മൂക്കിലെ ശസ്ത്രക്രിയ വയറ്റില്‍ ഇനി എല്ലാം തലവിധി

Web Desk
Posted on May 27, 2019, 1:59 pm
devika

ഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്ന ഒരു ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം ലോക്‌സഭാ ഫലപ്രഖ്യാപനകാലത്ത് നമ്മുടെ ചാനലുകളില്‍ നിന്ന് പുറത്തേക്ക് കവിഞ്ഞൊഴുകിയത്. ഡാനിഷ് എന്ന ഒരു പയ്യന്റെ വയറിലായിരുന്നു ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നത്. ധനുഷ് എന്ന പയ്യന് മൂക്കിലും. ഇംഗ്ലീഷിലെ കുറിപ്പടിയില്‍ രണ്ടു പേരുകള്‍ക്കും തമ്മില്‍ യു, ഐ എന്നീ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാത്രം മാറ്റം. നിരവധി ഘട്ടങ്ങള്‍ കടന്നുമാത്രമേ ശസ്ത്രകിയ നടത്താവൂ എന്നു മാര്‍ഗനിര്‍ദേശമുള്ളപ്പോള്‍ ഒരു ഒറ്റനോട്ടത്തിന് പേരിലൂടെ കണ്ണോടിച്ച് മൂക്കിലെ ശസ്ത്രക്രിയയ്ക്ക് പകരം വയര്‍ കുത്തിത്തുറന്ന് ധനുഷിന്റെ ശസ്ത്രക്രിയയും നടന്നു. കാര്യങ്ങളാകെ അല്‍ഗുത്തായപ്പോള്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. വയറുമാറി ശസ്ത്രക്രിയയ്ക്ക് വിധേയനായ പയ്യന്റെ തലവിധി.
ഇതുപോലെ കേന്ദ്രത്തിലും ഡോ. മോഡി ഒരു ശസ്ത്രക്രിയ നടത്തിയിരിക്കുന്നു. മൂക്കിനുപകരം വയറില്‍ ശസ്ത്രക്രിയ. രോഗനിര്‍ണയ കുറിപ്പില്‍ ഇന്ത്യ എന്ന രോഗിക്ക് തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയ നിരവധി രോഗങ്ങളാണുണ്ടായിരുന്നത്. ഇവയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനുപകരം ഡോ. മോഡി ചെയ്തത് മേഘങ്ങള്‍ കണ്ടാല്‍ വിറളിയെടുക്കുന്ന ഇന്ത്യ എന്ന ബാലന് കണ്ണില്‍ത്തന്നെ ശസ്ത്രക്രിയ. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഡി എന്ന പ്രശസ്തനായ ഒരു നേത്ര ചികിത്സകന്‍ നടത്തിയ സമൂഹ ശസ്ത്രക്രിയയില്‍ നൂറുകണക്കിന് പാവങ്ങളുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. ആധുനിക ഡോ. മോഡിയുടെ ശസ്ത്രക്രിയയില്‍ ഇന്ത്യയുടെ കണ്ണുകള്‍ നഷ്ടപ്പെടാനിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം തലക്കെട്ടുകള്‍ നിരത്താന്‍ പരതിയ വിജ്ഞാന കോശങ്ങള്‍ക്കും നിഘണ്ടുക്കള്‍ക്കും എണ്ണമില്ല. പക്ഷേ സത്യം പറയണമല്ലോ. ‘ജനയുഗ’ത്തിന്റെ തലക്കെട്ടാണ് ദേവിക പേര്‍ത്തും പേര്‍ത്തും ആസ്വദിച്ചത്. ഇത് ജനങ്ങളുടെ വിധി എന്ന തലക്കെട്ട്! ഇനി ജനങ്ങളുടെ (തല)വിധി എന്നങ്ങ് പൊളിച്ചു പറയാതെയുള്ള അടിപൊളി ശീര്‍ഷകം. മഞ്ചേരിയിലെ ഡോക്ടറും ഇന്ദ്രപ്രസ്ഥത്തിലെ ഡോക്ടറും നടത്തിയ ശസ്ത്രക്രിയകളിലൂടെ തലവിധിയനുഭവിക്കേണ്ടി വരുന്നത് ധനുഷ് എന്ന ബാലനും ഇന്ത്യയെന്ന പയ്യനും. ഈ ശസ്ത്രക്രിയാ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നുണ്ടാവും. ‘അനുഭവിരാജാ, അനുഭവി’ എന്ന്!

ഒഡിഷയിലെ ചന്ദ്രാണി മര്‍മു എന്ന ആദിവാസി യുവതിയും പൂനെയിലെ ചിരാഗും ഇന്ത്യയിലെ തൊഴിലില്ലാ പട്ടാളത്തിന്റെ രണ്ടു ബിംബങ്ങളാവുന്നു. ചിരാഗും ചന്ദ്രാണിയും എന്‍ജിനീയറിംഗ് ബിരുദധാരികള്‍. തൊഴില്‍തേടി അലഞ്ഞു വലഞ്ഞ ചിരാഗ് പൂനെയില്‍ ടി വി റിപ്പയര്‍ ഷോപ്പു തുടങ്ങി. ഒപ്പം ആക്രിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ നന്നാക്കി വിറ്റും ഒരു നേരത്തെ അന്നം തേടുന്ന ചിരാഗിന്റെ ദയനീയ കഥ ഈ പംക്തിയില്‍ നേരത്തെ വരച്ചുകാട്ടിയിരുന്നു. ചന്ദ്രാണി മുര്‍മുവാണെങ്കില്‍ എന്‍ജിനീയറാണെങ്കിലും ഒരു തൂപ്പുജോലിയെങ്കിലും കിട്ടാന്‍വേണ്ടി മുട്ടാത്ത വാതിലുകളില്ല. ബിജു ജനതാദള്‍ നേതാവും ഒഡിഷാ മുഖ്യമന്ത്രിയുമായ ബിജു പട്‌നായിക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കു 30 ശതമാനം സീറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സ്ഥാനാര്‍ഥിയായി നറുക്കു വീണു. രമ്യാ ഹരിദാസിനെപോലെ പാട്ടുംപാടി ജയിക്കുകയും ചെയ്തു. പുതിയ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായി 25 വയസും 11 മാസവും പ്രായമുള്ള ഈ ആദിവാസിപ്പെണ്‍കൊടി. അങ്ങനെ ചന്ദ്രാണിക്കു പണിയായി, അഞ്ചു വര്‍ഷത്തേക്ക് ഒരു എംപാനല്‍ ആയെങ്കിലും. പക്ഷേ ചിരാഗിനെപ്പോലുള്ള ദശലക്ഷക്കണക്കിന് തൊഴില്‍രഹിത എന്‍ജിനീയര്‍മാര്‍ മോഡിയുടെ രണ്ടാമൂഴത്തിലും തൊഴില്‍രഹിതരായി തുടരാനാണ് ജനത്തിന്റെ വിധി. മേശ തുടയ്ക്കാനും അടിച്ചുവാരാനും കക്കൂസ് കഴുകാനുമുള്ള ആറു തസ്തികകളിലേക്ക് 8300 എന്‍ജിനീയര്‍മാരടക്കം ആയിരങ്ങള്‍ അപേക്ഷകരായെത്തിയത് മോഡി ഭരണത്തിലെ തലവിധിയുടെ അടയാളങ്ങളാവുന്നു.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒഴിവുവരുന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പിഎസ്‌സി വഴിയാക്കണമെന്ന് രാഹുല്‍ജിയോട് ഒരഭ്യര്‍ഥനയുണ്ട്. തൊഴിലില്ലായ്മകൊണ്ട് പൊറുതിമുട്ടുന്നവര്‍ക്ക് അങ്ങനെ സുതാര്യമായി പണി ലഭിക്കും. മൂന്നു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനങ്ങള്‍, ഒരു പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം, ഒരു യുഡിഎഫ് കണ്‍വീനര്‍ തസ്തിക, പോരാഞ്ഞ് നാലഞ്ച് എംഎല്‍എ പദവികളും. നേരിട്ട് നിയമിച്ചാല്‍ ഇന്ദിരാഭവന്റെ മുന്‍വാതിലും പിന്‍വാതിലും തകര്‍ക്കുന്ന കൂട്ടയടിയും ക്രമസമാധാന ലംഘനവുമടക്കമുള്ള കലാപരിപാടികളാവും അരങ്ങേറുക. ശാസ്തമംഗലം റോഡുതന്നെ ഒരു യുദ്ധക്കളമാവും. തസ്തികകള്‍ അങ്ങനെയങ്ങ് ഒഴിച്ചിടാനുമാവില്ല. അതിനാല്‍ തൊഴില്‍രഹിതര്‍ക്ക് ഇന്ദിരാഭവനിലേക്ക് മാര്‍ച്ച് ചെയ്യാം. പിഎസ്‌സിയെ വിളിക്കൂ തസ്തികകള്‍ നികത്തൂ എന്നു മുദ്രാവാക്യം മുഴക്കാം. എംപിമാരായതോടെ സ്ഥാനമൊഴിയുന്ന കെ മുരളീധരനും കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും ബെന്നി ബെഹന്നാനും പകരം തസ്തികകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് നേരിട്ട് ശമ്പളം നല്‍കുമെന്നും അന്തരിച്ച വര്‍ക്കിംഗ് പ്രസിഡന്റിന്റെ ശമ്പളം മുല്ലപ്പള്ളിയുടെ കീശയില്‍ നിന്നെടുത്തു നല്‍കുമെന്നുമായിരിക്കണം പിഎസ്‌സി പരസ്യം. സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാതെ പരസ്യം നല്‍കിയാല്‍ ഒരു പൊട്ടന്‍പോലും അപേക്ഷകനായുണ്ടാവില്ല. കാരണം സംഗതി കോണ്‍ഗ്രസല്ലേ.

പിള്ളാരെ പിടിച്ചു പേഷ്‌കാരാക്കിയാല്‍ പലതും നടക്കും എന്നു പണ്ടാരാണ്ടു പറഞ്ഞപോലെയായി അഖിലേന്ത്യാ കോണ്‍ഗ്രസിലെ കാര്യങ്ങള്‍. മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ടും കമല്‍നാഥും പി ചിദംബരവും മക്കളെ മത്സരിപ്പിക്കാന്‍ ആക്രാന്തം കാട്ടിയെന്നാണ് രാഹുല്‍മോന്റെ വിമര്‍ശനം. തനിക്കു വിജയിക്കാനുള്ള ആക്രാന്തംമൂലം ഒരു കൊട്ട സീറ്റുകളില്‍ മത്സരിക്കാം. അളിയന്‍ റോബര്‍ട്ട് വാദ്രയേയും പെങ്ങള്‍ പ്രിയങ്കയേയും മത്സരിക്കാന്‍ കുപ്പായമണിയിച്ചും സാരി ചുറ്റിയും നിര്‍ത്താം. അനന്തിരവക്കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ സീറ്റു നല്‍കി അമേഠിയിലും റായ്ബറേലിയിലും മത്സരിപ്പിക്കാം. പക്ഷേ മറ്റു നേതാക്കളുടെ മക്കള്‍ മത്സരിച്ചാല്‍ രാഹുല്‍ അതിനു കുടുംബവാഴ്ചയുടെ ചാപ്പ കുത്തിക്കളയും. കോടികളുടെ അഴിമതി കേസുകളില്‍ ചങ്ങലക്കെട്ടുകളില്‍ കിടക്കുന്ന അളിയന്‍ വാദ്രയാകട്ടെ രാഷ്ട്രീയത്തിലിറങ്ങിക്കളയുമെന്ന് നമ്മെ ഭീഷണിപ്പെടുത്തുന്നതിനിടെ വെറും 360 കോടിയുടെ അഴിമതി നടത്തിയ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ മത്സരിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചതിനാണ് ഈ പരിഹാസമൊക്കെ. പക്ഷേ ചിദംബരം ചെട്ടിയാര്‍ വിടുമോ? ‘വാരണാസീയപുരപതേ തവ വിശ്വനാഥം’ എന്ന മന്ത്രം മുഴക്കിയ ഗംഗാതടത്തിലെ വാരണാസി എന്ന ശിവഭൂമിയില്‍ മോഡി ജയിച്ചെങ്കില്‍ ശിവചൈതന്യം തുളുമ്പുന്ന ശിവഗംഗയിലാണ് തന്റെ മകന്‍ കാര്‍ത്തി ചിദംബരകുട്ടന്‍ ജയിച്ചതെന്ന് ചിദംബരം. പലതും നടക്കാന്‍ വേണ്ടിയല്ലേ രാഹുല്‍മോനെയും കാര്‍ത്തിമോനെയും പേഷ്‌കാര്‍മാരാക്കുന്നതെന്ന ചിദംബരത്തിന്റെ വിശദീകരണം കൂടി വരുമ്പോള്‍ എല്ലാം ശുഭമാവും.

ചലച്ചിത്ര താരങ്ങളെന്തേ ഇത്രയധികം ക്രിമിനല്‍ കേസുകളില്‍ കുടുങ്ങുന്നതെന്ന ചോദ്യം സമൂഹം ചര്‍ച്ച ചെയ്യാതെ പോകുന്നതിന്റെ സാമൂഹ്യമായ അന്തര്‍ധാരകള്‍ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ഈ കേസുകളെല്ലാം പതിറ്റാണ്ടുകളോളം വലിച്ചുനീട്ടിക്കൊണ്ടുപോകുന്നതും പിന്നീട് പ്രതികളെ ആഘോഷപൂര്‍വം വിട്ടയയ്ക്കുന്നതും ചര്‍ച്ചയാകുന്നില്ല. ബോളിവുഡ് നടനായ സല്‍മാന്‍ഖാന്‍ 2003 സെപ്റ്റംബറിലെ വെളുപ്പാന്‍കാലത്ത് മദ്യലഹരിയില്‍ കാറോടിച്ച് തെരുവിലുറങ്ങാന്‍ വിധിക്കപ്പെട്ടവരില്‍ ഒരാളെ കൊല്ലുകയും മൂന്നുപേരെ മൃതപ്രായരാക്കുകയും ചെയ്ത കേസില്‍ അദ്ദേഹത്തെ കുറ്റക്കാരനെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. പക്ഷേ 12 വര്‍ഷത്തിനുശേഷം 2015 ഡിസംബറില്‍ സല്‍മാന്‍ഖാനെ വെറുതെ വിട്ടു. ഇതേ സല്‍മാന്‍ഖാന്‍ ഹരിയാനയിലെ ഷൂട്ടിങ്ങിനിടയില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി സഹനടീനടന്‍മാരോടൊപ്പം ഫ്രൈയാക്കി തിന്ന കേസ് കാല്‍നൂറ്റാണ്ടോളമായി ഇഴഞ്ഞുനീങ്ങുന്നു. കഴിഞ്ഞ ദിവസം കേസ് വീണ്ടും പൊടിതട്ടിയെടുത്തത് വെറുതെ വിടാന്‍ വേണ്ടിയാകാം.

മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും പത്ത് വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്നു. കഴിഞ്ഞ ദിവസം വീണ്ടും കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ മകന്‍ രോഷ്‌നി ഗൊഗോയിയെയാണ് നമ്മുടെ പ്രിയനടന്‍ വാദിക്കാനെത്തിച്ചിരിക്കുന്നത്. നടന്‍ ദിലീപ് പ്രതിയായ നടിയാക്രമണ കേസ് വര്‍ഷങ്ങളായി നീളുന്നതിനിടെ അദ്ദേഹത്തിന്റെ ‘ദേ പുട്ട്’ എന്ന കൊച്ചിയിലെ ‘ബഹുസ്വര പുട്ടുകട’യില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡു നടത്തിയിരിക്കുന്നു. ജാംബവാന്റെ കാലത്തെ മട്ടനും ദശാവതാര കാലത്തെ മത്സ്യവുമെല്ലാം അഴുകി തൊളിഞ്ഞ നിലയില്‍ പുട്ടുണ്ടാക്കി ജനത്തെ തീറ്റിച്ചു കൊള്ളയടിക്കാന്‍ തയാറാക്കിവച്ചിരുന്നതാണ് പിടിച്ചെടുത്തത്. സൂപ്പര്‍സ്റ്റാര്‍ ‘ദേ പുട്ടി‘ന്റെ മുതലാളിയായതുകൊണ്ടുമാത്രം സംഗതി ചില്ലറ പിഴയിലൊതുക്കി. സമൂഹത്തിലെ അത്യുന്നതര്‍ പ്രതികളാകുന്ന കേസുകളിലെന്തേ ഈ നീതിനിഷേധവും നീതി വൈകലും. രാഷ്ട്രീയം മാത്രം പോരല്ലോ അത്യുന്നതങ്ങളിലെ കുറ്റകൃത്യങ്ങളും ചര്‍ച്ചയാകേണ്ടതല്ലേ.