മനുഷ്യനിർഭാഗ്യങ്ങളുടെ ശാസ്ത്രമാണ് ചരിത്രം എന്ന് വിഖ്യാത ചിന്തകൻ റെയ്‌മണ്ട് ക്യൂനോ പറഞ്ഞിട്ടുണ്ട്. പുസ്തകങ്ങളെപ്പോലെ ചരിത്രം സംഭരിച്ചുവച്ചിട്ടുള്ള മറ്റൊരു മനുഷ്യനിർമ്മിതിയില്ല. ഭാവനയെ ജ്വലിപ്പിക്കാനുള്ള കഴിവ് പുസ്തകവായനയ്ക്കുണ്ട്. വിശക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാനാണ് ബ്രഹ്ത് ആവശ്യപ്പെട്ടത്. ചിന്തയെ ജ്വലിപ്പിച്ചുകൊണ്ട് മനുഷ്യൻ അഭിമുഖീകരിക്കുന്ന കാലിക പ്രശ്നങ്ങളെ നേരിടാനും സാംസ്കാരികമായ വിശപ്പ് ശമിപ്പിക്കാനും പുസ്തകം കയ്യിലെടുക്കുക എന്ന സന്ദേശം യുനെസ്കോ പുസ്തകദിനത്തിലൂടെ ലോകത്തിനു നൽകി. എഴുത്തും വായനയും ഉറ്റ ചങ്ങാതിമാരാണ്. വേർപെടുത്താൻ കഴിയാത്തവിധം തീവ്രമാണ് ഇവ തമ്മിലുള്ള പ്രണയം.
ഭാഷയെക്കുറിച്ചുള്ള ചർച്ചകളിൽ അതെങ്ങനെ ഒരു നൈതികോപാധിയായിരിക്കുന്നു എന്ന് പരിശോധിക്കണം. ഇതര ജീവജാലങ്ങളിൽ നിന്ന് മനുഷ്യരെ വ്യത്യസ്തരാക്കുന്ന സിദ്ധിയാണ് ഭാഷ. മനുഷ്യർക്ക് തങ്ങളുടെ ആവശ്യാർത്ഥം തരാതരം എടുത്തുപയോഗിക്കാൻ കഴിയുന്ന നാനാതരം ഉപകരണങ്ങളിലൊന്നായി ഭാഷ മനസിലാക്കപ്പെടാൻ തുടങ്ങിയതോടെ ഭാഷയുടെ ജൈവികവും നൈതികവും സാമൂഹികവുമായ ഉള്ളടക്കം കൂടുതൽ വിസ്തൃതമായി. മാതൃഭാഷയ്ക്ക് പ്രത്യേക പ്രാധാന്യമൊന്നും ഇല്ലെന്നും ഏതു ഭാഷയും ഒരു പോലെ മാനുഷികമായ ആവശ്യനിർവഹണത്തിന് ഉതകുന്നതാണെന്നും വിശദീകരണങ്ങൾ ഉണ്ടായി. ഭാഷ നിസംഗവും മൂല്യരഹിതവുമായ ഒരു ഉപകരണമായി.
തത്വചിന്തകർ ഭാഷയെ വിശദീകരിച്ചത് “ഉണ്മയുടെ പാർപ്പിടമാണ് ഭാഷ” എന്നാണ്. ആ വിവരണം മാനുഷികമായ നിലനില്പിൽ ഭാഷയ്ക്കുള്ള വലിയ പങ്ക് എടുത്തുകാട്ടുന്നുണ്ട്. മനുഷ്യനായിരിക്കുക എന്നാൽ ഭാഷയിൽ ആയിരിക്കുക എന്നുകൂടി അർത്ഥമുണ്ട്. തന്നെയും തനിക്കു ചുറ്റുമുള്ള ലോകത്തെയും തിരിച്ചറിഞ്ഞുകൊണ്ട് നിലനിൽക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നത് ഭാഷയാണ്. ലോകത്തെയും അതിനുള്ളിൽ തങ്ങളെ ഓരോരുത്തരെയും സാധ്യമാക്കുന്ന ആധാര സാമഗ്രിയായിട്ടാണ് മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം ഭാഷ നിലകൊള്ളുന്നത്.
ഭാഷ പ്രാഥമികമായ സാമൂഹികമാണ്. എന്റെ ഭാഷ എനിക്കുള്ളിലോ മറ്റൊരാളുടെ ഭാഷ അയാൾക്കുള്ളിലോ നിലകൊള്ളുന്നതല്ല. നമുക്കിടയിലുള്ള ഒരുടമ്പടിയാണ് ഭാഷ. മറ്റൊരാളുടെ അഭാവത്തിൽ അസാധ്യവും അസാധുവുമാകുന്ന ഒന്നാണത് എന്നർത്ഥം. ഭാഷയെ സാധ്യവും സാധുവുമാക്കുന്നത് അതിൽ വസിക്കുന്ന മറ്റുള്ളവരാണ്. മറ്റുള്ളവർക്കുവേണ്ടി നിലകൊള്ളുന്ന അത്രയും എനിക്കു വേണ്ടിയും നിലകൊള്ളുന്നതാണ് ഭാഷ എന്ന് കാറൽ മാർക്സ് വിശദീകരിച്ചതിന്റെ സാംഗത്യവും മറ്റൊന്നല്ല. മറ്റുള്ളവർ സന്നിഹിതരാവുമ്പോൾ മാത്രം അസ്തിത്വമാർജിക്കുന്ന ഭാഷയിലാണ് ‘ഞാൻ’ ഞാനായി നിലനിൽക്കുന്നത്. ഞാൻ എന്നെയും ലോകത്തെയും അറിയുന്നത്.
അപരത്താൽ മാത്രം സാധ്യവും സാധുവുമായിത്തീരുന്ന ഭാഷയിലാണ് ആത്മം സന്നിഹിതമായിരിക്കുന്നത്. അതുകൊണ്ട് അപരം ഏതൊരാളുടെയും നിലനില്പിന്റെ പ്രാഥമികോപാധിയായിത്തീരുന്നു. മറ്റുള്ളവരുടെ ലോകം വലുതാകുമ്പോഴാണ് ഭാഷയിൽ എന്റെ ലോകവും വലുതാകുന്നത്. ഇത്തരത്തിൽ മറ്റുള്ളവരുടെ ലോകം ഏറ്റവുമധികം സന്നിഹിതരായിരിക്കുക വഴി നൈതിക മാനത്തെ വിപുലവും ബലിഷ്ഠവുമാക്കി നിലനിർത്തുന്നത് മാതൃഭാഷയാണ്. മാതൃഭാഷ എന്ന സങ്കല്പത്തിന്റെ ഉന്നതമാനങ്ങളിലൊന്ന് അതിലുൾച്ചേർന്നിരിക്കുന്ന നൈതിക മൂല്യമാണ്. വാക്കിന് പദാർത്ഥത്തിനപ്പുറം ഭാവാർത്ഥവുമുണ്ട്. ജന്മഭാഷയിലാണ് ഈ ഭാവാർത്ഥത്തിന് സ്വജീവിതം കൈവരിക. മാതൃഭാഷയിൽ സന്നിഹിതമായ സാമൂഹികതയുടെ ലോകമാണ് അതിനെ ഒരു നൈതികാവിഷ്കാരമായി ഉയർത്തുന്നത്.
ഫാസിസത്തിനുകീഴിൽ എഴുത്തുകാരൻ മാത്രമല്ല കലയും സാഹിത്യവുമൊക്കെ കെട്ടുപോകുന്നു. ഭാഷയുടെ അപമാനനവീകരണമാണതിന് കാരണം. നാസികളുടെ ക്രൂരഭരണവും കർക്കശമായ സെൻസറിങ്ങും ജർമ്മൻ ഭാഷയുടെ സർഗാത്മകതയെയും സ്വതന്ത്രാവിഷ്കരണത്തെയും അസാധ്യമാക്കിത്തീർത്തിരുന്നു. എഴുത്തുകാർ സ്വന്തം ഭാഷണത്തെപ്പോലും മറന്നു. തന്റെ തന്നെ വാക്കുകൾ ഒറ്റുകാരനായിത്തീരുമ്പോൾ എഴുത്ത് കഴുത്തിനെ നഷ്ടപ്പെടുത്തുന്നു. ഭയം കൊണ്ട് ജർമ്മനി നിശബ്ദമായപ്പോഴാണ് അഡോർണൊ, “ഓഷ്‌വിറ്റ്സിനു ശേഷം കവിതയില്ല” എന്ന ലോകപ്രസിദ്ധമായ ആ വാക്യം പറഞ്ഞത്.
നാസി ജർമ്മനിയിൽ നിന്ന് കേട്ടത് ഗോയ്ഥെ, തോമസ് മാൻ എന്നിവരുടെ ഭാഷയായിരുന്നില്ല. ഭയവും സംശയവും നിറഞ്ഞ, സൗന്ദര്യവും മനുഷ്യത്വവും നഷ്ടപ്പെട്ട ഭാഷയായിരുന്നു. ഇപ്പോൾ ഇന്ത്യയിലും അത്തരം ഭാഷകൾ നിരന്തരം കേൾക്കുന്നു. രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങൾ സാധാരണക്കാരോട് ഹീനമായ ഭാഷ ഉപയോഗിച്ച് സംസാരിക്കുന്നു. കേരളത്തിലും അത്തരം കാഴ്ചകൾ കാണാം. വിഖ്യാത ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്കി അത്തരം ഭാഷയെ ‘ചെന്നായ്ക്കളുടെ കുര’ എന്നാണ് വിശേഷിപ്പിച്ചത്. ഗീബൽസ് ജർമ്മൻ ഭാഷയെ വ്യാജ പ്രചരണത്തിന്റെ മാധ്യമമാക്കി അവതരിപ്പിച്ചു. ജൂതന്മാരെയും ബോൾഷെവിക്കുകളെയും അവമതിക്കാൻ അശ്ലീലത കലർന്ന ദ്വയാർത്ഥ പ്രയോഗങ്ങളും ഹാസാനുകരണങ്ങളും കൊണ്ട് ഭാഷയെ നീചമാക്കിത്തീർത്തു. കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും ഭാഷാ പ്രയോഗങ്ങൾ ഇത്തരത്തിലുള്ളതാണ്. കലയും സാഹിത്യവും ആസ്വദിക്കുന്നതുകൊണ്ടോ സർഗാത്മക രചനയിൽ ഏർപ്പെടുന്നതു കൊണ്ടോ മനസ് സംസ്കാര സമ്പന്നമാകണമെന്നില്ല. ജൂതന്മാരുടെയും കമ്മ്യൂണിസ്റ്റുകളുടെയും കൂട്ടക്കൊലകൾ ആസൂത്രണം ചെയ്ത ഗീബൽസ് ”മൈക്കേൽ” എന്ന നോവലിന്റെ കർത്താവും പ്രബന്ധകാരനും ദസ്തയേവ്സ്കി, ഗോയ്ഥേ, നീത്ഷേ എന്നിവരുടെ ആരാധകനുമായിരുന്നു. ഓഷ്‌വിറ്റ്സിൽ ജൂതന്മാരെക്കൊന്ന ഉന്നതനായ നാസി ഉദ്യോഗസ്ഥർ ഷേക്സ്പിയറുടെയും ഗോയ്ഥേയുടെയും വായനക്കാരായിരുന്നു എന്ന് സ്റ്റെയിനർ പറയുന്നുണ്ട്. ഇവിടെ ഇന്ത്യയിൽ വാല്മീകിയെയും വ്യാസനെയും വായിച്ചവർ എന്നു പറയുന്നവരാണ് ഇന്ത്യയെ സംഘർഷഭൂമിയാക്കുന്നത്, കലാപങ്ങൾ സൃഷ്ടിക്കുന്നത്. സ്റ്റാലിനും വായനക്കാരനായിരുന്നു, എന്നിട്ടും എത്രയെത്ര പേരെ കൊന്നൊടുക്കി.
ഇന്ത്യയിലടക്കം വംശീയമായ ചിഹ്ന പ്രയോഗങ്ങളും മന്ത്രവാദ ആഭിചാര ക്രിയകളുടെ ദൃശ്യാവിഷ്കാരങ്ങളും കാപട്യം നിറഞ്ഞ ജീവിതചിത്രീകരണങ്ങളും കൊണ്ട് ഒരു വ്യാജ ദൃശ്യഭാഷ രൂപപ്പെട്ടു കഴിഞ്ഞു. വാർത്താമാധ്യമങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വികലവും തെറ്റിദ്ധാരണാജനകവുമായ വിലയിരുത്തലുകൾ, പരദൂഷണപരമായ വിവാദങ്ങൾ, വ്യക്തിഹത്യാപരമായ പ്രഭാഷണങ്ങൾ, രാഷ്ട്രീയ — മത നേതാക്കളുടെ വിദ്വേഷപൂർണമായ അഭിമുഖങ്ങൾ, എഴുത്തുകാരുടെ ചില പ്രസ്താവനകൾ എന്നിവ മലയാളിയുടെ പോലും വായനയെ കലുഷിതമാക്കുന്നു. ദൂഷണപരമായ വാർത്തകളിലും വിവാദങ്ങളിലുമാണ് മാധ്യമങ്ങൾക്കു പോലും താല്പര്യം. അസഹിഷ്ണുത, വിദ്വേഷം എന്നീ ഫാസിസ്റ്റ് മനോഭാവങ്ങളാണ് എഴുത്തുകാരെയും വായനക്കാരെയും ഭരിക്കുന്നത് എന്ന് തോന്നിയാൽ അത്ഭുതപ്പെടാനില്ല. ഭരണാധികാരികളെ വിമർശിച്ചാൽ, അവരെ തുറുങ്കിലടയ്ക്കുന്നു. വിമർശിക്കുന്ന ജേർണലിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നു. അത്തരക്കാർ പുലർത്തുന്നത് ഫാസിസ്റ്റ് രാഷ്ട്രീയമാണ്. ഫാസിസ്റ്റുകൾ നല്ല പ്രഭാഷകരുമായിരിക്കും. ഉദാഹരണം ഹിറ്റ്ലർ തന്നെ.
ഗീബൽസ് മുദ്രപ്പെടുത്തിയെടുത്ത പദമാണ് കാവ്യസത്യം. വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിന് പകരംനിൽക്കുന്നതാണ് കാവ്യസത്യം. വസ്തുനിഷ്ഠ യാഥാർത്ഥ്യം എന്നത് യുക്തിപൂർവം സ്ഥാപിക്കപ്പെടുന്ന സത്യമാണ്. കാവ്യസത്യത്തിന് സത്യത്തോട് നേരിയ ബന്ധമേ ഉള്ളൂ. അഥവാ ബന്ധമുണ്ടാകണമെന്ന് നിർബന്ധമില്ല. കെട്ടിച്ചമച്ചതും സത്യമെന്ന് തോന്നിപ്പിക്കുന്നതും നിറം പിടിപ്പിച്ചതുമായ നുണയും കാവ്യസത്യമാണ്. ജനഭാവനയിൽ അത് യഥാർത്ഥ സത്യമായി തോന്നാം. ജനങ്ങളിൽ ഭീതിയിലൂടെ ശാക്തീകരണം നടത്താൻ കാവ്യസത്യത്തെ ഉപയോഗിക്കാമെന്ന് ഗീബൽസ് വിശ്വസിച്ചു.
ഭാഷയെ സാമൂഹ്യ വികാസത്തിന്റെ സിദ്ധിയായി കാണുന്നതിനു പകരം “മതത്തിന്റെ ഉല്പന്ന” മായി കാണുന്ന സമീപനമാണ് ഭാഷാപരമായ വർഗീയതയ്ക്കും തൽഫലമായുണ്ടാക്കുന്ന മിഥ്യാഭിമാനങ്ങൾക്കും ഇടം നൽകുന്നത്. വിശ്വാസത്തെ ആത്മബോധത്തിന്റെ ഹൃദയമാക്കാൻ പൊരുതിയ മതപരിഷ്കർത്താക്കളുടെ പാരമ്പര്യമല്ല, മതത്തെ ആചാരപരതയിൽ ഒതുക്കാൻ ശ്രമിച്ച യാഥാസ്ഥിതികരുടെ പാരമ്പര്യമാണ് മതരാഷ്ട്രീയം ഭാഷയുടെ കാര്യത്തിലടക്കം പിന്തുടരുന്നത്. ഭാഷയെ പാപത്തിന്റെയും പുണ്യത്തിന്റെയും തുലാസിലിട്ട് തൂക്കി ഗുണം നിർണയിക്കാനുള്ള ശ്രമം അപഹാസ്യമാണ്. സകല ഭാഷകളും മത — ജാതി മുക്തമാണ്. നൂറ്റാണ്ടുകളുടെ വിവരണവിധേയമല്ലാത്ത വിനിമയദാഹത്തിന് വഴി തുറന്ന വിവിധ ഭാഷകളെ സഹജാതർ എന്ന നിലയ്ക്ക് സമീപിക്കുന്നതിനുപകരം ശത്രുക്കളായി അവതരിപ്പിക്കാനുള്ള ഏതൊരു ശ്രമവും സാംസ്കാരിക വളർച്ചയെ മുരടിപ്പിക്കും. ഹിന്ദി അടിച്ചേല്പിക്കുന്ന ഭരണാധികാരികൾ പുകൾപെറ്റ സംസ്കാരത്തെ ഇല്ലായ്മ ചെയ്യും. നമ്മുടെ ഭരണകൂടം തുടരുന്ന മതപ്രീണന നയത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ജനങ്ങളെ വീതിച്ചെടുക്കാനുള്ള വർഗീയ പ്രസ്ഥാനങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി മതമുദ്ര കുത്തപ്പെടുന്നത് ഭാഷയുടെ മരണത്തിനുള്ള കാരണമായിക്കൊണ്ടിരിക്കുന്നു സമകാലീന ഇന്ത്യയിലും. കണ്ണീരിനും ചോരയ്ക്കുമിടയിൽ ഒരല്പം കനിവിനു വേണ്ടി കരയുന്നവരുടെ ഇടയിലേക്ക് വിഷം പുരണ്ട വാക്കുകളാണ് വർഗീയ വാദികൾ വാരി വിതറുന്നത്. രണ്ട് പദങ്ങൾ കൂടിച്ചേരുമ്പോൾ ഉദിക്കുന്ന നക്ഷത്രം കാണാൻ നോക്കി നിൽക്കുന്നവരുടെ കണ്ണുകളിലേക്ക് ചോരത്തുള്ളികൾ വന്നു വീഴുന്നു. ഭാഷ മനുഷ്യകുലത്തിന്റെ സംസ്കാരമാണ്. സംസ്കാരം മൂല്യങ്ങളെ സൃഷ്ടിച്ചും ഉൾക്കൊണ്ടും നീങ്ങുന്ന ഒരു വാഹനമാണെങ്കിൽ അതിന്റെ പിന്നിലെ ചാലകശക്തി നീതിയാണെന്ന് പറയാം. നീതി നിഷേധിക്കപ്പെട്ടവരുടെ നീതിക്കുവേണ്ടിയുള്ള ദാഹം. സ്വാതന്ത്ര്യം, സമത്വം, അന്തസുള്ള ജീവിതം ഇതൊക്കെ നിഷേധിക്കപ്പെട്ടവരുടെ, മർദിതരുടെ, ചൂഷിതരുടെ, അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ, പിഴുതെറിയപ്പെട്ടവരുടെ ഭാഷ ഉയർന്നുവരണം. ഉയർന്നുവരും. ആ ഭാഷയോടുള്ള ദാഹം എവിടെയുമുണ്ട്. നീതിക്കുവേണ്ടിയുള്ള ദാഹത്തിൽ നിന്ന് മനുഷ്യന്റെ ഭാഷ ഉയർന്നു വരട്ടെ, മനുഷ്യനെ മനുഷ്യനായിക്കാണുന്ന ഭാഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.