ഇന്ത്യയിൽ ഒരിടത്തെ ആരാധനാലയത്തിനുനേരെ ആക്രമണം നടന്നാൽ എന്താണ് സംഭവിക്കുക. ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും വലിയ തലക്കെട്ടുകളിൽ അത് വാർത്തയായി മാറും. ഭീകരാക്രമണം ആരാധനാലയത്തിന് നേരെയാകുമ്പോൾ വ്യാപകമായ ഞെട്ടലിനും ഭീതിക്കും കാരണമാകുകയും ചെയ്യും. അക്രമിയെ തിരിച്ചറിയുകയോ കണ്ടെത്തുകയോ ചെയ്താൽ അയാളുടെ വീടും സ്ഥാപനങ്ങളും തകർക്കപ്പെടും. നിയമവിരുദ്ധമായ ഏറ്റുമുട്ടലുകൾക്കുള്ള ആഹ്വാനങ്ങൾ ഉയരും. പ്രതികളെ ഉത്തർപ്രദേശിലേക്ക് അയച്ച് പൊലീസ് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കൂട്ടത്തോടെയുള്ള പോസ്റ്റുകളുണ്ടാകും. രാഷ്ട്രീയ നേതാക്കളുടെ അലപ്പിക്കലും കൃത്യത്തിൽ ഉൾപ്പെട്ട വ്യക്തികളുടെ മതവിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രചരണവും നടക്കും. കുറ്റവാളികൾക്കെതിരെ വധശിക്ഷ ആവശ്യപ്പെടുകയും അതിനെ എതിർക്കുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും ചെയ്യുമായിരുന്നു. അതേസമുദായത്തിൽപ്പെട്ട സാധാരണക്കാരായവരുടെ വഴിയോര കച്ചവടസ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യും. കുനാൽ കമ്രയുടെ പരിപാടി നടന്ന വേദി ശിവസേന പ്രവർത്തകർ തകർത്തപ്പോൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞത് ഏത് പ്രവർത്തിക്കും അതിന്റേതായ പ്രതിപ്രവർത്തനമുണ്ടാകമെന്നായിരുന്നു. ഈ വാദമാണ് രാജ്യത്തെവിടെ അക്രമ സംഭവമുണ്ടായാലും ന്യായമായി ഉന്നയിക്കുന്നത് . മാർച്ച് 30ന് മഹാരാഷ്ട്രയിലെ ബീഡിൽ ഒരു മുസ്ലിം പള്ളിയിൽ വൻ സ്ഫോടനമുണ്ടായി. ആർക്കും പരിക്കേറ്റില്ലെങ്കിലും പള്ളിയുടെ കെട്ടിടത്തിൽ വിള്ളലുകൾ സംഭവിച്ചു. താമസിയാതെ രണ്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. വിജയ് രാജ ഗവ്ഹാൻ, ശ്രീറാം അശോക് സാഗ്ഡെ എന്നായിരുന്നു അവരുടെ പേരുകൾ. എന്നാൽ അവരുടെ വീടുകൾ തകർക്കപ്പെട്ടില്ല. അവരിലൊരാൾ സ്ഫോടകവസ്തു പിടിച്ചുള്ള ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നതുമാണ്. ലഘുവായ വകുപ്പുകൾ ചേർത്തുള്ള കേസ് മാത്രം.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് തയ്യാറാക്കിയ വാർത്തയിൽ സംഭവത്തെ ലഘൂകരിക്കാനുള്ള പൊലീസിന്റെ ശ്രമം വ്യക്തമാണ്. വിജയ് രാജയുടെ ദുരഭിമാനവും മുൻകോപവും ആണ് അക്രമത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നതായാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ഒരു ദിവസം മുമ്പ് ഇയാൾ ഒരാളുമായി വഴക്കിട്ടെന്ന് മനസിലാക്കിയതായും അതേത്തുടർന്ന് അശോകിന്റെ സഹായം തേടി പള്ളിയിൽ കടന്ന് ജലാറ്റിൻ സ്റ്റിക്കുകൾ ഇടുകയായിരുന്നു എന്നുമാണ് പൊലീസിന്റെ ഭാഷ്യം. ദുരഭിമാനവും കോപാകുലമാകുന്ന സ്വഭാവവും രാജ്യസ്നേഹത്തിന്റെ പരമോന്നത പ്രകടനമാണ് എന്ന് പറയാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനോട് നന്ദി പ്രകടിപ്പിക്കണം. മുസ്ലിങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് പലതും ഭീകര പ്രവർത്തനമാകുന്നത്. ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുവെങ്കിൽ അത് അബദ്ധം മാത്രമാണ്. ദുരഭിമാനവും കോപാകുലമായ സ്വഭാവവും മൂലമുള്ള കേവലം പിശക് മാത്രം. എന്നാൽ വിവേചനപരവും പക്ഷപാതപരവുമായ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമുയർന്നപ്പോൾ ഒരാഴ്ചയോളം കഴിഞ്ഞാണ് യുഎപിഎ ചുമത്തിയത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഗംഗാനഗർ മേഖലയിലുള്ള സിക്കന്ദ്രയിലെ സലാർ മസൂദ് ഘാസി മിയാന്റെ ദർഗയ്ക്ക് മുകളിൽ കയറി തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ കാവിക്കൊടി കെട്ടുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത സംഭവമുണ്ടായി. മൂന്ന് പേർ ചേർന്ന് നടത്തിയ ഈ കൃത്യത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. നേതൃത്വം നൽകിയ മനേന്ദ്ര പ്രതാപ്, കർമ്മിസേനയുടെ മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി പ്രവർത്തകനുമാണെന്ന് ഫേസ്ബുക്കിൽ സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ്. എന്നാൽ സംഭവമറിഞ്ഞെത്തിയ പൊലീസ് അന്വേഷിച്ച് നടപടിയെടുക്കാമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൈസ്തവ പുരോഹതരെയടക്കം പൊലീസ് സ്റ്റേഷൻ വളപ്പിൽ തല്ലിച്ചപ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് കേസെടുക്കുന്നതിന് തയ്യാറായില്ല. പാർലമെന്റിൽ ഉൾപ്പെടെ രാജ്യവ്യാപക പ്രതിഷേധമുണ്ടായതിനെ തുടർന്നായിരുന്നു അഞ്ചുദിവസം കഴിഞ്ഞ് കേസെടുത്തത്.
മഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ നടന്ന സ്ഫോടനം ഉഗ്രശേഷിയുള്ളതായിരുന്നു. ആർക്കും ജീവഹാനിയോ പരിക്കോ പറ്റിയില്ലെന്നുള്ളത് ഭാഗ്യം. പക്ഷേ കെട്ടിടത്തിന് വിള്ളലുകൾ സംഭവിച്ചു. ആരെങ്കിലുമായുള്ള വഴക്കിനോട് പ്രതികാരമായി മുസ്ലിം പള്ളിയിൽ ബോംബ് കൊണ്ടിടുക എന്ന മാരക കുറ്റകൃത്യം അയാളുടെ പേര് ഇതര മതത്തിൽ പെട്ടതായിട്ട് പോലും കേവലം കയ്യബദ്ധമായി വ്യാഖ്യാനിക്കപ്പെട്ടു. കുനാൽ കമ്ര എന്ന സ്റ്റാൻഡപ്പ് കോമേഡിയൻ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ചു എന്ന ഒറ്റക്കാരണത്താൽ പരിപാടി അവതരിപ്പിച്ച കെട്ടിടം തന്നെ ഇടിച്ചു തകർക്കുന്നതിന് ശിവസേനക്കാർക്കോ ഭരണകൂട സംവിധാനങ്ങൾക്കോ ഒരു മടിയും ഉണ്ടായിരുന്നില്ല. ക്രമസമാധാന പരിപാലനം പോലും മതാടിസ്ഥാനത്തിൽ ആകുന്നതിന്റെ ദുരന്തമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇത് ആദ്യത്തെതായിരുന്നില്ല, അവസാനത്തേതും ആയിരിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ഷഹീൻ ബാഗിൽ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ മുസ്ലിം സമുദായത്തിൽ പെട്ടവരായിരുന്നു എന്നതുകൊണ്ട് അവർ ഭീകരവാദികളായി ചിത്രീകരിക്കപ്പെട്ടു. ഐതിഹാസികമായ കർഷക സമര സ്ഥലങ്ങളിൽ ഐക്യപ്പെട്ടു വന്നിരുന്ന സിഖ് വനിതകൾക്കും സമാനമായി ഭീകരർ എന്ന പേര് ചാർത്തപ്പെട്ടു. ജോലിക്കു വേണ്ടി ശ്രമിക്കുമ്പോഴും വഴിവാണിഭം നടത്തുമ്പോഴും മതപരിഗണനയാൽ ഭീകരമുദ്ര ചുമത്തപ്പെട്ടവരും എത്രയോ അധികമായിരുന്നു. മുസ്ലിം സമുദായത്തിൽ പെട്ട ഒരു കൗമാരക്കാരൻ ദാഹം തീർക്കുന്നതിന് ക്ഷേത്രവളപ്പിൽ കയറി പൈപ്പിൽ നിന്ന് വെള്ളം കുടിച്ചതിന് തല്ലിച്ചതയ്ക്കപ്പെട്ട സംഭവത്തിന് അധിക വർഷങ്ങളുടെ പഴക്കമില്ല. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. ഒരു ശരാശരി മുസ്ലിം കുട്ടിയിൽ തീവ്രവാദ ചിന്ത ഉണ്ടെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയമാണ് ബിജെപിയുംആർഎസ്എസും കൊണ്ടുനടക്കുന്നത്. അതിന്റെ പ്രതിഫലനങ്ങളായാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങളും സർക്കാറിന്റെ ഭാഗത്തുനിന്നുള്ള നടപടികളും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രക്രിയ അവലംബിക്കപ്പെടുന്നുണ്ട്. കൊച്ചുകൊച്ചു കലഹങ്ങളിൽ പോലും ഒരു ഭാഗത്ത് മുസ്ലിം സമുദായങ്ങളിൽ പെട്ടവർ ആണെങ്കിൽ അവർ മാത്രം പ്രതികളാക്കപ്പെടുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പടർന്നുപിടിച്ച സമരത്തെത്തുടർന്ന് ഡൽഹിയിൽ 2020 ഫെബ്രുവരിയിൽ ഉണ്ടായ കലാപത്തിൽ പ്രതിചേർക്കപ്പെട്ടവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായങ്ങളിൽപെട്ടവരായിരുന്നു.
ഷഹീൻ ബാഗിൽ മാസങ്ങൾ നീണ്ടുനിന്ന പ്രതിഷേധത്തെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ആർഎസ്എസും ബിജെപിയും നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഡൽഹി കലാപം. പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് അടിച്ചമർത്തുവാൻ തങ്ങളെ അനുവദിക്കൂ, ഈ സമരം അവസാനിപ്പിച്ചു തരാം എന്ന് പ്രഖ്യാപിച്ച ആർഎസ്എസ് — ബിജെപി നേതാക്കൾക്കെതിരെ ഡൽഹി സംസ്ഥാനത്തെ ക്രമസമാധാന പരിപാലന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിലുള്ള പൊലീസ് ചെറുവിരലനക്കിയില്ല. പൊലീസ് സാന്നിധ്യത്തിൽ കലാപാഹ്വാനം നടത്തിയ കപിൽ മിശ്ര ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നു. അതേസമയം അവിടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെ ചുമത്തിയ കേസുകളിൽ പലതും ഇപ്പോഴും തുടരുകയാണ്. ഡൽഹി കലാപം ഏകപക്ഷീയമായിരുന്നില്ല. ഇരുപക്ഷത്തിനും അതിൽ ഏറ്റക്കുറച്ചിലുകളോടെ പങ്കാളിത്തവും ഉണ്ട്. പക്ഷേ ചുമത്തപ്പെട്ട കേസുകളിൽ പ്രതികളായതിൽ മഹാഭൂരിപക്ഷവും ഒരു സമുദായത്തിൽ പെട്ടവർ മാത്രം. ഡൽഹിയിലെ കോടതികൾ എത്രയോ തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഢ് തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ഇതേ രീതിയാണ് പിന്തുടർന്ന് പോരുന്നത്. കേസെടുക്കുന്നതിലുള്ള പക്ഷപാതിത്തം മാത്രമല്ല കുറ്റാരോപിതരുടെ വീടുകളും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്ന രീതിയും ഇവിടെ വ്യാപകമാണ്. ബുർഡോസർ രാജ് ആവർത്തിക്കരുത് എന്ന സുപ്രീം കോടതിയുടെ കർശന നിർദേശം ഉണ്ടായിട്ടുപോലും ഈ സംസ്ഥാനങ്ങളിൽ നിർബാധം അവ തുടരുകയാണ്.
(അവലംബം: ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.