പ്രതികരിക്കാന്‍ മലയാളികള്‍ക്കൊപ്പം ജഗജില്ലികള്‍ ഈ അണ്ഡകടാഹത്തില്‍ ആരുണ്ട്! സ്വര്‍ണമെന്നു കേട്ടാല്‍ പ്രതികരണം. മാസക്കുളിയും മാസപ്പടിയുമെന്നു കേട്ടാല്‍ പ്രതികരണപ്രവാഹം. ബിരിയാണി, ഈത്തപ്പഴം എന്നീ വാക്കുകള്‍ കേട്ടാല്‍ പ്രതികരണത്തോടു പ്രതികരണം. അന്തരീക്ഷത്തിലാകെ പ്രതികരണങ്ങളുടെ കാര്‍മേഘപടലങ്ങള്‍. സത്യമേത് മിഥ്യയേത് ശാസ്ത്രമേത് മൂത്രമേത് എന്ന് തിരിച്ചറിയാനാവാതെ പാവം ജനവും. പക്ഷേ, ഈയിടെ നടന്ന രണ്ട് പ്രതികരണം നമ്മെ ചിന്തിപ്പിക്കുന്നു, ചിരിപ്പിക്കുന്നു. ഒന്ന് നമ്മുടെ ജഗതലപ്രതാപന്മാരും പ്രതാപിണികളുമായ മലയാള മാധ്യമ പ്രവര്‍ത്തകരുടെ വിപ്ലവ സംഘടനയായ കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ചേര്‍ന്നിറക്കിയ രഹസ്യ സര്‍ക്കുലര്‍. കരിമണല്‍ കര്‍ത്തായുടെ മാസപ്പടി പട്ടികയില്‍ പത്രപ്രവര്‍ത്തകരുടെ പേരുമുണ്ടെന്ന് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ മാസപ്പടിയെക്കുറിച്ച് സംഘടനയിലാരും മിണ്ടരുതെന്നാണ് കല്പന. പ്രതികരിച്ചാല്‍ കൂടുതല്‍ കോഴവിവരങ്ങള്‍ പുറത്തുവരും. അത് പത്രപ്രവര്‍ത്തകരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുമെന്നാണ് ഉപദേശനിര്‍ദേശങ്ങള്‍. പിടിയിലായ കള്ളനെപ്പോലെ നിലത്തു നോക്കിനിന്ന് മൗനം പാലിച്ചാല്‍ മതി. ഈ സ്വയമ്പന്‍ ഉപദേശം ലോകത്തെ ഏതു കള്ളനുകിട്ടും, കള്ളിക്കു കിട്ടും. മൗനം വിദ്വാനു മാത്രമല്ല പെരും കള്ളനും ഭൂഷണമെന്ന് ഉപദേശിക്കുന്ന ഈ പെരുങ്കള്ള മാധ്യമ നേതാക്കളെ ഏതു തെരണ്ടിവാലിനാണ് തല്ലേണ്ടത്. വിഡ്ഢികള്‍ക്കും കള്ളന്മാര്‍ക്കും വേദമോതാനറിയാമെന്നതിന് ഇതില്‍പ്പരം എന്തു തെളിവാണ് വേണ്ടത്. പ്രതികരിച്ചാല്‍ പ്രശ്നങ്ങള്‍ അളിപിളിയാകുമെന്നതിനു മറ്റൊരു തെളിവാണ് കേന്ദ്ര മന്ത്രിസഭയിലെ നഗ്ന നര്‍ത്തകിയായ സ്മൃതി ഇറാനിയുടെ പ്രതികരണം. ചാരിത്ര്യവതിയായ തന്നെ നോക്കി രാഹുല്‍ഗാന്ധി പറക്കും ചുംബനം നല്കിയെന്ന സ്മൃതി മുത്തശിയുടെ പരാതിയോടെയാണ് തുടക്കം. അതോടെ സ്മൃതിയുടെ ജീവിതത്തിലെ പഞ്ചിപ്പാല്‍ മുതല്‍ ജനം പുറത്തുവലിച്ചിട്ടു. മോഡലിങ്ങും അനുബന്ധ പരിപാടികളുമായി മുംബൈയിലെ തെരുവുകളില്‍ അലഞ്ഞുനടന്നപ്പോള്‍ തലചായ്ക്കാനൊരിടം നല്കിയത് മുംബൈയിലെ ഒരു മഹാ കോടീശ്വരന്റെ ഭാര്യ. പൊറുതി തുടങ്ങി നാല്പതു നാഴിക തികയും മുമ്പ് മഹാകോടീശ്വരനെ സ്മൃതി അടിച്ചുമാറ്റി. അഭയം നല്കിയ ആ വീട്ടമ്മ മൂന്നു മക്കളുമായി തെരുവിലും. ഇതെല്ലാം പുറത്തുവന്നതോടെ പ്രതികരണ വിശാരദയായ അടിച്ചുമാറ്റല്‍ വീരത്തി രംഗത്തിറങ്ങി.
കോടീശ്വരപത്നി തന്റെ കളിക്കൂട്ടുകാരിയല്ലെന്നും അവരെ ജീവിക്കാന്‍ അനുവദിക്കണമെന്നുമായി പ്രതികരണം. വാദിക്കുവേണ്ടി പ്രതിയുടെ വക്കാലത്ത്! നിയമ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷവുമായിരുന്നു അടിച്ചമാറ്റല്‍ നടന്നതെന്ന വിശദീകരണം കൂടിയായപ്പോള്‍ ആകെ ചളമായി. ഇതെല്ലാം കണ്ടും കേട്ടും കോപാവേശരായ ജനം പണ്ട് ഹോട്ടലില്‍ കുബേര നര്‍ത്തകിയായിരുന്ന സ്മൃതിയുടെ നഗ്നമേനിയുടെ ചിത്രം തരംഗമാക്കുന്നു. സ്മൃതിക്കുണ്ടോ പ്രതികരണ വിമുഖത. അതൊക്കെ സുഖപ്രദമായ ഒരു കാലം എന്ന് നഗ്ന ചിത്രത്തെക്കുറിച്ച് വിശദീകരണം. ദേ പുതിയ വാര്‍ത്തവരുന്നു. രാഹുല്‍ഗാന്ധിക്കെതിരേ വയനാട്ടിലും അമേഠിയിലും സ്മൃതി മത്സരിക്കുമെന്ന്. വയനാട്ടുകാര്‍ക്ക് ഇനിയൊരു ഉത്സവകാലമായിരിക്കും. രാഹുലിനെ നോക്കി സ്മൃതി വേദികളില്‍ നിന്നും വേദികളിലേക്ക് നഗ്നനൃത്തമായെത്തും. ‘ചെപ്പുകിലുക്കണ ചങ്ങാതി നിന്റെ ചെപ്പുതുറന്നൊന്നു കാട്ടൂലേ’ എന്നു രാഹുലിനെ നോക്കി പാടി. അമേഠിയിലെ നഗ്നനൃത്തത്തിന്റെ പാട്ട് വേറെയായിരിക്കും. ‘ഹം തും ഏക് കമ്രേ മേം ബന്ധ് ഹോ!’ ഗുരുവന്ദനം ശിഷ്യവന്ദനമാകുന്ന കാലം! ‘മാതാ, പിതാ, ഗുരു ദൈവം’ എന്ന പണ്ടത്തെ കാലമൊക്കെ എന്നേ ഗതകാലസ്മരണയായി. പ്രിന്‍സിപ്പലിന്റെ കസേരകത്തിക്കുന്ന ശിഷ്യര്‍. പ്രിന്‍സിപ്പലിന്റെ ചിത്രത്തിനു മുന്നില്‍ റീത്തു സര്‍പ്പിക്കുന്ന ന്യൂജന്‍ കുട്ടപ്പന്മാരും കുട്ടപ്പത്തികളും. കാഴ്ചപരിമിതിയുള്ള ഡോ. പ്രിയേഷ് എന്ന അധ്യാപകനെ അപമാനിക്കുന്ന കെഎസ്‌യു ശിഷ്യര്‍. അട്ടപ്പാടി കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ലാലിമോളുടെ പേരില്‍ വാഴവയ്ക്കുന്ന എസ്എഫ്ഐ ശിഷ്യര്‍. ഇതെല്ലാമായിട്ടും ആ ഗുരുക്കള്‍ പറയുന്നു. കേസൊന്നും വേണ്ട. അവര്‍ പഠിച്ചോട്ടെ. അവര്‍ നമ്മുടെ ശിഷ്യരല്ലേ. ആ മഹാമനസുകള്‍ നടത്തുന്നത് പുതുകാല ശിഷ്യവന്ദനം. ഗുരുശിഷ്യബന്ധം തകിടം മറിഞ്ഞാല്‍ തകരുന്നത് നമ്മുടെ അമൂല്യമായ ധാര്‍മ്മിക, സാംസ്കാരിക മൂല്യങ്ങളല്ലേ. ഇതെല്ലാം കണ്ടിട്ടും നമ്മുടെ സാംസ്കാരിക നായകര്‍ മഹാമൗനികളാവുന്ന ദുരന്തം. സംസ്ഥാനത്തെ ഏറ്റവും വലിയ സ്വയംതൊഴില്‍ കണ്ടെത്തല്‍ ഇന്ന് ലോട്ടറി കച്ചവടമാണ്. നഗരപാതകളിലും ഊടുവഴികളിലുമെല്ലാമായി പതിനായിരക്കണക്കിനു ലോട്ടറി വില്പനക്കാര്‍. വീടുകളില്‍ കയറിയിറങ്ങി ഭാഗ്യക്കച്ചവടം നടത്തുന്നത് ആയിരങ്ങള്‍. ഭാഗ്യവാന്മാരായി ആഴ്ചയില്‍ ഏഴ് കോടിപതികള്‍. 70 ലക്ഷപ്രഭുക്കള്‍. കഴിഞ്ഞ നാലരവര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ 232 ആഴ്ചകളിലായി 1,624 കോടിപതികള്‍. 16,240 ലക്ഷപ്രഭുക്കള്‍. ആയിരക്കണക്കിനു കോടീശ്വരന്മാരും ലക്ഷപ്രഭുക്കളും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാവുന്നു.
പക്ഷേ ഇതെന്തേ നമ്മുടെ സമൂഹത്തില്‍ പ്രതിഫലിക്കാത്തത്. ഭാഗ്യക്കുറിയടിച്ച് ലക്ഷാധിപതിയായ ഒരു ചെറുപ്പക്കാരന്‍ ഭാഗ്യം ആഘോഷിക്കാന്‍ മദ്യപാനോത്സവം സംഘടിപ്പിച്ചു കുടിച്ചുപൂസായി മതിലില്‍ നിന്നു വീണു മരിച്ചത് അടുത്തിടെ. രണ്ടു ദിവസം മുമ്പ് പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫിസ് മദ്യലഹരിയില്‍ ആക്രമിച്ചത് ഗാന്ധിയന്‍ വിനോദും കുചേലന്‍ വിനോദുമായി വേഷമിട്ട് ജനത്തെ ആഹ്ലാദിപ്പിക്കുന്നയാള്‍. പരമസാത്വികരായ കുചേലനും ഗാന്ധിജിയുമായി പകര്‍ന്നാടുന്ന വിനോദ് പറഞ്ഞത് അഹിംസാവാദിയായ താന്‍ ഇനി ഹിംസാവാദിയെന്ന്. ഇതുവരെ ഒരു ലോട്ടറിയുമടിക്കാത്തതാണ് തന്റെ ഭാവമാറ്റത്തിനു കാരണമെന്നും അയാള്‍ പറയുന്നത്. തനിക്ക് ലോട്ടറിയടിച്ചാലും താന്‍ കള്ളുകുടിച്ചാലും സര്‍ക്കാരിനല്ലേ ലാഭമെന്ന് സ്മൃതി ഇറാനി സ്റ്റൈലില്‍ ഒരു പ്രതികരണവും! സുപ്രീം കോടതിയുടെ പുതിയ ശൈലീപുസ്തകം വായിച്ച് ജനത്തിനു കൂട്ടച്ചിരി. പണ്ട് തമിഴ്‌നാട്ടുകാര്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്ക് തമിഴക അരശ് പോക്കുവരത്തെന്നും ലോകകപ്പിന് ഉലകകപ്പ് കാല്‍പ്പന്തുവിളയാട്ടമെന്നും തമിഴ്‌വല്‍ക്കരിച്ചപോലായി സുപ്രീം കോടതിയുടെ സ്ത്രീകളെ സംബന്ധിച്ച പരിഷ്കാരം. നാം പണ്ട് വൈദ്യുത സ്വിച്ചിനെ വൈദ്യുത ഗമനാഗമന നിര്‍ഗമന നാളി എന്നു പേരു മാറിയെഴുതിയതുപോലെ! പൂവാലശല്യം എന്ന് ഇനിമേല്‍ പറയരുതെന്നാണ് കോടതിയുടെ കല്പന. പകരം തെരുവിലെ ലൈംഗികാക്രമണകാരികള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് പ്രസവിച്ചാല്‍ മനുഷ്യക്കടത്തിന് ഇരയായ കുട്ടി എന്നേ പറയാവൂ. വേശ്യയെന്നും വെപ്പാട്ടി എന്നും പറയരുത്. പകരം വിവാഹേതര ലൈംഗിക കര്‍മ്മത്തില്‍ ഏര്‍പ്പെടുന്നവള്‍ എന്നേ പറയാവു. കല്യാണം കഴിക്കാതെ പരപുരുഷ ബന്ധത്തിലൂടെ അമ്മയായവളെ അമ്മയെന്നേ വിളിക്കാവൂ. നൊന്തുപെറ്റ അമ്മയും പിഴച്ചുപെറ്റ സ്ത്രീയും തുല്യര്‍. ഇതെല്ലാം എന്തൊരു കോടതിയെടാ മൈതീനേ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.