18 May 2024, Saturday

കർഷകരെ രക്ഷിക്കൂ; കൃഷിയെ സംരക്ഷിക്കൂ

വി ചാമുണ്ണി
ജനറൽ സെക്രട്ടറി, എഐകെഎസ് സംസ്ഥാന കൗൺസിൽ 
February 21, 2023 4:00 am

കർഷക പ്രസ്ഥാനത്തിന്റെ ഒമ്പതര പതിറ്റാണ്ട് കാലത്തെ ചരിത്രത്തിൽ ലോകത്തിന്റെ തന്നെ വമ്പിച്ച പിന്തുണ നേടിയ ദേശീയ കർഷക പ്രക്ഷോഭത്തിന്റെ അനുഭവങ്ങൾ ബഹുജന പ്രസ്ഥാനങ്ങളെയാകെ ആവേശം കൊള്ളിക്കുന്നു. 2020 നവംബർ 26 മുതൽ 2021 ഡിസംബർ 11 വരെയുള്ള പതിമൂന്ന് മാസങ്ങൾ രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ കർഷകലക്ഷങ്ങൾ കയ്യടക്കിയെന്നത് സ്വതന്ത്രാനന്തര ഭാരതത്തിന്റെ പോരാട്ടങ്ങൾക്ക് പുത്തൻ മാനങ്ങൾ നൽകി. മാനസികവും ശാരീരികവുമായ കടുത്ത പീഡനങ്ങളെയെല്ലാം അതിജീവിച്ചായിരുന്നു ഇതിഹാസതുല്യമായ കർഷക പ്രക്ഷോഭം. അധികാരമുപയോഗിച്ചുള്ള എല്ലാത്തരം ആക്രമണങ്ങളും പരാജയപ്പെട്ടപ്പോഴാണ് മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറായത്. ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രക്ഷോഭം താല്‍ക്കാലികമായി നിർത്തിയത്. കർഷകരുടെ ആവശ്യങ്ങൾ പഠിക്കാൻ ഒരു സമിതിയെ ഒരു മാസത്തിനുള്ളിൽ നിയോഗിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ ഉറപ്പു നൽകിയത്. എന്നാൽ നിരവധി തവണ പാർലമെന്റിലും പുറത്തും നടത്തിയ സമ്മർദങ്ങൾക്കൊടുവിൽ ആറ് മാസങ്ങള്‍ക്ക് ശേഷം 2022 ജൂലൈ 18ന് 21 അംഗ സമിതിയെ കേന്ദ്രം ഏകപക്ഷീയമായി പ്രഖ്യാപിച്ചു. കർഷക പ്രക്ഷോഭത്തിനെതിരെ വമ്പിച്ച പ്രചാരവേലകൾ സംഘടിപ്പിച്ചവരാണ് സമിതിയില്‍ ഭൂരിപക്ഷവും. കാർഷികോല്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ചോ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായ 714 കർഷകരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചോ രക്തസാക്ഷികളെ ആദരിക്കാൻ സ്മാരകം നിർമ്മിക്കുന്നതിനെക്കുറിച്ചോ 2020–21 ലെ കേന്ദ്ര വൈദ്യുതി ബിൽ പിൻവലിക്കുന്നതിനെക്കുറിച്ചോ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെക്കുറിച്ചോ പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ചോ ലഖിംപൂർ ഖേരി കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനെക്കുറിച്ചോ വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെയും കൃഷിയെയും സംരക്ഷിക്കുന്നതിനെക്കുറിച്ചോ ഒരു പരാമർശവും സമിതി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ ഉണ്ടായില്ല.

 


ഇതുകൂടി വായിക്കു; തൊഴിലുറപ്പ് പദ്ധതി: വീണ്ടും അട്ടമറി നീക്കവുമായി മോഡിസര്‍ക്കാര്‍


 

ഈ സാഹചര്യത്തിലാണ് കൂടുതൽ ശക്തിയോടെ വ്യാപകമായ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽക്കാൻ സംയുക്ത കർഷക മോർച്ച തീരുമാനിച്ചത്. ദേശീയ പ്രക്ഷോഭങ്ങൾക്കൊപ്പം കേരളത്തിലും വമ്പിച്ച പ്രചരണ‑പ്രക്ഷോഭ പരിപാടികൾക്കാണ് അഖിലേന്ത്യാ കിസാൻ സഭ രൂപം നൽകിയിരിക്കുന്നത്. “കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ” എന്ന മുദ്രാവാക്യമുയർത്തി തിരുവനന്തപുരത്ത് നിന്നും കാസർകോട് നിന്നും രണ്ട് മേഖലാ ജാഥകൾ ഫെബ്രുവരി 10ന് ആരംഭിച്ച് 17ന് കർഷക മഹാറാലിയോടെ തൃശൂരിൽ സമാപിച്ചു. ഈ പ്രചരണ‑പ്രക്ഷോഭ പരിപാടികളുടെ ആദ്യഘട്ടം ഫെബ്രുവരി 23ന് തിരുവനന്തപുരം രാജ്ഭവന് മുന്നിൽ “കർഷക മഹാസംഗമ“ത്തോടെ പൂർത്തിയാകും. കർഷക മഹാ സംഗമം അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് രാവുല വെങ്കയ്യ ഉദ്ഘാടനം ചെയ്യും. കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രം നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, പിൻവലിച്ച കാർഷിക കരിനിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് സർക്കാർ വക്താക്കളും അവരെ പിന്തുണയ്ക്കുന്നവരും പ്രഖ്യാപിക്കുകയും ചെയ്യുന്നു. താങ്ങുവിലയും സബ്സിഡികളും പിൻവലിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഈ വർഷത്തെ കേന്ദ്ര ബജറ്റ് അതിന്റെ നേർചിത്രമാണ്. ലോക വ്യാപാര കരാറുകളുടെ ഭാഗമായി താങ്ങുവില എടുത്ത് കളയണമെന്ന അമേരിക്കയുടെയും കാനഡയുടെയും ഓസ്ട്രേലിയയുടെയും ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ എട്ട് വർഷത്തെ മോഡി ഭരണത്തിൽ ഓരോ വർഷവും സബ്സിഡികളും അസംഘടിത തൊഴിൽ മേഖലയ്ക്കുള്ള വിഹിതവും കുറച്ചുകൊണ്ടുവരികയാണ്. സ്വതന്ത്രവ്യാപാരകരാറുകൾ റദ്ദാക്കുകയും കരാറിൽ നിന്നും ഇന്ത്യ പുറത്ത് വരികയും ചെയ്താൽ മാത്രമേ രാജ്യത്തെ കാർഷിക മേഖല രക്ഷപ്പെടുകയുള്ളു.

നാണ്യവിളകളുടെ ഉല്പാദനവും മൂല്യവർധനവുകളും അടക്കം ആ മേഖലയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് നാണ്യവിള ബോർഡുകൾ രൂപീകരിച്ചത്. അവയെല്ലാം നിർത്തലാക്കി സ്വകാര്യ കുത്തകകളുടെ കൈപ്പിടിയിലാക്കാൻ ഉതകുന്ന നിയമനിർമ്മാണത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനായുള്ള കരട് ബില്ലുകൾ പുറത്ത് വന്നു കഴിഞ്ഞു. റബർ ബോർഡ്, നാളികേര വികസന ബോർഡ്, സ്പൈസസ് ബോർഡ്, ടീ ബോർഡ്, കോഫി ബോർഡ്, ടുബാക്കോ ബോർഡ് തുടങ്ങിയവയെല്ലാം നിർത്തലാക്കാനാണ് നീക്കം. 2020–21ലെ കേന്ദ്ര വൈദ്യുതി ബിൽ കാർഷിക മേഖലയ്ക്ക് ഒരു കൊടുവാളാണ്. അത് നിയമമായാൽ കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്കുകൾ കുത്തനെ ഉയരും. കാർഷികമേഖലയുടെ അത്താണിയായ സഹകരണ ബാങ്കിങ്ങിനെയും വായ്പാ സഹകരണ സംഘങ്ങളെയും തകർക്കുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. കേരളത്തിലെ ഗ്രാമീണ സമ്പദ്ഘടനയുടെ ശക്തിസ്രോതസാണ് പ്രാഥമിക സഹകരണ സംഘങ്ങളും കാർഷിക വായ്പാ സംഘങ്ങളും. അവയെയെല്ലാം തകർക്കാനും കുത്തകകളെ ഈ രംഗത്ത് പ്രതിഷ്ഠിക്കാനുമാണ് നീക്കം. കർഷക സൗഹൃദ സഹകരണ ബാങ്കിങ്ങിനായുള്ള പോരാട്ടം വമ്പിച്ച ബഹുജന പിന്തുണയോടെ സംഘടിപ്പിക്കണം.

 


ഇതുകൂടി വായിക്കു;  സഹകരണരംഗവും കേന്ദ്രം പിടിച്ചടക്കുന്നു


 

ഇന്ത്യയിലെ കർഷക സമൂഹത്തിന്റെയാകെ പ്രതീക്ഷയുടെ പച്ചത്തുരുത്താണ് കേരളം. ആറര പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ‑സാമൂഹ്യ‑സാമ്പത്തിക പരിണാമദശകൾ ഈ ചിന്തയ്ക്ക് ആക്കം കൂട്ടുന്നു. മലബാറും തിരു-കൊച്ചിയും ചേരുന്ന ഐക്യകേരളം എങ്ങനെ ആയിരിക്കണമെന്ന് ദീർഘവീക്ഷണത്തോടെ നോക്കിക്കണ്ട ഏക രാഷ്ടീയ പ്രസ്ഥാനം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ആ അസ്തിവാരത്തിന് മുകളിലാണ് നമ്മുടെ ആസൂത്രണ‑വികസന പ്രക്രിയകളെല്ലാം. കാർഷിക രംഗത്ത് വിപ്ലവകരമായ യന്ത്രവല്‍ക്കരണത്തിലൂടെയും കൂട്ടുകൃഷി സമ്പ്രദായത്തിലൂടെയും പുതിയ പാത തുറന്നു. പൊതുമേഖല സ്ഥപനങ്ങള്‍ക്കും കൃഷി വകുപ്പിനെ കർഷകരിലേയ്ക്ക് എത്തിച്ച കൃഷിഭവനുകൾക്കും രൂപം നൽകിയ ജനകീയത ഇന്നും കൃഷിക്കും കർഷകനും ഉത്തേജനമാണ്. കടത്തിൽ മുങ്ങിയ കർഷകന് കൈത്താങ്ങായി, കർഷക കടാശ്വാസ കമ്മിഷൻ രാജ്യത്തിന് കേരളത്തിന്റെ മറ്റൊരു മാതൃകയായി. പതിറ്റാണ്ടുകളായി കർഷകസമൂഹം സ്വപ്നമായിക്കൊണ്ടു നടന്ന കർഷക ക്ഷേമ ബോർഡ് യാഥാർത്ഥ്യമായപ്പോൾ കർഷകനും സമൂഹത്തിൽ അംഗീകാരം നേടി. ഇടതുപക്ഷ‑ജനാധിപത്യ മുന്നണി സർക്കാരിൽ കർഷകർ ഏറെ പ്രതീക്ഷ അർപ്പിക്കുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങൾ ഇവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. അത് മറികടക്കാൻ സർക്കാരിനാകണം. അതൊരു രാഷ്ട്രീയ ദൗത്യമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം. നെല്ല്, നാളികേരം, റബ്ബർ അടക്കമുള്ള നാണ്യവിളകൾ, ക്ഷീരകർഷകർ, മലയോര കർഷകർ തുടങ്ങിയവരെയെല്ലാം സംരക്ഷിക്കേണ്ട കടമയും ബാധ്യതയും ഉയർത്തിപ്പിടിച്ചേ മതിയാവൂ.

റബർ കർഷകരെ രക്ഷിക്കാൻ വിലസ്ഥിരത ഫണ്ട് വർധിപ്പിച്ച നടപടി സ്വാഗതാർഹമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചു വരികയാണ്. ജനവാസ കേന്ദ്രങ്ങളിൽ കൃഷിക്കും കന്നുകാലികൾക്കും വൻ ഭീഷണിയായി മാറിയിരിക്കുന്നു. നിരവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. അതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണം. ബഫർസോൺ വിഷയത്തിൽ മലയോര കർഷകർ കടുത്ത ആശങ്കയിലാണ്. അത് പരിഹരിക്കാനും നടപടി സ്വീകരിക്കണം. നെല്ലിന്റെ സംഭരണവില ഉയർത്തണം. സംഭരണവില ഉടൻ ലഭ്യമാക്കണം. നാളികേരത്തിന്റെ സംഭരണവില 40 രൂപയായി ഉയർത്തുകയും സംഭരണം ഫലപ്രദമാക്കുകയും വേണം. ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ക്ഷീര വ്യവസായത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. രാസവളത്തിന്റെ വില നിയന്ത്രിക്കാനും ലഭ്യത ഉറപ്പുവരുത്താനും സർക്കാർ ഇടപെടണം. കേന്ദ്രസർക്കാരിന്റ വിള ഇൻഷുറൻസ് പദ്ധതി, ഇന്നത്തെ നിലയിൽ കർഷകർക്ക് ഗുണകരമല്ല. പലവിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല. അതേസമയം ഇൻഷുറൻസ് കമ്പനികൾ അമിതലാഭം കൊയ്യുകയും ചെയ്യുന്നു. കർഷകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിൽ കേന്ദ്ര വിള ഇൻഷുറൻസ് പുനരാവിഷ്കരിക്കണം. രാജ്യത്തെ കാർഷിക മേഖല കൂടുതൽ കൂടുതൽ തകർച്ചയിലേക്കും പ്രതിസന്ധിയിലേക്കുമാണ് നീങ്ങുന്നത്. ഈ സ്ഥിതി തുടരാനാവില്ല. സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളുടെ പിന്തുണയോടെ പ്രചരണ‑പ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങണം. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹായ സഹകരണങ്ങളും അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കൗൺസിൽ അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.