23 December 2024, Monday
KSFE Galaxy Chits Banner 2

കോണ്‍ഗ്രസിലെ സുധാകര വിചിത്രവിനോദങ്ങള്‍

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
November 18, 2022 4:55 am

തീര്‍ത്തും യുക്തിവാദ ചിന്തകനും മതനിരപേക്ഷ തത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച രാഷ്ട്രമീമാംസകനുമായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവെന്ന് ചരിത്രം ആവര്‍ത്തിച്ച് വിളിച്ചറിയിക്കുന്നു. പക്ഷേ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുത്തന്‍കൂറ്റുകാരനായ അധ്യക്ഷന്‍ കെ സുധാകരന്, വര്‍ഗീയ ഫാസിസ്റ്റുകളെ സഹായിക്കുകയും സന്ധി പ്രഖ്യാപിക്കുകയും ചെയ്ത തന്റെ മുന്‍ഗാമിയാണ് നെഹ്രു. പുറത്ത് ഖദറും ഉള്ളില്‍ സംഘകുടുംബത്തിന്റെ കാവിയും എടുത്തണിഞ്ഞിരിക്കുന്ന കോണ്‍ഗ്രസുകാരുടെ യഥാര്‍ത്ഥ മാനസികാവസ്ഥയാണ് സുധാകരനിലൂടെ പ്രകടമാവുന്നത്. ഭാരതീയ സാംസ്കാരിക പൈതൃകത്തെ മുന്‍നിര്‍ത്തി ഇന്ത്യയുടെ ഭൗതിക ശാസ്ത്രീയ ചിന്തയെയും നിരീശ്വരവാദ പ്രസ്ഥാനത്തെയും കുറിച്ച് ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന ഗ്രന്ഥത്തിലൂടെയും ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുക’ളിലൂടെയും മാനവരാശിയെ ബോധ്യപ്പെടുത്തിയ മഹാമനീഷിയായ നെഹ്രുവിനെ ആര്‍എസ്എസിനെ സഹായിച്ച, വര്‍ഗീയ ശക്തികള്‍ക്ക് കീഴടങ്ങിയ വ്യക്തിയായി കോണ്‍ഗ്രസ് നേതാവ് തന്നെ വിശേഷിപ്പിക്കുന്നത് ചരിത്രം പൊറുക്കാത്ത ക്രൂരതയാണ്.

ഒരു ആരാധനാലയത്തിലും പ്രാര്‍ത്ഥനാപൂര്‍വം കടന്നു ചെല്ലാതിരുന്ന നെഹ്രു ഭക്രാനംഗല്‍ അണക്കെട്ട് രാഷ്ട്രത്തിന് സമര്‍പ്പിക്കവേ യഥാര്‍ത്ഥ ദേവാലയങ്ങള്‍ അണക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രത്തിന്റെ വികസനമാണെന്നുകൂടി ഉദ്ഘോഷിച്ചു. 1951ല്‍ ഗുജറാത്തിലെ പുനരുദ്ധരിക്കപ്പെട്ട സോമനാഥക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ക്ഷണിക്കപ്പെട്ടു. ആ ഉദ്ഘാടനവേദിയില്‍ മതനിരപേക്ഷ ഇന്ത്യയുടെ രാഷ്ട്രപതി പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് പ്രഥമ രാഷ്ട്രപതിക്ക് കത്തെഴുതിയ പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്രു.

 


ഇതുകൂടി വായിക്കു; ഇനി കോണ്‍ഗ്രസുകാര്‍ സംസാരിക്കട്ടെ


രാമചന്ദ്ര ഗുഹ ‘ഇന്ത്യ ഗാന്ധിക്കുശേഷം’ എന്ന ഗ്രന്ഥത്തില്‍ ഈ വിധം കുറിക്കുന്നു: ‘പുതിയ ക്ഷേത്രത്തിന്റെ നടതുറപ്പു ദിനത്തില്‍ സന്നിഹിതനായി ആ സന്ദര്‍ഭം ധന്യമാക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചപ്പോള്‍ നെഹ്രു ഞെട്ടി. സോമനാഥക്ഷേത്രം തുറക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഉത്സവവേളയില്‍ പങ്കെടുക്കരുത് എന്ന് അദ്ദേഹത്തിന് നെഹ്രു എഴുതി. അതിന് ദൗര്‍ഭാഗ്യവശാല്‍ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ സോമനാഥില്‍ വന്‍കിട കെട്ടിടപ്പണികള്‍ നടത്തുന്നതില്‍ ഊന്നേണ്ടുന്ന സന്ദര്‍ഭമാണ് എന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. അത് ക്രമേണയും കുറേക്കൂടി ഫലപ്രദമായും പിന്നീട് ചെയ്യാമായിരുന്നു. ഏതായാലും ഇപ്പോഴത് നടന്നു കഴിഞ്ഞു. എങ്കിലും താങ്കള്‍ ഈ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു’. ഇങ്ങനെ രാഷ്ട്രപതിക്ക് കത്തുനല്‍കിയ നെഹ്രുവിനെയാണ് സംഘകുടുംബത്തോട് സന്ധി ചെയ്യുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്ത വ്യക്തിയായി കെപിസിസി പ്രസിഡന്റ് വിശേഷിപ്പിക്കുന്നത് എന്നത് ചരിത്രത്തിലെ വിരോധാഭാസം.

നെഹ്രു കത്തെഴുതിയിട്ടും രാജേന്ദ്രപ്രസാദ് സോമനാഥക്ഷേത്രത്തില്‍ പോയി. പക്ഷേ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രഭാഷണം മതനിരപേക്ഷ സംസ്കാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു. മതപരമായ അസഹിഷ്ണുത പകയും അസാന്മാര്‍ഗികതയും മാത്രമേ ഊട്ടിവളര്‍ത്തൂ എന്ന് ചൂണ്ടിക്കാണിച്ച രാജേന്ദ്രപ്രസാദ് സമ്പൂര്‍ണമായ മതസഹിഷ്ണുതയാണ് വേണ്ടതെന്നും പറഞ്ഞു. “എല്ലാ മതങ്ങളുടെയും സത്ത ഇതാണ്- സത്യം, ഈശ്വരന്‍ എന്നിവ പ്രാപിക്കാന്‍ ഒരൊറ്റ പാത പിന്തുടരണമെന്ന് നിര്‍ബന്ധമില്ല. ഈ സത്ത മനസിലാക്കാന്‍ ശ്രമിക്കണം. കാരണം, വിശാല സാഗരത്തില്‍ എല്ലാ നദികളും ഒന്നാകുന്നതെങ്ങനെയോ അങ്ങനെ വിവിധ മതങ്ങള്‍ ഈശ്വരപദ പ്രാപ്തിക്ക് സഹായിക്കണം.’’ നെഹ്രുവിനെപ്പോലെ യുക്തിചിന്തയുടെയും ഭൗതികവാദത്തിന്റെയും വക്താവായിരുന്നില്ല രാജേന്ദ്രപ്രസാദ്. എങ്കിലും രാമനും റഹീമും ഒന്നു തന്നെയെന്ന് ഉദ്ഘോഷിച്ച, ഈശ്വര-അള്ള തേരാനാം എന്ന് ആവര്‍ത്തിച്ച് പഠിപ്പിച്ച ഗാന്ധിജിയുടെ മതനിരപേക്ഷ‑സൗഹാര്‍ദ്ദ ദര്‍ശനമാണ് അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ അടയാളപ്പെടുന്നത്.

 


ഇതുകൂടി വായിക്കു;കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് ഫലിതവും ഒളിവില്‍പോകുന്ന ബലാത്ക്കാര വീര്യവും


 

ഗാന്ധിജിയെയും നെഹ്രുവിനെയും അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത കൂപമണ്ഡുകങ്ങളുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. ഗാന്ധിജിയുടെ ഹൃദയത്തിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ചപ്പോള്‍ നാഥുറാം വിനായക് ഗോഡ്സെയുടെ ആര്‍എസ്എസിന് നിരോധനമേര്‍പ്പെടുത്തിയ ഭരണാധികാരിയാണ് ജവഹര്‍ലാല്‍ നെഹ്രു എന്നതുപോലും കെ സുധാകരന്‍മാര്‍ അറിയുന്നില്ല. ആര്‍എസ്എസ് നിരോധനം നീക്കാന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ യത്നിച്ചപ്പോഴും സര്‍സംഘചാലകിനെ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴും പട്ടേലിനെതിരെ നിശിതവിമര്‍ശനം നടത്തിയ നെഹ്രുവിനെ പുതുകാല ഫാഷന്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയുന്നതെങ്ങനെ?
ആര്‍എസ്എസ് ശാഖ നടത്തുവാന്‍ സുരക്ഷാകവചം ഒരുക്കിയിട്ടുണ്ടെന്ന കെ സുധാകരന്റെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ സംഘ്പരിവാര ബാന്ധവത്തിന്റെ പൂര്‍വകാല ചരിത്രം വിളിച്ചറിയിക്കുന്നു. താന്‍ ഏത് സമയത്തും ബിജെപിയില്‍ ചേരുമെന്ന ഭീഷണി മുഴക്കിയാണ് സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഭാഷയിലും സ്വരത്തിലും പ്രഭാഷണവും സംഭാഷണവും നടത്തുന്ന കെ സുധാകരന്റെ ശരീരം കോണ്‍ഗ്രസിലും മനസ് ബിജെപിയിലുമാണെന്ന് പറഞ്ഞതിന്റെ മാനങ്ങള്‍ തെല്ലും ചെറുതല്ല.

രാഹുല്‍ഗാന്ധിക്കയച്ചു എന്ന് പറയപ്പെടുന്ന രാജിക്കത്ത് തന്നെ ബിജെപിയിലേക്ക് പോകുമെന്ന ഭീഷണി സ്വരം ഉയര്‍ത്താനാവും. പ്രതിപക്ഷ നേതാവുമായുള്ള ഭിന്നത കൂടി വെളിവാക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുകളുടെ പിറവിയും വിളിച്ചോതുന്നു. രമേശ് ചെന്നിത്തലയും വി ഡി സതീശനുമെല്ലാം രംഗത്തു വരുമ്പോഴും ഉള്ളിലിരുപ്പ് മറ്റൊന്നാണ് എന്ന് വ്യക്തം. എ ഗ്രൂപ്പ് പ്രമാണിമാര്‍ അരങ്ങിലില്ല. അവര്‍ അണിയറയില്‍ പടയൊരുക്കത്തിലാണ്. ആര്‍എസ്‌എസ് മനസുള്ളവര്‍ക്ക് കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയിലേക്ക് പോകാമെന്ന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ പറഞ്ഞത് സുധാകരാദികളെ ഉദ്ദേശിച്ചാവും. നെഹ്രുവിനെ അവഹേളിച്ച സുധാകരന്‍ വാക്കുപിഴയെന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിച്ചതുകൊണ്ട് വിഷയം അവസാനിക്കുന്നില്ല എന്ന് കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും പ്രഖ്യാപിച്ചതോടെ മുങ്ങിത്താഴുന്ന കോണ്‍ഗ്രസ് കപ്പലില്‍ അവസാനത്തെ ആണികൂടി ആഞ്ഞുതറയ്ക്കുന്നു. സുധാകര വിനോദങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നേ പറയാനാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.