18 December 2024, Wednesday
KSFE Galaxy Chits Banner 2

ഉന്നതമായൊരു ദൗത്യമായി ‘ഉന്നതി’

കെ രാധാകൃഷ്ണന്‍
(പട്ടികജാതി/വർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി) 
October 17, 2022 5:34 am

എല്ലാവരും ഉന്നതിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ഇന്നലെ വരെ ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് സംഘടിപ്പിച്ചത്. പലവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട അകല്‍ച്ച പരിഹരിക്കുന്നതിനും മാറിയ ലോകക്രമത്തിനൊപ്പം സഞ്ചരിക്കാന്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ പ്രാപ്തരാക്കാനും കഴിയുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ നേര്‍സാക്ഷ്യമായി ഈ പക്ഷാചരണം. ഓരോ മനുഷ്യനും പ്രകൃതിയിലെ വിഭവങ്ങള്‍ക്ക് തുല്യ അവകാശികളാണെന്നും വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിലൂടെ സമൂഹത്തില്‍ പരസ്പര വിശ്വാസവും സൗഹൃദവും ഉറപ്പാക്കാമെന്നുമുള്ള ഗാന്ധിയന്‍-സോഷ്യലിസ്റ്റ് ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം. ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി എല്ലാവരെയും ചേര്‍ത്തുപിടിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിയുന്നു. സാമൂഹ്യ സ്വാതന്ത്ര്യം സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിലൂടെയും മാത്രമേ കൈവരിക്കാനാകൂ. അതുകൊണ്ടുതന്നെ സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് സാമൂഹ്യ മൂലധനമൊരുക്കി കൈത്താങ്ങേകുകയാണ് സര്‍ക്കാര്‍. വിദ്യാഭ്യാസം, വരുമാനദായകമായ തൊഴില്‍, സ്വയംപര്യാപ്തത, അര്‍ഹരായ എല്ലാ പട്ടിക വിഭാഗക്കാര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഊന്നലും പിന്തുണയും നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

 


ഇതുകൂടി വായിക്കു; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


 

ഈ വര്‍ഷത്തെ പക്ഷാചരണ പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമായിരുന്നു മയക്കുമരുന്ന് ലഹരി വിരുദ്ധ ബോധവല്ക്കരണം. പട്ടിക ജനവിഭാഗങ്ങള്‍ കൂടുതലായും താമസിക്കുന്ന പ്രദേശങ്ങളില്‍ ലഹരി മാഫിയ നുഴഞ്ഞുകയറുന്ന സാഹചര്യം തിരിച്ചറിഞ്ഞ്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണം ഏറെ പ്രസക്തമാകുന്നു. പട്ടികജാതി പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരുടെ നേതൃത്വത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് “സേവ്”(സോഷ്യല്‍ ആക്ഷന്‍ ആന്റ് വോളന്റിയര്‍ എജ്യൂക്കേഷന്‍) കൂട്ടായ്മകള്‍ രൂപീകരിച്ച് അവയുടെ നേതൃത്വത്തിലാണ് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പ്രധാന ലഹരി വിരുദ്ധ പ്രചാരണം നടക്കുന്നത്. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മകള്‍ രൂപപ്പെടുത്തുക, കോളനികള്‍ കേന്ദ്രീകരിച്ച് അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക, യുവജനങ്ങളുടെ കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ പരിപാടികളും സേവ് കൂട്ടായ്മകളിലൂടെ ഈ പക്ഷാചരണ കാലത്തും തുടര്‍ന്നും നടപ്പാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

വ്യത്യസ്തമായ 2022 പരിപാടികള്‍ ഈ വര്‍ഷത്തെ പക്ഷാചരണ കാലയളവില്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ 2022 എന്ന സംഖ്യ മറികടക്കുന്ന വിധത്തിലാണ് കേരളത്തിലെങ്ങും പരിപാടികള്‍ തദ്ദേശ സ്ഥാപനങ്ങളിലടക്കം നടന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കാനും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥുമായി സംവാദം നടത്താനുമൊക്കെ ഈ പക്ഷാചരണ കാലയളവില്‍ പട്ടിക വിഭാഗങ്ങളില്‍പ്പെട്ട നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു. വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിലൂടെ സമഗ്ര പുരോഗതിയെന്ന ലക്ഷ്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം അട്ടപ്പാടിയിലും കാസര്‍കോടും പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ (എംആര്‍എസ്) ഈ അധ്യയന വര്‍ഷം ആരംഭിച്ചു. എംആര്‍എസ് പ്രവേശനത്തിനുള്ള കുടുംബവരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ലഭിച്ചു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠന സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയില്‍ ഒന്നര വര്‍ഷത്തിനിടയില്‍ 286 പേരെ വിദേശത്തേക്ക് പഠിക്കാന്‍ അയച്ചിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളുടെ ജീവിത നിലവാരം കൂടിയാണ് മെച്ചപ്പെടുന്നത്.


ഇതുകൂടി വായിക്കു; കേരളത്തിന്റെ പുരോഗതിക്ക് അന്നും ഇന്നും കര്‍ഷകര്‍ ഒപ്പം


 

ഭൂപ്രശ്നങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി അര്‍ഹരായവരെ ഭൂമിയുടെ അവകാശികളാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണ്. 20 വര്‍ഷമായി നടന്ന സമരം തീര്‍പ്പാക്കി തിരുവനന്തപുരം ചെറ്റച്ചലില്‍ 128 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഓഗസ്റ്റ് 25ന് കൈവശാവകാശ രേഖ ലഭ്യമാക്കി. എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ഭവന നിര്‍മ്മാണ സഹായം ആറ് ലക്ഷമായി ഉയര്‍ത്തി. വീടുകളെ അന്തസുള്ള സുരക്ഷിത ഭവനമാക്കി മാറ്റുന്നതിന് “സേഫ്” എന്നപേരില്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. 2010 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ത്തിയായതും എന്നാല്‍ പൂര്‍ണമായി വാസയോഗ്യമല്ലാത്തതുമായ വീടുകള്‍ സേഫിലൂടെ സുരക്ഷിത ഭവനങ്ങളാക്കും. എസ്‌സി, എസ്‌ടി വകുപ്പുകള്‍ക്ക് കീഴില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃ‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും സര്‍ക്കാര്‍ തലത്തിലെ തൊഴില്‍ പരിശീലനം ലഭിക്കുന്നതിനുമായി പട്ടിക വിഭാഗത്തില്‍ നിന്നും 500 അക്രെഡിറ്റഡ് എന്‍ജിനീയര്‍മാരെ അടുത്തിടെ നിയമിച്ചുകഴിഞ്ഞു. ഇതിനു പുറമെ എംഎസ്ഡബ്ല്യു യോഗ്യതയുള്ള 114 പേര്‍ക്ക് സോഷ്യല്‍ വര്‍ക്കര്‍മാരായും നിയമനം നല്‍കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളെ ഒരേസമയം തൊഴില്‍ദായകരും തൊഴില്‍ സംരംഭകരുമാക്കുന്ന എംപവര്‍മെന്റ് സൊസൈറ്റികള്‍ രൂപീകരണ ഘട്ടത്തിലാണ്.

സിവില്‍ എന്‍ജിനീയറിങ്, ഐടി, ഹെല്‍ത്ത് കെയര്‍, ടൂറിസം, വിപണനം, ഉല്പാദന യൂണിറ്റുകള്‍ തുടങ്ങിയ സംരംഭങ്ങളാണ് എംപവര്‍മെന്റ് സൊസൈറ്റി വഴി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. സാമൂഹ്യ അസമത്വങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി മുന്നേറുമ്പോഴാണ് നവകേരളമെന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ കൂടുതല്‍ അടുക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളും‍ വികസന പ്രവര്‍ത്തനങ്ങളുമെല്ലാം പിന്നാക്കാവസ്ഥയിലുള്ള മുഴുവന്‍ ജനവിഭാഗങ്ങളെയും ഉന്നതിയിലേക്ക് നയിക്കുന്നതിനാണ്. അതുകൊണ്ടുതന്നെ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇനിമുതല്‍ “ഉന്നതി” എന്ന കുടക്കീഴിലാകും സംഘടിപ്പിക്കുക. ഏറ്റവും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെയും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന എല്ലാവരുടെയും ജീവിത നിലവാരം ഉയരുമ്പോഴാണ് സമൂഹം യഥാര്‍ത്ഥത്തില്‍ പുരോഗമിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരുന്നതിനായുള്ള ആത്മവിശ്വാസം പകര്‍ന്ന് നല്‍കി, സ്വയംപര്യാപ്തതയിലെത്തിച്ച് കരുത്തുറ്റ ജനസമൂഹമായി പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ മാറ്റുക എന്നതാണ് കാലം ആവശ്യപ്പെടുന്ന ദൗത്യം. എല്ലാവരും ഉന്നതിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പക്ഷാചരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഈ ദൗത്യം ഏറ്റെടുക്കല്‍ തന്നെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.