26 April 2024, Friday

വേണോ ഈ തമ്മിലടി

Janayugom Webdesk
September 1, 2021 4:15 am

പ്രതിയോഗികളേക്കാള്‍ സ്വന്തം അണികള്‍ തന്നെ അത്യാര്‍ഭാടപൂര്‍വം ആഘോഷിക്കുകയാണ് കോണ്‍ഗ്രസിലെയും അവര്‍ നയിക്കുന്ന മുന്നണിയുടെയും നടപ്പു തമ്മിലടി. സംഘടനാ തലപ്പത്തെ അഴിച്ചുപണിയുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെയും വേളയില്‍ ആണ്ടുനേര്‍ച്ചയെന്നോണം പതിവുള്ളതാണെന്നതിനാല്‍, കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും ഇത് വലിയ പ്രതിഭാസമൊന്നുമായി തോന്നിയേക്കില്ല. കാലം ഏറെ മാറിക്കഴിഞ്ഞു. സൂക്ഷ്മനിരീക്ഷണത്തിലൂടെ കാര്യങ്ങള്‍ വകതിരിഞ്ഞെടുക്കാനുള്ള ശേഷിയുള്ളവരാണ് പുതിയ തലമുറ. കക്ഷിരാഷ്ട്രീയത്തില്‍ കാണുന്ന ഇത്തരം അശുഭലക്ഷണങ്ങള്‍, അവരെ അരാഷ്ട്രീയ ചിന്തയിലേക്ക് എത്തിക്കാനുള്ള എളുപ്പമാര്‍ഗമാക്കി മാറ്റരുത്. പ്രതിസന്ധികളുടെ നിലയില്ലാക്കയത്തില്‍ സര്‍ക്കാരും രാഷ്ട്രീയകക്ഷികളും എങ്ങനെയായിരിക്കണം എന്ന് നല്ലപോലെ വിലയിരുത്തി മാര്‍ക്കിട്ട ജനതയാണ് കേരളത്തിലേത്. ആ ഒരനുഭവത്തില്‍ നിന്നുപോലും പഠിക്കാതെ, തമ്മിലടിക്കിടയില്‍ സര്‍ക്കാരിനെയും വികസനത്തെയും, എന്തിന് മഹാമാരിയുടെ പ്രതിരോധത്തെപ്പോലും വിമര്‍ശിക്കുന്ന അങ്ങാടിപ്രസംഗം കോണ്‍ഗ്രസും മുന്നണിയും തുടരുന്നത് മൂക്കത്തുവിരല്‍ വച്ചാണ് പൊതുജനം വീക്ഷിക്കുന്നത്.

കോണ്‍ഗ്രസിന്റെ വേരിലെ കേട് ഗ്രൂപ്പിസവും അധികാരക്കൊതിയുമാണ്. അത് മാറ്റിയെടുക്കാന്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്നവര്‍ ശ്രമിച്ചാല്‍, ആരും അവരെ അഭിനന്ദിക്കാന്‍ മടിക്കില്ല. അധികാരം കയ്യടക്കിയിരുന്നവര്‍‍ വരിയില്‍ നിന്നുപോകുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും അസഹിഷ്ണുതയും അവരും അവരുടെ അണികളും ഏറ്റെടുത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഒപ്പം അധികാരമുറപ്പിച്ചവരുടെ അഹങ്കാരവും. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ അടപടലം മാറ്റി, പുതിയൊരു നിരയെത്തന്നെ നിയോഗിച്ചത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അസാമാന്യ നടപടിയാണ്. മുമ്പെങ്ങുമില്ലാത്ത കീഴ്‌വഴക്കം കൂടിയാണ് അത്. ഒരുപക്ഷെ, കോണ്‍ഗ്രസിനകത്ത് അത്തരമൊരു മാറ്റം സഹിക്കാനാവാത്തതാണ്. താക്കോല്‍സ്ഥാനങ്ങളില്‍ ഖദറിട്ടിരുന്ന് മുഷിഞ്ഞുകൂറകുത്തിയവരും പുതിയ കുപ്പായക്കാരും തമ്മിലുള്ള ശീതസമരങ്ങള്‍, ചിലവേള പരസ്യയുദ്ധമുറകള്‍ ഇവ പതിറ്റാണ്ടുകളായുണ്ട്. കാലന്‍ നല്‍കുന്ന അവസരങ്ങള്‍ക്ക് കാത്തുനിന്നിരുന്ന ശീലംപോലും കോണ്‍ഗ്രസിലുണ്ടായിരുന്നു. രാജ്യത്താകെ കോണ്‍ഗ്രസ് ശിഥിലമാകുമ്പോള്‍, കേരളത്തിലെ സംഘടനയെ അടിമുടിമാറ്റി പുതിയൊരു രീതി പരീക്ഷിക്കുന്നത് സ്വാഗതം ചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍, കോണ്‍ഗ്രസ് തന്നെ കോണ്‍ഗ്രസിനു തടസമാകുന്നത് രാഷ്ട്രീയ കേരളം ആഗ്രഹിക്കുന്നതല്ല. ഈ വിധമല്ല പ്രദേശ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടത്. പ്രത്യേകിച്ച്, ദേശീ­യ രാഷ്ട്രീയം കേരളത്തിനുപോലും വെല്ലുവിളി ഉ­യര്‍ത്തുന്ന ഘട്ടത്തി­ല്‍. പതിറ്റാണ്ടുകളോളം കേ­രളത്തിലെ കോണ്‍ഗ്രസിനെ നയിച്ചവരും പു­തുതായി നിയോഗിക്കപ്പെട്ടവരും നിലനിര്‍ത്തി­പ്പോരുന്ന ആ ശീലം, മഹാപാരമ്പര്യത്തിന്റെ തടിയറുക്കാന്‍ വളരുന്ന തലമുറയുടെ കയ്യില്‍ കൊടുക്കുന്ന കോടാലിയാണ്. അധികാരക്കസേരയല്ല, അധികാരവെറിയും മനസുമാണ് മാറേണ്ടതെന്ന് അവര്‍ തന്നെ എടുത്തുപറയുകയാണിവിടെ.

നയങ്ങളും നിലപാടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചചെയ്യുന്നതിനെ ഉള്‍ക്കൊള്ളുന്ന ശീലം ഇന്നത്തെ മാധ്യമങ്ങള്‍ക്ക് ഇല്ലെന്ന ബോധ്യം കോണ്‍ഗ്രസിനും വേണം. പാര്‍ട്ടി വേദികളിലെ ചര്‍ച്ചയുടെ ശരിയും തെറ്റുമല്ല സമൂഹത്തിന്റെ മുന്നിലേക്ക് പലരും കൈമാറുന്നത്. അതിനെ തമ്മിലടിയാക്കി ചുടുചോര കുടിക്കുന്ന കാഴ്ചകളാണിന്ന് അധികവും. രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും സോഷ്യല്‍ മീഡിയകളും വേണ്ടുവോളം ചര്‍ച്ചചെയ്യുന്നുണ്ട്. അവിടെയും രാഷ്ട്രീയ വിശുദ്ധിയെ വിവസ്ത്രയാക്കുന്നു. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങളും അതിന്റെ പശ്ചാത്തലത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റര്‍ യുദ്ധവുമെല്ലാം വലിയൊരു പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെയാണ് സാരമായി ബാധിക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ തകര്‍ച്ചയുടെയും നാഥനില്ലാക്കളിയുടെയും അനന്തരഫലമെന്നോണം, ഐക്യജനാധിപത്യ മുന്നണിയിലെ തമ്മിലടിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. അധികാരത്തിനുവേണ്ടി നാലാളുമായി ചേക്കേറിയവര്‍മാത്രമല്ല, കോണ്‍ഗ്രസിനേക്കാള്‍ വലുതെന്ന് അഹങ്കരിക്കുന്ന മുസ്‌ലിം ലീഗുപോലും പ്രതിസന്ധിയിലാണ്. പണക്കൊതിയും അധികാരവടംവലിയുമാണ് ലീഗിലെയും തര്‍ക്കകാരണം. അവിടെയും തമ്മിലടികള്‍ക്ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നു. കോണ്‍ഗ്രസിലായാലും യുഡിഎഫിലായാലും അടിക്കും തടയ്ക്കുമായി നേതാക്കള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരുമ്പിട്ടിറങ്ങുന്നു എന്നത് ആശ്ചര്യത്തേക്കാള്‍ അമ്പരപ്പാണ് ഉണ്ടാക്കുന്നത്. ആര് ജയിക്കണം ആര് ഭരിക്കണം എന്ന് നിശ്ചയിക്കുന്ന ജനങ്ങളുടെ മുന്നില്‍ നേതാക്കളും അണികളും പരസ്പരം ചെളിവാരിയെറിയുന്നത് തലമുറയെ രാഷ്ട്രീയവിരോധികളാക്കും. അതത് കക്ഷികളില്‍ വിശ്വസിക്കുന്ന വലിയൊരുവിഭാഗം ആളുകളുടെ മനസിനെയും അത് വേദനിപ്പിക്കും. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കേരളമാതൃക കൈവിടാതിരിക്കാനാണ് ശ്രമിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.