17 November 2024, Sunday
KSFE Galaxy Chits Banner 2

ഒരു സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ…

ബിനോയ് വിശ്വം എംപി
December 31, 2022 4:47 am

പ്രവാസികളുടെ ജീവിതാഭിലാഷങ്ങളോടൊപ്പം നിലകൊള്ളാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് പ്രവാസി ഫെഡറേഷൻ. ജന്മംകൊണ്ട നാൾ മുതൽ ആ ദൗത്യ നിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത കൂറും ആത്മാർത്ഥതമുറ്റിയ കാര്യക്ഷമതയും ഫെഡറേഷൻ കാണിച്ചിട്ടുണ്ട്. പ്രവാസികൾ നേരിടുന്ന നാനാവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രസ്ഥാനം വഴികൾ ആരായുന്നു. സാമ്പത്തികം മാത്രമല്ല, വോട്ടവകാശം പോലെയുള്ള രാഷ്ട്രീയ പ്രശ്നങ്ങളും നിതാഖത്ത് പോലുള്ള അതിജീവന പ്രശ്നങ്ങളും പ്രവാസികൾ നേരിടുന്നുണ്ട്.  ഉറ്റവരെയും ഉടയവരെയും വെടിഞ്ഞ് ജീവിതം കെട്ടിപ്പടുക്കുവാൻ ദൂരങ്ങളിലേക്ക് ചേക്കേറിയവരാണ് പ്രവാസികള്‍. വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും എവിടെയും എത്താൻ കഴിയാതെ പോയവരാണ് അവരിലേറെയും. പക്ഷെ, പ്രവാസസംബന്ധമായ പൊതുചർച്ചകളിൽ നാം പലപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്നത് പ്രവാസികളിലെ ചെറു ന്യൂനപക്ഷം മാത്രം വരുന്ന സമ്പന്നരെയാണ്. പ്രവാസി ഫെഡറേഷൻ ചേർത്ത് പിടിക്കുന്നത് അവരിലെ നിർഭാഗ്യവാന്മാരായ ഭൂരിപക്ഷത്തെയാണ്. പിറന്ന നാട്ടിലും എത്തിച്ചേർന്ന രാജ്യങ്ങളിലും ഉണ്ടാകുന്ന രാഷ്ട്രീയ സാമ്പത്തിക ചലനങ്ങളെല്ലാം ഇവരെ അഗാധമായി അലട്ടാറുണ്ട്. അകലെയായിരിക്കുമ്പോഴും അവരുടെ കണ്ണും കാതും മനസുമെല്ലാം സ്വന്തം നാടിനുനേരെ സദാ തുറന്നു വച്ചിരിക്കും.
വിമാനക്കൂലി ഭീകരമായി വർധിച്ചപ്പോഴും കോവിഡ് മഹാവ്യാധി പടർന്നു പിടിച്ചപ്പോഴും അവർ അനുഭവിച്ച സംഘർഷങ്ങൾക്ക് വലുതാണ്. അപ്പോഴെല്ലാം ഒപ്പംനില്ക്കാൻ, ദുഃഖത്തിൽ താങ്ങാകാൻ പ്രവാസി ഫെഡറേഷൻ ജാഗ്രതയോടെ ശ്രമിച്ചിട്ടുണ്ട്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകൾക്ക് മുന്നിൽ പ്രവാസി പ്രശ്നങ്ങളുടെ രൂക്ഷത എത്തിക്കാൻ ഫെഡറേഷന് വലിയ അളവോളം കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളോളം നാട്ടിലെത്താനോ കുടുംബത്തെ കാണാനോ കഴിയാത്ത പ്രവാസി ലക്ഷങ്ങൾ നേരിടുന്ന മനഃശാസ്ത്രപരമായ പ്രതിസന്ധിയെക്കുറിച്ച് വേണ്ടത്ര പഠനങ്ങൾ ഉണ്ടായിട്ടില്ല. അധികാര കേന്ദ്രങ്ങളെ ആ വഴിക്ക് ചിന്തിപ്പിക്കാനും അവരുടെ മാനസിക ഉണർവിന് മാർഗങ്ങൾ ഒരുക്കുവാനും പ്രവാസി ഫെഡറേഷൻ പരിശ്രമിക്കും.

 


ഇതുകൂടി വായിക്കു; ചെങ്കോലും കിരീടവും അകറ്റിനിർത്തിയ രാജശില്പി


 

കുടിയേറ്റത്തിന്റെ കാലം കഴിയുകയാണെന്ന് ഏവർക്കും അറിവുള്ളതാണ്. ഇപ്പോൾ തിരിച്ചു വരവിന്റെ കാലമാണ്. നാടിന്റെ സമ്പദ്ഘടനയെ താങ്ങി നിർത്തുന്നതിലും ഇവിടുത്തെ ജീവിതത്തെ ചലനാത്മകമാക്കുന്നതിനും പ്രവാസികൾ വഹിക്കുന്ന പങ്കിനെപ്പറ്റി എല്ലാവരും പറയാറുണ്ട്. എന്നാല്‍ സ്വയം ജീവിക്കുവാനും മറ്റുള്ളവരെ ജീവിപ്പിക്കുവാനും വേണ്ടി വിദേശങ്ങളിലേക്ക് പോയ ഇന്ത്യാക്കാരുടെ കൃത്യമായ കണക്ക് ഇപ്പോഴും നമുക്ക് ലഭ്യമല്ലെന്നത് വിചിത്രമായ സത്യമാണ്. അധികൃത കേന്ദ്രങ്ങൾ പറയുന്നതനുസരിച്ച് കോടിക്കണക്കിന് ഇന്ത്യാക്കാരാണ് പുറം രാജ്യങ്ങളിൽ ഉള്ളത്. ഇതിൽ 35,00,000 പേര്‍ ഗൾഫ് രാജ്യങ്ങളിലാണ്. അതിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് കണക്കാക്കപ്പെടുന്നത്. സാമൂഹ്യ സാമ്പത്തിക സമ്മർദ്ദങ്ങളാൽ ലക്ഷക്കണക്കിനാളുകൾ തിരിച്ചുവന്നാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. കേന്ദ്രത്തിലെ അധികാരികൾ പ്രവാസികളിലെ അതിസമ്പന്നരെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളം പ്രവാസി പ്രശ്നങ്ങളോട് വ്യത്യസ്ത സമീപനം പുലർത്താനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. നോർക്ക പ്രവർത്തനങ്ങള്‍, പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ്, ലോക കേരളസഭ എന്നിവയെല്ലാം ഇടതുസർക്കാരിന്റെ പ്രവാസി നയങ്ങളുടെ ഉദാഹരണങ്ങളാണ്. അവയെ പ്രവാസി ഫെഡറേഷൻ സ്വാഭാവികമായും പിന്തുണയ്ക്കുന്നു. പക്ഷെ, സംസ്ഥാനത്തും ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാൻ ബാക്കിയുണ്ടെന്ന് ഫെഡറേഷൻ കരുതുന്നു. ഔദ്യോഗിക സംവിധാനങ്ങളും പ്രവാസി പ്രസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് നാനാതുറകളിലെ വിദഗ്ധരുമായി ഇക്കാര്യങ്ങളെപ്പറ്റി വിശദമായ ചർച്ചകളും പഠനങ്ങളും നടത്തേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കു; നാലാംഘട്ട കാര്‍ഷിക വിപ്ലവത്തോടെ കര്‍ഷകര്‍ക്ക് വംശനാശം സംഭവിക്കും: ദേവിന്ദര്‍ ശര്‍മ്മ


 

ഈ പശ്ചാത്തലത്തിലാണ് പ്രവാസി ഫെഡറേഷൻ ഒരു നൂതന വ്യവസായ സംരംഭത്തിലേക്ക് പ്രവേശിക്കുന്നത്. പ്രവാസികളുടെ വിയർപ്പിൽനിന്നും സ്വരൂപിക്കപ്പെട്ട മൂലധനവുമായി അവരുടേത് മാത്രമായ ഒരു വ്യാവസായിക സംരംഭമാണ് ഫെഡറേഷൻ രൂപംകൊടുക്കുന്ന എക്സ്പാറ്റ് പ്രിന്റ് ഹൗസ്. ഏകദേശം ഒരു വർഷമായി പ്രവാസി ഫെഡറേഷനിലെ എല്ലാവരും കാണുന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണിത്. പ്രവാസികളുടെ തിരിച്ചുവരവിന്റെ എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാകുമെന്ന അവകാശ വാദമല്ല, ആ വഴി‌ക്കുള്ള ആത്മാർത്ഥമായ ഒരു ചുവടുവയ്പാണ്. ഈ വർഷം ഫെബ്രുവരിയിൽ നിർമ്മാണത്തിന് തുടക്കം കുറിച്ച എക്സ്പാറ്റ് പ്രിന്റ് ഹൗസ് ആധുനികവും കാര്യക്ഷമവും ഭാവനാപൂർണവുമായ അച്ചടിശാലയായി വളരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒമ്പത് മാസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഞങ്ങളുടെ ആത്മവിശ്വാസം വളരുകയാണ്.
പ്രവാസി ഫെഡറേഷനെ എന്നും പിന്തുണച്ചുപോന്ന പ്രവാസി സഹോദരങ്ങളുടെ വിശ്വാസവും പ്രതീക്ഷയും കഠിനാധ്വാനവുമാണ് എക്സ്പാറ്റ് പ്രിന്റ് ഹൗസ് ആയി പ്രവർത്തനം ആരംഭിക്കുന്നത്. ഇത് വളരണമെന്നും പല രൂപത്തിൽ വ്യാപിക്കണമെന്നും പ്രവാസി ഫെഡറേഷൻ ആഗ്രഹിക്കുന്നു. അതുമായി ബന്ധപ്പെട്ട എല്ലാ സ്വപ്നങ്ങളുടെയും വിജയം കുടികൊള്ളുന്നത് എണ്ണമറ്റ പ്രവാസി സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും പിന്തുണയിലാണ്. ഈ സദുദ്യമത്തിന് കേരളത്തിന്റെ മാധ്യമരംഗത്ത് സവിശേഷമായ സ്ഥാനമുള്ള ജനയുഗം നല്കുന്ന സഹകരണം നന്ദിയോടെയാണ് ഞങ്ങൾ ഓർക്കുന്നത്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.