനതയുടെ സാമ്പത്തികദുരന്തം കോവിഡിനു മുമ്പുള്ളതിനേക്കാള്‍ പെരുകിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടിനു ശേഷമാണിത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014നു ശേഷം തുടര്‍ച്ചയായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവഗണിക്കപ്പെട്ടുവരികയാണ്. മോഡി സര്‍ക്കാരിന്റെ തന്നെ ഗ്രാമീണ ദുരിതാശ്വാസ പദ്ധതിയായ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ 2020ജൂണില്‍ തുടക്കം കുറിച്ചതിന്റെ ലക്ഷ്യം ഗ്രാമീണ ജനതയ്ക്ക് പ്രതിവര്‍ഷം 125 ദിവസങ്ങള്‍ വീതം തൊഴിലും ജീവനോപാധികളും എത്തിക്കുക എന്നായിരുന്നെങ്കിലും അതിലേക്കായി ബജറ്റില്‍ നീക്കിവയ്ക്കപ്പെട്ടത് നേരത്തെ പ്രഖ്യാപിക്കപ്പെട്ട 5,00,000 കോടിക്കു പകരം 39,293 കോടി മാത്രമാണ്. സൃഷ്ടിക്കപ്പെട്ടത് 50.78 കോടി തൊഴിലവസരങ്ങള്‍ മാത്രവുമായിരുന്നു. മാത്രമല്ല, ഈ പദ്ധതി വന്നതോടെ സമാന സ്വഭാവമുള്ള 15 പദ്ധതികള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ആരോഗ്യമേഖലയില്‍ ഏറ്റവുമധികം അവഗണന അഭിമുഖീകരിക്കുന്നത് ആശാ തൊഴിലാളികളാണ്. അതായത് അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ (ആശാ)‍. നിസാരമായ വേതനം മാത്രം കിട്ടുന്ന ഈ വിഭാഗം തൊഴിലാളികള്‍ക്ക് ആറ് മാസം വേതന കുടിശിക നേരിടേണ്ടി വന്നിട്ടുണ്ട്. കോവിഡ് കാലയളവില്‍ ‍പോലും ആശാവര്‍ക്കര്‍മാര്‍ വീടുകള്‍തോറും കയറിയിറങ്ങുന്ന കാഴ്ചകള്‍ നാം മാധ്യമങ്ങളില്‍ കാണാറുള്ളതുമാണ്.

സ്ഥിരമായ അവഗണനയ്ക്ക് ഇരയായിരിക്കുന്ന ഒരു മേഖലയാണ് ജെെവ വെെവിധ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭരണകൂടങ്ങള്‍ ഫണ്ട് ദൗര്‍ലഭ്യത്തിന്റെ പേരില്‍ അവഗണിക്കുന്നത് ഈ മേഖലയുടെ വികസനത്തെയാണ്. 2018–19 മുതല്‍ തുടര്‍ച്ചയായി കേന്ദ്ര ബജറ്റുകളില്‍ ജെെവ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും വേണ്ടി നീക്കിവയ്ക്കപ്പെടുന്ന തുകകള്‍ ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞുവരുന്നു. 2018–19ല്‍ 165 കോടി രൂപയായിരുന്നത് 2019–20ല്‍ 124.5 കോടിയായും 2020–21ല്‍ വീണ്ടും കുറഞ്ഞ് 87.6 കോടി രൂപയായും നിജപ്പെടുത്തി. ഒട്ടേറെ ഉച്ചത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന പ്രോജക്ട് ടെെഗര്‍ പദ്ധതിക്കായുള്ള ബജറ്റ് നീക്കിയിരുപ്പ് തുകകളും തുടര്‍ച്ചയായി വെട്ടിക്കുറച്ചു. 2018–19ല്‍ ഈ തുക 323 കോടി രൂപയായിരുന്നത് 2020–21 ല്‍ 194.5 കോടിയിലേക്ക് കുത്തനെ കുറയുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ക്രമാതീതമായി വര്‍ധിച്ചുവരുന്നതായി യുഎന്‍ സമിതികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍, ധനസഹായം വെട്ടിക്കുറയ്ക്കുന്ന നടപടിക്ക് ഒരു നീതീകരണവുമില്ല.

അതേസമയം അനുദിനം നഷ്ടമായി വന്നിരുന്ന മോഡി ഭരണത്തിന്റെ പ്രതിച്ഛായ പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് ജനശ്രദ്ധ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും തിരിച്ചുവിടാനുള്ള നടപടികളുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയത്. അങ്ങനെയാണ് കള്ളപ്പണക്കാരെ ഒതുക്കാനും കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തിന്റെ മൊത്തം വികസനത്തിന് വിനിയോഗിക്കാനും സഹായകമാകുമെന്ന ലക്ഷ്യപ്രഖ്യാപനവുമായി ഡിമോണറ്റെെസേഷന്‍ എന്ന ഒറ്റമൂലി പ്രയോഗത്തിലേക്ക് പ്രധാനമന്ത്രി തന്നെ രംഗത്തുവന്നത്. എന്നാല്‍, ഈ നടപടി കള്ളപ്പണ ശേഖരത്തിനുമേല്‍ നേരിയൊരു പോറല്‍പോലും ഏല്പിച്ചില്ലെന്ന് മാത്രമല്ല, ജനജീവിതത്തെ ആകെത്തന്നെ കീഴ്മേല്‍ മറിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യ ഞെരുക്കത്തിനുമേല്‍, ഡിമോണറ്റെെസേഷന്‍ ഏല്പിച്ച ആഘാതത്തില്‍ നിന്നും തെല്ലെങ്കിലും ആശ്വാസം കണ്ടെത്താന്‍ കഴിയുന്നതിനു മുമ്പ് ചരക്കു-സേവന നികുതിയിലൂടെയുണ്ടായ ധനകാര്യ വിഭവ ചോര്‍ച്ചയും പ്രതിസന്ധിയാവുകയായിരുന്നു. ജിഎസ്‌ടി യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യ സ്ഥിതി കൂടുതല്‍ വഷളാക്കാനും കേന്ദ്രത്തിന്റേത് കൂടുതല്‍ ശക്തമാക്കാനുമാണ് വഴിയൊരുക്കിയിരിക്കുന്നത്. ‘കോ-ഓപ്പറേറ്റീവ് ഫെഡറലിസം’ ശക്തമാകുന്നതിനു പകരം കേന്ദ്ര‑സംസ്ഥാന ധനകാര്യ ഏറ്റുമുട്ടലുകള്‍ക്കാണിപ്പോള്‍ വേദി ഒരുക്കപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.