മലബാറിൽ ഹൈദരലിയുടെയും പിന്നീട് മകൻ ടിപ്പു സുൽത്താന്റെയും നേതൃത്വത്തിൽ മൈസൂർ രാജാവിന്റെ ഭരണം സ്ഥാപിതമാവുന്നത് 1766ലാണ്. അതിനുമുമ്പ് 1746ൽ കോഴിക്കോട് സാമൂതിരി, പാലക്കാട് രാജ്യം ആക്രമിച്ചപ്പോൾ പാലക്കാട്, മൈസൂർ രാജാവിനോട് സഹായമഭ്യർത്ഥിക്കുകയും ഹൈദരലിയുടെ മൈസൂർ സേനയുടെ നേതൃത്വത്തിൽ പാലക്കാട്, വള്ളുവനാടിലെ വള്ളുവ കോനാതിരിയുടെ ഭടൻമാർ, കോട്ടക്കലിലെ കോവിലകത്തെ ഭൃത്യന്മാർ ഇവർ സാമൂതിരിയുടെ പടയെ തടഞ്ഞു. മൈസൂരിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടായതിനാൽ തിരിച്ചുപോയ ഹൈദർ 1757ൽ സാമൂതിരിയുമായി സന്ധിചെയ്തു. 12 ലക്ഷം പണം യുദ്ധച്ചെലവ് സാമൂതിരി നല്കാമെന്നും പാലക്കാട് കോമ്പിയച്ചൻ രാജാവിൽ നിന്നും പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനൽകണമെന്ന വ്യവസ്ഥയിലും. എന്നാൽ രണ്ടാംഗഡു പണം ലഭിക്കാതെ വന്നപ്പോൾ 1766ൽ ഹൈദർ സൈന്യത്തെ അയച്ചു. ബന്ദിയാക്കപ്പെട്ട സാമൂതിരി ആത്മഹത്യ ചെയ്തു. തുടർന്ന് കോഴിക്കോട് ഗവർണറായി മദണ്ണ എന്ന മൈസൂർ ബ്രാഹ്മണനെ ഹൈദർ നിയമിച്ചു. കേരളത്തിൽ തിരുവിതാംകൂർ നാട്ടുരാജ്യമൊഴികെ പെരിയാറിനു വടക്ക് മുഴുവൻ പ്രദേശവും മൈസൂർ ഭരണത്തിൻ കീഴിലായ കാലമായിരുന്നു 1766 മുതൽ 1790 വരെ. ആദ്യ ഒമ്പതു വർഷം ഹൈദറും പിന്നീട് ഏഴു വർഷം ടിപ്പുവും ഭരിച്ചു. ശ്രീനിവാസറാവു, മദണ്ണ എന്നീ മൈസൂർ ബ്രാഹ്മണരായിരുന്നു ഗവർണർമാർ.
മൈസൂർ പട്ടാളം മലബാർ പിടിച്ചടക്കുന്നതിനു മുമ്പുള്ള കാലത്ത് മലബാറിൽ വളരെ ചെറിയ പ്രദേശങ്ങൾ ഭരിച്ചിരുന്ന അനേകം രാജാക്കന്മാരുണ്ടായിരുന്നു. ഈ രാജ്യങ്ങൾ തമ്മിൽ നിരന്തരമായ യുദ്ധങ്ങൾ നടന്നിരുന്നു. സൈന്യങ്ങൾ എണ്ണത്തിലും ആയുധങ്ങളുടെ കാര്യത്തിലും വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നതിനാൽ രക്തച്ചൊരിച്ചിലുകൾ അപൂർവമായിരുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ചില മൈതാനങ്ങളിൽ വച്ചായിരുന്നു ഏറ്റുമുട്ടലുകൾ നടന്നിരുന്നത്. കർഷകരുടെ ജീവിതം അതീവ ദാരിദ്ര്യത്തിലും അടിമത്തത്തിലുമായിരുന്നു. കാർഷിക ഉല്പന്നങ്ങൾ മുഴുവനായും ജന്മികൾ പാട്ടമായി പിരിച്ചെടുത്തു. കൃഷിഭൂമിയിൽ കർഷകന് ഒരു അവകാശവുമുണ്ടായിരുന്നില്ലതാനും. സഞ്ചാരയോഗ്യമായ വഴികളോ, വിദ്യാലയങ്ങളോ, ചികിത്സാ സൗകര്യങ്ങളോ, താമസയോഗ്യമായ വീടുകൾപോലും കർഷകർക്ക് ഉണ്ടായിരുന്നില്ല. ഇങ്ങനെ ദാരിദ്ര്യത്തിൽ മുഴുകിയ അവസ്ഥയിലാണ് മൈസൂർ അധിനിവേശം നടക്കുന്നത്.
മൈസൂർ പടയെ പേടിച്ച് നാട്ടുരാജാക്കന്മാരും ജന്മിമാരും കൊച്ചി, തിരുവിതാംകൂർ രാജ്യങ്ങളിലേക്ക് പലായനം ചെയ്തതോടെ കർഷകർ ആദ്യമായി സ്വന്തം കൃഷിയിടങ്ങളിലെ ഉല്പന്നങ്ങളുടെ അവകാശികളായി. മൈസൂർ ഭരണം രാജ്യഭരണം ആധുനികവൽക്കരിക്കുകയും കേന്ദ്രീകൃത ഭരണസംവിധാനവും നീതിന്യായ വ്യവസ്ഥയും നടപ്പിലാക്കി. നികുതി പിരിവ് കുടിയാന്മാർക്ക് സഹായകരമായ വിധത്തിൽ ഭൂമിയിൽ നിന്നും ലഭിക്കുന്ന വിളവിന്റെ അടിസ്ഥാനത്തിൽ നിർണയിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിച്ചു നല്കി. കൃഷിക്കാർക്ക് കടം നല്കുവാനും പണ്ടകശാലകൾ സ്ഥാപിച്ച് കർഷകരിൽ നിന്ന് നേരിട്ട് കാർഷിക ഉല്പന്നങ്ങൾ വാങ്ങുവാനും കൃഷിനാശം സംഭവിച്ചാൽ നികുതി ഇളവ് നല്കുവാനും സംവിധാനമുണ്ടായിരുന്നു.
അക്കാലത്ത് മലബാർ സന്ദർശിച്ച ബ്രിട്ടീഷ് ചരിത്രകാരൻ എഡ്വേർഡ് മൂർ ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘മലബാറിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളും സമൃദ്ധമായ കൃഷിയിടങ്ങളും ജനത്തിരക്കുള്ള പട്ടണങ്ങളും കാണാം. ജനങ്ങളുടെ സാമ്പത്തികാഭിവൃദ്ധി കാണുമ്പോൾ പ്രഗത്ഭനായ ഒരു ഭരണാധികാരിയുടെ കീഴിലുള്ള രാജ്യമാണെന്ന് ബോധ്യപ്പെടും. ജലസേചനത്തിന് അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടു. പുതിയ റോഡുകൾ നിർമ്മിച്ച് ചക്രമുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന റോഡുകൾ മലബാറിലുണ്ടാക്കിയത് ടിപ്പുവിന്റെ കാലത്താണ്. വ്യവസായ ശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ, പ്രധാന റോഡുകളിൽ ഹോട്ടൽ സൗകര്യങ്ങൾ വരെ ഇക്കാലത്ത് നടപ്പിലാക്കി. കാസർകോടും കണ്ണൂരും വലിയ നെയ്ത്തുശാലകൾ, നിത്യോപയോഗ സാധനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ, മുസാവരി ബംഗ്ലാവുകൾ അങ്ങനെ ഒരു ആധുനിക രാജ്യത്തിന് അന്ന് ആവശ്യമുണ്ടായിരുന്നതെല്ലാം മൈസൂർ ഭരണകാലത്ത് മലബാറിൽ ഉണ്ടായി.
സ്ക്രീകൾക്കുമേൽ വസ്ത്രധാരണം നിർബന്ധമാക്കി, ആധുനിക ജീവിതരീതി പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ മലബാറിലെ സാധാരണ കർഷകരും വ്യാപാരികളും നാട്ടുരാജാക്കന്മാരുടെയും ജന്മികളുടെയും കൊടിയ ചൂഷണത്തിൽ നിന്നും രക്ഷപ്പെട്ട കാലമായിരുന്നു മൈസൂർ ഭരണകാലം. എന്നാൽ 1792ൽ മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതോടെ മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലേക്കു തിരിച്ചുവരികയും അതോടെ നാടുവിട്ട നാട്ടുരാജാക്കൻമാരും ജന്മിമാരും തിരിച്ചെത്തി കർഷകരുടെ ഭൂമി പിടിച്ചെടുത്ത് അക്രമങ്ങളും അതിക്രമങ്ങളും പൂർവാധികം ശക്തിയായി ബ്രിട്ടീഷുകാരുടെ പിൻബലത്തോടെ തുടങ്ങുകയും ചെയ്തു. മലബാറിലെ കാർഷിക കലാപങ്ങളുടെ ചരിത്രം തുടങ്ങുന്നത് ഈ ചരിത്ര സന്ധിയിലാണ്. ബ്രിട്ടീഷ് അധികാരികളുടെ സഹായത്തോടെ കൃഷിഭൂമി ഒഴിപ്പിച്ചെടുത്ത ജന്മിമാർ പാട്ടവും നികുതിയുമായി കർഷകരുടെ മുഴുവൻ വിളകളും പിടിച്ചെടുത്തു. 1800 മുതൽ 1836, 1843, 1844, 1849, 1851, 1896 വർഷങ്ങളിലെല്ലാം ചെറുതുംവലുതുമായ നിരവധി ലഹളകൾ നടന്നു. 1849ലെ മഞ്ചേരി കലാപത്തിൽ ഹസ്സൻ മൊയ്തീൻ ഗുരുക്കളുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് അധികാരികൾ അടിച്ചേൽപ്പിക്കുന്ന അന്യായമായ നികുതി നല്കില്ല എന്നു തീരുമാനിച്ചായിരുന്നു കലാപം.
പ്രധാനമായും ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ 1800 മുതൽ നടന്ന 830ലധികം കലാപങ്ങൾ ഈസ്റ്റിന്ത്യാ കമ്പനിയും പിന്നീട് ബ്രിട്ടീഷ് സർക്കാരും ജന്മിമാരുടെയും അവരുടെ പിണിയാളുകളുടെയും സഹായത്തോടെ അടിച്ചമർത്തി. ജന്മിമാരിലും പട്ടാള, പൊലീസ് ഉദ്യോഗസ്ഥരിലും ഹിന്ദുക്കളും മുസ്‌ലിങ്ങളുമുണ്ടായിരുന്നു. എതിർത്ത കർഷകരിലും ഹിന്ദുക്കളും മുസ്‌ലിങ്ങളുമുണ്ടായിരുന്നു. ഒരു ഭാഗത്ത് സർക്കാരും ജന്മിമാരും മറുഭാഗത്ത് പാവപ്പെട്ട കർഷകരും. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ കർഷകരിലധികവും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു എന്നു മാത്രം. ഇതേ കാലഘട്ടത്തിൽ കുടിയായ്മ കർഷകർക്കു കൃഷിഭൂമിയിൽ അവകാശം ലഭിക്കാനായുളള പ്രക്ഷോഭങ്ങൾ മലബാറിലാകെ ഉയർന്നുവന്നു. കോൺഗ്രസ് സമ്മേളനങ്ങളിൽ ഭൂപരിഷ്കരണം സംബന്ധിച്ച പ്രമേയങ്ങൾ ജന്മിമാർ സംഘടിതമായി എതിർത്തു. 1919ൽ മഞ്ചേരിയിൽ ചേർന്ന അഖില മലബാർ കോൺഗ്രസ് സമ്മേളനത്തിൽ ഭൂമി തങ്ങളുടേതാണെന്ന് ജന്മിമാരും, അല്ലെന്ന് കുടിയാന്മാരും വാദിച്ചു. ജന്മാവകാശത്തെ അംഗീകരിക്കുവാൻ 1300ലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം തയാറായില്ല. ജന്മിമാർ യോഗം ബഹിഷ്ക്കരിച്ചു.
1880കളിൽ ആരംഭിച്ച കുടിയാന്മാരുടെ പ്രക്ഷോഭങ്ങൾക്ക് ഒരു ഏകീകൃത രൂപമുണ്ടാവുന്നത് 1920ൽ മലബാർ കുടിയാൻ സംഘം രൂപീകരിച്ചതോടെയാണ്. എം പി നാരായണ മേനോൻ, കെ എ കേരളീയൻ, കട്ടിലശ്ശേരി മുഹമ്മദ് മുസലിയാർ തുടങ്ങിയവർ കൂടിയാൻ സംഘത്തിന്റെ നേതാക്കളായിരുന്നു. ദീർഘമായ ഒരു കാലഘട്ടത്തിൽ കൃഷിഭൂമിയുടെ അവകാശം സംബന്ധിച്ച് ജന്മിമാരും കർഷകരും തമ്മിൽ നടന്ന തർക്കങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പരിസമാപ്തിയാണ് 1921ലെ മലബാർ കലാപം. ഖിലാഫത്ത് പ്രസ്ഥാനം അതിനു വഴിമരുന്നായി എന്ന് മാത്രം. 1919ലെ മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിൽ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ നിന്നുള്ള മാപ്പിള കർഷകരുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റി രൂപീകൃതമായത് 1921 ജനവരി 30നും.
1921 ഫെബ്രുവരി 16ന് ഖിലാഫത്ത് സമര പ്രചരണത്തിനായി ഏറനാട്ടിലെത്തിയ കെ മാധവൻ നായർ, ഗോപാല മേനോൻ, മൊയ്തീൻ കോയ എന്നീ സ്വാതന്ത്ര്യസമര സേനാനികളെ പൊലീസ് അറസ്റ്റുചെയ്ത് വള്ളുവനാട് ഏറനാട് താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുടർന്ന് ആറ് മാസം ജയിൽശിക്ഷ അനുഭവിച്ച് ഓഗസ്റ്റ് 17ന് പുറത്തിറങ്ങിയ ഈ നേതാക്കൾക്ക് കോഴിക്കോട് കടപ്പുറത്തുവച്ച് മലബാർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ മലബാറിന്റെ എല്ലാ ഭാഗത്തുനിന്നും ആയിരങ്ങൾ പങ്കെടുത്തു. ഏറനാട്ടിൽ നിന്ന് വലിയ പ്രാതിനിധ്യമാണ് ഉണ്ടായത്. അതിന് തിരിച്ചടി നല്കാൻ ഓഗസ്റ്റ് 19ന് കോഴിക്കോട് കളക്ടർ തോമസിന്റെ നേതൃത്വത്തിൽ ഒരു തീവണ്ടി ബ്രിട്ടീഷ് പട്ടാളം റയിൽ മാർഗം പരപ്പനങ്ങാടിയിലിറങ്ങി തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്തു. മറ്റൊരു സംഘം റോഡ് വഴിയും.
ഓഗസ്റ്റ് 20ന് പുലർച്ചെ തിരൂരങ്ങാടി പള്ളിയും ഖിലാഫത്ത് കമ്മിറ്റി ഓഫീസും പ്രവർത്തകരുടെ വീടുകളും പരിശോധിച്ച് പലരെയും അറസ്റ്റു ചെയ്തു. മമ്പറം പള്ളിയിൽ പൊലീസ് കയറി ആളുകളെ അറസ്റ്റു ചെയ്തു എന്ന വാർത്ത പരന്നതുകൊണ്ട് 2000ത്തിലധികം വരുന്നവര്‍ തിരൂരങ്ങാടിയിൽ കേന്ദ്രീകരിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഈ ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ് പട്ടാളം നിറയൊഴിച്ചു. 300ലധികം പേർ മരിച്ചു വീണു. കുറേപ്പേരെ അറസ്റ്റുചെയ്ത് തിരൂരങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിക്കുമുന്നിൽ ജനങ്ങളും പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലിൽ സെക്കന്റ് ലെഫ്റ്റനന്റ് ജോൺസൺ, ഡിവൈ എസ്‌പി റവ് ലി എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കോൺസ്റ്റബിൾമാരും മരിച്ചു.
പിൻവാങ്ങിയ പട്ടാളം ഫറോക്ക് വരെ വഴിയിൽ കണ്ടവരെയെല്ലാം വെടിവച്ചുകൊന്നു. ഓഗസ്റ്റ് 21 മുതൽ ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളിൽ മുഴുവൻ കലാപം പടർന്നു. ഓഗസ്റ്റ് 26ന് പൂക്കോട്ടൂരിലും 30ന് തിരൂരങ്ങാടിയിലും കലാപകാരികളും പട്ടാളവുമായി അതിരൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. തിരൂരങ്ങാടിയിൽ ആലി മുസ്‌ലിയാരെയും 37 അനുയായികളെയും അറസ്റ്റുചെയ്തു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും മറ്റു നേതാക്കളും കീഴടങ്ങി. ഇവരെയെല്ലാം പലപ്പോഴായി ബ്രിട്ടീഷ് പട്ടാളം വധിച്ചു. കലാപത്തിൽ സർക്കാർ ഭാഗത്ത് കമാൻഡർ ഉൾപ്പെടെ 44 സൈനികരും സർക്കാർ അനുകൂലികളായ 800ലധികം പേരും കൊല്ലപ്പെട്ടു. എന്നാൽ 2,000ത്തിലധികം കലാപകാരികൾ കൊല്ലപ്പെടുകയും 50,000ത്തിലേറെ പേർ ജയിലിലടക്കപ്പെടുകയും അത്ര തന്നെ ആളുകൾ നാടുകടത്തപ്പെടുകയും 10,000ത്തോളം പേരെ കാണാതാവുകയും ചെയ്തു.
ജാലിയൻ വാലബാഗിൽ നടത്തിയ കൂട്ടക്കുരുതിക്ക് സമാനമായ സംഭവങ്ങളാണ് മലബാർ കലാപത്തിലും നടന്നത്. 1921 നവംബർ 17ന് 200ലധികം കലാപകാരികളെ തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് പട്ടാള ഓഫീസറായിരുന്ന ഹിച്ച്കോക്കിന്റെ ഉത്തരവ് പ്രകാരം ഒരു ഗുഡ്സ് വാഗണിൽ കുത്തിനിറച്ച് കൊണ്ടുപോവുകയും കൊയമ്പത്തൂർ എത്തിയപ്പോഴേക്കും 64 പേർ വാഗണിൽ തന്നെ ശ്വാസം മുട്ടി മരിച്ചു. ബോധരഹിതരായി അവശേഷിച്ചവരിൽ 26 പേർ പുറത്തെടുത്ത ശേഷവും മരിച്ചു.
മലബാർ കലാപങ്ങളെ വർഗീയവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇപ്പോൾ തുടങ്ങിയതല്ല. കലാപ കാലത്തുതന്നെ തുടങ്ങിയതാണ്. അന്നും ഇന്നും ഈ ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതും ഒരേ ശക്തികൾ തന്നെയെന്നതും നമുക്ക് കാണാൻ സാധിക്കും. രാജ്യത്തെ വിഭജിച്ച് കൃഷിയിടങ്ങളും വ്യവസായങ്ങളും വിദേശികൾക്ക് തീറെഴുതാൻ കങ്കാണി പണി ചെയ്ത ജന്മിമാരും ബ്രിട്ടീഷ് ഭരണത്തിന്റെ വാലാട്ടി പട്ടികളുമായിരുന്നു അന്നും സ്വാതന്ത്ര്യ സമരത്തിനെതിരെ അഞ്ചാംപത്തികളായി വർത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.