10 January 2025, Friday
KSFE Galaxy Chits Banner 2

തുര്‍ക്കിയിലെ തെരഞ്ഞെടുപ്പ്: എര്‍ദോഗന്‍ പുറത്തേക്കോ ?

രാജാജി മാത്യു തോമസ്
May 12, 2023 4:30 am

തുർക്കിയിൽ മേയ് 14 ഞായറാഴ്ച നടക്കുന്ന പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ആ രാജ്യത്തെ ജനങ്ങൾ മാത്രമല്ല യൂറോപ്പ്, പശ്ചിമേഷ്യ, മധ്യേഷ്യ തുടങ്ങിയവ ഉൾപ്പെട്ട മേഖലയിലെ രാഷ്ട്രസമുച്ചയങ്ങളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിൽ കഴിഞ്ഞ 20 വർഷക്കാലമായി അധികാരം കയ്യാളുന്ന റെസപ് തയ്യിപ് എർദോഗൻ തന്റെ അധികാര രാഷ്ട്രീയത്തിലെ അഭൂതപൂർവമായ വെല്ലുവിളിയാണ് നേരിടുന്നത്. എർദോഗന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാർട്ടി(എകെപി)യും, അത് നേതൃത്വം നല്കുന്ന നാലുകക്ഷികൾ ഉൾപ്പെട്ട വലതുപക്ഷ യാഥാസ്ഥിതിക ഇസ്ലാമിക ദേശീയ സഖ്യമായ പീപ്പിൾസ് അലയൻസും പാർലമെന്റിൽ നേട്ടങ്ങൾ ഉണ്ടാക്കിയാലും പ്രസിഡന്റ് പദവി നിലനിർത്താൻ എർദോഗന് കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം തുർക്കിയുടെ സാമ്പത്തിക അവസ്ഥ, ദുർവഹമായ ജീവിതനിലവാര പ്രതിസന്ധി, സമീപകാലത്ത് 50,000ത്തില്‍പ്പരം ആളുകളുടെ ജീവൻ അപഹരിക്കുകയും അനേകായിരങ്ങളെ അഭയാര്‍ത്ഥികളാക്കുകയും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്ത ഭൂകമ്പം, സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ ഏത് പ്രസിഡന്റിനും മുന്നണിക്കുമായിരിക്കും കഴിയുക എന്നിവയായിരുന്നു മുഖ്യ ചർച്ചാവിഷയം. 1990കൾക്ക് ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവുമുയർന്ന നാണയപ്പെരുപ്പത്തിലാണ് തുർക്കി. കഴിഞ്ഞ വർഷാന്ത്യം നാണ്യപ്പെരുപ്പം 85 ശതമാനം കവിഞ്ഞുയുർന്നു. തുർക്കി കറൻസിയായ ലീറയുടെ മൂല്യം ഡോളറിനെതിരെ 80 ശതമാനം കണ്ട് തകർന്നടിഞ്ഞു. രണ്ടുതവണ പ്രധാനമന്ത്രിയും രണ്ടുതവണ പ്രസിഡന്റുമായി അധികാരത്തിൽ പിടിമുറുക്കിയ എർദോഗന്റെ സാമ്പത്തിക നയങ്ങളുടെ ഇരകളായി തുർക്കി ജനത മാറിയെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു. ഫെബ്രുവരിയിലുണ്ടായ വിനാശകരവും ദുരിതക്കടലിലേക്ക് അനേകായിരങ്ങളെ തള്ളിവിട്ടതുമായ ഭൂകമ്പം ഫലത്തിൽ മനുഷ്യനിർമ്മിത ദുരന്തമായിരുന്നുവെന്ന് ജനങ്ങൾ കരുതുന്നു. 1999ലെ ഭൂകമ്പത്തെത്തുടർന്നു കർക്കശമാക്കിയ കെട്ടിടനിർമ്മാണ നിയമങ്ങളിൽ ചങ്ങാതിമാരായ നിർമ്മാതാക്കൾക്കുവേണ്ടി നൽകിയ ഇളവുകളും വിട്ടുവീഴ്ചകളുമാണ് ആയിരങ്ങളുടെ കൂട്ടക്കൊലയിൽ കലാശിച്ചത്. ഭൂകമ്പ ദുരന്തബാധിത മേഖലകളാകട്ടെ എർദോഗന്റെ എകെപി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായാണ് അറിയപ്പെടുന്നത്. ദുരന്തം എർദോഗനെതിരെ തിരിയാൻ ജനങ്ങളെ നിർബന്ധിതരാക്കി. എർദോഗന്റെ ഇസ്ലാമിക തീവ്രദേശീയത കൊണ്ട് ജനപിന്തുണ തിരിച്ചുപിടിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് ആധുനിക തുർക്കി റിപ്പബ്ലിക്ക് സ്ഥാപിച്ച മുസ്തഫ കെമാൽ ആറ്റതുർക്കിനു ശേഷം രാഷ്ട്രം കണ്ട ഏറ്റവും കരുത്തുറ്റ നേതാവായാണ് എർദോഗൻ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ എർദോഗനാവട്ടെ റിപ്പബ്ലിക്കിന്റെ സ്ഥാപകതത്വങ്ങളായ മതനിരപേക്ഷത, പാർലമെന്ററി ജനാധിപത്യം എന്നിവ അട്ടിമറിച്ചുകൊണ്ടാണ് തുർക്കിയുടെമേൽ പിടിമുറുക്കിയത്. 2014ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എർദോഗൻ 2017ൽ നടത്തിയ ഒരു ഭരണഘടനാ റഫറണ്ടത്തിലൂടെ പാർലമെന്ററി ഭരണസംവിധാനത്തിന്റെ മരണമണി മുഴക്കി. 2018ൽ എർദോഗൻ തുർക്കിയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റായി എല്ലാ അധികാരങ്ങളും കൈപ്പിടിയിലാക്കി. തലസ്ഥാനമായ അങ്കാറയുടെ പ്രാന്തത്തിൽ ആയിരം മുറികളോടുകൂടിയ കൊട്ടാരത്തിലിരുന്ന് സർക്കാർ നയങ്ങൾ പ്രഖ്യാപിച്ചുകൊണ്ട്, ജനാധിപത്യത്തെ തേച്ചുമായ്ക്കുകയും ഭിന്നാഭിപ്രായങ്ങളെ ശ്വാസംമുട്ടിച്ചു നിശബ്ദമാക്കുകയും നീതിന്യായ സംവിധാനത്തെയും മാധ്യമങ്ങളെയും വരുതിയിൽ കൊണ്ടുവരികയും വഴി സമ്പൂർണ സ്വേച്ഛാധികാരം ഉറപ്പിച്ചു. എന്നാൽ വിപുലമായ ആരാധകവൃന്ദം കൂടാതെ ഒരു സ്വേച്ഛാധിപതിക്കും അധികാരത്തിൽ തുടരാനാവില്ലെന്നത് അവഗണിക്കാനാവാത്ത വസ്തുതയായി നിലനിൽക്കുന്നു. തെരഞ്ഞെടുപ്പിൽ എർദോഗനും എകെപി നേതൃത്വം നൽകുന്ന പീപ്പിൾസ് അലയൻസിനും വെല്ലുവിളി ഉയർത്തുന്നത് മുൻ ബ്യുറോക്രാറ്റ് കൂടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി(സിഎച്ച്പി) നേതാവ് കെമാൽ ക്ലുച്ഛ്ദറോലുവാണ്. എർദോഗനുമായുള്ള താരതമ്യത്തിൽ ഏറെ താരപരിവേഷമൊന്നുമില്ലാത്ത ക്ലുച്ഛ്ദറോലു നേതൃത്വം നല്കുന്ന പ്രതിപക്ഷ നാഷണൽ അലയൻസിന് വൈവിധ്യമാർന്ന ആറ് പ്രതിപക്ഷപാർട്ടികളുടെ മുന്നണി രൂപീകരിക്കാനായി എന്നതാണ് വിജയപ്രതീക്ഷ നല്കുന്ന ഘടകങ്ങളിൽ ഒന്ന്. തുർക്കി വോട്ടർമാരിൽ 15 ശതമാനംവരുന്ന ഖുർദ് വംശജരുടെ പ്രധാന രാഷ്ട്രീയപാർട്ടിയായ ഖുർദിഷ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്ഡിപി)യുടെ പിന്തുണ ആർജിക്കാനായത് ക്ലുച്ഛ്ദറോലുവിന് അ നുകൂലമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇത് കൂടി വായിക്കൂ: ചരിത്രത്തിന് മുമ്പേ നടന്ന വ്യക്തിത്വം


2018 ലെ തെരഞ്ഞെടുപ്പിൽ എച്ച്ഡിപി പാർലമെന്റിൽ മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. സായുധ ഖുർദ് കലാപകാരികളുമായി ബന്ധമാരോപിച്ച് എച്ച്ഡിപി നേതാക്കളിൽ നിരവധിപേരെ ജയിലിലടച്ചതും അവരുടെ പാർട്ടി ആസ്ഥാനമന്ദിരം അടച്ചുപൂട്ടാന്‍ എർദോഗൻ നടത്തുന്ന ശ്രമങ്ങളും ഖുർദുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതുവരെ നടന്ന പഠനങ്ങൾ എല്ലാം ക്ലുച്ഛ്ദറോലുവിനു രണ്ടുശതമാനത്തിന്റെ നേരിയ ലീഡ് പ്രവചിക്കുന്നുണ്ട്. എർദോഗനെ എതിർക്കുന്ന രണ്ടു വലതുപക്ഷ പാർട്ടികളുടെ മുന്നണി, മുഹർറം ഇൻസിനെ സ്ഥാനാർത്ഥിയായി നിർത്തിയത് എർദോഗൻവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന ആശങ്കയുണ്ട്. ഇതിനുപുറമെ വലതുപക്ഷ സ്വതന്ത്രൻ സിനാൻ ഓഗാനും മത്സരരംഗത്തുണ്ട്. എന്നാൽ തുർക്കിയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം അനുസരിച്ച് ആദ്യറൗണ്ട് വോട്ടെടുപ്പിൽ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് അമ്പത് ശതമാനം വോട്ട് നേടാനായില്ലെങ്കിൽ രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ തമ്മിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾ രാജ്യത്തിന്റെ പ്രസിഡന്റാവും. കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇത്തവണ രണ്ടാംറൗണ്ട് മത്സരത്തിലായിരിക്കും രാജ്യം ആരു ഭരിക്കുമെന്നു തീരുമാനിക്കപ്പെടുക എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. രാജ്യത്ത് വ്യാപകമായി വളർന്നുവന്നിരിക്കുന്ന എർദോഗൻ വിരുദ്ധവികാരം ഭരണമാറ്റത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുർക്കിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി, ഗ്രീൻ ലെഫ്റ്റ് പാർട്ടി, ഖുര്‍ദിഷ് എച്ച്ഡിപിയടക്കം ഉൾപ്പെട്ട ഇടതുപാർട്ടികളുടെ ലേബർ ആന്റ് ഫ്രീഡം അലയൻസ് പാർലമെന്റിലേക്ക് പൂർണയോജിപ്പോടെ അല്ലെങ്കിലും തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ 600അംഗ പാർലമെന്റിൽ നൂറ് സീറ്റുകൾ മുന്നണി പ്രതീക്ഷിച്ചിരുന്നെങ്കിലും പല നിയോജകമണ്ഡലങ്ങളിലും നടക്കുന്ന പരസ്പര മത്സരം ആ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. രാജ്യത്തെ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ച് ഏഴുശതമാനം വോട്ടുനേടുന്ന പാർട്ടികൾക്കോ മുന്നണികൾക്കോ അവരുടെ വോട്ടിന്റെ അനുപാതമനുസരിച്ച് പാർലമെന്റിൽ സീറ്റുകൾ ലഭിക്കും. ഇടതുപാർട്ടികൾക്കിടയിൽ നിലനിൽക്കുന്ന സഹോദരപ്പോര് അവരുടെ സാധ്യതകൾ പരിമിതപ്പെടുത്തുമെന്ന ആശങ്ക ശക്തമാണ്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാന്‍ എർദോഗൻ ഭരണകൂടം വിസമ്മതിക്കാനുള്ള സാധ്യത എന്നിവയെപ്പറ്റിയുള്ള ആശങ്കകള്‍ അന്തരീക്ഷത്തിൽ സജീവമാണ്. ഫലം എന്തുതന്നെയായാലും അത് യൂറോപ്യൻ യൂണിയൻ, നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) എന്നിവയെയും മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സന്തുലിതാവസ്ഥയെയും ഗണ്യമായി സ്വാധീനിക്കുമെന്നുറപ്പാണ്. എർദോഗൻ ഭരണത്തിൽ തുർക്കി അതിന്റെ സൈനിക പേശീബലം മേഖലയിൽ വ്യാപിപ്പിക്കാൻ നിരന്തരം ശ്രമിച്ചിട്ടുണ്ട്.


ഇത് കൂടി വായിക്കൂ: താളംതെറ്റുന്ന ജീവിതം, തകരുന്ന സമ്പദ്ഘടന


സിറിയയിലും ഇറാഖിലും അവർ സൈനിക ഇടപെടൽ നടത്തി. ആ രാജ്യങ്ങളിലും തുർക്കിയിൽത്തന്നെയും ഖുർദുകൾക്കെതിരെ അവർ നടത്തിയ ആക്രമണ യുദ്ധങ്ങൾ അന്താരാഷ്ട്ര വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ലിബിയക്കും അസർബൈജാനും അവർ സൈനിക പിന്തുണ നല്കിയിരുന്നു. ഇപ്പോൾ തുർക്കിയിലുള്ള ദശലക്ഷക്കണക്കിനു സിറിയൻ അഭയാർത്ഥികളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയയ്ക്കാനുള്ള ഏതുശ്രമവും സംഘർഷത്തിന് വഴിതെളിച്ചേക്കാം. സൗദിഅറേബ്യ, ഈജിപ്റ്റ്, യുഎഇ, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി തുർക്കി നയതന്ത്ര തർക്കത്തിലാണ്. ഗ്രീസും സൈപ്രസുമായും അവർക്കു സമുദ്രാതിർത്തി-സമുദ്രഗതാഗത തർക്കങ്ങൾ നിലവിലുണ്ട്. പാശ്ചാത്യ ഉപരോധം നേരിടുന്ന റഷ്യയിൽനിന്നും വ്യോമപ്രതിരോധ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിയതിന്റെ പേരിൽ തുർക്കിക്കെതിരെ യുഎസ് ഉപരോധം നിലവിലുണ്ട്. വ്ലാദിമിർ പുട്ടിനുമായുള്ള എർദോഗന്റെ ചങ്ങാത്തം നാറ്റോയിൽ അസ്വാരസ്യത്തിനു വഴിവയ്ക്കുകയും ഫിൻലൻഡ്, സ്വീഡൻ എന്നിവയുടെ നാറ്റോ പ്രവേശനത്തെ എതിർക്കുകവഴി അത് കൂടുതൽ സങ്കീർണത കൈവരിക്കുകയും ചെയ്തു. നാറ്റോ സഖ്യത്തിലെ പങ്കാളിത്തം, ഇയു പ്രവേശനം തുടങ്ങിയ തർക്കവിഷയങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും നിര്‍ണയിക്കപ്പെടുക. ഉക്രെയ്ൻ ധാന്യക്കയറ്റുമതിയിൽ തുർക്കി വഹിച്ച പങ്ക് യുദ്ധം അവസാനിപ്പിക്കുന്നതിന് അവർക്ക് കൂടുതൽ ഇടപെടലുകൾക്ക് സാധ്യത തുറന്നുനല്കിയിട്ടുണ്ട്. എന്നാൽ തുർക്കിയുടെ ഉയർന്ന പങ്കാളിത്തത്തെ പാശ്ചാത്യലോകം സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനത്തുള്ള തുർക്കിയിലെ രാഷ്ട്രീയം ഏതു ദിശയിലേക്ക് തിരിയുന്നു എന്നത് ആ രാജ്യത്തെ ജനങ്ങൾ മാത്രമല്ല ലോകവും ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ തുർക്കിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് രാജ്യത്തിന്റെ ജനാധിപത്യം, മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, സാമ്പത്തിക നിലനില്പും പുരോഗതിയും തുടങ്ങിയ മൗലിക പ്രശ്നങ്ങൾക്കുള്ള ഉത്തരം ആരായാലാണ്. അത് ഈ തെരഞ്ഞെടുപ്പ് എർദോഗൻ ദുർഭരണത്തിന്റെ തുടർച്ചയോ അന്ത്യമോ എന്നതിനെ ആശ്രയിച്ചിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.