16 September 2024, Monday
KSFE Galaxy Chits Banner 2

വീണ്ടും തിളയ്ക്കുന്ന ജെഎൻയു

അബ്ദുൾ ഗഫൂർ
August 27, 2024 4:45 am

രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു) യിൽ വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം തിളയ്ക്കുകയാണ്. ജെഎൻയു ഇന്ത്യൻ അവസ്ഥകളുടെ പരിച്ഛേദമായിരുന്നു, എല്ലാം കൊണ്ടും. സുപ്രധാനമായ രാഷ്ട്രീയഘട്ടങ്ങളിലും പ്രക്ഷോഭങ്ങളിലും ഈ സർവകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ ഭാഗധേയം ഏറ്റെടുത്തു. അടിയന്തരാവസ്ഥയിലും സംവരണ വിഷയത്തിലും നിർഭയ സംഭവമുണ്ടായപ്പോഴും ഡൽഹിയിൽ ആളിപ്പടർന്ന സമരങ്ങളെ സജീവമാക്കിയതിൽ ജെഎൻയു വിദ്യാർത്ഥികൾക്ക് നേതൃത്വപരമായ പങ്കുണ്ടായി. രാജ്യത്താകെയുള്ള ഗവേഷണ തല്പരരായ വിദ്യാർത്ഥികളും അധ്യാപകരും ജെഎൻയുവിലെ പഠനവും ജോലിയും സ്വപ്നമായി കണ്ടത് അതിന്റെ പഠനമികവും ഉന്നതമായ നിലവാരവും കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രഗത്ഭരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കേന്ദ്രം കൂടിയായി ജെഎൻയു. അവിടെയുള്ള വിദ്യാർത്ഥികളിലും അധ്യാപകരിലും ഭൂരിപക്ഷവും പുരോഗമന — പ്രത്യേകിച്ച് ഇടതുപക്ഷ — മനസുള്ളവരായിരുന്നു. എല്ലാ കാലത്തും അവിടെ വിദ്യാർത്ഥി യൂണിയനുകളെ ഇടതു വിദ്യാർത്ഥി സംഘടനകൾ നയിക്കുന്നത് അക്കാരണത്താലായിരുന്നു. പലവിധത്തിലുള്ള കുതന്ത്രങ്ങളിലൂടെ അധികാരം പിടിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായെങ്കിലും വിദ്യാർത്ഥികൾ അതെല്ലാം പരാജയപ്പെടുത്തി. അതുതന്നെയായിരുന്നു ബിജെപി സർക്കാരിനെ ജെഎൻയു വിറളി പിടിപ്പിക്കുന്നതിനുള്ള പ്രധാന കാരണം. 2014ൽ ബിജെപി അധികാരത്തിലേറിയതു മുതൽ രാജ്യതലസ്ഥാനത്തെ ഈ വിദ്യാഭ്യാസ സ്ഥാപനം തീവ്ര വലതുപക്ഷ ശക്തികളുടെ നോട്ടപ്പുള്ളിയായി. അധികാരത്തണലിൽ ബിജെപി, ജെഎൻയുവിനെതിരായ കടന്നാക്രമണങ്ങളും ആരംഭിച്ചു. 

2014ൽ അധികാരമേറ്റ് ഒരുവർഷം തികയുന്നതിന് മുമ്പ് ജെഎൻയുവിനെ ഉദ്യോഗസ്ഥതലത്തിലുള്ള നുഴഞ്ഞുകയറ്റത്തിലൂടെ വരുതിയിലാക്കുന്നതിനും അവരെ ഉപയോഗിച്ച് സ്വാധീനിക്കുവാനും ശ്രമിച്ചു. എങ്കിലും പിന്നീടുള്ള തെരഞ്ഞെടുപ്പിലും ജെഎൻയു ഇടത് ആഭിമുഖ്യം നിലനിർത്തി. ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയും വിദ്യാർത്ഥികളോട് യുദ്ധം ചെയ്യാനാണ് 2015ൽ മോ‍ഡി സർക്കാർ തീരുമാനിച്ചത്. അത് പക്ഷേ ജെഎൻയുവിനെ മാത്രം ബാധിക്കുന്നതായിരുന്നില്ല. അതിനെതിരെ ശക്തമായ വിദ്യാർത്ഥി പോരാട്ടമാണ് രാജ്യം കണ്ടത്. അതിന്റെ തുടക്കം ജെഎൻയുവിനകത്തുനിന്നായിരുന്നു. ‘ഒക്കുപ്പൈ യുജിസി’ എന്നപേരിൽ അവിടെനിന്ന് അത് ഡൽഹി, ജാമിയ മിലിയ, അംബേദ്കർ തുടങ്ങിയ സർവകലാശാലകളിലൂടെ രാജ്യവ്യാപക പ്രക്ഷോഭമായി വളർന്നു. അതോടെ ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കും വിദ്വേഷ — വിഭാഗീയ നയങ്ങൾക്കുമെതിരായ വിദ്യാർത്ഥി പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി ജെഎൻയു നിലകൊണ്ടു. അതേത്തുടർന്ന് ഭരണസംവിധാനമുപയോഗിച്ചും എബിവിപി പോലുള്ള സംഘടനകളുടെ ഗുണ്ടാവിഭാഗങ്ങളെ പറഞ്ഞയച്ചും ജെഎൻയുവിനെ സംഘർഷഭൂമിയാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങൾ ബിജെപി ആവർത്തിച്ചുകൊണ്ടിരുന്നു.
‘ഒക്കുപ്പൈ യുജിസി’ സമരത്തിന് പിന്നാലെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളടക്കമുള്ളവരെ ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. ഡൽഹിയിൽ നടന്ന സർക്കാർവിരുദ്ധ സമരവേളകളിലെല്ലാം കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പൊലീസും മറ്റ് മർദന സംവിധാനങ്ങളും ജെഎൻയു കാമ്പസിൽ കയറിനിരങ്ങി. വിദ്യാർത്ഥികളെ യുഎപിഎ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി തടവിലാക്കി. 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിന്റെ പേരിലും ജെഎൻയുവിലെ നിരവധി വിദ്യാർത്ഥികൾ വേട്ടയാടപ്പെട്ടു.
2019ലും വിദ്യാര്‍ത്ഥിയൂണിയനില്‍ ഇടതുമേധാവിത്തം നിലനിർത്തിയതിനെ തുടർന്ന് 2020ൽ കോവിഡ് മഹാമാരിയുടെ പേരിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നീട്ടിവച്ച അധികൃതർ നാലുവർഷം അത് നടത്താതിരുന്നു. നീണ്ടകാല പ്രക്ഷോഭത്തെ തുടർന്നാണ് ഈ വർഷം മാർച്ചിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. അതിനിടയിൽ ഭരണപരമായ നടപടികളിലൂടെയും ആ അഭിമാന സർവകലാശാലയെ തകർക്കുന്നതിനും വിദ്യാർത്ഥി പ്രവേശനം നിയന്ത്രിക്കുന്നതിനുമുള്ള വിവിധ നടപടികളുണ്ടായി. നെറ്റ് യോഗ്യതയില്ലാത്തവർക്ക് ഫെലോഷിപ്പ് അനുവദിക്കാത്തത്, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പ് നിർത്തലാക്കിയത്, ഹോസ്റ്റലുകളിലും ഭക്ഷണശാലകളിലും പ്രവേശനം നിയന്ത്രിച്ചത്, ലൈബ്രറികളുടെ സമയക്രമം വിദ്യാർത്ഥികൾക്ക് ദ്രോഹകരമായ വിധത്തിൽ പുനഃക്രമീകരിച്ചത് എന്നിങ്ങനെ നിരന്തരം വിദ്യാർത്ഥിവിരുദ്ധ തീരുമാനങ്ങൾ അടിച്ചേല്പിക്കുവാൻ ശ്രമിച്ചു. അതിനെതിരെയും വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. 

സമാനമായ നടപടികളാണ് ഇപ്പോള്‍ വീണ്ടും ജെഎൻയുവിനെ പ്രക്ഷോഭഭൂമിയാക്കിയിരിക്കുന്നത്. സർവകലാശാലയിലെ ജനാധിപത്യവും പഠനാവകാശവും തകർക്കുന്ന വിധത്തിൽ അധികൃതർ സ്വീകരിക്കുന്ന സമീപനങ്ങൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം. 10 വർഷത്തോളമായി വർധിപ്പിക്കാത്ത സ്കോളർഷിപ്പ് തുക കൂട്ടണമെന്നതാണ് പ്രധാന ആവശ്യം. ന്യൂനപക്ഷ സമുദായങ്ങളിലെ പാവപ്പെട്ടവരും പഠനമികവുള്ളവരുമായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനം നടത്തുന്നതിന് ന്യൂനപക്ഷകാര്യ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പ് തുക ദശകം മുമ്പ് നിശ്ചയിച്ച 1,200 രൂപയിൽതന്നെ നിൽക്കുകയാണ്. ഒന്നിനും തികയാത്ത പ്രസ്തുത തുക തന്നെ അതാത് മാസങ്ങളിൽ ലഭ്യമാകുന്ന സാഹചര്യവുമില്ല. പ്രതിമാസ ഭക്ഷണച്ചെലവ് മാത്രം ശരാശരി 5,400 രൂപയെങ്കിലും വേണ്ടിവരുമ്പോഴാണ് തുച്ഛമായ സ്കോളർഷിപ്പ് നൽകുന്നത്. ജീവിതച്ചെലവിലുണ്ടായ ഗണ്യമായ വർധനയ്ക്കനുസരിച്ച് തുക വർധിപ്പിക്കണമെന്നും 5,000 രൂപയെങ്കിലുമായി നിശ്ചയിക്കണമെന്നുമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ജെഎൻയുവിന്റെ പ്രത്യേകത, റസിഡന്‍ഷ്യല്‍ കാമ്പസ് എന്നനിലയില്‍ പഠിക്കാനെത്തുന്നതിൽ ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം താമസസൗകര്യം ഒരുക്കിയിരുന്നു എന്നതാണ്. എന്നാൽ ഘട്ടംഘട്ടമായി അത് ഇല്ലാതാക്കാനാണ് നീക്കം. അതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ഹോസ്റ്റലുകൾ അടച്ചുപൂട്ടുന്ന സ്ഥിതിയാണ്. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥി യൂണിയൻ ഒരുക്കുന്ന താമസസൗകര്യങ്ങളാണ് പല വിദ്യാർത്ഥികളും ഉപയോഗിക്കുന്നത്. അതിന് പുറമേ മുതിർന്ന വിദ്യാർത്ഥികൾ അവരുടെ മുറികൾ പങ്കുവയ്ക്കുന്നതിനും തയ്യാറാകുന്നു. എന്നാൽ അധികൃതർ അംഗീകരിക്കാത്തതിനാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണശാലയിലെ സൗജന്യനിരക്ക് അനുവദിക്കാത്ത സ്ഥിതിയുമുണ്ട്.
ഹോസ്റ്റൽ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾ സർവകലാശാല പരിസരത്ത് കിട്ടുന്ന ഇടുങ്ങിയ മുറികളിലും വാടകകൂടിയ കെട്ടിടങ്ങളിൽ കൂട്ടായും താമസിക്കുകയാണ് ഇപ്പോൾ. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് താങ്ങാത്ത നിരക്കുകളാണ് വാടകയായി ഈടാക്കുന്നത് എന്നതും പ്രതിസന്ധിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത, 400ലധികം പേർക്ക് താമസിക്കാവുന്ന ഹോസ്റ്റലാകട്ടെ ഇതുവരെ തുറന്നുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും താമസസൗകര്യം അനുവദിക്കുക, അടച്ചുപൂട്ടിയ ഹോസ്റ്റലുകൾ തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു. 

പൂർണമായും സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവർത്തിച്ചുവന്നിരുന്ന ജെഎൻയുവിന് അനുവദിക്കുന്ന തുകയിൽ കാലാനുസൃതമായ വർധന വരുത്താത്തതും അധികൃതർ ഏറ്റെടുക്കുന്ന അധിക ചെലവുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ക്ക് ഒമ്പതു കോടി രൂപ നൽകുമ്പോൾ തന്നെ സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്ന വകയിൽ 2.6 കോടി രൂപയുടെ ബാധ്യതയാണ് ജെഎൻയു അധികൃതർ വരുത്തിവച്ചത്.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം ജെഎൻയുവിന് പൂർണമായും സബ്സിഡി നൽകുന്നുണ്ടെങ്കിലും വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും വർധിച്ചതിനാൽ തുക തികയുന്നില്ലെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറയുന്നു. ജെഎൻയുവിന് ആഭ്യന്തര വരുമാനവുമില്ല. മറ്റ് കേന്ദ്ര സർവകലാശാലകളിൽ ആഭ്യന്തര വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെ വർധന വരുത്തിയാണ് ചെലവുകൾ നിർവഹിക്കുന്നത്. തങ്ങൾക്ക് അത് സാധിക്കാത്തതിനാൽ ഗവേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പുസ്തകങ്ങൾ, ഓൺലൈൻ സംവിധാനങ്ങൾ, സോഫ്റ്റ്‌വേർ മുതലായവയുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ചെലവുകൾ നിറവേറ്റാൻ കഴിയുന്നില്ലെന്നും ശാന്തിശ്രീ പറയുന്നു. ഈ സാഹചര്യത്തിൽ പൊതു — സ്വകാര്യ പങ്കാളിത്ത പദ്ധതികൾ ആലോചിക്കുന്നതായും വൈസ് ചാൻസലർ വെളിപ്പെടുത്തുന്നു.
രാജ്യത്തിന്റെ അഭിമാനസ്ഥാപനമായ ജെഎൻയുവിനോട് ചിറ്റമ്മനയമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്നാണ് 10 വർഷത്തെ അവരുടെ സമീപനങ്ങൾ വ്യക്തമാക്കുന്നത്. അതിനുള്ള കാരണവും സ്പഷ്ടമാണ്. ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം തുടരുന്നത്. അത് ജെഎൻയുവിനെ നിലനിർത്തുന്നതിനുള്ള പ്രക്ഷോഭം കൂടിയായി ഇടതു — പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.