16 December 2025, Tuesday

കാമ്പസ് രാഷ്ട്രീയം: ഗവർണറുടെ നിലപാടിലെ ഇരട്ടത്താപ്പ്

Janayugom Webdesk
June 19, 2025 5:00 am

ന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ നിർമ്മിക്കുന്നവരാണെന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ്. കാമ്പസുകൾ ഭാവി ജീവിതത്തിന്റെ സംഭരണികളാണെന്ന വചനവുമുണ്ട്. ഭാവിതലമുറയെ വാർത്തെടുക്കുക എന്ന സുപ്രധാന പങ്ക് കാമ്പസുകൾക്ക് വഹിക്കാനുണ്ടെന്നാണ് ഇതിന്റെ ആത്യന്തിക അർത്ഥം. ശാസ്ത്രവും സാമൂഹ്യശാസ്ത്രവും സാങ്കേതികവിദ്യയും ഇതര തൊഴിൽ നൈപുണി വിഷയങ്ങളും പഠിച്ച്, അതാത് രംഗങ്ങളിൽ മികച്ചവരാകുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ ഭരണരംഗവും സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. ജനാധിപത്യ, ഭരണ സംവിധാനത്തിന്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികളും പഠിക്കണമെന്നതുകൊണ്ടാണ് കാമ്പസുകളിൽ വിദ്യാർത്ഥി യൂണിയനുകളും സ്കൂളുകളിൽ പാർലമെന്ററി രൂപങ്ങളും ഉണ്ടായത്. വിദ്യാർത്ഥികളും സാമൂഹ്യ, നവോത്ഥാന പോരാട്ടങ്ങളുടെ ഭാഗമായിരിക്കണമെന്ന ചിന്ത സ്വാതന്ത്ര്യ സമരകാലത്തുതന്നെ രൂപപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യസമരകാലത്ത് രൂപീകരിക്കപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിൽ എഐഎസ്എഫ് എന്ന രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനവുമുൾപ്പെട്ടത്. അതിനെ പിൻപറ്റി വിവിധ വിദ്യാർത്ഥി സംഘടനകൾ രാജ്യത്തുണ്ടായി. ഭാവി പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടേതായ വിദ്യാർത്ഥി സംഘടനകൾക്ക് രൂപം നൽകി. വിദ്യാർത്ഥി യൂണിയനുകളെന്ന ജനാധിപത്യ പാഠശാലയിലൂടെ തങ്ങളുടെ ഭാവിപ്രവർത്തകരെ വാർത്തെടുക്കുന്നതിൽ ഭാഗഭാക്കാകുകയും ചെയ്തു. 

ഈയൊരു പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്. സർവകലാശാലകളെയും കോളജുകളെയും രാഷ്ട്രീയ അതിപ്രസരം നശിപ്പിക്കുമെന്നും പുനർവിചിന്തനം നടത്തിയില്ലെങ്കിൽ അടുത്ത തലമുറകളുടെ ഭാവി അവതാളത്തിലാകുമെന്നുമായിരുന്നു കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അദ്ദേഹം പറഞ്ഞത്. അർലേക്കറുടെ ജീവിതം പരിശോധിച്ചാൽ അദ്ദേഹം ഏതെങ്കിലും വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചതായി കാണാനാകില്ല. പക്ഷേ കുട്ടിക്കാലം മുതൽ ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നാണ് അവകാശപ്പെടുന്നതെങ്കിലും ആർഎസ്എസ് രാജ്യത്ത് നടത്തിപ്പോരുന്ന പ്രവർത്തനങ്ങളിൽ ഉൾച്ചേർന്നിട്ടുള്ള രാഷ്ട്രീയ ദൗത്യം എല്ലാവർക്കും ബോധ്യമുള്ളതാണ്. കുട്ടികളെ ചെറുപ്പത്തിലേ പിടികൂടുകയും തങ്ങളുടെ ആശയത്തിലേക്ക് ആകർഷിക്കുകയും വേണമെന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്നവരാണ് അവർ. 1949ൽ തന്നെ എബിവിപി എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സംഘടന രൂപീകരിക്കുകയും വിദ്യാർത്ഥികളെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണവഴികളിലേക്ക് നയിക്കുകയും ചെയ്യുന്ന ആർഎസ്എസിന്റെ പ്രവർത്തകനാണ് കുട്ടിക്കാലം മുതല്‍ താനെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ന്യൂനതയാണ് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കാമ്പസുകളെന്നും രാഷ്ട്രീയമായല്ലാതെ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുണ്ടാകണമെന്നും പറയുന്നുവെന്നത് കൗതുകത്തെക്കാൾ ഗൗരവതരമായ സംവാദമാണ് ആവശ്യപ്പെടുന്നത്.

ഇത്തരം വാക്കുകൾ ആദ്യത്തേതല്ല. നവ ഉദാരീകരണകാലം മുതൽ രൂപപ്പെട്ട അരാഷ്ട്രീയവാദത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് രാഷ്ട്രീയവും സംഘടനകളും ജനാധിപത്യവേദികളും ആവശ്യമില്ലെന്ന അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ചില സംഘടനകളുടെ ആശാസ്യകരമല്ലാത്ത പ്രവർത്തന ശൈലിയും ഏകാധിപത്യമനോഭാവവും അത്തരം ചിന്താഗതിക്ക് വെള്ളവും വളവും നൽകുകയും ചെയ്തു. എന്നാൽ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട കാമ്പസുകളെ ആഗ്രഹിക്കുന്നത് നല്ല തലമുറയെ വാർത്തെടുക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്നും വിതണ്ഡവാദവും വലതുപക്ഷ ചിന്തകളും വളർത്തുന്നതിനും അരാജകത്വം സൃഷ്ടിക്കുന്നതിനുമുള്ള ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണ് എന്നിടത്താണ് അർലേക്കറോട് വിയോജിക്കേണ്ടിവരുന്നത്. മാത്രവുമല്ല രാജ്ഭവനുകളെന്ന ഭരണഘടനാ സ്ഥാപനത്തെ രാഷ്ട്രീയവേദിയാക്കുകയെന്ന ഏറ്റവും ജനാധിപത്യവിരുദ്ധവും പിന്തിരിപ്പനുമായ സമീപനം സ്വീകരിക്കുന്ന വ്യക്തിയാണ് ഇത്തരം നിലപാടുകൾ പറയുന്നതെന്നത് വൈരുധ്യവും അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ്. ഔദ്യോഗിക പരിപാടികളിൽ ആർഎസ്എസിന്റെ ആശയപ്രകാരമുള്ള ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് നിഷ്കർഷിക്കുക മാത്രമായിരുന്നില്ല, ആർഎസ്എസ് നേതാവ് എസ് ഗുരുമൂർത്തിയെ കൊണ്ടുവന്ന് രാജ്ഭവനെ രാഷ്ട്രീയവേദിയാക്കുകയും ചെയ്തു അർലേക്കർ. രാജ്ഭവൻ പോലുള്ള കേന്ദ്രങ്ങളിൽ കടുത്ത രാഷ്ട്രീയ, വലതുപക്ഷ സംഘടനാ നേതാക്കളെ കൊണ്ടുവരികയും മുൻകാല ഭരണാധികാരികളെ വിമർശിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്ത ഒരാളാണ് കാമ്പസുകളിലെ രാഷ്ട്രീയാതിപ്രസരത്തെക്കുറിച്ച് കണ്ണീർ വാർക്കുന്നതെന്നത് അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കുകയാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തന ശൈലിയിൽ മാറ്റം വേണമെന്നും സർഗാത്മകമാകണമെന്നും അംഗീകരിക്കുമ്പോൾതന്നെ ദുരുദ്ദേശ്യത്തോടെയുള്ള ഇത്തരം പ്രസ്താവനകൾ അവഗണന മാത്രമാണർഹിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.