5 November 2024, Tuesday
KSFE Galaxy Chits Banner 2

രാഹുലിന്റെ ജോഡോയാത്രയും പ്രതിബിംബവും

രമേശ് ബാബു
മാറ്റൊലി
February 9, 2023 4:45 am

ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെയാകെ കീഴ്മേൽ മറിച്ച ഒട്ടേറെ പദയാത്രകൾ ഭാരതവർഷത്തിൽ അരങ്ങേറിയിട്ടുണ്ട്. അതിൽ ആദിശങ്കരന്റെ ഭാരതയാത്ര മുതൽ മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര, എൽ കെ അഡ്വാനിയുടെ രഥയാത്രവരെ ഉൾപ്പെടുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചന്ദ്രശേഖർ, മമതാബാനർജി, വൈഎസ്ആർ റെഡ്ഡി, നരേന്ദ്രമോഡി, എൻടിആർ എന്നിവരൊക്കെ പദയാത്ര നടത്തുകയും ആ ഊർജത്തിൽ സ്ഥാനാരോഹണങ്ങൾ സാധ്യമാക്കിയവരുമാണ്. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോയാത്ര കന്യാകുമാരിയിൽ തുടങ്ങി 135 ദിവസങ്ങളെടുത്ത് നാലായിരത്തിലധികം കിലോമീറ്ററുകൾ താണ്ടി കശ്മീരിൽ സമാപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ വിജയമല്ല, മറിച്ച് രാഷ്ട്രീയത്തിനപ്പുറമുള്ള സ്നേഹവും ഒരുമയുമാണ് ഭാരത് ജോഡോയാത്രയുടെ ലക്ഷ്യം എന്നാണ് രാഹുൽഗാന്ധി അവകാശപ്പെട്ടത്. രാഹുൽഗാന്ധിയും കോൺഗ്രസും ജോഡോയാത്രയിലൂടെ എന്തൊക്കെ ഗൂഢഅജണ്ടകളും ഉദ്ദേശ്യങ്ങളും വച്ചുപുലർത്തിയാലും ഒരു കാര്യം വ്യക്തമായിരുന്നു യാത്രയ്ക്ക് പോകെപ്പോകെ ഒരു നിഷ്കളങ്കഭാവം കൈവരിക്കാനായി. മാത്രമല്ല സമൂഹാഭിമുഖമായ ആർദ്രതയും ഉടനീളം ദർശിക്കാനായി. അതുകൊണ്ടായിരിക്കണം രാഷ്ട്രീയാതീതമായൊരു പങ്കാളിത്തം ഈ യാത്രയെ അനുഗമിച്ചത്. ഏറെക്കുറെ സമാനമായൊരു അവസ്ഥ ഇന്ത്യ കണ്ടത് 1983ൽ ചന്ദ്രശേഖർ നടത്തിയ യാത്രയിലാണ്. 1983 ജനുവരിയിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 4260 കിലോമീറ്റർ പിന്നിട്ട് ജൂൺ 25ന് അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ സമാപിച്ച ആ യാത്രയുടെ മാനങ്ങൾ രാഷ്ട്രീയാതീതമായിരുന്നു.

 


ഇതുകൂടി വായിക്കു; ബാപ്പുവിന്റെ അവസാന വിജയം


ജോഡോയാത്രയുടെ ആരംഭത്തിൽ തന്നെ പ്രതിപക്ഷ കക്ഷികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിച്ചില്ല എന്നൊരു പോരായ്മ വന്നുപോയിട്ടുണ്ട്. കോൺഗ്രസിന് വൈകി വിവേകമുദിക്കുകയും രാഷ്ട്രീയ വീക്ഷണത്തിൽ ഉൾക്കാഴ്ച രൂപപ്പെടുകയും ചെയ്തതോടെ ജോഡോയാത്രയുടെ മട്ടുതന്നെ മാറി. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ സമാപിച്ച ജോഡോയാത്ര ദേശീയ ഐക്യത്തിനുവേണ്ടിയുള്ള ചുവടുവയ്പായി നിരീക്ഷിക്കപ്പെടുന്നു. ശ്രീനഗറിലെ സമാപന സമ്മേളനത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്കൊപ്പം ഡി രാജ (സിപിഐ), ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പിഡിപി), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്‍പി), കെ നവാസ് കനി (മുസ്ലിംലീഗ്), തിരുമാവളൻ (വിസികെ), തിരുച്ചിശിവ (ഡിഎംകെ) തുടങ്ങിയ പ്രതിപക്ഷനേതാക്കളും പങ്കെടുത്തു. എന്നാൽ തൃണമൂൽ കോൺഗ്രസ്, സിപിഐ(എം), എസ്‍പി, ബിഎസ്‌പി, ജെഡിയു, ജെഡിഎസ്, ആർജെഡി, എഎപി തുടങ്ങിയ കക്ഷികളുടെ നേതാക്കളാരും പങ്കെടുത്തുമില്ല.

ബാലിശനും ഉദാസീനനുമായ വ്യക്തി എന്ന പ്രതിച്ഛായ മാറ്റിയെടുക്കാൻ ജോഡോയാത്രയിലൂടെ രാഹുലിന് ഒരളവുവരെ കഴിഞ്ഞിട്ടുണ്ട്. ഒരു പുതിയ പ്രതിബിംബം സൃഷ്ടിച്ച് രാഹുലിനെ റീബ്രാൻഡ് ചെയ്യുകയായിരുന്നു ജോഡോയാത്ര. “ഞങ്ങൾ യഥാർത്ഥ ഹിന്ദുക്കൾ, നിങ്ങൾ കപടഹിന്ദുക്കൾ” എന്നീ തരത്തിലുള്ള അപക്വമായ ചില പ്രതികരണങ്ങൾ എതിർപക്ഷത്തിനെതിരെ ഉയർത്തിയ രാഹുൽഗാന്ധി സമാപനത്തിൽ പറഞ്ഞത് തിരിച്ചറിവിന്റെ പരിപക്വമായ വാക്കുകളായിരുന്നു. “പഴയ രാഹുൽ ഇന്നില്ല, ജനങ്ങളുടെ മനസിൽ ഇതുവരെയുണ്ടായിരുന്ന രാഹുലിന്റെ പ്രതിച്ഛായയെ ഞാൻ തന്നെ കൊന്നുകളഞ്ഞു. അയാൾ ഇപ്പോൾ എന്നിലും ഇല്ല. നിങ്ങൾക്ക് മുന്നിലുള്ളത് പുതിയ രാഹുലാണ്” എന്നായിരുന്നു. രാഹുൽ യാത്ര തുടരുമ്പോഴാണ് സ്വന്തം പാർട്ടിയിൽ കൊഴിഞ്ഞുപോക്കും പടലപ്പിണക്കവും മത്സരവുമൊക്കെയുണ്ടാകുന്നത്. ഗുജറാത്ത് തെര‍ഞ്ഞെടുപ്പിലെ കനത്ത തോൽവി, രാജസ്ഥാനിലെ വിഭാഗീയത, കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരമുണ്ടായത് എന്നിവ ചിലതു മാത്രം. ഹിമാചലിലെ വിജയം മാത്രമായിരുന്നു അനുകൂലവാർത്ത. യാത്രകഴിഞ്ഞതോടെ കോൺഗ്രസ് വോട്ടർമാരുടെ പിന്തുണയുടെ ഗ്രാഫ് പല സംസ്ഥാനങ്ങളിലും ഉയർന്നിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്.

 


ഇതുകൂടി വായിക്കു; ഗാന്ധിഘാതകർ ദേശദ്രോഹികൾ


കന്യാകുമാരിയിൽ നിന്ന് 2022 സെപ്റ്റംബർ ഏഴിനു തുടങ്ങി 2023 ജനുവരി 29 ശ്രീനഗറിൽ സമാപിച്ചപ്പോൾ ജോഡോയാത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പദയാത്ര എന്ന വിശേഷണം നേടിയിരിക്കുകയാണ്. യാത്ര നയിച്ചതാകട്ടെ രാഹുൽഗാന്ധിയും. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിപക്ഷ രാഷ്ട്രീയ കക്ഷിയായ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇത്തരമൊരു യാത്ര നടത്താനുള്ള രാഹുലിന്റെ അർഹതയ്ക്കും അവകാശത്തിനും നേർക്ക് സ്വാഭാവികമായും ചോദ്യങ്ങൾ ഉയരുന്നുണ്ട്. നിലവിൽ അദ്ദേഹം വയനാട്ടിലെ ഒരു കോൺഗ്രസ് എംപി മാത്രമാണ്. പാർട്ടിയിൽ മറ്റ് സ്ഥാനമാനങ്ങളൊന്നുമില്ല. അർഹതയും അവകാശവും നിർണയിക്കേണ്ടിവരുമ്പോൾ വീണ്ടും കുടുംബവാഴ്ചയുടെ പരിവേഷങ്ങളിലേക്ക് മടങ്ങേണ്ടിവരും. രാഹുൽ ജവഹർലാൽ നെഹ്രുവിന്റെ പ്രപൗത്രനാണ്. ഇന്ദിരാഗാന്ധിയുടെ ചെറുമകനാണ്. രാജീവ് ഗാന്ധി-സോണിയ എന്നിവരുടെ മകനുമാണ്. കൂടാതെ അമേഠിയിൽ രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനാകാതെ പരാജിതനായ ഹതഭാഗ്യവാനുമാണ്. ഗാന്ധിജിയുടെ ഔദാര്യത്തിൽ ഫിറോസ് ഗാന്ധി വഴി ഗാന്ധി എന്ന പ്രത്യയം വിശേഷണമായിട്ടുള്ളവനുമാണ് രാഹുൽ. എങ്കിലും നമ്മുടെ ജനായത്ത ഭരണക്രമത്തിൽ ജോഡോയാത്രയുടെ പ്രസക്തി എന്താണ്? ശക്തമായൊരു പ്രതിപക്ഷനിര കെട്ടിപ്പൊക്കുക എന്ന അനിവാര്യതയ്ക്ക് ചെറുതല്ലാത്ത സംഭാവന നൽകാൻ യാത്രക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.

കോൺഗ്രസിൽ എത്ര ആളുകളുണ്ടെന്ന് ജോഡോയാത്രയിൽ രാഹുലിനെ അനുഗമിച്ച ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനു പോലും പിടിയില്ല. സംഘടനാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ പോലും കഴിവില്ലാത്തവരാണ് ഭാരവാഹികൾ. ഈ കുത്തഴിഞ്ഞ നിലയിലും കോൺഗ്രസ് ഇരുപതുശതമാനത്തിലേറെ വോട്ടുമൂല്യമുള്ള ഒരേയൊരു പ്രതിപക്ഷ പ്രസ്ഥാനമാണ് ഇന്ത്യയിൽ. പ്രതിപക്ഷ ഏകോപന പ്രക്രിയകൾക്ക് നേതൃത്വം നൽകാൻ ദേശീയ വീക്ഷണമില്ലാത്ത പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് എത്രകണ്ട് സാധിക്കുമെന്ന സംശയം നിലനിൽക്കുന്നിടത്താണ് കോൺഗ്രസിന്റെ പ്രസക്തി. അപ്പോഴും രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതിയും കെടുകാര്യസ്ഥതയും ഹൈക്കമാൻഡ് എന്ന കുടുംബമേധാവിത്വവുമാണ് കോൺഗ്രസിനെ ഈ നിലയിലെത്തിച്ചതെന്ന് ജോഡോ വിജയത്തിന്റെ ആരവങ്ങൾക്കിടയിൽ മറക്കാതിരുന്നാൽ നന്ന്.

മാറ്റൊലി: കശ്മീരിലെ മഞ്ഞുവാരൽ
ദണ്ഡിയിലെ ഉപ്പുവാരലിന് സമമാകില്ല.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.