19 May 2024, Sunday

Related news

May 19, 2024
May 19, 2024
May 18, 2024
May 18, 2024
May 16, 2024
May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024

ഗവര്‍ണര്‍ പദവി വേണ്ടേ വേണ്ട

വത്സന്‍ രാമംകുളത്ത്
October 19, 2022 4:50 am

ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങളും സ്വതന്ത്രമായ നിയമനിര്‍മ്മാണങ്ങളും കേന്ദ്രഭരണകൂടം നിരന്തരമായി തടസപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഗവര്‍ണര്‍ പദവി സംബന്ധിച്ചും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിലും പുനര്‍വിചിന്തനം ആവശ്യമാണെന്നാണ് തിരുവനന്തപുരത്ത് ഈമാസം ആദ്യവാരം നടന്ന സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടത്. സംഘ്പരിവാറിന്റെ ആസൂത്രിത അജണ്ട നടപ്പാക്കുന്നതിന് രാജ്ഭവനും സര്‍ക്കാര്‍ ഖജനാവും ദുരുപയോഗം ചെയ്യുന്ന കാലഘട്ടം സിപിഐയുടെ ഈ ആവശ്യത്തിന് പ്രസക്തിനല്‍കുന്നു. ഇല്ലാത്ത അധികാരത്തിന്റെ ആനപ്പുറത്തിരുന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആള്‍ബോംബ് രാഷ്ട്രീയ കേരളത്തിലെ ജനതയെയാകെ ഭീഷണിപ്പെടുത്തുന്നത്. രാജഭരണകാലം അവസാനിച്ചതറിയാത്ത ഇത്തരം പദവിമാന്യന്മാര്‍ അനന്തപുരിയിലെ രാജ്ഭവനില്‍ മാത്രമല്ല, ആര്‍എസ്എസ്-സംഘ്പരിവാര്‍ തണലില്‍ ബിജെപി ഇതര ഭരണം നടക്കുന്നിടത്തെല്ലാം ജനാധിപത്യത്തിന് ഭീഷണിയായുണ്ട്.

ഗവര്‍ണര്‍ പദവിയും അതില്‍ നിയോഗിക്കപ്പെട്ടവരുടെ നിലപാടുകളും ഫെഡറല്‍ തത്വങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്നതാണെന്ന് സിപിഐ അടക്കം ആവര്‍ത്തിക്കുന്നതാണ്. തിരുവനന്തപുരം സമ്മേളനം ഔദ്യോഗികമായി അംഗീകരിച്ച പ്രമേയം മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയേ ആയിരുന്നില്ല. അവരെല്ലാം ഗോസിപ്പുകള്‍ക്ക് പിറകെയായിരുന്നു. പ്രമേയം പറയുന്നതിങ്ങനെയാണ്- ഇന്ത്യന്‍ ഭരണഘടന കേന്ദ്രത്തിന്റെ അധികാരങ്ങളോടൊപ്പം തന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. വ്യത്യസ്ത സംസ്കാരങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഫെഡറല്‍ തത്വങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങളും സ്വതന്ത്രമായ നിയമനിര്‍മ്മാണങ്ങളും കേന്ദ്രഭരണകൂടം നിരന്തരം തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭരണഘടനാപ്രകാരം നാമമാത്ര ഭരണാധികാരിയായ ഗവര്‍ണര്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമനിര്‍മ്മാണസഭ പാസാക്കിയ നിയമങ്ങളില്‍ ഒപ്പുവയ്ക്കാത്ത സ്ഥിതിയുമുണ്ട്. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ രീതി പരിപാലിക്കാന്‍ കേന്ദ്ര ഭരണകൂടം തയാറാകണം. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ പാവയായി സംസ്ഥാന നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്ന നടപടി സംസ്ഥാന ഭരണത്തെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ട്. അതിനാല്‍ ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലെന്ന നിലപാടാണ് സിപിഐയുടേത്.


ഇതുകൂടി വായിക്കു; സല്യൂട്ട്: ഡോ. ഇർഫാൻ ഹബീബ്


സിപിഐ മാത്രമല്ല, ഗവര്‍ണര്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കെതിരെ ജനാധിപത്യബോധമുള്ള ഏതൊരാളും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തീഭാവമായി ഗവര്‍ണര്‍ ആരിഫ് മാറുന്നതിനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കുതന്നെ വിമര്‍ശിക്കേണ്ട സ്ഥിതിയുണ്ടാവുന്നു. ആര്‍എസ്എസ് പ്രചാരകരേക്കാള്‍ അതിരുകടന്നുള്ള വേലകളിലാണ് താനെന്ന് പലകുറി ആരിഫ് മുഹമ്മദ് ഖാന്‍ തെളിയിച്ചുകഴിഞ്ഞു. കേരള യൂണിവേഴ്‌സിറ്റി സെനറ്റുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ സ്വീകരിച്ച നടപടികളും തുടര്‍ന്നുള്ള വിരട്ടലുകളും കേരളം കണ്ടു. തനിക്കെതിരെ പ്രതികരിച്ചാല്‍ മന്ത്രിപദവി റദ്ദാക്കുമെന്ന ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുമുമ്പ് കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാരണം നിരത്തി നോമിനേറ്റഡ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചിരുന്നു. 15 പേരെയാണ് പിന്‍വലിച്ചത്. ഏതെങ്കിലും ഒരംഗം ഒരു യോഗത്തില്‍ പങ്കെടുത്തില്ലെന്ന് കണ്ടാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിസിയോട് ആവശ്യപ്പെടാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്കുള്ളത്. നേരത്തെ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ് സര്‍വകലാശാലകളില്‍ 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നിലും ആരിഫ് മുഹമ്മദ് ഖാന്റെ ആസൂത്രിത ലക്ഷ്യമുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

യൂണിവേഴ്സിറ്റികളുടെ ആരോഗ്യകരമായ ഉയര്‍ച്ചയ്ക്ക് ഉതകുന്ന നടപടികളും തീരുമാനങ്ങളും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടിയത്. ഭരണഘടന ഓരോന്നിനും സംശയരഹിതമായ ചുമതലകള്‍ നിയോഗിക്കുന്നുണ്ട്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് തീര്‍ത്തും ചട്ടവിരുദ്ധമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണറും സര്‍ക്കാരും മന്ത്രിമാരും നിര്‍വഹിക്കേണ്ട കര്‍ത്തവ്യത്തെക്കുറിച്ച് പറയുന്നുണ്ട്. അത് നിറവേറ്റാനാണ് ഗവര്‍ണറും തയാറാകേണ്ടത്. ഭരണഘടനാ ശില്പിയായ അംബേദ്കര്‍ തന്നെ പറയുന്നുണ്ട്, ഗവര്‍ണര്‍ക്ക് ഇടുങ്ങിയ അധികാരം മാത്രമാണ് ഉള്ളതെന്ന്. ഡല്‍ഹി സംസ്ഥാനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയും കൃത്യമായി ഗവര്‍ണറുടെ അധികാരം എടുത്തുകാട്ടുന്നുണ്ട്. പാര്‍ലമെന്റ് സംവിധാനം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ഇവിടെ വിമര്‍ശനത്തിന് സ്വാതന്ത്ര്യമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.


ഇതുകൂടി വായിക്കു;  മലിനമാക്കപ്പെടുന്ന രാജ്ഭവനുകള്‍ | Janayugom Editorial


 

സംസ്ഥാന സര്‍ക്കാരുകള്‍ക്കായാലും മുഖ്യമന്ത്രിമാര്‍ക്കായാലും ഗവര്‍ണര്‍മാരെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും ഭരണഘടന അനുവദിക്കുന്നുണ്ട്. ഇക്കാര്യം ഗവര്‍ണര്‍ തന്നെ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ താന്‍ പ്രത്യേക സാമ്രാജ്യമാണെന്ന് കരുതിയുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കമാണ് ആപത്തുണ്ടാക്കുന്നത്. അത് പദവിക്ക് നിരക്കാത്തതാണ്. ഈ വൈസ്രോയിക്കളി കേരളത്തിന്റെ അന്തസിനെയാണ് കളഞ്ഞുകുളിക്കുന്നത്. കേന്ദ്രത്തിന്റെ ചട്ടുകമായി അദ്ദേഹം മാറുന്നത് സംസ്ഥാനങ്ങളുമായുള്ള ബന്ധത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം ഇടങ്ങളില്‍ പ്രധാനമാണ് കേരളവും പശ്ചിമബംഗാളും. ഈ നാടുകളെയും അവിടത്തെ ജനാധിപത്യ സംവിധാനത്തെയും ജനതയെയും സംരക്ഷിക്കാനുള്ള ഇടപെടല്‍ രാഷ്ട്രപതിയിലധിഷ്ഠിതമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെയും ആയുധമായി കേന്ദ്ര ഏജന്‍സികളെപ്പോലെ രാജ്ഭവനുകളെയും ഉപയോഗിക്കുന്നത് രാഷ്ട്രപതിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.