22 December 2024, Sunday
KSFE Galaxy Chits Banner 2

ഗുരുമുഖവും ഡിജിറ്റല്‍ വിടവും

രമേശ് ബാബു
മാറ്റൊലി
November 4, 2021 5:45 am

രമേശ് ബാബു

മാറ്റൊലി

കോവിഡ് മഹാമാരി പോംവഴികളില്ലാത്ത ദുരന്തമായി സാന്നിധ്യമറിയിച്ച വേളയിലാണ് രാജ്യത്ത് പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെടുന്നത്. പൊടുന്നനെ രാജ്യം അടച്ചുപൂട്ടപ്പെട്ടപ്പോള്‍ സമാനതകളില്ലാത്ത അനുഭവങ്ങളിലേക്ക് സമൂഹം എടുത്തെറിയപ്പെട്ടു. അടച്ചുപൂട്ടലുകള്‍ സമസ്ത മേഖലയേയും സ്തംഭനാവസ്ഥയിലാക്കി. കര്‍മ്മമേഖലകള്‍ നിര്‍ജീവമായപ്പോള്‍ ദൈനംദിന ജീവിതത്തില്‍ പട്ടിണിയും പരിവട്ടവും യാഥാര്‍ത്ഥ്യമാകുന്നത് നിസഹായതയോടെ വലിയൊരു ജനവിഭാഗം അറിഞ്ഞുതുടങ്ങി. ജോലിയും കൂലിയും ഇല്ലാതായ സാധാരണക്കാര്‍ ക്രൂരമായ വിശപ്പിന് മുന്നില്‍ പകച്ചുനിന്നപ്പോള്‍ അതിന് പരിഹാരം കാണാനുള്ള ശ്രമത്തിലായിരുന്നു സമൂഹവും ഭരണകൂട വ്യവസ്ഥിതികളും. ഇതിനിടയില്‍ അല്പകാലം അവഗണിക്കപ്പെട്ടുപോയ മേഖലയായിരുന്നു വിദ്യാഭ്യാസരംഗം.

അന്നവും വസ്ത്രവും കിടപ്പാടവും കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കേണ്ട മേഖല വിദ്യാഭ്യാസമാണ്. തലമുറയുടെ രൂപപ്പെടലും പുരോഗതിയും രാഷ്ട്രത്തിന്റെ ഭാവിയും എല്ലാം വിദ്യാഭ്യാസത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. അതുകൊണ്ടുതന്നെ കൊറോണക്കാലം ഏറ്റവുമധികം ദോഷകരമായി ബാധിച്ചിട്ടുള്ളത് വിദ്യാഭ്യാസ മേഖലയെ ആണെന്ന് പറയാം. അതിലൂടെ തലമുറയുടെ വികാസപരിണാമങ്ങളെയും…

2020 മാര്‍ച്ചിന് ശേഷം 2021 നവംബറില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കപ്പെട്ടിരിക്കുകയാണ്. ഇതിനിടയില്‍ സര്‍വകലാശാലകളും പ്രവര്‍ത്തനക്ഷമമായി. ഒന്നര വര്‍ഷം സ്കൂളുകള്‍ അടച്ചിട്ടതിനാല്‍ ഒന്നാം ക്ലാസുകാര്‍ക്കൊപ്പം രണ്ടാം ക്ലാസുകാരും ആദ്യമായി സ്കൂളിലെത്തിയെന്ന അപൂര്‍വതയ്ക്കാണ് ഇത്തവണത്തെ സ്കൂള്‍ തുറപ്പ് സാക്ഷ്യംവഹിച്ചത്. കൊറോണ ഒരു യാഥാര്‍ത്ഥ്യമാണെന്നും അതിനൊപ്പം ഇനി ജീവിക്കുകയല്ലാതെ വഴിയില്ലെന്ന തിരിച്ചറിവിലാണ് അടച്ചുപൂട്ടലുകളോട് സമൂഹം മെല്ലെ വിടപറഞ്ഞുതുടങ്ങിയത്. ഈയൊരു യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നുതന്നെയാണ് ഇപ്പോള്‍ പള്ളിക്കൂടങ്ങളും തുറക്കപ്പെട്ടിരിക്കുന്നത്.

കോവിഡ് വ്യാപനം ശക്തമായതോടെ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പാതിവഴിയില്‍ പ്രവര്‍ത്തനം നിര്‍ത്തി അടച്ചുപൂട്ടേണ്ടിവന്നു. ഇത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും വന്‍ ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലുമാക്കി. എന്താണ് പോംവഴിയെന്ന ആരായലുകള്‍ക്കിടയില്‍ അപരിചിതമായ പാതകളിലൂടെയാണ് പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടിവന്നത്. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരുക എന്ന പരിഹാരമാര്‍ഗം മാത്രമാണ് മുന്നിലുയര്‍ന്നു വന്നത്. ഔപചാരിക വിദ്യാഭ്യാസ പ്രക്രിയയില്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ പഠിപ്പിക്കുന്ന അധ്യാപകര്‍, മൊബൈലിലൂടെയും കമ്പ്യൂട്ടറിലൂടെയും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങി മറ്റൊരു രീതി ക്രമേണ നടപ്പാകുകയായിരുന്നു. വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ വല്ക്കരണത്തിന് കൊറോണക്കാലം വഴിയൊരുക്കാന്‍ തുടങ്ങിയെങ്കിലും അടിസ്ഥാന ധര്‍മ്മങ്ങള്‍ നിറവേറ്റുന്നതില്‍ ഡിജിറ്റല്‍ വല്ക്കരണത്തിന് സാധ്യമായോ എന്ന സംശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. വിദൂര പഠനങ്ങളില്‍ അറിവിന്റെ വിനിമയം തീര്‍ച്ചയായും സാധ്യമാകുന്നുണ്ട്. എന്നാല്‍ അതിനപ്പുറം അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വൈകാരിക ബന്ധം, അറിവിന്റെ സാത്മീകരണം, സ്വതന്ത്ര ചിന്തയുടെ വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ മുഖാമുഖമില്ലാതെ എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന ഉത്കണ്ഠ വിദ്യാഭ്യാസ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് അറിവിന്റെ വിനിമയത്തിനപ്പുറമുള്ള പുരോഗമനപരമായ പരിവര്‍ത്തനങ്ങളാണെന്നിരിക്കെ ഗുരുമുഖത്തിന്റെ സമ്പര്‍ക്ക അഭാവം വലിയ വിടവുതന്നെ സൃഷ്ടിക്കുമെന്നും ഒന്നര വര്‍ഷത്തെ അടച്ചിടല്‍ കാലത്തെ സാമൂഹ്യമാറ്റങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.


ഇതു കൂടി വായിക്കാം; കോവിഡാനന്തര വിദ്യാഭ്യാസം 


കൊറോണ തീര്‍ത്ത പ്രതിസന്ധികളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ വലിയൊരളവില്‍ പരിഹാരമായെങ്കിലും ഡിജിറ്റല്‍ വിടവ് എന്നൊരു യാഥാര്‍ത്ഥ്യം രാജ്യത്ത് നിലനില്‍ക്കുന്നതായി തിരിച്ചറിയപ്പെട്ടു. ഈ വിടവാകട്ടെ മുഖാമുഖം ക്ലാസുകള്‍ നടന്നിരുന്ന കാലഘട്ടത്തേക്കാള്‍ വളരെ ഭീകരവുമാണ്. കാരണം ഇന്ത്യയില്‍ സ്വന്തമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പഠന ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വെറും 50 ശതമാനം മാത്രമാണ്. രാജ്യം ഒരു രാത്രികൊണ്ട് വിദൂര പഠന രീതിയിലേക്ക് എടുത്തെറിയപ്പെടുമ്പോ­ള്‍ അതിന് സജ്ജമായ സാമൂഹ്യ ചുറ്റുപാടുകള്‍ അല്ല വികസ്വര രാഷ്ട്രമായ ഭാരതത്തിനുള്ളത്. ഓര്‍ഗനൈസേഷന്‍‍ ഫോര്‍ ഇക്കണോമിക് കോര്‍പറേഷന്‍ ആന്റ് ഡെവലപ്മെന്റിന്റെ കണക്കനുസരിച്ച് ഡെന്മാര്‍ക്ക്, നോര്‍വേ, പോളണ്ട്, ലിത്വാനിയ, ഐസ്‌ലാന്റ്, ആസ്ട്രിയ, സ്വിറ്റ്സര്‍ലാന്റ്, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് 95 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പഠനാവശ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ ഉപകരണങ്ങളുള്ളത്. അമേരിക്ക പോലും ഈ പട്ടികയില്‍ പെടുന്നില്ല. ഡിജിറ്റല്‍ സാങ്കേതികത എത്രകണ്ട് വളര്‍ന്നാലും നഴ്സറി കുട്ടികളുടെയും ലോവര്‍ പ്രൈമറി കുട്ടികളുടെയും വിദ്യാഭ്യാസത്തില്‍ അവയ്ക്ക് നോക്കുകുത്തികളാകാന്‍ മാത്രമേ കഴിയൂ.

സാമൂഹ്യമായ ഡിജിറ്റല്‍ വിടവ് വീടുകള്‍ക്കുള്ളിലും നിലനില്ക്കുന്നുവെന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവഗണിക്കാന്‍ പറ്റാത്ത മറ്റൊരു പരിമിതിയാണ്. പല രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്ക് ആളോഹരി മൊബൈല്‍ പോലുള്ള ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ വാങ്ങിക്കൊടുക്കാനുള്ള ശേഷിയില്ലായ്മ, രക്ഷിതാക്കളുടെ ഡിജിറ്റല്‍ നിരക്ഷരത, ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത അവസ്ഥ ഒക്കെ മിക്ക വീടുകളിലും പ്രശ്നങ്ങളാണ്. അമിത ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങളും മറ്റൊരു വസ്തുതയാണ്. ശാരീരികമായ ആരോഗ്യപ്രശ്നങ്ങള്‍, വഴിതെറ്റി പോകുന്ന താല്പര്യങ്ങള്‍, ദുഃസ്വാധീനങ്ങള്‍, പ്രലോഭനങ്ങള്‍, ലൈംഗിക ചൂഷണം എന്നിവയൊക്കെ ഉത്തമ ലക്ഷ്യങ്ങളുടെ നിഴലുകളായി പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും വിദ്യാഭ്യാസം എന്ന മഹത്തായ ലക്ഷ്യത്തിന്റെ തുടര്‍ച്ചയെ ഈ അടച്ചിരുപ്പുകാലത്തും സജീവമാക്കി നിലനിര്‍ത്താന്‍ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.


ഇതു കൂടി വായിക്കാം:സ്‌കൂൾ വിദ്യാഭ്യാസം : മികവിൽ തിളങ്ങി കേരളം , ഡിജിറ്റൽ പഠന സൗകര്യത്തിൽ കേരളം കുതിച്ചെന്ന്‌ കേന്ദ്രസർക്കാർ റിപ്പോർട്ട്‌ 


വിദ്യാലയ പശ്ചാത്തലങ്ങളിലേക്ക് ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികള്‍ക്ക് വീണ്ടും കടന്നെത്താനായി എന്നത് എല്ലാത്തരത്തിലും വലിയ ആശ്വാസമാണ്. കാരണം വീട്ടില്‍ നിന്ന് ലഭിക്കാനിടയില്ലാത്ത സാമൂഹ്യമൂല്യങ്ങളും അനുഭവങ്ങളും കുട്ടികള്‍ക്ക് നല്കേണ്ടത് വിദ്യാലയ പശ്ചാത്തലങ്ങളാണ്. അധ്യാപകന്റെയും സഹപാഠികളുടെയും സാമീപ്യം പുരോഗമനപരമായ മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ ഉളവാക്കുന്നത്. അതുപോലെ കൂടുതല്‍ വിദ്യാഭ്യാസവും സാംസ്കാരിക മൂലധനവും ഉള്ള ആള്‍ക്കാരുടെ ഇടപെടല്‍ വിദ്യാര്‍ത്ഥികളില്‍ ആശാവഹമായ പരിവര്‍ത്തനങ്ങളാണ് വരുത്തുന്നത്. വിദ്യാലയത്തിലെ നിര്‍ദ്ദിഷ്ട സ്ഥലപരിധിക്കുള്ളില്‍ നിന്നുള്ള അധ്യാപക ‑വിദ്യാര്‍ത്ഥി സംവാദം ധൈഷണികവും സാംസ്കാരികവുമായ പങ്കുവയ്ക്കലിന് കളമൊരുക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ സമകാലികത്വവും ഒരര്‍ത്ഥത്തില്‍ ഇതൊക്കെ തന്നെയാണ്. വിദ്യാഭ്യാസം വെറും അറിവിന്റെ വിനിമയം മാത്രമല്ല അത് സമത്വത്തിലേക്കുള്ള മാര്‍ഗം കൂടിയാണല്ലോ!

നമ്മളില്‍ സാമൂഹിക അകലം സൃഷ്ടിച്ച കൊറോണ ഒരുപക്ഷേ വ്യാപകമായി ഇനി പടര്‍ന്നില്ലെങ്കിലും പ്രാദേശികമായി നിലനിന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുന്നത്. ഇത്തരം അവസ്ഥ ഇനിയും സംജാതമായേക്കാം. അപ്പോഴും വിദ്യാഭ്യാസ പ്രക്രിയയുടെ പ്രയാണം തുടരേണ്ടത് മൂല്യമുള്ള തലമുറകളെ വാര്‍ത്തെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഗുരുമുഖത്തു നിന്നുള്ള പഠനമാണ് അധ്യയനത്തിന്റെ ഏറ്റവും നല്ല രീതി. അതേസമയം അസമത്വത്തിന്റെ ഡിജിറ്റല്‍ വിടവുകള്‍ നികത്തുന്നതിനും നമ്മള്‍ ഉത്സാഹിക്കേണ്ടിയിരിക്കുന്നു.

മാറ്റൊലി

സേവകരെ മാത്രം പടച്ചു വിടുന്നതില്‍ നിന്ന് മാറി നാടിന് പ്രയോജനപ്പെടുന്ന വിദഗ്ധരെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പൊളിച്ചെഴുതപ്പെടേണ്ടിയിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.