12 April 2024, Friday

ജനങ്ങള്‍ ഇന്ത്യ സഖ്യത്തോടാെപ്പം; രാമക്ഷേത്രം മോഡിക്ക് തുണയാകില്ല

അരുൺ ശ്രീവാസ്തവ
February 22, 2024 4:55 am

യോജിച്ച രാഷ്ട്രീയ ചട്ടക്കൂടുകളായില്ലെങ്കിലും ഇന്ത്യ പ്രതിപക്ഷക്കൂട്ടായ്മ ഒരു തുടക്കമാണെന്ന് ഉയർത്തിക്കാട്ടാൻ മുതിർന്ന നേതാക്കൾ ശ്രമം നടത്തുമ്പോൾ, പ്രധാന എതിരാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അതിനെ തന്റെ മൂന്നാംവരവിനെതിരായ ശക്തമായ വെല്ലുവിളിയായി അംഗീകരിക്കുന്നു. മോഡി തന്റെ രാഷ്ട്രീയ മുൻഗണനകളും തന്ത്രങ്ങളും പലതവണ മാറ്റുന്നതിന് കഴിഞ്ഞ നാല് മാസങ്ങൾ സാക്ഷ്യം വഹിച്ചു. ഹിന്ദുത്വ‑രാമക്ഷേത്രം, വികസിത ഭാരതം (വികസിത ഇന്ത്യ) എന്നിവയ്ക്കിടയിൽ ആടിക്കളിക്കുന്ന ഉഭയനിലപാട്, മോഡിയുടെ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു. രണ്ട് വിഷയങ്ങളിൽ ഏതാണ് ‘തെരഞ്ഞെടുപ്പ് വൈതരണി’ മുറിച്ചുകടക്കാൻ സഹായിക്കുക എന്നുറപ്പില്ലാത്ത അദ്ദേഹം തന്റെ അണികളെ പ്രചോദിപ്പിക്കാനും പോരാട്ടവീര്യത്തില്‍ നിലനിർത്താനും പുതിയ തന്ത്രങ്ങൾ മെനയുകയാണ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മോഡിയെ ബലിയാടാക്കിയെന്നതാണ് വാസ്തവം. പ്രധാനമന്ത്രിയെന്ന നിലയിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനു പകരം, ആർഎസ്എസിന്റെ ദൗത്യം നിറവേറ്റുന്നതിനായി അദ്ദേഹം സ്വയം പണയപ്പെടുത്തുകയായിരുന്നു. ബിജെപിയുടെ പൊതുമുഖമായാണ് മോഡിയെ ഉയർത്തിക്കാട്ടപ്പെട്ടിരുന്നതെങ്കിലും, ഭാഗവതിന്റെ നിർദേശപ്രകാരം രാമക്ഷേത്രം സ്ഥാപിക്കാൻ അദ്ദേഹം നിർബന്ധിതനായി. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ, തങ്ങളുടെ ‘പുരാണ സമർപ്പണം’ ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്ന് ഭാഗവതും മോഡിയും മനസിലാക്കിയിരിക്കുന്നു. 80 ശതമാനം വരുന്ന ഹിന്ദുക്കളെ ധ്രുവീകരിക്കാമെന്ന കണക്കുകൂട്ടല്‍ ഫലിച്ചില്ലെന്ന് തോന്നിയാണ് അവർ കർപ്പൂരി ഠാക്കൂറിനെയും എം എസ് സ്വാമിനാഥനെയും ഭാരതരത്ന നൽകി ആദരിക്കുകയെന്ന മറ്റൊരു കാപട്യത്തിലേക്ക് കടന്നത്. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ദളിതുകളുടെയും ഇബിസിയുടെയും കർഷകരുടെയും അനുഭാവം പിടിച്ചുപറ്റാ‌ൻ ഇതും സഹായിച്ചിട്ടില്ല.

 


ഇതുകൂടി വായിക്കൂ: വേണ്ടത് ചരിത്ര ബോധവൽക്കരണം


കാവിരാഷ്ട്രീയത്തിന് അനുയോജ്യമായ തെരഞ്ഞെടുപ്പ് തന്ത്രം ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ, ജനങ്ങളെ ആകര്‍ഷിക്കാനും സ്വന്തം കേഡർമാരെ നിലനിർത്താനും ‘വികസന’ തന്ത്രം ഉപയോഗിക്കാനാണ് മോഡി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിന്റെ വളർച്ചയെക്കുറിച്ചും ആഗോളനിലവാരത്തിലെ അതിന്റെ ഉയര്‍ച്ചയെക്കുറിച്ചും മോഡി വാചാലനായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനുള്ളതാണ് തന്റെ സര്‍ക്കാരിന്റെ നടപടികൾ എന്ന് വിളംബരം ചെയ്തു. ഹിന്ദുത്വയ്ക്കും രാമക്ഷേത്രത്തിനും തെരഞ്ഞെടുപ്പ് പ്രസക്തി നഷ്ടപ്പെട്ടുവെന്നത് വികസനത്തിന്റെ സന്ദേശവുമായി ഗ്രാമപ്രദേശങ്ങളിലേക്കിറങ്ങാന്‍ അനുയായികളോടുള്ള മോഡിയുടെ ആഹ്വാനത്തില്‍ പ്രകടമാണ്. രാജ്യത്തുടനീളമുള്ള 11,500 പ്രതിനിധികള്‍ക്ക് മുമ്പാകെ മോഡി പറഞ്ഞത് ‘താൻ ജനവിധി തേടുന്നത് അധികാരത്തിനു വേണ്ടിയല്ല, പകരം രാജ്യത്തിന്റെ വികസനത്തിനാണ്. വലിയ വിജയം ഉറപ്പാക്കാൻ അടുത്ത 100 ദിവസത്തേക്ക് ഉന്മേഷത്തോടെയും ഊർജസ്വലതയോടെയും ഉത്സാഹത്തോടെയും പ്രവർത്തിക്കണം’ എന്നാണ്. മോഡിയുടെ ചാഞ്ചാട്ടം തീർച്ചയായും ഇന്ത്യ സഖ്യത്തിന് ഗുണം ചെയ്യും. ചില രാഷ്ട്രീയ വിദഗ്ധർ സമയവും ഊർജവും പാഴാക്കുന്ന സഖ്യമെന്ന് ‘ഇന്ത്യ’യെ എഴുതിത്തള്ളിയപ്പോൾ, മോഡി തന്റെ നിരന്തരമായ ആഹ്വാനങ്ങളിലൂടെ പ്രതിപക്ഷത്തിന് ജീവൻ പകരുന്ന തിരക്കിലാണ്. രാഹുൽ ഗാന്ധി ആദ്യം പരിഹരിക്കേണ്ടതായിരുന്നത് സീറ്റ് വിഭജനമാണ് എന്നാണ് ഒരുവിഭാഗം നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഭരണകൂടത്തിനെതിരെയുള്ള വിശദീകരണവും ജനങ്ങളുമായി ആശയവിനിമയം നടത്തലും അനിവാര്യമാണെന്ന് അവർ മറക്കുന്നു. ഭാരത് ജോഡോ യാത്രയുടെയും ഇപ്പോത്തെ ഭാരത് ജോഡോ ന്യായ് യാത്രയുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച കോൺഗ്രസ് ഒരുപരിധിയെങ്കിലും പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്.
പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയും കിഴടങ്ങാന്‍ നിർബന്ധിതരാക്കുകയും ചെയ്യുന്ന മോഡിയുടെ മറ്റൊരു ഉപായവും തെറ്റുകയാണ്. മറുചേരിയില്‍ നിന്ന് അദ്ദേഹത്തിനൊപ്പം ചേരാൻ നിർബന്ധിതരായ നേതാക്കളുടെ മനോഭാവത്തിന് ജനങ്ങളെ ഒട്ടും പ്രചോദിപ്പിക്കാനായിട്ടില്ല. ഈ നേതാക്കൾ തങ്ങള്‍ വിവേകികളും രാഷ്ട്രീയ ബുദ്ധിശാലികളും ആണെന്ന് സ്വയം കരുതുന്നുണ്ടെങ്കിലും, ജനം അവരെ രാഷ്ട്രീയ കോമാളികളായി കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു. മമതാ ബാനർജി, നിതീഷ് കുമാര്‍ പോലുള്ളവര്‍ ഇന്ത്യ സഖ്യത്തെക്കാള്‍ കൂടുതൽ ദോഷമുണ്ടാക്കിയത് സ്വന്തം രാഷ്ട്രീയ‑തെരഞ്ഞെടുപ്പ് താല്പര്യങ്ങൾക്ക് തന്നെയാണ്. സീറ്റ് വിഭജനത്തിൽ രാഹുൽ ശ്രദ്ധിക്കുന്നില്ലെന്നും തങ്ങളെ മാനിക്കുന്നില്ലെന്നുമാണ് ഈ രണ്ടു നേതാക്കളുടെയും പ്രധാന പരാതി.

നിതീഷ് വീണ്ടും മോഡിയോടൊപ്പം ചേര്‍ന്നതോടെ ബിഹാറിൽ ഏതാണ്ട് ഭ്രഷ്ടനായി മാറിയിരിക്കുന്നു. തന്റെ ഉറച്ച അനുയായികള്‍ എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്ന ദളിതരും ഇബിസിയും ന്യൂനപക്ഷങ്ങളും പോലും അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിക്കുന്നു. ഒമ്പത് തവണ മുഖ്യമന്ത്രിയായ അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യത്തക്കവിധം ജനങ്ങളെ സ്വാധീനിക്കുമെന്ന് ബിജെപി നേതാക്കൾക്കും ഉറപ്പില്ല.  ആര്‍ജെഡി, സിപിഐ, സിപിഐ(എം), കോൺഗ്രസ്, സിപിഐ(എംഎല്‍) എന്നിവയുടെ മഹാ ഗഡ്ബന്ധനിലേക്കാണ് ജനങ്ങൾ പ്രതീക്ഷ
യോടെ നോക്കുന്നത്. മഹാദളിത്, ഇബിസി, ന്യൂനപക്ഷങ്ങൾ എന്നിവരുടെ വിശ്വസ്തത ഇല്ലാതാകുന്നത് നിതീഷിനെ അസ്വസ്ഥനാക്കുന്നു. കാലിന്നടിയിലെ മണ്ണൊലിപ്പ് പരിശോധിക്കാനും മതേതര ശക്തികളുമായി ചേര്‍ന്ന് പ്രവർത്തിക്കുന്നത് തുടരുന്നുവെന്ന സന്ദേശം നൽകാനും അദ്ദേഹം ശനിയാഴ്ച ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സന്ദർശിച്ചു. പരിചയസമ്പത്തുള്ള രാഷ്ട്രീയക്കാരനായ ലാലുവാകട്ടെ അദ്ദേഹത്തെ, “നിതീഷ് കുമാറിന് വേണ്ടി വാതിലുകൾ എപ്പോഴും തുറന്നിരിക്കും” എന്ന് പരിഹസിക്കുകയാണ് ചെയ്തത്. “ഞാൻ സഖ്യകക്ഷികളുമായും എതിരാളികളുമായും നല്ല ബന്ധം പുലർത്തുന്നു” എന്ന് പറഞ്ഞ് വിഷയം ലഘൂകരിക്കാന്‍ നിതീഷ് ശ്രമിച്ചു. എന്നാൽ അധികാരത്തിനു വേണ്ടി ഇന്ത്യ സഖ്യത്തിലേക്കും എൻഡിഎയിലേക്കും ചാടുക മാത്രമല്ല എന്തുനടപടിയും സ്വീകരിക്കാന്‍ മടിയില്ലെന്ന സന്ദേശം അദ്ദേഹത്തിന്റെ അനുയായികളിലും പരന്നിട്ടുണ്ട്. മോഡിയുമായി കെെകോര്‍ത്തത് നിതീഷിന്റെ ശക്തി കൂട്ടുകയല്ല, ദോഷകരമായി ബാധിക്കുകയാണ് ചെയ്‌തതെന്ന കാര്യം നിഷേധിക്കാനാവില്ല. ബംഗാളിൽ മമതാ ബാനർജിയുടെ കാര്യത്തിലും സ്ഥിതി അത്ര ശോഭനമല്ല. ഇന്ത്യ ഗ്രൂപ്പിനോടുള്ള മമതയുടെ മേധാപരമായ നിലപാട് അവർക്കെതിരായ പ്രചാരണം ഊര്‍ജിതമാക്കാൻ ബിജെപിയെ ശക്തിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ തനിക്കു കഴിയുമെന്ന് വീമ്പിളക്കുന്നതിൽ നിന്ന് അവർ പിന്മാറിയില്ലെങ്കിലും തൃണമൂൽ നേതാക്കൾ പരിഭ്രാന്തരാണ്. മമതയുടെ അവകാശവാദം അവര്‍ക്ക് ബോധ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. പ്രാദേശിക തൃണമൂൽ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ സന്ദേശ്‌ഖാലിയിലെ സ്ത്രീകളുടെ കലാപം നിയന്ത്രിക്കുന്നതിലെ ഭരണപരാജയം പാര്‍ട്ടിക്ക് പിന്തുണ നഷ്ടപ്പെടുകയും ഒരു വിഭാഗം മുതിർന്ന നേതാക്കൾ വിമുഖത കാണിക്കുകയും ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരണമായി.

 


ഇതുകൂടി വായിക്കൂ: ഇനി രാമന്‍ മോഡിയെ ഭയക്കണം


 

മറുവശത്ത്, ഗോദി മീഡിയ എന്നറിയപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങളാണ് ഇന്ത്യ സഖ്യത്തിന് കനത്ത നാശം വരുത്താന്‍ ശ്രമിക്കുന്നത്. ഗീബൽസിയൻ രീതിയിൽ അവർ കോൺഗ്രസിനെതിരെ, പ്രത്യേകിച്ച് രാഹുലിനെ ലക്ഷ്യമിട്ട് അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നു. എന്നാല്‍ ഈ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ‘ഇന്ത്യ’ എഴുതിത്തള്ളേണ്ട ശക്തിയല്ല, അതിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന വസ്തുതയെ ശക്തിപ്പെടുത്തുന്നതാണ് ഇതേ മാധ്യമങ്ങളുടെ നുണപ്രചരണങ്ങളുടെ പെരുപ്പം. ഇന്ത്യ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, ഝാർഖണ്ഡിലെ അതിന്റെ പ്രവർത്തനം കാണിക്കുന്നത് സഖ്യനേതാക്കൾ ആവേശത്തിലാണെന്നാണ്. രാഹുൽ ഗാന്ധിയുടെ ബിജെഎൻവൈയുടെ ഝാർഖണ്ഡ് പ്രവേശനത്തോടനുബന്ധിച്ച് സീറ്റ് വിഭജനം പ്രഖ്യാപിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ ഹേമന്ത് സൊരേൻ ജയിൽമോചിതനായ ശേഷം സീറ്റ് പ്രഖ്യാപിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാവുകയും ഇന്ത്യ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനോവീര്യം ഉയർത്തുകയും ചെയ്യും.
ബിഹാറിലും ഘടകകക്ഷികൾ സീറ്റ് വിഭജനം പൂർത്തിയാക്കിയിരുന്നു. നിതീഷ് കുമാറിന്റെ വഞ്ചനയെ തുടർന്നാണ് വൈകിയത്. ജെഡിയുവിന് 17 സീറ്റുകൾ വിട്ടുനൽകാൻ ഇന്ത്യ സഖ്യം സമ്മതിച്ചിരുന്നതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവയ്ക്ക് ആ 17 സീറ്റുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തേണ്ടി വന്നു. 17 അധിക സീറ്റുകളിൽ മത്സരിക്കുന്നത് വിഭവങ്ങളുടെ ലഭ്യതയിൽ വലിയ സമ്മർദം സൃഷ്ടിക്കും. എങ്കിലും ആത്മവിശ്വാസത്തിലാണ് ഇന്ത്യ നേതാക്കൾ.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കാര്യമായ പ്രാതിനിധ്യം ലക്ഷ്യമിട്ട് ഓരോ സംസ്ഥാനത്തിനും കോൺഗ്രസ് നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും, അതിന്റെ പ്രാഥമിക ലക്ഷ്യം ഒബിസി, ദളിത്, ഇബിസി, യുവാക്കൾ എന്നിവരെ വിജയിപ്പിക്കുക എന്നതാണ്. കോൺഗ്രസിന്റെ പുനരുജീവനത്തിന്റെ സ്വഭാവം അത് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിനും അടിവരയിടുമെന്ന് വ്യക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 291 സീറ്റുകളില്‍ സ്വന്തമായും ബാക്കിയുള്ളവ സഖ്യമായും മത്സരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 2019ൽ ആകസ്മികമായി മോഡിക്ക് പിന്നിൽ അണിനിരന്ന യുവാക്കളുടെ സമീപനത്തിലും ചിന്തയിലും വലിയ മാറ്റം വരുത്താൻ രാഹുൽ ഗാന്ധിയുടെ യാത്ര കാരണമായിട്ടുള്ളതിനാല്‍ ഇക്കുറി കഴിഞ്ഞ ചരിത്രം ആവർത്തിക്കില്ല എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
മണിപ്പൂരിൽ നിന്നുള്ള രാഹുലിന്റെ ബിജെഎൻവൈ യാത്രയിലുടനീളം യുവ വോട്ടർമാരുടെ നിലപാടില്‍ വന്ന മാറ്റം പ്രകടമാണ്. മണിപ്പൂരിലും ബിഹാറിലും ബംഗാളിലും ഉത്തർപ്രദേശിലും യുവ വോട്ടർമാർക്ക് രാഹുല്‍ പ്രതീക്ഷയായതിന് സൂചനകളുണ്ട്. മോഹന്‍ ഭാഗവതിന്റെയും മോഡിയുടെയും വിദ്വേഷരാഷ്ട്രീയത്തിലും ഹിന്ദു-മുസ്ലിം ഭിന്നതയിലും അവർ നിരാശരാണ്. യാത്ര ഇതുവരെ സന്ദർശിച്ച മറ്റേതൊരു സ്ഥലത്തെക്കാളും ആവേശകരമായ സ്വീകരണമാണ് യുപിയിലെ യുവാക്കളിൽ നിന്ന് രാഹുലിന് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അലഹബാദിലെ ആനന്ദഭവനു പുറത്ത് രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്ത ജനക്കൂട്ടത്തില്‍ 1.5 ലക്ഷം പേരുണ്ടായിരുന്നുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അവിടെ നിന്നുള്ള മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വർഷങ്ങളിൽ ഒരു കോൺഗ്രസ് പരിപാടിയിലും ഇത്രയും വലിയ ജനക്കൂട്ടത്തെ നഗരം കണ്ടിട്ടില്ല. ‘ജനങ്ങൾ കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു, എന്നാൽ ഈ യാത്രയ്ക്ക് ശേഷം നിഷ്ക്രിയരാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് കോൺഗ്രസാണ്’ എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേർക്കുന്നു. മുസ്ലിം നേതാക്കളുമായുള്ള രാഹുലിന്റെ ആശയവിനിമയം, അവർ വോട്ട് പാഴാക്കില്ലെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാൻ ശ്രമിക്കുന്നവര്‍ക്ക് പിന്നിൽ അണിനിരക്കുമെന്നും ഉറപ്പാക്കുന്നു. മോഡിയെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. “ഇന്ത്യന്‍ ജീവിതത്തിൽ ശ്രീരാമന്റെ പ്രാധാന്യം ഞങ്ങൾ നിഷേധിക്കുന്നില്ല, പക്ഷേ ഒരു മനുഷ്യന് രാമനെ കൊണ്ടുവരാൻ കഴിയില്ല. അവൻ തനിയെ വരും. രാമനെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ആർക്കും അവകാശപ്പെടാനില്ല”- വോട്ടര്‍മാര്‍ തുറന്നുപറഞ്ഞു.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.