18 April 2025, Friday
KSFE Galaxy Chits Banner 2

വനഗ്രാമങ്ങൾ റവന്യു ഗ്രാമങ്ങളാകുന്നത് ചരിത്രം

കെ രാജന്‍
റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി
April 10, 2025 4:15 am

തിറ്റാണ്ടുകളുടെ സ്വപ്നമാണ് ആദിവാസികൾക്ക് സ്വന്തമായി ഭൂമിയെന്നത്. ആ അവകാശത്തിനായുള്ള നിരന്തര പ്രക്ഷോഭങ്ങളിലാണവർ. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം അത്തരം പോരാട്ടങ്ങളെ കണ്ടില്ലെന്ന് നടിച്ചില്ല. ആദിവാസി സമൂഹത്തിന് അവർ താമസിക്കുന്നിടങ്ങളിൽ വനാവകാശ രേഖ നൽകുവാനുള്ള സാധ്യതകൾ പരിശോധിച്ചു. കേന്ദ്ര, സംസ്ഥാന വനം വകുപ്പുകളുമായി കൂടിയാലോചനകൾ തുടർന്നു. സാധ്യമായ നടപടികളെല്ലാം കാലതാമസമില്ലാതെ പൂർത്തിയാക്കുവാൻ സംസ്ഥാന റവന്യു വകുപ്പിന്റെ മുഴുവൻ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ ചലിച്ചു. ഇടതുപക്ഷ മുന്നണിയുടെയും സർക്കാരിന്റെയും പ്രഖ്യാപിത ലക്ഷ്യമാണെന്ന നിലയിൽ പ്രത്യേകം ശ്രദ്ധയൂന്നിയതോടെ അരനൂറ്റാണ്ടോളം യാതൊരവകാശവുമില്ലാതെ വനമേഖലയിൽ ജീവിതമാർഗം കണ്ടെത്തിക്കഴിഞ്ഞവർ ഭൂമിയുടെ അവകാശികളായി മാറി. 566 പട്ടികവർഗ സങ്കേതങ്ങളിലായി 29,166 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ രേഖ അനുവദിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ തൃശൂർ ജില്ലയില്‍ ഒല്ലൂർ മണ്ഡലത്തിലെ ഒളകര സങ്കേതത്തിൽ 44 ആദിവാസി കുടുംബങ്ങൾ ഭൂമിക്ക് ഉടയവരായി. മഴയും ആലിപ്പഴ വൃഷ്ടിയുമായി പ്രകൃതിയും തങ്ങളോടൊപ്പം സന്തോഷിക്കുകയാണെന്ന് പറഞ്ഞവർ പാട്ടും നൃത്തവുമായി ആർത്തുല്ലസിച്ചു. ഇതൊരു ജനകീയ സർക്കാരിന്റെ കടമയാണ്. ഇനിയും കേരളത്തിന്റെ വിവിധകോണുകളിൽ പട്ടികവർഗ വിഭാഗങ്ങൾ വനാവകാശ രേഖയ്ക്കായി പൊരുതുന്നുണ്ട്. നിശ്ചയമായും അവരെ സംസ്ഥാന സർക്കാർ കൈവിടില്ല. കേവലം ഭൂമിയുടെ അവകാശം പതിച്ചുകൊണ്ടുള്ള പട്ടയം അവരുടെ കൈകളിലെത്തിച്ചതുകൊണ്ട് തീരുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്തം. അനുവദിച്ചുകിട്ടിയ ഭൂമിയുടെ നികുതി അടയ്ക്കാനുള്ള അവകാശം കൂടി ഉറപ്പാക്കണം. ഇങ്ങനെ വനാവകാശ രേഖയുടെ പൂർണത കൈവരിക്കാൻ പട്ടയം അനുവദിച്ച വനഗ്രാമങ്ങളെയെല്ലാം റവന്യു ഗ്രാമങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് സംസ്ഥാന സർക്കാർ. ഇതിനായി 2025 ഫെബ്രുവരി മൂന്നിന് റവന്യു വകുപ്പ് പുറപ്പെടുവിച്ച (30/2025) ഉത്തരവ് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചരിത്രരേഖയാണ്.

2006ലെ വനാവകാശ നിയമത്തിലെ മൂന്നാം വകുപ്പിൽ ‘എ’ മുതൽ ‘എം’ വരെയുള്ള വ്യത്യസ്തങ്ങളായ അവകാശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ് വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി മാറ്റുന്നതിനുള്ള അവകാശം. ഈ നടപടിയിലേക്കാണ് റവന്യു വകുപ്പ് പ്രവേശിച്ചിരിക്കുന്നത്. ഇതുവരെ വനാവകാശ രേഖ കൈമാറിയ 566 പട്ടികവർഗ സങ്കേതങ്ങളെയും റവന്യു ഗ്രാമങ്ങളായി പ്രഖ്യാപിക്കും. ഇതോടെ 29,166 കുടുംബങ്ങൾക്ക് വനാവകാശ രേഖയിലൂടെ ലഭിച്ച 38,582 ഏക്കർ ഭൂമിക്ക് കരമടയ്ക്കാനുള്ള അവകാശം കൂടി ലഭ്യമാകും. ഒളകരയിലെ 44 കുടുംബങ്ങൾക്ക് ലഭിച്ച ഒന്നര ഏക്കർ വീതം ഭൂമിക്കും കരമടയ്ക്കാനാകും. വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളായി മാറ്റുന്ന പ്രഖ്യാപനം കേരളത്തിലെ പട്ടികവർഗ സങ്കേതങ്ങൾ ആഘോഷമാക്കുമെന്ന സന്തോഷമാണ് പങ്കുവച്ചിട്ടുള്ളത്. അവരുടെ ആഹ്ലാദത്തിനൊപ്പം കേരളമൊന്നടങ്കം ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്. രാജ്യത്ത് വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികൾക്ക് ഭൂമിയിൽ അവകാശം ഉറപ്പിക്കാനാണ് ‘വനാവകാശങ്ങൾ അംഗീകരിക്കൽ’ എന്ന പേരിൽ 2006ൽ കേന്ദ്ര നിയമം നിർമ്മിച്ചത്. 1980ലെ വനം നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വനസംരക്ഷണ നടപടികൾ മൂലം ഏറ്റവുമധികം പ്രയാസങ്ങളും പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടേണ്ടിവന്നവരാണ് ആദിവാസികൾ. ഇവരുടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് വനാവകാശങ്ങൾ അംഗീകരിക്കൽ നിയമം കൊണ്ടുവന്നത്. ഉപജീവനത്തിനായി വനങ്ങളെയോ വനഭൂമിയെയോ ആശ്രയിക്കുന്ന പട്ടിക — ഗോത്ര വർഗ സമൂഹത്തിന്റെ ഉന്നമനമാണ് പരമപ്രധാന ലക്ഷ്യം. സംരക്ഷിത വനങ്ങളും റിസർവ് വനങ്ങളും കല്പിത വനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. അതുകൊണ്ടുതന്നെ ഇത്തരം ഭൂമി കൈവശം വയ്ക്കുന്നതിനും അതിൽ വസിക്കുന്നതിനും അവരുടെ പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം ഉറപ്പുനൽകുന്നുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാനും കൃഷി ചെയ്യാനും മൃഗങ്ങളെ വളർത്താനുമെല്ലാം നിയമത്തിന്റെ തുണയുണ്ട്. വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, വൈദ്യുതി കണക്ഷൻ, സാമൂഹിക കേന്ദ്രങ്ങൾ തുടങ്ങി 13 പൊതു ആവശ്യങ്ങൾക്കായി മരങ്ങൾ മുറിച്ചുമാറ്റി സൗകര്യങ്ങളൊരുക്കാനടക്കം ഈ നിയമം അനുശാസിക്കുന്നു. 

എന്നാൽ, 1980ലെ കേന്ദ്ര വന നിയമപ്രകാരം വനത്തിലെ കുടിയേറ്റം ക്രമീകരിച്ചു നൽകണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. 1993ലെ പ്രത്യേക ചട്ടങ്ങൾ പ്രകാരമാണ് വനഭൂമിയിലെ കുടിയേറ്റങ്ങൾ ക്രമീകരിച്ചു നൽകുന്നത്. പട്ടികവർഗക്കാർക്ക് ഭൂമി പതിച്ചു നൽകുന്നതിനുള്ള 2001ലെ ചട്ടം, 1971ലെ വനഭൂമി നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും ചട്ടം എന്നിവ പ്രകാരമാണ് മലയോര പട്ടികവർഗ മേഖലയിൽ പട്ടയം വിതരണം ചെയ്യുന്നത്. വനാവകാശ നിയമപ്രകാരം പട്ടികവർഗക്കാർക്ക് വനാവകാശ രേഖയും ഇതോടൊപ്പം അനുവദിക്കാം. രണ്ട് നിയമങ്ങളുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി വനാവകാശങ്ങൾ നിക്ഷിപ്തമാക്കി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. ഈ അധികാരം ഉപയോഗപ്പെടുത്തിയാണ് നിരന്തര ഇടപെടലുകളിലൂടെയും സങ്കീർണമായ നടപടിക്രമങ്ങളിലൂടെയും വനഭൂമി പട്ടയങ്ങളുടെ വിതരണം നടത്തുന്നതും ഇപ്പോൾ, വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി പ്രഖ്യാപിക്കാനൊരുങ്ങുന്നതും. വനഗ്രാമങ്ങളിലെ പ്രായപൂർത്തിയായ എല്ലാ താമസക്കാരുടെയും കൂട്ടത്തെ ഗ്രാമസഭയായി അംഗീകരിക്കും. വനാവകാശ രേഖ അനുവദിക്കപ്പെട്ട ഭൂമിയുടെ വിവരങ്ങൾ സപ്ലിമെന്ററി ബിടിആർ ആയി രേഖപ്പെടുത്തും. തുടർന്ന് ഡിജിറ്റൽ സർവേ നടത്തുമ്പോൾ ബിടിആറിൽ ഉൾപ്പെടുത്തും. അവകാശികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി തണ്ടപ്പേർ രജിസ്റ്റർ തയ്യാറാക്കും. കൈവശക്കാരിൽ നിന്നും 1961ലെ ഭൂനികുതി നിയമ പ്രകാരം കരം ഈടാക്കും. ആറ് മാസത്തിനുളളിൽ ഈ നടപടികളെല്ലാം പൂർത്തീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പട്ടയ വിതരണത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും റവന്യു വകുപ്പും യാതൊരു വിവേചനവും കാണിക്കുന്നില്ല. ഇതിനകം 1,80,887 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു കഴിഞ്ഞു. 

ആദിവാസി സങ്കേതങ്ങളിലേതുപോലെ പതിറ്റാണ്ടുകളായി പരിഹരിക്കാൻ കഴിയാതെ പോയ നിരവധി പട്ടയപ്രശ്നങ്ങളാണ് ഈ കാലയളവിൽ പരിഹരിച്ചത്. മലയോര മേഖലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായക ഇടപെടലുകളാണ് നടത്തിയത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം ജില്ലകളിലെ ഹിൽമെൻ സെറ്റിൽമെന്റ് മേഖലകളിൽ കുടിയേറിയ കർഷകർക്ക് ഭൂമി നൽകുവാനായി പുറപ്പെടുവിച്ച 2020/2020 എന്ന 2023ലെ റവന്യു വകുപ്പിന്റെ ഉത്തരവ് ഈ നടപടികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണം 2024ൽ സംസ്ഥാനത്ത് പൂർത്തിയാക്കി. 59,830 അപേക്ഷകളാണ് ഇതിലൂടെ ലഭിച്ചത്. പ്രത്യേകം ഉദ്യോഗസ്ഥരും പ്രത്യേകം ഓഫിസും അനുവദിച്ചാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. ഇതിലൂടെ കേരളത്തിലെ പതിനായിരക്കണക്കിന് ഭൂരഹിതരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ കഴിഞ്ഞു. സംയുക്ത പരിശോധന പൂർത്തിയാക്കിയ ഇടങ്ങളിൽ ഉൾപ്പെട്ടവർക്ക് വൈകാതെ പട്ടയം കൊടുക്കാനാവും. പട്ടയ വിതരണത്തിൽ കേരളത്തിന്റെ സർവകാല റെക്കോഡ് കൈവരിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് മൂന്ന് ലക്ഷം പട്ടയം വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.