ദണ്ഡകാരണ്യം, തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ആമസോണ്‍ മഴക്കാടുകള്‍ പോലെ ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലയാണ് ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ഒഡിഷയുടെയും ബംഗാളിന്റെയും പടിഞ്ഞാറന്‍ മേഖലയുമൊക്കെ ഉള്‍പ്പെട്ട പ്രദേശം. പഴയ ബസ്തര്‍ ജില്ലയാണ് ഈ നിബിഡവന പ്രദേശത്തിന്റെ പ്രധാന ഭാഗം. നര്‍മദാ, ഗോദാവരി എന്നീ നദികള്‍ക്കിടയിലാണ് ഈ പ്രദേശം. പുരാണങ്ങളിലും ഈ നിബിഡവനം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ആര്യാധിനിവേശകാലത്തും വലിയ ആക്രമണങ്ങള്‍ ഈ വനത്തിലെ താപസന്മാര്‍ക്കും വനവാസികള്‍ക്കുമെതിരെ നടന്നതായും പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നു. രാമായണത്തില്‍ ശ്രീരാമന്റെ വനവാസം ദണ്ഡകാരണ്യത്തിലായിരുന്നു. ഈ വനത്തില്‍ വച്ചാണ് രാമന്‍ ശൂര്‍പ്പണഖ എന്ന രാക്ഷസ സ്ത്രീയുടെ മൂക്കും കാതും ഛേദിക്കുന്നത്. പകരം ചോദിക്കാനെത്തിയ ശൂര്‍പ്പണഖയുടെ സഹോദരന്മാര്‍ ഖരനെയും ഭൂഷണനെയും ത്രിശിരസിനെയും പതിനാലായിരം വരുന്ന രാക്ഷസ സൈന്യത്തെയും രാമന്‍ വധിച്ചുവെന്നാണ് രാമായണം ആരണ്യകാണ്ഡത്തില്‍ വിവരിക്കുന്നത്. തുടര്‍ന്നാണ് ലങ്കയിലെത്തി ശൂര്‍പ്പണഖ ഏറ്റവും കരുത്തനായ രാക്ഷസ രാജാവ് രാവണനോട് പരാതി പറയുന്നതും രാമ – രാവണ യുദ്ധത്തില്‍ കലാശിക്കുന്നതും. ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്ന പ്രകൃതിദത്തമായ ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂടം വെള്ളച്ചാട്ടവും മഹേശ്വര്‍ ഗുഹകളും നിബിഡവനങ്ങളും വനവാസികളും വന്യജീവികളുമൊക്കെയുള്ള ഇന്ത്യയുടെ മധ്യഭാഗത്തെ വിശാലമായ വനപ്രദേശമാണ് ദണ്ഡകാരണ്യം.
ആധുനിക ഇന്ത്യയില്‍ ബസ്തര്‍, ദന്തെവാഡ ഉള്‍പ്പെടെയുള്ള ദണ്ഡകാരണ്യ വനപ്രദേശം വാര്‍ത്തകളില്‍ നിറയുന്നത് ഈ വനങ്ങളിലെ നക്സലൈറ്റ്, മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചും അവരും സര്‍ക്കാര്‍ സേനകളും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്താലുമാണ്. ഈ പ്രദേശങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കൊടിയ ദാരിദ്ര്യം നിലനില്‍ക്കുന്ന പ്രദേശങ്ങളുമാണ്. ബസ്തര്‍ നഗരത്തിലെ ധാന്യക്കമ്പോളത്തില്‍ അരിമണികള്‍ പെറുക്കാന്‍ കാക്കകളോട് മത്സരിക്കുന്ന കുഞ്ഞുങ്ങളുടെ വാര്‍ത്ത ചിലപ്പോള്‍ നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുപോയിരിക്കാം. കാരണം നമ്മളിന്ന് അഞ്ച് ട്രില്യണ്‍ സാമ്പത്തിക വ്യവസ്ഥയായി വളര്‍ന്ന് ജപ്പാനെ മറികടക്കാന്‍ പോവുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഇന്നും ആ കുഞ്ഞുങ്ങള്‍ അന്നത്തിനുവേണ്ടി കാക്കകളോട് മത്സരിക്കുന്നുണ്ടാവാം. പക്ഷെ അത് വാര്‍ത്തയല്ല. ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയില്‍ കാക്കള്‍ക്കും പട്ടിണിക്കാരായ കുഞ്ഞുങ്ങള്‍ക്കും എന്ത് സ്ഥാനം?
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലെ സിലിഗുരി മേഖലയില്‍ 1967മാര്‍ച്ച് മൂന്നിന് 150ലധികം കര്‍ഷകര്‍ ജന്മിമാരില്‍ നിന്നും നെല്ലും കൃഷിഭൂമിയും പിടിച്ചെടുത്തുകൊണ്ട് തുടങ്ങിയ കാര്‍ഷിക സമരം അടിച്ചമര്‍ത്താന്‍ ഭൂപ്രഭുക്കന്മാര്‍ നടത്തിയ അക്രമങ്ങളില്‍ പൊലീസ് സേന കൂടി പങ്കാളികളാവുകയും ജാരുഗാവ് എന്ന ഗ്രാമത്തിലെ ഏറ്റുമുട്ടലില്‍ ഒരു ഇന്‍സ്പെക്ടര്‍ കൊല്ലപ്പെടുകയും ചെയ്തു. 1967മേയ് 25ന് പൊലീസ് വെടിവയ്പില്‍ ഒമ്പത് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു. ജൂലൈ 19വരെ തുടര്‍ന്ന കര്‍ഷക പ്രക്ഷോഭത്തില്‍ അനേകം ഭൂരഹിത കര്‍ഷകര്‍ രക്തസാക്ഷികളായി. ത്രിഭേനി കാനു, അലഗൂര്‍ഖ മാജി, ശോഭം തുടങ്ങിയ നേതാക്കള്‍ കൊല്ലപ്പെട്ടു. ജംഗള്‍സന്താളും ചാരുമജുംദാറുമൊക്കെ ജയിലിലടയ്ക്കപ്പെട്ടു. ഇന്ന് നക്സല്‍ബാരി പ്രക്ഷോഭം എന്നറിയപ്പെടുന്ന ഈ കാര്‍ഷിക പ്രക്ഷോഭത്തിന് ശേഷം പശ്ചിമ ബംഗാളില്‍ നിന്നും അതിദരിദ്രമായ, ജന്മികള്‍ കൃഷിഭൂമി അടക്കിവച്ചിരിക്കുന്ന, അടിമത്തം നിലനില്ക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് നക്സലൈറ്റ് പ്രസ്ഥാനം വ്യാപിച്ചു. കടുത്ത ദാരിദ്ര്യവും അടിമത്തവും നിലനില്‍ക്കുന്ന ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലയില്‍ ഇന്നും നക്സലൈറ്റ് സാന്നിധ്യമുണ്ട്. ഗ്രാമീണ ജനത, ഒരുവശത്ത് പൊലീസിന്റെയും മറുവശത്ത് മാവോയിസ്റ്റുകളുടെയും ഇടയില്‍പ്പെട്ട് കൊടിയ അതിക്രമങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഛത്തീസ്ഗഢ് സംസ്ഥാനത്തെ ദന്തേവാഡ ജില്ലയിലെ ജബേലി ഗ്രാമത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട സോണി സോറി എന്ന അധ്യാപികയുടെ അനുഭവം നമുക്ക് മറക്കാറായിട്ടില്ല. ബസ്തറില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊലയെക്കുറിച്ച് പത്രസമ്മേളനം നടത്തി പുറംലോകത്തെ അറിയിച്ചതോടെ ഭരണാധികാരികളുടെ നോട്ടപ്പുള്ളിയായി മാറിയ സോണി സോറിയെ 2011ല്‍ മാവോയിസ്റ്റായി മുദ്രകുത്തി ജയിലിലടച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് അങ്കിത് ഗാര്‍ഗ് ജയിലില്‍ വച്ച് ബലാല്‍സംഗം ചെയ്തു എന്നവര്‍ പരാതി നല്കി. തുടര്‍ച്ചയായി അവര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായി. 2016ല്‍ മുഖത്ത് ആസിഡ് ആക്രമണം നേരിട്ടു. വിവിധ കേസുകള്‍ നേരിട്ടു. ഒടുവില്‍ കേസുകളില്‍ നിന്ന് കോടതി അവരെ വിമുക്തയാക്കി. ഈ കഠിനയാത്രയില്‍ അവരുടെ ഭര്‍ത്താവും കൊല്ലപ്പെട്ടിരുന്നു. സോണി സോറി ഈ മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ നടക്കുന്ന ക്രൂരമായ പീഡനങ്ങളെയും കൊലകളെയും പറ്റി നിരന്തരം സംസാരിക്കുന്നു. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനായി രൂപംകൊണ്ട മൂല്‍വാസി ബച്ചാവോമഞ്ചിന്റെ നേതാക്കളെല്ലാം അറസ്റ്റിലായി. ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആ സംഘടന നിരോധിച്ചു. എന്തിനാണ് ദണ്ഡകാരണ്യത്തിലെ വനവാസികളെ കൊന്നൊടുക്കുന്നത്? സാല്‍വജൂദും, കോബ്ര ബറ്റാലിയന്‍, ദന്തേശ്വരി ഫൈറ്റേഴ്‍സ് തുടങ്ങി വിവിധ പേരുകളില്‍ സായുധ സംഘങ്ങള്‍ എന്തിനാണ് ആദിവാസി ജനതയെ കൊന്നൊടുക്കുന്നത്? 2026മാര്‍ച്ച് 31നകം ഓപ്പറേഷന്‍ കാഗര്‍ വഴി മാവോയിസവും നക്സലിസവും ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് ഈ സമയപരിധിയുടെ പ്രധാന്യം? 2024വരെ 5240ലധികം സാധാരണ ജനങ്ങളും 2931സുരക്ഷാ ഭടന്മാരും 5163മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു എന്നാണ് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ നല്കുന്ന കണക്ക്.
ഈ വനമേഖലയിലെ ആദിവാസികളുടെ ഉന്മൂലനത്തിന് കാരണമന്വേഷിക്കുമ്പോള്‍ ദണ്ഡകാരണ്യ വനമേഖലയില്‍ ഛത്തീസ്ഗഢ് സംസ്ഥാനത്തുള്ള ധാതുസമ്പത്തിന്റെ കണക്ക് നമ്മള്‍ അറിയണം. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കല്‍ക്കരി ലഭ്യതയുള്ള സംസ്ഥാനം. രാജ്യത്തെ ടിന്‍ അയിരിന്റെ 36ശതമാനം, ഇരുമ്പയിരിന്റെ വലിയ നിക്ഷേപം, ബോക്സെറ്റ്, ലൈംസ്റ്റോണ്‍, ഡോള്‍മൈറ്റ്, രത്നക്കല്ലുകള്‍, സ്വര്‍ണം എന്നിവയുടെ നിക്ഷേപങ്ങള്‍ കൂടാതെ ക്രോമൈറ്റ്, മാംഗനീസ്, നിക്കല്‍, ലെഡ്, വിവിധയിനം വജ്രക്കല്ലുകള്‍ ഇവയുടെ എല്ലാം സാന്നിധ്യം. ചരിത്രാതീതകാലം മുതല്‍ നാളിതുവരെ ഖനനം ചെയ്യാതെ കിടക്കുന്ന ധാതുസമ്പത്തിന്റെ അക്ഷയ കലവറ, ധാതു ഖനനത്തിനുള്ള അവകാശം 1993ലെ ദേശീയ ധാതുനയ പ്രകാരം സ്വകാര്യ മേഖലയ്ക്ക് ലഭിച്ചതു മുതല്‍ ദണ്ഡകാരണ്യത്തിലേയ്ക്ക് ഖനന കമ്പനികളുടെ ആര്‍ത്തിപൂണ്ട കണ്ണുകള്‍ പതിഞ്ഞു. ഖനനത്തിന് വിഘാതമായി നില്ക്കുന്നത് ഈ വനപ്രദേശത്ത് ജീവിക്കുന്ന ആദിവാസി ഗോത്ര ജനതയാണ്. അവരുടെ ഭൂമിയിലേയ്ക്കുള്ള കടന്നുകയറ്റത്തെ ലോകത്തിന് മുന്നിലെത്തിക്കുന്ന, നിരന്തരമായി കാടുകയ്യേറ്റത്തെ തടയുന്ന കാടിന്റെ മക്കള്‍. അവരെ ഉന്മൂലനം ചെയ്യാതെ, രാജ്യത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന ഖനനപദ്ധതികള്‍ നടപ്പിലാക്കാനാവില്ല എന്ന വസ്തുതയില്‍ നിന്നാണ് മാവോയിസ്റ്റ് വേട്ടയുടെ തുടക്കം. ഇന്ന് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ സാധാരണ മനുഷ്യരെ കൊന്നൊടുക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു എന്നാണ് സോണി സോറി അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ഛത്തീസ്ഗഢിലെ മുന്‍ സിപിഐ എംഎല്‍എ മനീഷ് കുഞ്ചാമിന്റെ വീട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ് നടത്തിയിരിക്കുകയാണ് 2021, 22വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് നല്കേണ്ട ബോണസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു എന്ന് കുഞ്ചാം ആരോപണമുന്നയിച്ചിരുന്നു. വിചിത്രമെന്ന് പറയട്ടെ, ആരോപണമുന്നയിച്ച ആളിനെ തന്നെ സംസ്ഥാന അന്വേഷണ ഏജന്‍സി പ്രതിയാക്കിയിരിക്കുകയാണെന്ന് മനീഷ് കുഞ്ചാം പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്. ‘ഖനനത്തിനെതിരെ ഞാന്‍ ശബ്ദമുയര്‍ത്തിയതിനാല്‍ എന്നെ ലക്ഷ്യംവച്ചിരിക്കുന്നു’ എന്നാണ് കുഞ്ചാം പത്രസമ്മേളനത്തില്‍ പറഞ്ഞത്. ആദിവാസി മഹാസഭ നേതാവും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഡോ. മനീഷ് കുഞ്ചാമിനെതിരായ പൊലിസ് നടപടിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. മണിപ്പൂരിന് സമാനമായ സംഭവവികാസങ്ങള്‍ ദണ്ഡകാരണ്യ മേഖലയിലും സംഭവിക്കുമോ എന്നതാണ് ആശങ്കയുളവാക്കുന്ന ചോദ്യം. ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികളുടെ പാര്‍ശ്വവര്‍ത്തികളായ കുത്തകകളുടെ ആര്‍ത്തിപൂണ്ട കണ്ണുകള്‍ ചരിത്രാതീത കാലം മുതല്‍ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ദണ്ഡകാരണ്യത്തിലെ ധാതുസമൃദ്ധിയിലേയ്ക്ക് പതിച്ചുകഴിഞ്ഞു എന്നാണ് ആ മേഖലയില്‍ വര്‍ധിച്ചുവരുന്ന വ്യാജ ഏറ്റുമുട്ടലുകളും മനുഷ്യക്കുരുതികളും വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.