20 May 2024, Monday

കേന്ദ്ര അന്വേഷണ ഏജൻസികളും ഇലക്ടറൽ ബോണ്ട് അഴിമതിയും

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
March 17, 2024 4:27 am

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ ചുരുളുകളാണ് ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചതിൽക്കൂടി സുപ്രീം കോടതി അഴിച്ചു വയ്പിച്ചത്. വ്യവസ്ഥാപിത മാർഗമെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കാവുന്ന തരത്തിൽ അഴിമതിപ്പണം വാങ്ങിക്കൂട്ടാൻ കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ കണ്ടുപിടിച്ച ഒരുപാധിയായിരുന്നു ഇലക്ടറൽ ബോണ്ടുകൾ. 2018 ൽ നടപ്പിലാക്കിയ ഇലക്ടറൽ ബോണ്ടുകളിൽക്കൂടി 16,518 കോടി രൂപയാണ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ബിജെപിയെന്ന രാഷ്ട്രീയപാർട്ടി. എന്നാൽ സുപ്രീം കോടതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയിട്ടുള്ള കണക്ക് 22,217 ബോണ്ടുകളിൽക്കൂടി 12,769 കോടി രൂപയുടെ സംഭാവനയാണ് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിട്ടുള്ളത് എന്നാണ്. ഇതിൽ 6,060 കോടി രൂപ (അതായത് 48 ശതമാനം) ബിജെപിക്ക് ലഭിച്ചു. തൃണമൂൽ കോൺഗ്രസിന് 1,609.50 കോടി രൂപയും (12.6 ശതമാനം), ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 1,421.9 കോടി രൂപയു (11.1 ശതമാനം) മാണ് ലഭിച്ചത്. ഇതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മറച്ചുവയ്ക്കുന്ന ഒന്നാണ് 2018 മാർച്ച് മുതൽ 2019 ഏപ്രിൽ വരെയുള്ള കണക്ക്. 2019 ഏപ്രിൽ മുതലുള്ള കണക്കനുസരിച്ചാണ് 6,060 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽക്കൂടി ബിജെപിക്ക് ലഭിച്ചത്. 2018 മാർച്ച് മുതൽ 2019 ഏപ്രിൽ വരെ വിറ്റഴിച്ച ഇലക്ടറൽ ബോണ്ടുകൾ 3,346 എണ്ണമാണ്. ഇതുകൂടി ചേർക്കുമ്പോൾ ആകെ ബോണ്ട് 18,871 ആണ്. ഇതിൽ പണമാക്കി മാറ്റിയ 4,002 കോടിയുടെ കണക്കുകൾ ഇതുവരെ എസ്ബിഐ വെളിപ്പെടുത്തിയിട്ടില്ല. ഇതുകൂടി വരുമ്പോൾ ബിജെപി വാങ്ങിക്കൂട്ടിയ പണത്തിന്റെ കണക്ക് ഇനിയും വർധിക്കും. 6,060 കോടിയുടെ സ്ഥാനത്ത് കുറഞ്ഞത് 8,000 കോടി രൂപയിലധികമെങ്കിലും വരും.

രാജ്യം കണ്ട ഏറ്റവും വലിയ ഈ വ്യവസ്ഥാപിത കൊള്ള നടത്തുന്നതിന് കേന്ദ്ര സർക്കാർ ഉപയോഗിച്ചത് കേന്ദ്ര അന്വേഷണ ഏജൻസികളെയാണ് എന്നത് ഈ അഴിമതിയുടെ ആസൂത്രണം എത്ര ഗൗരവതരമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ വ്യവസ്ഥാപിത കൊള്ള നടത്തുന്നതിന് ബിജെപി ഉപയോഗിച്ച ഉപകരണങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ഇൻകം ടാക്സ് ‍ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവ. എതിർചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ നിശബ്ദരാക്കാനും കാലുമാറ്റുന്നതിനും മാത്രമല്ല അഴിമതി നടത്തി പണമുണ്ടാക്കാനും ഏജന്‍സികളെ ഉപയോഗിക്കാമെന്ന് മോഡി സർക്കാർ തെളിയിച്ചു. 1,368 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ ഫ്യൂച്ചർ ഗെയിമിങ് ആന്റ് ഹോട്ടൽ സർവീസസ് ഉടമ സാന്റിയാഗോ മാർട്ടിൻ കള്ളപ്പണം വെളുപ്പിക്കലിന് 2019ൽ ഇഡി കേസെടുത്ത വ്യക്തിയാണ്. സിബിഐയും ഈ ലോട്ടറി മാഫിയയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോട്ടറി മാഫിയ മാർട്ടിൻ പണമാക്കിയ 1,368 കോടിയിൽ അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നൽകുന്ന ബിജെപിക്ക് എത്ര ലഭിച്ചു എന്നതറിയാൻ അല്പംകൂടി നമുക്ക് കാത്തിരിക്കേണ്ടി വരും. ആദായനികുതിയെന്ന ചൂണ്ടയിട്ടാണ് കൃഷ്ണറെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ മേഘ എന്‍ജിനീയറിങ് സ്ഥാപനത്തെ പിടിച്ചത്. 966 കോടി രൂപയുടെ ബോണ്ടാണ് റെഡ്ഡിയുടെ മേഘ കമ്പനി വാങ്ങി കാശാക്കി കൊടുത്തത്. ആദായ നികുതി വകുപ്പിന്റെ തുടർച്ചയായ പരിശോധനയിൽ നിന്നും ഇലക്ടറൽ ബോണ്ടുകൾ മേഘയെ രക്ഷിച്ചു.

 


ഇതുകൂടി വായിക്കൂ: ഇലക്ടറല്‍ ‘ബോംബി’ലെ കരിയും പുകയും


ഇഡി എന്ന ചൂണ്ട ഉപയോഗിച്ച് അഴിമതിയുടെ വലയിൽ വീഴ്ത്തിയ കമ്പനികളിൽ ഇന്ത്യയിലെ ‘മെറ്റൽ കിങ്’ എന്നറിയപ്പെടുന്ന വ്യവസായി അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ്, ഹൈദരാബാദിലെ ബഹുരാഷ്ട്ര മരുന്നുകമ്പനിയായ അരബിന്ദോ ഫാർമ, കൊൽക്കത്ത ആസ്ഥാനമായ കെവന്തർ അഗ്രോ കമ്പനിയെന്ന പാലുല്പന്നങ്ങളുടെ കയറ്റുമതിയിലെ വമ്പൻ തുടങ്ങിയവ ഉൾപ്പെടും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ വീണ് ഇലക്ടറൽ ബോണ്ടുകളിൽക്കൂടി ബിജെപിക്ക് പണമെത്തിച്ചവർ മറ്റൊരു വലിയ നിരയായി നിൽക്കുന്നു. നരേന്ദ്ര മോഡിയുടെ വലംകൈ ആയ ഗൗതം അഡാനിയുടെ കമ്പനികളും റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത് ബിനാമി പേരുകളിലാണോ എന്നുള്ളത് പ്രത്യേകമായി അന്വേഷിക്കേണ്ടി വരും. ഒരു ഭാഗത്ത് രാജ്യം കണ്ട ഭീകരമായ അഴിമതി നടത്തിയും മറുഭാഗത്ത് മത ന്യൂനപക്ഷങ്ങൾക്കെതിരായ വേട്ടയിൽക്കൂടി ഹിന്ദു ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തി ‘ഹിന്ദു സംരക്ഷകർ’ എന്ന പേരിൽ വോട്ടു തട്ടിയെടുത്ത് അധികാരത്തിൽ തുടരുകയും ചെയ്യുക എന്ന ഹീന തന്ത്രമാണ് ബിജെപി മെനയുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ തങ്ങളുടെ അഴിമതിയുടെ ആഴം ജനങ്ങൾ മനസിലാക്കുന്നു എന്ന ഭയപ്പാടുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമവും ചട്ടവും ധൃതഗതിയിൽ വിജ്ഞാപനം ചെയ്തത്. ജാതിക്കും മതത്തിനും അതീതമായി ഈ അഴിമതി നിറഞ്ഞ ഭരണകൂടത്തിനെതിരായി അണിനിരക്കാൻ തയ്യാറാകുന്ന ഇന്ത്യൻ ജനതയെ മതത്തിന്റെ പേരിൽ വിഭജിപ്പിച്ചുനിർത്തുകയെന്ന നെറികെട്ട തന്ത്രമാണ് കേന്ദ്രമിപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ പൗരത്വം തീരുമാനിക്കുന്നതിന് മതം ഒരു മാനദണ്ഡമാകാൻ പാടില്ല. ഭരണഘടനയുടെ ഉന്നതമായ മൂല്യങ്ങൾക്ക് നിരക്കാത്ത ഈ നടപടി ജനങ്ങളെ വിഭജിച്ചു നിർത്തി അധികാരം നിലനിർത്തുന്നതിനുള്ള തന്ത്രം മാത്രമാണെന്ന് ജനം തിരിച്ചറിയണം.  അഴിമതിയുടെ അപ്പോസ്തലന്മാർ പല മാർഗവും സ്വീകരിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. വൻകിട കോർപറേറ്റ് കമ്പനികളുടെ ദാസന്മാരായ മോഡി ഭരണം ഇന്ത്യയെന്ന ജനാധിപത്യ‑മതേതര രാജ്യത്ത് കയറിപ്പറ്റിയ കാൻസറാണ്. അത് ജനാധിപത്യപരമായി തന്നെ നമുക്ക് ഒഴിവാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.