ഈ വരുന്ന ഓഗസ്റ്റ് 15 സ്വതന്ത്ര ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷദിനമാണ്. ഇക്കാരണത്താല്‍ തന്നെയാണ് ഈ ദിനം പ്രത്യേക പ്രാധാന്യത്തോടെ നൂറുദിവസം തുടര്‍ച്ചയായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്നതും. സ്വാതന്ത്ര്യത്തെയും സ്വതന്ത്ര ഇന്ത്യയെയും മാറോട് ചേര്‍ത്തുപിടിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ സുദിനത്തിന് മറ്റൊരു വിശേഷ പ്രാധാന്യം കൂടിയുണ്ട്. നമ്മുടെ രാജ്യം ഇന്നും സ്വതന്ത്രമായി തുടരുന്നു എന്നതാണത്. ഇന്ത്യ 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടിയെന്ന ശുഭവാര്‍ത്ത പുറത്തുവന്നപ്പോള്‍ ലേഖകന് എട്ട് വയസ് മാത്രമായിരുന്നു. സ്വാതന്ത്ര്യം എന്നത് കൃത്യമായി അറിവില്ലാതിരുന്നൊരു ഇളം പ്രായത്തില്‍ എന്തോ ഒരു നല്ല കാര്യം നടന്നിരിക്കുന്നു എന്നതിനപ്പുറം യാതൊന്നും അറിയില്ലായിരുന്നു. അതേസമയം പ്രായമുള്ളവരില്‍ ചിലരെങ്കിലും പില്ക്കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വതന്ത്ര ഇന്ത്യ അതിന്റെ പ്ലാറ്റിനം ജൂബിലിവരെ നിലനില്‍ക്കുമോ എന്നും സംശയിച്ചിട്ടുണ്ടായിരിക്കണം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഇന്ത്യയെ നിരീക്ഷിക്കാന്‍ ഒരുമ്പെട്ടത് വെറുമൊരു ഭൂമിശാസ്ത്രപരമായ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ മാത്രവുമായിരുന്നുവത്രെ. ഈ നിലപാടില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം, ബ്രിട്ടന്‍ എന്ന വന്‍ സാമ്രാജ്യത്വശക്തിയാണല്ലോ, നമ്മുടെ രാജ്യത്തെ രണ്ടു നൂറ്റാണ്ടോളം അടക്കിവാണിരുന്നത്. എന്നാല്‍, സ്വാതന്ത്ര്യം നേടി 75 വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷവും ഇന്ത്യ അതിന്റെ രാഷ്ട്രീയമായ മാനമെടുത്താല്‍ ഏറെക്കുറെ ഐക്യത്തോടെയും സാഹോദര്യത്തോടെയും സമഭാവനയോടെയുമാണ് നിലനിന്നുവന്നിരുന്നത്. അതേ അവസരത്തില്‍ തീര്‍ത്തും ആരോഗ്യകരമായ ഈ സ്ഥിതിവിശേഷം തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ക്ഷുദ്രശക്തികളും നിലവിലുണ്ടെന്ന വസ്തുത അവഗണിച്ചുകൂട. ഇക്കൂട്ടര്‍ കൃത്യമായ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അതിലേക്കായി പദ്ധതികള്‍ക്കു രൂപം നല്കിയിരിക്കുന്നതായും നാം തിരിച്ചറിയേണ്ടതുണ്ട്. ഇവയ്ക്ക് നിലവില്‍ കേന്ദ്ര ഭരണാധികാരം കയ്യാളുന്ന നരേന്ദ്രമോഡിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും അവരുടെതായ സകലവിധ അനുഗ്രഹാശിസുകളും ലഭ്യവുമാണ്.
ഇത്തരം രണ്ട് ഗൂഢപദ്ധതികളിലൊന്നാണ് ഗ്യാന്‍വാപി പ്രശ്നം. മതനിരപേക്ഷതയിലും മതസൗഹൃദത്തിലും അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് ഭയാശങ്കകള്‍ സൃഷ്ടിക്കുന്ന വാരാണസിയിലെ ഗ്യാന്‍വാപി മുസ്‌ലിം ആരാധനാലയവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ശക്തികള്‍ കരുതിക്കൂട്ടി ഇളക്കിവിട്ട വിവാദമാണിത്. ഹിന്ദു തീവ്രവാദി വിഭാഗത്തില്‍പ്പെട്ട ഒരു വിഭാഗം കോടതിയെ സമീപിച്ചിരിക്കുന്നത്, നൂറ്റാണ്ടുകളായി മുസ്‌ലിം പള്ളിയായ ഗ്യാന്‍വാപിയില്‍ ഹിന്ദുമത വിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചാണ്. 1991ലെ പ്ലേസസ് ഓഫ് വര്‍ഷിപ്പ് നിയമം നിലവിലുള്ള ഏതു മതത്തിന്റെതായാലും ഒരു ആരാധനാലയത്തിന്റെ പദവിയിലും ഘടനയിലും മാറ്റംവരുത്തുക സാധ്യമല്ല എന്നാണ് അനുശാസിക്കുന്നത്. ഈ നിയമവ്യവസ്ഥ ഗ്യാന്‍വാപി എന്ന മുസ്‌ലിം ആരാധനാലയത്തിനും ബാധകമായിരിക്കും. അഥവാ നിയമപരമായ പ്രതിബന്ധങ്ങളൊന്നുമില്ലെങ്കില്‍ തന്നെയും ഇന്ത്യയില്‍ ദീര്‍ഘകാലമായി അധിവസിക്കുകയും ഇന്ത്യന്‍ ഭൂരിപക്ഷ ഹിന്ദു സമുദായത്തോടൊപ്പം ചേര്‍ന്നുനിന്ന് സൗഹൃദ‑സാഹോദര്യബന്ധങ്ങള്‍ പുലര്‍ത്തിവന്നിട്ടുള്ള ജനസംഖ്യയുടെ വെറും 15 ശതമാനത്തോളം മാത്രം വരുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ? ഒരിക്കലുമില്ല. ഇതിനുപുറമെ, സ്വാതന്ത്ര്യാനന്തര കാലയളവില്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചിരിക്കുന്ന മുസ്‌ലിം ജനതയുടെ മതവികാരങ്ങളെയും പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തെയും ഭൂരിപക്ഷ സമുദായമെന്ന നിലയില്‍ ഉദാരമായ മനസോടെയാണ് അവര്‍ സമീപിക്കേണ്ടത്. തങ്ങളുടെ മുന്‍ഗാമികളായ മതാന്ധന്മാര്‍ ചെയ്തുകൂട്ടിയ ദുഷ്ചെയ്തികളുടെ ബാധ്യത നിരപരാധികളായ ഒരു വിഭാഗത്തിനുമേല് കെട്ടിവയ്ക്കുന്നത് ശരിയുമല്ല. ഇതിനെല്ലാം ഉപരിയായി, ഇന്ത്യന്‍ ജനസംഖ്യയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ഹിന്ദു സമുദായംഗങ്ങളെ സംബന്ധിച്ചാണെങ്കില്‍ എണ്ണമറ്റ ദെെവങ്ങളും അതിനനുയോജ്യമായ ദേവാലയങ്ങളുമുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതെല്ലാം ശരിയാണെന്ന് അംഗീകരിക്കുക, വിഷയത്തെ യുക്തിസഹമായും, നീതിയുക്തമായും നിരീക്ഷിക്കുന്നവര്‍ മാത്രമായിരിക്കും.
ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തില്‍ അധികാരത്തിലിരുന്ന സമയത്ത് നടന്ന കൂട്ടക്കൊലയ്ക്കും മുസ്‌ലിം വേട്ടയ്ക്കും ശേഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തില്‍ വന്‍തോതിലായിരുന്നു പ്രതിച്ഛായാ തകര്‍ച്ചയുണ്ടായത്. ഇതില്‍നിന്നും ഏറെക്കുറെ മോചനം നേടിവരുന്ന സാഹചര്യത്തില്‍, നമ്മുടെ ആഭ്യന്തര സാമൂഹ്യ, സാമ്പത്തികനയങ്ങള്‍ വളരെ കരുതലോടെ വേണം രൂപപ്പെടുത്താന്‍ എന്നതില്‍ സംശയമില്ലല്ലോ. കാരണം, ഏതൊരു രാജ്യത്തിന്റെയും വിദേശ തന്ത്രബന്ധങ്ങളെ, ആഭ്യന്തര നയങ്ങള്‍ വലിയൊരളവില്‍ സ്വാധീനിക്കുകതന്നെ ചെയ്യും. ഇത്തരത്തിലൊരു സന്ദേശം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും കുറച്ചൊന്നുമല്ല പ്രസക്തമായിരിക്കുക എന്നതില്‍ തര്‍ക്കമില്ല. ഏറ്റവുമൊടുവില്‍ ഈ വിഷയത്തില്‍ ഉളവായിരിക്കുന്ന വിവാദം ബിജെപിയുടെ ദേശീയ മാധ്യമവക്താവ് നൂപുര്‍ ശര്‍മ്മയുടെയും ഡല്‍ഹിയിലെ മാധ്യമ ചുമതലക്കാരനായ നവീന്‍ കുമാര്‍ ജിന്‍ഡലിന്റെയും വക പ്രവാചക നിന്ദ ഉയര്‍ത്തിവിട്ട നടപടിയായിരുന്നു. നമ്മുടെ രാജ്യവുമായി ദീര്‍ഘകാല സൗഹൃദവും സാമ്പത്തിക സഹകരണവും നിലനിര്‍ത്തിപ്പോരുന്ന മുസ്‌ലിം രാഷ്ട്രസമൂഹം മൊത്തത്തില്‍ ഇതില്‍ അവര്‍ക്കുള്ള കടുത്ത പ്രതിഷേധവും അസംതൃപ്തിയും രേഖപ്പെടുത്തിയിട്ടുമുണ്ട്. യുഎസ്, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഒറ്റയ്ക്കും അവര്‍ പങ്കാളിത്തം വഹിക്കുന്ന നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ സഖ്യങ്ങള്‍ കൂട്ടായും മോഡി സര്‍ക്കാരിന് ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്ന അസംതൃപ്തി ശക്തമായിത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയും പ്രശ്നത്തില്‍ ഭയാശങ്കകള്‍ രേഖപ്പെടുത്താതിരുന്നിട്ടില്ല. പ്രധാനമന്ത്രി നേരിട്ടുതന്നെ, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പണിയെടുക്കുന്ന യുഎഇ‑ഷാര്‍ജ, അബുദാബി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള ഭരണത്തലവന്മാരുമായി നേരിട്ടോ, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ദൂതനായി ചുമതലപ്പെടുത്തി അവിടങ്ങളിലേക്കയച്ചോ, വിഷയത്തിന്റെ ചൂട് അല്പമായെങ്കിലും കുറയ്ക്കാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവാനിടയുള്ള ഏതു വിധം അലംഭാവവും കൃത്യമായി മുതലെടുക്കാന്‍ ചെെനയും, പാകിസ്ഥാനും തക്കംപാര്‍ത്തിരിക്കുകയുമാണെന്ന കാര്യം വിസ്മരിക്കുകയും ചെയ്യരുത്. ഇത്തരമൊരു അപകടകരമായ പശ്ചാത്തലം ഇന്ത്യയിലെ ഹിന്ദുക്കളും, മുസ്‌ലിങ്ങളും ഒരിക്കലും വിസ്മരിക്കുകയുമരുത്.
ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബെെഡന്റെ വാക്കുകളാണ്. ഒരു പരിഷ്കൃത ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന യുഎസില്‍ ഇന്നും ഇടയ്ക്കിടെ വര്‍ണവിവേചനം എന്ന രോഗം അവിടത്തെ, വെളുത്ത വര്‍ഗക്കാരെ സ്വാധീനിച്ചുവരുന്നുണ്ടെന്നതാണ് വസ്തുത. 1921ല്‍ ആയിരുന്നു അമേരിക്കയിലെ ഓക്ക്‌ലാഹോമയില്‍ നടന്ന “ഇല്‍സവര്‍ഗകൂട്ടക്കൊല” ലോകശ്രദ്ധ ആകര്‍ഷിക്കത്തക്ക വിധത്തില്‍ ഒരു ദുരന്തം സംഭവിച്ചത്. 2021ല്‍ നടന്ന ഒരു ഓര്‍മ്മദിനത്തിലായിരുന്നു ജോബെെഡന്റെ ഈ വാക്കുകള്‍ കേള്‍ക്കാനിടയായത്. “ഈ വിധത്തിലൊന്നും നടന്നിട്ടേയില്ലെന്ന ഭാവത്തിലാണ്, നാം തുടരുകയോ, അത്തരമൊന്നും നമ്മെ മേലില്‍ ഒരിക്കലും ബാധിക്കുകയോ ഇല്ലെന്ന് കരുതുകയോ ചെയ്യുന്നതുകൊണ്ട് കാര്യമില്ല. എന്താണ് നാം മനസിലാക്കേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിയില്ല. മോശമായതെന്ത് നല്ലതെന്ത് അങ്ങനെ ഓരോന്നും മനസിലാക്കേണ്ടിയിരിക്കുന്നു. വിശാലമായ നിലയില്‍ ചിന്തിക്കുന്ന രാഷ്ട്രങ്ങള്‍ അവയുടെ ഇരുണ്ട കാലത്തെപ്പറ്റിക്കൂടി ചിന്തിക്കുകയാണ് ചെയ്യുക”. എങ്കില്‍ മാത്രമെ അവര്‍ മുന്‍കാലങ്ങളില്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു. അതായത് ബെെഡന്റെ അഭിപ്രായത്തില്‍ സ്വന്തം വികാരങ്ങള്‍, പരാതികള്‍, ഒരിക്കലും പൂഴ്ത്തിവയ്ക്കരുത്. അതെല്ലാം അപ്പപ്പോള്‍ തുറന്നുപറയുകയും യുക്തമായി പരിഹാരം കണ്ടെത്തുകയും വേണം. മതവിശ്വാസത്തിന്റെയും വര്‍ഗവിവേചനത്തിന്റെയും പേരില്‍ നടമാടുന്ന അതിക്രമങ്ങള്‍ നടക്കാതിരിക്കാന്‍ വേറെ സൂത്രവിദ്യകളൊന്നുമില്ലെന്ന് ജോ ബെെഡന്‍ പറയുന്നത് ഇന്ത്യയിലെ ഭൂരിപക്ഷ‑ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഒരുപോലെ ബാധകമാണ്.
ഉത്തരേന്ത്യയില്‍ പണ്ടുകാലങ്ങളില്‍ നടന്ന മുസ്‌ലിം ഭരണകര്‍ത്താക്കളുടെ വക തെറ്റായ നയസമീപനങ്ങളും അതിക്രമങ്ങളും പെരുപ്പിച്ചുകാട്ടുകയും അതിന്റെ പേരില്‍ ആധുനിക കാലഘട്ടത്തില്‍ അധിവസിക്കുന്ന മുസ്‌ലിം സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കാനുള്ള ഏതൊരു നീക്കവും അതേപടി നീതികരിക്കാന്‍ കഴിയുന്നതല്ല. അങ്ങനെ ചെയ്താല്‍ അതു ചരിത്രത്തിന്റെ ഏകപക്ഷീയവും അയഥാര്‍ത്ഥവുമായ വ്യാഖ്യാനവുമായിരിക്കും. ഉത്തരേന്ത്യയിലെ ദ്രവീഡിയന്‍ വര്‍ഗജനതയുടെ തിരോധാനം ആര്യന്മാരുടെ അധിനിവേശത്തെ തുടര്‍ന്നു മാത്രമാണ് എന്ന തെറ്റായ പ്രചരണത്തെ തുടര്‍ന്നായിരുന്നു ഇത്തരമൊരു വ്യാഖ്യാനമുണ്ടായത്. ആര്യവംശജരുടെ വരവും ഇതില്‍ ഒരു കാരണമായിരിക്കാം. എന്നാല്‍ ഇതിലേറെ ഗുരുതരമായ സാഹചര്യങ്ങള്‍ ഒരുക്കിയത് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും ആണെന്നും ചരിത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആര്യന്മാരുടെ വരവ് അക്രമത്തിന്റെ മാര്‍ഗത്തിലൂടെ ആയിരുന്നു എന്നും ബലപ്രയോഗത്തെ തുടര്‍ന്നായിരുന്നു എന്നും അംഗീകരിക്കേണ്ടിവരുന്നു. തദ്ദേശീയരായ കറുത്തവര്‍ഗക്കാരെയാണ് ഈവിധത്തില്‍ വിദേശത്തുനിന്നെത്തിയവര്‍ കശാപ്പു ചെയ്തത്. അതേസമയം ഹിന്ദുത്വ ദേശീയതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതില്‍ അത്ര ആഹ്ലാദത്തിന് വകയില്ല. കാരണം, അങ്ങനെ വന്നാല്‍ ആര്യവംശജരെ വിദേശികളായി കാണേണ്ടിവരും. വിദേശീയരെന്നു കരുതേണ്ടിവരുന്ന ആര്യവംശജര്‍ ഇന്ത്യയില്‍ അവരുടെ അധിനിവേശം ഉറപ്പാക്കിയപ്പോള്‍ തദ്ദേശീയരായ ആദിവാസികളെ കൂട്ടത്തോടെ ഒരുവിധത്തിലും മറ്റുള്ളവര്‍ക്ക് എത്തിപ്പെടാനാവാത്ത കുന്നിന്‍പ്രദേശങ്ങളിലേക്കോ വിദൂര ഗ്രാമങ്ങളിലേക്കോ അടിച്ചോടിക്കുകയായിരുന്നു ചെയ്തത്. അങ്ങനെ അവരെല്ലാം മുഖ്യധാരാ സമൂഹ ജീവിതത്തില്‍ നിന്നും ഒറ്റപ്പെടലിന് വിധേയരാക്കപ്പെടുകയുമായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ അക്രമമാര്‍ഗങ്ങള്‍ വ്യാപകമായി സ്വീകരിച്ചിട്ടുണ്ടാകുമെന്നതും ഉറപ്പാക്കാം. ഭീഷണിയുടെയും അക്രമത്തിന്റെയും മാര്‍ഗങ്ങളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന പ്രക്രിയ ഋഗ്വേദ കാലഘട്ടത്തിലും യഥേഷ്ടം നടന്നിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
ആദിവാസികളെയും അവര്‍ ആരാധിച്ചിരുന്ന ദൈവങ്ങളെയും ബിംബങ്ങളെയും ആട്ടിപ്പായിക്കുകയാണ് തീവ്രഹിന്ദുത്വവാദികള്‍ അക്കാലത്തും ചെയ്തത്. അതായത് പീഡനത്തിനും ഒറ്റപ്പെടുത്തലിനും ഇസ്‌ലാംമത വിശ്വാസികള്‍ മാത്രമായിരുന്നില്ല ഉത്തരേന്ത്യയില്‍ വിധേയരാക്കപ്പെട്ടിരുന്നതെന്ന് വ്യക്തമാണ്. ചുരുക്കത്തില്‍, തീവ്രഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ക്ക് മതന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, ആദിവാസി, പിന്നാക്ക വര്‍ഗവിഭാഗങ്ങളും പതിറ്റാണ്ടുകളായി വിധേയമാക്കപ്പെട്ടുവരുകയാണ്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി ഹിന്ദു ദേശീയത ഉയര്‍ത്തിക്കാട്ടി നടപ്പാക്കിവരുന്നതു മാത്രമല്ല, സ്വതന്ത്ര ഇന്ത്യ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയില്‍ അഭിമുഖീകരിക്കേണ്ടതായി വരുന്ന വിപത്ത്, ഇതിന്റെ രണ്ടാമത്തെ മാറ്റമാണ്. ഭാഷ അടിച്ചേല്പിക്കുന്നതിനായി അണിയറയില്‍ രൂപപ്പെട്ടുവരുന്ന സംഘ്പരിവാര്‍ ഗൂഢപദ്ധതി. അതായത് ഹിന്ദി ഭാഷ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിച്ചേല്പിക്കാനുള്ള പദ്ധതി.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.