25 June 2024, Tuesday
KSFE Galaxy Chits

പുതിയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന ഐഡിയോളജിയും പാര്‍ട്ടിയും

Janayugom Webdesk
September 4, 2021 4:00 am

കെ സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനു സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമ പ്രക്രിയയെപ്പറ്റിയുള്ള വിവരണമാണ് പ്രതിപക്ഷ നേതാവിന്റെ ഇന്നലത്തെ കോഴിക്കോട്ടെ പരിപാടികളെ ശ്രദ്ധേയമാക്കുന്നത്. കോണ്‍ഗ്രസിനെ ഒരു ആള്‍ക്കൂട്ടം എന്ന നിലയില്‍ നിന്നും ‘സെമി കേഡര്‍ പാര്‍ട്ടി‘യാക്കി മാറ്റുകയാണ് പുതിയ നേതൃത്വത്തിന്റെ ദൗത്യം. സോഷ്യലിസവും മതേതരത്വവുമായിരിക്കും കോണ്‍ഗ്രസിന്റെ ഐഡിയോളജി, എന്നിങ്ങനെ പോകുന്നു പുതിയ നേതൃത്വത്തിന്റെ പാര്‍ട്ടിയെ സംബന്ധിച്ച കാഴ്ചപ്പാട്. അത്തരത്തില്‍ ഒരു പരിണാമത്തിന് കോണ്‍ഗ്രസ് വിധേയമാകുന്നുവെങ്കില്‍ അത് തീര്‍ത്തും ഹൃദയഹാരിയായ ഒരു പരിവര്‍ത്തനമാണെന്ന് സമ്മതിക്കാതെ വയ്യ. സ്വാതന്ത്ര്യത്തിനു മുമ്പും അതിനുശേഷവും സോഷ്യലിസ്റ്റ് ആശയങ്ങളും മതനിരപേക്ഷതയും കോണ്‍ഗ്രസില്‍ ഗണ്യമായ സ്വാധീനം ചെലുത്തിപ്പോന്നിട്ടുണ്ട്.


ഇതും കൂടി വായിക്കാം; അങ്കം മുറുകി; നേതൃത്വത്തിനെതിരെ ഉമ്മന്‍ ചാണ്ടി — രമേശ് സഖ്യം, വിട്ടുവീഴ്ചയില്ലെന്ന് സതീശന്‍


നെഹ്രു ഉള്‍പ്പെടെ നേതാക്കളും കോണ്‍ഗ്രസ് ഭരണാധികാരികളും ആ ആശയങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തുകയും തങ്ങളുടെ ജീവിതത്തിലും ഭരണനയങ്ങളിലും അവ പ്രാവര്‍ത്തികമാക്കാന്‍ യത്നിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് പ്രത്യേകിച്ചും നരസിംഹറാവു പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെട്ടതു മുതല്‍ മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ അവഗണിക്കപ്പെടുകയും കോണ്‍ഗ്രസ് അതില്‍ നിന്ന് ഏറെ അകന്നുപോയതും മായിച്ചുകളയാനാവാത്ത ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ്. അത്തരത്തിലുള്ള ഒരു ദേശീയപാര്‍ട്ടിയുടെ കേരള ഘടകം പഴയ ആശയങ്ങള്‍ പൊടിതട്ടി എടുക്കുകയും അതിന്റെ പേരില്‍ ആണയിടുകയും ചെയ്യുന്നത് ആരിലാണ് കൗതുകം ഉളവാക്കാതിരിക്കുക. ഈ ആശയങ്ങളും സെമി കേഡര്‍ സ്വഭാവമുള്ള സംഘടനാരൂപവും കോണ്‍ഗ്രസിന്റെ കേരള ഘടകത്തിനു മാത്രം ബാധകമായ ഒന്നായിരിക്കുമോ, അതോ ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസില്‍ സംഭവിക്കാന്‍ പോകുന്ന പരിവര്‍ത്തനത്തിന്റെ കേളികൊട്ടാണോ ഇവിടെനിന്ന് ഉയരുന്നതെന്ന സംശയം സ്വാഭാവികമാണ്.


ഇതും കൂടി വായിക്കു;പഞ്ചാബിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ഹരീഷ് റാവത്ത്


നരസിംഹറാവു പ്രധാനമന്ത്രി പദത്തില്‍ അ­വരോധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ പുതിയ യുഗത്തിനാണ് തുടക്കംകുറിക്കപ്പെട്ടത്. അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കും ആഗോള കോ­ര്‍പ്പറേറ്റ് താല്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ച ആ­ഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും കാഴ്ചപ്പാടുകളെ ഇന്ത്യന്‍ ഭരണകൂടം പുല്‍കുന്നതിനാണ് രാജ്യം സാക്ഷ്യം­വഹിച്ചത്. മോഡി ഭരണകൂടത്തിന്റെ ദേശീയ ധ­നസമ്പാദന പെെപ്പ്‌ലെെനില്‍ എ­ത്തിനില്‍ക്കുന്ന കോര്‍പ്പറേറ്റ് മുതലാളിത്ത സാമ്പത്തിക നയത്തിലേക്കുള്ള ഇന്ത്യന്‍ സ­മ്പദ്ഘടനയുടെ പ്രതിലോമകരമായ പരിവര്‍ത്തനത്തിന്റെ നാന്ദികുറിക്കലായിരുന്നു അത്. പ്രതിപക്ഷ നേതാവ് വിഭാവനം ചെയ്യുന്ന സോഷ്യലിസം ആ നയങ്ങളുടെ നിരാസമാണെങ്കില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അതിനോടുള്ള സമീപനം എന്തെന്നറിയാന്‍ കൗതുകം മാത്രമല്ല, ജനങ്ങള്‍ക്ക് അതിനുള്ള അവകാശവും ഉണ്ട്. രാജ്യതാല്പര്യങ്ങള്‍ക്ക് നിരക്കാത്തതും ജനവിരുദ്ധവുമായ ആ നയങ്ങള്‍ തള്ളിപ്പറയാനും അത്തരം വിനാശകരമായ ഭരണനയങ്ങള്‍ക്കെതിരെ പൊരുതാനും ആ പോരാട്ടത്തില്‍ ജനങ്ങളെ അണിനിരത്താനും കോണ്‍ഗ്രസ് സന്നദ്ധമാകുമോ?

നരസിംഹറാവുവിന്റെ ഭരണത്തിലാണ് ഇന്ത്യന്‍ മതനിരപേക്ഷതക്ക് കനത്ത ആഘാതമേല്‍പ്പിച്ച് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ബാബ്റി മസ്ജിദിനൊപ്പം തകര്‍ക്കപ്പെട്ട മതനിരപേക്ഷത വീണ്ടെടുക്കാനും അതിനെ ശക്തിപ്പെടുത്താനും പരസ്യമായും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുകാരും എത്രത്തോളം സന്നദ്ധമാണ്? തൊണ്ണൂറുകളുടെ ആരംഭം മുതല്‍ നാളിതുവരെ മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി കാണുകയും ചെയ്തുപോന്ന കോണ്‍ഗ്രസ് ആ നയത്തോട് പരസ്യമായി വിടപറയാന്‍ തയാറുണ്ടോ എന്നാണ് യഥാര്‍ത്ഥ മതനിരപേക്ഷ ശക്തികള്‍ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ അവലംബിച്ച മൃദുഹിന്ദുത്വ, വര്‍ഗീയ പ്രീണന നയങ്ങള്‍ തള്ളിപ്പറയാനും കോണ്‍ഗ്രസ് സന്നദ്ധമാവേണ്ടിവരും.


ഇതും കൂടി വായിക്കു;ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ നീറിപ്പുകഞ്ഞ് വക്താവ് നിയമനം


തൊണ്ണൂറുകളുടെ ആരംഭം മുതല്‍ നാളിതുവരെ കോണ്‍ഗ്രസ് പിന്തുടര്‍ന്നുപോന്ന സാമ്പത്തിക നയങ്ങളും പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളും തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസിന് സോഷ്യലിസത്തെപ്പറ്റിയൊ മതനിരപേക്ഷതയെപ്പറ്റിയൊ പറയാന്‍ യാതൊരു അര്‍ഹതയുമില്ല. ആ നിലപാട് പിന്തുടര്‍ന്നുകൊണ്ട് ഐഡിയോളജിയെക്കുറിച്ച് നടത്തുന്ന വായ്ത്താരി ശുദ്ധ കാപട്യമാണ്. മറിച്ചാണെങ്കില്‍ അത് പ്രവര്‍ത്തിയിലൂടെ കാണിച്ചുനല്കാന്‍ പ്രതിപക്ഷ നേതാവിന് ബാധ്യതയുണ്ട്. അത്തരം ഒരു മാറ്റത്തെ സര്‍വാത്മന സ്വാഗതം ചെയ്യാന്‍ ഇന്ത്യയിലെയും കേരളത്തിലെയും ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ തയാറാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.