30 April 2024, Tuesday

പൗരത്വ (ഭേദഗതി) നിയമം, പൗരത്വ രജിസ്റ്റര്‍ പിന്നെ തടങ്കല്‍ പാളയങ്ങളും

കെ ദിലീപ്
നമുക്ക് ചുറ്റും
April 2, 2024 4:30 am

1955ലെ പൗരത്വ നിയമത്തിലാണ് ആരൊക്കെയാണ് ഇന്ത്യന്‍ പൗരന്മാര്‍ എന്നും വിദേശികള്‍ക്ക് എങ്ങനെ ഇന്ത്യന്‍ പൗരത്വം നേടാമെന്നും നിര്‍വചിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഫെഡറല്‍ ഭരണ വ്യവസ്ഥയാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്റിന് മാത്രമേ പൗരത്വം സംബന്ധിച്ച് നിയമം നിര്‍വചിക്കുവാന്‍ അവകാശമുള്ളു. അതിനാല്‍ത്തന്നെ ഇവിടെ ഒരൊറ്റ പൗരത്വമേ നിലനില്‍ക്കുന്നുള്ളൂ ‘ഇന്ത്യന്‍ പൗരത്വം’. അതേസമയം ഫെഡറല്‍ ഭരണവ്യവസ്ഥയുള്ള യുഎസ്എ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഫെഡറല്‍, നാഷണല്‍ എന്നിങ്ങനെ രണ്ടുതരം പൗരത്വമുണ്ട്. ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ സാധാരണയായി താഴെ പറയുന്ന മാനദണ്ഡങ്ങളാണ് ആധാരമാക്കാവുന്നത്.
1950 ജനുവരി 26നോ അതിനുശേഷമോ ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണ്. ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കില്‍പ്പോലും ആ സമയത്ത് മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാണെങ്കില്‍ കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇന്ത്യന്‍ പൗരന്മാരെ വിവാഹം ചെയ്യുന്നവരുള്‍പ്പെടെ വിവിധ ജനവിഭാഗങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷ നല്‍കി പൗരത്വം നേടാം. വിദേശികള്‍ക്കും ഇന്ത്യാ ഗവണ്‍മെന്റിനോടപേക്ഷിച്ച് പൗരത്വം നേടാം. ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോട് ചേര്‍ക്കപ്പെടുകയാണെങ്കില്‍ അവിടെയുള്ളവര്‍ സ്വാഭാവികമായിത്തന്നെ ഇന്ത്യന്‍ പൗരന്മാരാകും.
1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലെ മേല്‍പ്പറഞ്ഞ വ്യവസ്ഥകളിലൊന്നും തന്നെ പൗരത്വത്തിനപേക്ഷിക്കുന്നതിനോ ലഭിക്കുന്നതിനോ മതപരമായ യാതൊരു വിലക്കുകളുമുണ്ടായിരുന്നില്ല. അപേക്ഷകന്റെ മതമോ വര്‍ഗമോ വര്‍ണമോ ഒന്നും തന്നെ പൗരത്വം നിഷേധിക്കുവാനുള്ള കാരണമായിരുന്നില്ല. 1955ലെ പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ക്കും അനുസൃതമായിരുന്നു.
എന്നാല്‍ 2019 ഡിസംബര്‍ 10ന് ലോക്‌സഭയും ഡിസംബര്‍ 11ന് രാജ്യസഭയും പാസാക്കി, ഡിസംബര്‍ 12ന് തന്നെ രാഷ്ട്രപതിയുടെ അനുമതി നേടി രാജ്യത്തെ നിയമമായി 2020 ജനുവരി 10ന് പ്രാബല്യം ലഭിച്ച പൗരത്വ (ഭേദഗതി) ആക്ട് 2019നെതിരെ രാജ്യമൊട്ടാകെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്, പ്രസ്തുത ആക്ട് പ്രകാരം പൗരത്വം ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയ മതപരമായ വിലക്കുകളാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരാവകാശം നല്‍കുന്നതാണ് ഈ നിയമം. പ്രാബല്യത്തില്‍ വരുന്നതിന് അഞ്ചു വര്‍ഷം മുമ്പു മുതല്‍ രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്കാണ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഇസ്ലാം മത വിശ്വാസികള്‍ വരുന്നില്ല. 1955ലെ ഇന്ത്യന്‍ പൗരത്വനിയമത്തില്‍ ഇത്തരത്തില്‍ യാതൊരു തരത്തിലുള്ള മതവിവേചനവും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും ഈ നിയമ ഭേദഗതി വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയാക്കി. അസമിലും ബംഗാളിലും ത്രിപുരയിലുമൊക്കെ വലിയ പ്രതിഷേധങ്ങള്‍ നടന്നു. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങള്‍ നടന്നു.
രാജ്യത്തിനകത്തും പുറത്തും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കാരണം 2019ലെ പൗരത്വ (ഭേദഗതി) നിയമത്തിന് അനുബന്ധമായ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത് നിയമം നടപ്പിലാക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ പൊതുതെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ 2024 മാര്‍ച്ച് 11ന് നിയമത്തിന് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തുകൊണ്ട് നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പുതിയ ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ നിയമം നടപ്പിലാക്കുന്നതില്‍ ഒരു പങ്കുമുണ്ടാവില്ല. നേരത്തെ പൗരത്വത്തിനുള്ള അപേക്ഷ ജില്ലാ കളക്ടര്‍ക്കായിരുന്നു നല്‍കേണ്ടതെങ്കില്‍ പുതിയ ചട്ടങ്ങള്‍ പ്രകാരം സംസ്ഥാനതലത്തില്‍ ഒരു ഉന്നതാധികാര സമിതി മുമ്പാകെയാണ് അപേക്ഷ നല്‍കേണ്ടത്. ആ സമിതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുംവിധമായിരിക്കും. സെന്‍സസ് വകുപ്പിലെ ഒരു ഡയറക്ടര്‍ മേധാവിയായിരിക്കുന്ന സമിതിയില്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിലെ സ്റ്റേറ്റ് ഇന്‍ഫോമാറ്റിക് ഓഫിസര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എന്നിവര്‍ അംഗങ്ങളും സംസ്ഥാന ആഭ്യന്തര വകുപ്പിലെ ഒരുദ്യോഗസ്ഥനും റെയില്‍വേയില്‍ നിന്നൊരു ഉദ്യോഗസ്ഥനും ക്ഷണിതാക്കളുമായിരിക്കും. ജില്ലകളില്‍ ജില്ലാ ഇന്‍ഫോമാറ്റിക് ഓഫിസര്‍, കേന്ദ്ര സര്‍ക്കാരിന്റെ ഒരു നോമിനി, റെയില്‍വേ സ്റ്റേഷനുള്ള ജില്ലയാണെങ്കില്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരും. സംസ്ഥാന ഉന്നതാധികാര സമിതി അപേക്ഷ നിരസിച്ചാല്‍ പിന്നെ ഹൈക്കോടതിയെ സമീപിക്കുക മാത്രമേ മാര്‍ഗമുള്ളൂ. സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു ഫോറവുമില്ല.

 


ഇതുകൂടി വായിക്കൂ: ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക, അല്ലെങ്കില്‍ ഇരയാവുക


ദേശീയ പൗരത്വ രജിസ്റ്റര്‍ ആദ്യമായി നടപ്പിലാക്കിയത് 1951ല്‍ അസമിലാണ്. അന്നത്തെ പാകിസ്ഥാന്റെ ഭാഗമായ ബംഗാള്‍ പ്രദേശത്തുനിന്നും (ഇന്നത്തെ ബംഗ്ലാദേശ്) ധാരാളം കുടിയേറ്റക്കാര്‍ അസമിലേക്ക് വരുന്നു എന്നതിന്റെ അടിസ്ഥാനത്തിലുണ്ടാക്കിയ രജിസ്റ്റര്‍ അപൂര്‍ണവും തെറ്റുകള്‍ നിറഞ്ഞതും ആയിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ 1970ല്‍ ഗുവാഹട്ടി ഹൈക്കോടതി പൗരത്വത്തിന്റെ തെളിവായി രജിസ്റ്റര്‍ പരിഗണിക്കരുത് എന്ന് ഉത്തരവിട്ടു. പിന്നീട് കുറേക്കാലം ആരും പരാമര്‍ശിക്കാതിരുന്ന രജിസ്റ്റര്‍ 80കളില്‍ ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ അത് നടപ്പിലാക്കാനുള്ള പ്രക്ഷോഭം ആരംഭിച്ചപ്പോഴാണ് വീണ്ടും ജനശ്രദ്ധയില്‍ വരുന്നത്. 85ലെ അസം കരാര്‍ പ്രകാരം രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ ആരംഭിച്ചു. അതേത്തുടര്‍ന്ന് ആരംഭിച്ച 100 ഫോറിന്‍ ട്രിബ്യൂണലുകള്‍ വഴി അപേക്ഷ നല്‍കിയാണ് കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവര്‍ പൗരത്വം തെളിയിക്കേണ്ടത്. തുടക്കം മുതല്‍ ഈ ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനങ്ങള്‍ വിവാദത്തിലാണ്. മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ മുതല്‍ അനേകം എംഎല്‍എമാരും മറ്റു പൗരപ്രമുഖരും സ്വാതന്ത്ര്യസമര സേനാനികളും ധീരതാ പുരസ്കാരം നേടിയ സൈനികരും പട്ടികയിലില്ല. 1971ന് ശേഷം അസമില്‍ എത്തിയ കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരില്‍ വംശീയ വിദ്വേഷമാണ് പ്രകടിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്തത് കാരണം പൗരത്വം ഇല്ലാതായവരെയും മറ്റ് പൗരത്വം തെളിയിക്കാനാവാതെ വരുന്നവരെയും താമസിപ്പിക്കുവാനായി പത്തടി ഉയരത്തില്‍ ചുറ്റുമതിലുള്ള ഒരു തടങ്കല്‍പ്പാളയമെങ്കിലും ഓരോ സംസ്ഥാനത്തും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിര്‍മ്മിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 2019ലെ മോഡല്‍ ഡിറ്റന്‍ഷന്‍ മാന്വല്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസമില്‍ മാത്രം ഇത്തരത്തില്‍ 10 പടുകൂറ്റന്‍ തടങ്കല്‍പ്പാളയങ്ങള്‍ ഉയരുന്നുവത്രെ. പൗരത്വം ഇല്ലാത്ത 988പേരെ 2019 നവംബര്‍ 22 വരെ അസമിലെ ആറ് വ്യത്യസ്ത തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. അസമില്‍ 2019 ഓഗസ്റ്റ് 31ന് പുതുക്കി പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം 1.9 ദശലക്ഷം ആളുകള്‍ പട്ടികയ്ക്ക് പുറത്താണ്. രാജ്യമില്ലാത്ത ഇവര്‍ ശിഷ്ടകാലം പത്തടി ഉയരമുള്ള മുള്ളുവേലികള്‍ക്കകത്ത് ജീവിക്കേണ്ടിവരും. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ വ്യത്യസ്ത തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്ന വാര്‍ത്തകള്‍ വരുന്നു. അവരില്‍ പലരും മരിക്കുന്ന വാര്‍ത്തകളും വരുന്നു. അനേക വര്‍ഷങ്ങളായി, തലമുറകളായി ഇന്ത്യന്‍ മണ്ണില്‍ കഴിയുന്ന മനുഷ്യരും രേഖകളില്ലാത്തതിന്റെ പേരില്‍ തടങ്കല്‍ പാളയങ്ങളിലേക്ക് എത്തിപ്പെടും. മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായ തടങ്കല്‍ പാളയങ്ങളുയരുന്നു എന്നാണ് വാര്‍ത്ത.
മനുഷ്യരാശി ദുഃസ്വപ്നംപോലെ മറക്കാനാഗ്രഹിക്കുന്ന എന്നാല്‍ തികച്ചും യാഥാര്‍ത്ഥ്യമായിരുന്ന പോളണ്ടിലെ നാസി തടങ്കല്‍പ്പാളയങ്ങളിലും ഒരു കുറ്റവും ചെയ്യാത്ത, ജൂതന്മാരും ജിപ്സികളും കമ്മ്യൂണിസ്റ്റുകാരും മറ്റുമായിരുന്ന ദശലക്ഷക്കണക്കിന് മനുഷ്യരായിരുന്നു നരകതുല്യമായ യാതനകള്‍ സഹിച്ച് ഒരു കാരണവുമില്ലാതെ മരിച്ചുവീണത്. ആ സത്യം ചരിത്രത്താളുകളില്‍ നിന്നും നമ്മെ തുറിച്ചുനോക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.