രാജ്യത്ത് നിയമിക്കപ്പെടുന്ന ജഡ്ജിയുടെ രാഷ്ട്രീയ മനസ് എങ്ങോട്ടാണ് എന്ന് നോക്കുന്ന ശീലത്തിന് സ്വതന്ത്രഭാരതത്തോളം പഴക്കമുണ്ട്. രാഷ്ട്രത്തെ ‘നിർമ്മിക്കാനുമുയർത്താനും’ ജുഡീഷ്യറി ഉൾപ്പെടെയുള്ള തൂണുകളും തങ്ങൾക്കൊപ്പം വേണമെന്നായിരുന്നു സർക്കാരുകളുടെ താല്പര്യം. ജഡ്ജിനിയമനത്തിൽ സാമുദായിക സന്തുലനം വേണമെന്ന ആദ്യപ്രധാനമന്ത്രി നെഹ്രുവിന്റെ വാദത്തെ ആദ്യ ചീഫ് ജസ്റ്റിസ് എതിർത്തതോടെ ഏറ്റുമുട്ടലിന് തുടക്കമായി. ജുഡീഷ്യറിയിൽ സർക്കാർ രാഷ്ട്രീയതാല്പര്യത്തോടെ ഇടപെടുന്നുവെന്ന ആരോപണം അന്നു തുടങ്ങിയതാണ്. തീർപ്പാക്കപ്പെടാൻ സാധ്യതയില്ലാത്ത ഹർജിയായി അത് തുടരുന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സുപ്രീം കോടതി കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള വടംവലി. ജഡ്ജിമാർക്ക് രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാമോ എന്ന ചോദ്യത്തിനും ഇതേ കാലപ്പഴക്കമുണ്ട്. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് വിക്ടോറിയ ഗൗരി കഴിഞ്ഞദിവസം മദ്രാസ് ഹെെക്കോടതി ജഡ്ജിയായി ചുമതലയേറ്റപ്പോള്‍ ഈ ആശങ്കകളും തർക്കവും കൂടുതൽ ശക്തമായി. ഇതിന് മുമ്പ് ഇങ്ങനെ ഒരു ജഡ്ജി സത്യപ്രതിജ്ഞ ചെയ്തിരിക്കാന്‍ തന്നെ ഇടയില്ല. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി നേടിയാണ് വിക്ടോറിയ ഗൗരി ജഡ്ജിയായത്. മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരിൽ ചിലരാണ് നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വിക്ടോറിയ ഗൗരി ന്യൂനപക്ഷ സമുദായത്തിനെതിരെ മുൻവിധി പുലർത്തുന്ന വ്യക്തിയാണെന്നായിരുന്നു പരാതി. നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന ഒരാളെ ജഡ്ജിയാക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയ്ക്ക് വിഘാതമാവുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജമ്മു–കശ്മീർ ഭരണാധികാരിയും മംഗലാപുരത്തെ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമൊക്കെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിമാരായിട്ടുണ്ട്. പദവിയിലിരിക്കേ അവരില്‍ മിക്കവരുടെയും പ്രവർത്തനരീതി വിമർശിക്കപ്പെട്ടിരുന്നുമില്ല. എന്നാല്‍ മോഹൻ കുമാരമംഗലത്തെ മദ്രാസിൽ ജഡ്ജിയാക്കണമെന്ന ശുപാർശ അന്നത്തെ ചീഫ് ജസ്റ്റിസ് പി ബി സിൻഹ തള്ളിയത്, കുമാരമംഗലത്തിന്റെ കമ്മ്യൂണിസ്റ്റ് അനുഭാവം ജുഡീഷ്യൽ സംശുദ്ധിയെ ബാധിക്കുമെന്നു പറഞ്ഞാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് എംഎല്‍എയും മന്ത്രിയുമായതിനു ശേഷം ഹൈക്കോടതിയിലൂടെ സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സുപ്രീം കോടതിയിലെ ആദ്യ സോഷ്യലിസ്റ്റ് ജഡ്ജിയെന്ന വിശേഷണത്തിന് അര്‍ഹനായതും ചരിത്രം. 1957ൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968ൽ ഹൈക്കോടതി ജഡ്ജിയും 1970ൽ ലോ കമ്മിഷൻ അംഗവുമായി. 1973 മുതൽ 1980 വരെയാണ് സുപ്രീം കോടതി ജഡ്ജിയായി സേവനം നടത്തിയത്. നിയമനിർമ്മാണം, കാര്യനിർവഹണം, നീതിന്യായം തുടങ്ങി ഭരണകൂടത്തിന്റെ മൂന്ന് ഘടകങ്ങളിലും പ്രവർത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.
1980കളുടെ ആദ്യം, ബോംബെ ചീഫ് ജസ്റ്റിസ് എം എൻ ചന്ദുർക്കറിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന ശുപാർശ അന്നത്തെ സർക്കാർ തള്ളിയത് ആർഎസ്എസ് നേതാവ് എം എസ് ഗോൾവാൾക്കറുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയും അദ്ദേഹത്തെ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ട് എന്നതുകൊണ്ടാണ്. ഇക്കഴിഞ്ഞ മാസം അഭിഭാഷകരായ സൗരഭ് കൃപാൽ, സോമശേഖർ സുന്ദരേശൻ, ആർ ജോൺ സത്യൻ എന്നിവരെ യഥാക്രമം ഡൽഹി, ബോംബെ, മദ്രാസ് ഹൈക്കോടതികളിൽ ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാർശ ചെയ്തിരുന്നു. സൗരഭ് സ്വവർഗ തല്പരനും ജീവിതപങ്കാളി സ്വിസ് പൗരനുമായതിനാല്‍ ജഡ്ജിയാകാൻ യോഗ്യനല്ലെന്ന് കേന്ദ്രം വിധിച്ചു. പക്ഷപാത സ്വഭാവമുള്ള അഭിപ്രായങ്ങളുണ്ടെന്നും സർക്കാരിനെയും അതിന്റെ നയങ്ങളെയും വിമർശിക്കുന്നു എന്നുമായിരുന്നു സോമശേഖറിന്റെ അയോഗ്യത. പ്രധാനമന്ത്രിയെ വിമർശിക്കുന്ന ലേഖനം ഷെയർ ചെയ്തതും മെഡിക്കൽ സീറ്റ് ലഭിക്കാത്ത പെൺകുട്ടി ജീവനൊടുക്കിയതിനെ ‘രാഷ്ട്രീയ വഞ്ചന’ എന്നു വിളിച്ചതും ‘ഷെയിം ഓഫ് യു ഇന്ത്യ’ എന്നു ഹാഷ്‍ടാഗ് സൃഷ്ടിച്ചതുമാണ് ജോണിന്റെ പോരായ്മയെന്ന് കേന്ദ്രം കണ്ടെത്തി. ഇതൊന്നും അയോഗ്യതകളല്ലെന്നു വ്യക്തമാക്കി മൂന്നു പേരുകളും കൊളീജിയം വീണ്ടും സർക്കാരിലേക്ക് വിട്ടിരിക്കുകയാണ് എന്നത് മറ്റൊരു വസ്തുത.
വിക്ടോറിയ ഗൗരിയുടെ വിഷയം മേല്‍പ്പറഞ്ഞവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടാണ് കൊളീജിയം നിർദേശങ്ങൾ വര്‍ഷങ്ങളോളം വെെകിപ്പിക്കുന്ന കേന്ദ്ര സർക്കാർ അസാധാരണ വേഗതയില്‍ വിക്ടോറിയയുടെ പേര് അംഗീകരിച്ചത്. കഷ്ടിച്ച് മൂന്നാഴ്ച മുമ്പാണ് കൊളീജിയം വിക്ടോറിയയുടെ നിയമന ശുപാർശ അംഗീകരിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ തന്നെ വിവാദങ്ങളുയര്‍ന്നു. എന്നാല്‍ ഇതിനിടയിൽത്തന്നെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതേ മദ്രാസ് ഹൈക്കോടതിയിലേക്ക് കഴിഞ്ഞവർഷം ഫെബ്രുവരി 16ന് കൊളീജിയം നിർദേശിച്ച അഡ്വ. ആർ ജോൺ സത്യനെ ഇപ്പോഴും നിയമിച്ചിട്ടില്ല. മോഡിക്കെതിരെ വിമർശനമടങ്ങിയ ലേഖനം ഫേസ്ബുക്കിൽ പങ്കുവച്ചെന്ന ‘കുറ്റം’ കണ്ടെത്തിയാണ് കേന്ദ്രം നിയമനം വൈകിപ്പിക്കുന്നത്. ഇത് അസംബന്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടും നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. പക്ഷേ വിക്ടോറിയ ഗൗരിയെ നിയമിക്കാന്‍ തിടുക്കമുണ്ടായതിന്റെ അടിസ്ഥാനം അവര്‍ മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറിയാണ് എന്നതു തന്നെ. ആർഎസ്എസ് പ്രസിദ്ധീകരണങ്ങളിലും യൂട്യൂബ് വീഡിയോകളിലും ന്യൂനപക്ഷ നിലപാടുകള്‍ വ്യക്തമായി അവതരിപ്പിക്കുന്ന വ്യക്തിയുമാണവര്‍.
കന്യാകുമാരി ജില്ലയിൽ നിന്നുള്ള വിക്ടോറിയ ഗൗരി, 20 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ള അഭിഭാഷകയാണ്. ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. “ആഗോളതലത്തിൽ, ക്രിസ്ത്യൻ ഗ്രൂപ്പുകളെക്കാൾ അപകടകാരികളാണ് ഇസ്ലാമിക ഗ്രൂപ്പുകൾ. എന്നാൽ ഇന്ത്യയില്‍ ഇസ്ലാമിക ഗ്രൂപ്പുകളെക്കാൾ അപകടകരം ക്രിസ്ത്യൻ ഗ്രൂപ്പുകളാണ്. പ്രത്യേകിച്ച് മതപരിവർത്തനത്തിന്റെ കാര്യത്തില്‍. ലവ് ജിഹാദിന്റെ പശ്ചാത്തലത്തിൽ രണ്ടും ഒരുപോലെ അപകടകരമാണ്”-എന്ന അവരുടെ ലേഖനത്തിന്റെ ഭാഗം, നിയമനം തടയണമന്ന ആവശ്യത്താേടൊപ്പം ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ‘ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദോ ക്രിസ്ത്യൻ മിഷനറിയോ?’, ‘ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്കാരിക വംശഹത്യ’ എന്നീ ലേഖനങ്ങളെഴുതിയ ഒരാള്‍ ജഡ്ജിയായാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എങ്ങനെ നീതികിട്ടും എന്ന സംശയം സ്വാഭാവികമാണ്. മതനിരപേക്ഷത അടിസ്ഥാന തത്വങ്ങളിൽ ഒന്നായ രാജ്യത്ത് മതവിദ്വേഷ പ്രസംഗങ്ങൾ അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച സുപ്രീം കോടതി തന്നെ നിയമനാനുമതി നല്കിയത് ജനങ്ങളിലുണ്ടാക്കുക ഭീതിയാണ്. ഒരാളെ ജഡ്ജിയായി നിയമിക്കാമെന്ന് ശുപാർശ ചെയ്യുന്ന അവസരത്തിൽ അയാളുടെ മുഴുവൻ പശ്ചാത്തലവും കൊളീജിയം അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. ശുപാർശ കൈപ്പറ്റുന്ന കേന്ദ്രസർക്കാര്‍ ഇക്കാര്യം പരിശോധിച്ചശേഷമാണ് നിയമന ഉത്തരവിറക്കുന്നത്. കൊളീജിയം സംവിധാനത്തിലെ ജനാധിപത്യവിരുദ്ധതയും വര്‍ഗീയവിദ്വേഷം മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നതിന്റെ സമൂര്‍ത്തമായ ഉദാഹരണമാണ് വിക്ടോറിയ ഗൗരിയുടെ ജഡ്ജി നിയമനം. മാതാ അമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദിപറഞ്ഞുകൊണ്ടുള്ള സത്യപ്രതിജ്ഞ ജഡ്ജിയുടെ ‘പ്രതിബദ്ധത’ ആരോടെന്ന് തെളിയിക്കുന്നതുമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.