15 April 2024, Monday

സാമ്രാജ്യത്വാധിപത്യത്തിനെതിരായ ജനകീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക

Janayugom Webdesk
November 15, 2022 4:49 am

(ഒക്‌ടോബർ 27 മുതല്‍ 29 വരെ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിൽ നടന്ന കമ്മ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ട്ടികളുടെ 22-ാം സാര്‍വദേശീയ സമ്മേളനത്തിന്റെ പ്രഖ്യാപനരേഖ. 60 രാജ്യങ്ങളിലെ 78 കമ്മ്യൂണിസ്റ്റ്, വർക്കേഴ്‌സ് പാർട്ടികളുടെ 145 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സിപിഐ പ്രതിനിധിയായി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പങ്കെടുത്തു).

സാമ്രാജ്യത്വത്തിന്റെ നിലവിലെ ആധിപത്യശ്രമങ്ങള്‍ അന്യായവും അസ്ഥിരവുമായ ഒരു അന്താരാഷ്ട്ര ക്രമം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ചൂഷണം തീവ്രമാകുകയും തൊഴിലാളിവർഗത്തിന്റെയും അടിസ്ഥാനജനവിഭാഗങ്ങളുടെയും അവസ്ഥ കൂടുതല്‍ വഷളാകുകയും ചെയ്തിരിക്കുന്നു. സംഘർഷങ്ങളും ശത്രുതയും യുദ്ധസാഹചര്യങ്ങളും വര്‍ധിക്കുന്നതിന് ഇതു വഴിയൊരുക്കി. സാമ്രാജ്യത്വാധിപത്യപരമായ ഈ അവസ്ഥ കോവിഡ് 19 പോലുള്ള ആഗോള പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗങ്ങളെ പോലും തടസപ്പെടുത്തി. അതേസമയം സോഷ്യലിസ്റ്റ് രാജ്യങ്ങള്‍-പ്രത്യേകിച്ച് ക്യൂബ, പൊതുജനാരോഗ്യ സംവിധാനവും ശാസ്ത്രീയമായ വികസന നയങ്ങളുമായി അതിനെ നേരിട്ടത് സോഷ്യലിസത്തിന്റെ ശ്രേഷ്ഠത പ്രകടിപ്പിക്കുന്നതായിരുന്നു. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച്, ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള പരസ്പര ബന്ധം, സമാധാനം, സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുതകുന്നവിധം സുസ്ഥിര വികസനം, സാമൂഹ്യനീതി, ഐക്യദാർഢ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ലോകക്രമമാണ് കമ്മ്യൂണിസ്റ്റുകാര്‍ ലക്ഷ്യം വയ്ക്കുന്നത്. സാമ്രാജ്യത്വത്തിന്റെ ആക്രമണോത്സുകതയുടെയും ഭൗമരാഷ്ട്രീയ പുനഃക്രമീകരണത്തിന്റെയും അനന്തരഫലമായി, ആയുധമത്സരത്തിലുണ്ടാകുന്ന വര്‍ധന, നാറ്റോയുടെ ശക്തിപ്പെടുത്തലും വിപുലീകരണവും, പുതിയ സൈനിക സഖ്യങ്ങളുടെ ആവിർഭാവം എന്നിവയെല്ലാം ലോകത്ത് പിരിമുറുക്കങ്ങളും സൈനിക സംഘര്‍ഷങ്ങളും രൂക്ഷമാക്കുന്നു. ഉക്രെയ്‌ന്‍ ഒരുദാഹരണമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്ന ഫാസിസത്തിന്റെ ഉയിർത്തെഴുന്നേല്പും ശീതയുദ്ധവും ആണവ സംഘർഷത്തിന്റെ ഭീഷണിയും എതിര്‍ത്തു തോല്പിക്കപ്പെടേണ്ടതുണ്ട്. കൊള്ളലാഭമുണ്ടാക്കുന്ന മുതലാളിത്തത്തിന്റെ സ്വഭാവം ശക്തിപ്പെടുന്നത് അസമത്വത്തിനും സമ്പത്തിന്റെ ധ്രുവീകരണത്തിനും പുറന്തള്ളലിനും കുടിയേറ്റ പ്രവാഹത്തിനും കാരണമാകുന്നു. ഇത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. കാരണം ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുന്നതിനും പാരിസ്ഥിതിക പ്രതിസന്ധിക്കും ഇത് ഇടയാക്കുന്നു.

 


ഇതുകൂടി വായിക്കു: കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങുന്നു


കുത്തകകളുടെയും കോർപറേറ്റുകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ബൂർഷ്വാ രാഷ്ട്രീയ വ്യവസ്ഥ, മുതലാളിത്തത്തിന്റെ സ്വാഭാവിക പ്രതിസന്ധി പോലും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണ്. തൊഴിലാളികളുടെയും ജനങ്ങളുടെയും വർധിച്ചുവരുന്ന സാമൂഹിക അസംതൃപ്തി സമ്മർദ്ദത്തിലൂടെയും അക്രമത്തിലൂടെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആഭ്യന്തര പ്രതിസന്ധികളുടെയും ശക്തരായ എതിരാളികളോട് മുഖാമുഖം നില്ക്കേണ്ടിവരുന്നതിന്റെയും ഫലമായി ക്രമാനുഗതമായി ശക്തി കുറഞ്ഞുവരുന്ന യുഎസും സഖ്യകക്ഷികളും നിലപാടുകളിലെ ഇരട്ടത്താപ്പും ഭീഷണിപ്പെടുത്തുന്നതിനുള്ള ഉപരോധ നയങ്ങളും നിര്‍ബന്ധിത കീഴടക്കല്‍ സമീപനങ്ങളും രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ സൈനികമായി പോലുമുള്ള ഇടപെടലുകളും ശക്തിപ്പെടുത്തുകയാണ്. പാരമ്പര്യേതര യുദ്ധമാര്‍ഗങ്ങളിലൂടെ-പ്രത്യേകിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച്-അട്ടിമറിപ്രവര്‍ത്തനങ്ങളുടെ ആയുധശേഖരം തന്നെ വിപുലമായി വിന്യസിക്കുന്നു. തങ്ങളുടെ താല്പര്യങ്ങളുമായി യോജിക്കാത്ത സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനും ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. മുതലാളിത്ത ചൂഷണ വ്യവസ്ഥയ്ക്കെതിരായ ലോക തൊഴിലാളി വർഗത്തിന്റെ പോരാട്ടത്തിനും ബൂർഷ്വാ, സാമ്രാജ്യത്വത്തിനെതിരെയുള്ള വർഗസമരം ശക്തിപ്പെടുത്തുന്നതിനും ആദ്യപടിയായി തദ്ദേശീയവും ജനകീയവുമായ പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനത്തിന്റെയും ഐക്യം അനിവാര്യമാണ്.
സമാധാനത്തിന്റെയും നീതിയുടെയും സാമൂഹിക സമത്വത്തിന്റെയും ലോകക്രമത്തിനായുള്ള പദ്ധതികള്‍ രൂപീകരിക്കപ്പെടണം.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി കമ്മ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ട്ടികളുടെ 22-ാമത് സാര്‍വദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ താഴെ പറയുന്ന ലക്ഷ്യങ്ങള്‍ക്കായി യോജിച്ച് പരിശ്രമിക്കണമെന്ന് തീരുമാനിച്ചു.


ഇതുകൂടി വായിക്കു: ലോകവ്യാപാര സംഘടനയുടെ മുന്നറിയിപ്പും മോഡി ഭരണകൂടത്തിന്റെ നിസംഗതയും


സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ ചേരുകയും മുതലാളിത്ത താല്പര്യങ്ങളുടെ അടിത്തറയില്‍ നിലനിൽക്കുന്ന നീതിരഹിതവും ജനാധിപത്യവിരുദ്ധവുമായ അന്താരാഷ്ട്രക്രമം മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ പങ്കാളിത്തം വഹിക്കുകയും വേണം. സോഷ്യലിസ്റ്റ് സമൂഹത്തിന്റെ നിര്‍മ്മാണത്തിന് വഴിയൊരുക്കുന്നതിന് സമാധാനം, സുസ്ഥിര വികസനം, സാമൂഹ്യനീതി, ഐക്യദാര്‍ഢ്യം എന്നിവയില്‍ അധിഷ്ഠിതമായ അന്താരാഷ്ട്രക്രമമായിരിക്കണം പകരം വയ്ക്കേണ്ടത്. ജനങ്ങളുടെ സ്വയംനിർണയാവകാശം, സ്വാതന്ത്ര്യം, പരമാധികാരം, സമത്വം, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കല്‍, സമാധാനത്തിനും വികസനത്തിന്റെ സ്വന്തം പാത തിരഞ്ഞെടുക്കുന്നതിനുമുള്ള ജനങ്ങളുടെ നിയമപരമായ അവകാശം എന്നിവയെ മാനിക്കുന്നതായിരിക്കണം പ്രസ്തുത ലോകക്രമം. സാമ്രാജ്യത്വ യുദ്ധങ്ങളെ നിരാകരിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഭീഷണിയും ബലപ്രയോഗവും ചെറുക്കുകയും സമാധാനത്തിനായുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യണം. ആയുധ മത്സരങ്ങളെ അപലപിക്കുകയും ആയുധച്ചെലവ് മൂലം സാമൂഹിക ചെലവുകളിൽ സംഭവിക്കുന്ന വെട്ടിക്കുറവ്, ആണവായുധങ്ങൾ, വിദേശ സൈനിക താവളങ്ങൾ എന്നിവയുടെ നിലനിൽപ്പിനും നവീകരണത്തിനുമായുള്ള ധനവിനിയോഗം, നാറ്റോയ്ക്കും അതിന്റെ വിപുലീകരണത്തിലൂടെ ഒരു ആഗോള സൈനിക സംഘടനയായി മാറുന്നതിനുമെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്യണം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം, വിദ്വേഷം എന്നിവ തീവ്രമാക്കുകയും രാഷ്ട്രീയ‑പ്രത്യയശാസ്ത്ര‑സാമൂഹിക‑വംശീയ- മത‑ലിംഗ വിവേചനം, അസഹിഷ്ണുത എന്നിവ തീവ്രമാക്കുകയും വംശീയത പ്രോത്സാഹിപ്പിക്കുകയും ദേശീയ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ, പിന്തിരിപ്പൻ, തീവ്ര ദേശീയ, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടുക. തങ്ങള്‍ക്കെതിരായി നില്‍ക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകളെയും ജനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കി, ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളായാണ് സാമ്രാജ്യത്വ രാജ്യങ്ങള്‍ ഉപരോധങ്ങളും ഏകപക്ഷീയമായ നിര്‍ബന്ധങ്ങളും അടിച്ചേല്പിക്കുന്നത്. ഈ ഇരട്ടത്താപ്പുകളെ തുറന്നുകാട്ടുകയും അത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. മുതലാളിത്ത വ്യവസ്ഥയുടെ നീതികേടുകളെ നിയമപരമാക്കാനും സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും അയോഗ്യമാക്കാനും രാഷ്ട്രങ്ങളുടെ സാംസ്കാരിക സ്വത്വം ഇല്ലാതാക്കാനും നശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്രപരവും സാംസ്കാരികവും പ്രതീകാത്മകവുമായ ആക്രമണത്തെ ശക്തമായി നേരിടേണ്ടതുണ്ട്. അതിന് മാർക്സിസ്റ്റ് — ലെനിനിസ്റ്റ് ആശയങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ജനങ്ങളുടെ ന്യായവും വിമോചനപരവുമായ എല്ലാ പോരാട്ടങ്ങളെയും ശക്തിപ്പെടുത്തുകയും ചെയ്യണം.

 

തങ്ങളുടെ അവകാശ സംരക്ഷണത്തിനും സാമ്രാജ്യത്വത്തിനെതിരായും തൊഴിലാളികൾ, കർഷകർ, തദ്ദേശവാസികൾ, യുവജനങ്ങൾ, സ്ത്രീ സംഘടനകൾ എന്നിവര്‍ നടത്തുന്ന സമരങ്ങളോട് ഐക്യദാർഢ്യം വർധിപ്പിക്കണം. യുദ്ധങ്ങളില്‍ ഇരകളാകുന്നവരുടെയും അഭയാർത്ഥികളാകുന്നവരുടെയും പക്ഷം ചേര്‍ന്ന് നിൽക്കുകയും വേണം. പരിസ്ഥിതിയെ നശിപ്പിക്കുകയും ആവാസവ്യവസ്ഥയുടെയും ജീവജാലങ്ങളുടെയും നിലനില്പിനെ അപകടപ്പെടുത്തുകയും ചെയ്യുന്ന, ലാഭാധിഷ്ഠിതമായ മുതലാളിത്ത വികസന മാതൃകയെ ചെറുക്കുകയും അതിനെതിരെ പോരാടുകയും ചെയ്യണം. സാമ്രാജ്യത്വ ആധിപത്യത്തിനെതിരായ സാമൂഹിക- ജനകീയ പ്രസ്ഥാനങ്ങളുമായി യോജിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ കമ്മ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് 22-ാമത് സാര്‍വദേശീയ സമ്മേളനരേഖ പ്രഖ്യാപിക്കുന്നു.  മുതലാളിത്തത്തെ തകര്‍ക്കുന്നതിനും സോഷ്യലിസത്തെ ശക്തിപ്പെടുത്തുന്നതിനും അതിന്റെ നിർമ്മാണത്തിലേക്കായി വിപ്ലവകരമായ പരിവർത്തനങ്ങൾക്കുമുള്ള ജനകീയ പോരാട്ടങ്ങള്‍ ലോകവ്യാപകമായി വളര്‍ത്തിക്കൊണ്ടുവരണമെന്നും രേഖയില്‍ ഊന്നിപ്പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.