16 June 2024, Sunday

കരുതൽ വേണം, സഹകരണത്തെ രക്ഷിക്കാൻ

Janayugom Webdesk
October 18, 2022 5:00 am

ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികളിൽ (മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) സുതാര്യത ഉറപ്പാക്കാനെന്ന പേരിൽ 2022ലെ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ഭേദഗതി) ബില്ലിന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഭരണം മെച്ചപ്പെടുത്തൽ, തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കൽ, നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കൽ തുടങ്ങിയവയ്ക്കുള്ള വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. ഡയറക്ടർ ബോർഡിന്റെ ഘടന മെച്ചപ്പെടുത്തൽ, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കൽ, ധനസമാഹരണം തുടങ്ങിയവയും ലക്ഷ്യമിടുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ സാധാരണക്കാരുടെ ആശയും ആശ്രയവുമായ സഹകരണ മേഖലയെ തകർക്കുന്ന 2020 ലെ ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


ഇതുകൂടി വായിക്കു; പട്ടിണി രാജ്യമാകുന്ന ഇന്ത്യ


മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ യൂണിയൻ ലിസ്റ്റിൽപ്പെടുന്നതാണെങ്കിലും എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചശേഷമാണ് ഭേദഗതികൾ കൊണ്ടുവന്നതെന്നാണ് മന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത്. അതിനർത്ഥം സംസ്ഥാനങ്ങളിലെ സഹകരണനിയമങ്ങളിലും തദനുസൃതമായ മാറ്റം കൊണ്ടുവരാൻ വെെകാതെ ഇടപെടൽ ഉണ്ടാകും എന്നുതന്നെയാണ്. സഹകരണ മേഖലയെ കയ്യടക്കുക എന്നത് മോഡി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതലുള്ള ലക്ഷ്യമാണ്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് സഹകരണ മേഖല സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണ്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സഹകരണ മേഖല ഏറ്റവും ശക്തമായിട്ടുള്ളത്. അതിൽ ഗുജറാത്തിലെ സംഘങ്ങൾ ഇരുപത് വർഷം കൊണ്ട് വരുതിയിലാക്കാൻ അമിത് ഷായ്ക്ക കഴിഞ്ഞു. അതേ അമിത് ഷായുടെ നേതൃത്വത്തിലാണ് മോഡി സ­ർക്കാർ കേന്ദ്ര സഹകരണ വകുപ്പ് രൂപീകരിച്ചത് എന്നത് യാദൃച്ഛികമല്ല. മഹാരാഷ്ട്ര, കേ­രളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോടികൾ ആസ്തികളുള്ള സഹകരണ സംഘങ്ങളെ തകർക്കാനുള്ള ആ­സൂത്രിത നീക്കം ബാങ്കിങ് റെഗുലേഷൻ നിയമ ഭേദഗതി പോലുള്ളവ ഉപയോഗിച്ചാണ് അമിത്ഷാ സംഘം തുടങ്ങിയത്.

കേന്ദ്ര സർക്കാർ നിയമ പ്രകാരം കൃഷി, സഹകരണം, കർഷക ക്ഷേമ വകുപ്പിന് കീഴിലാണ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലാണിവ. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള അനുമതി ഈ സംഘങ്ങൾക്കുണ്ട്. കേരളത്തിൽ 22 മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയാണ് എണ്ണത്തിൽ മുമ്പിൽ- 574. തമിഴ്‍നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതേസമയം സംസ്ഥാന സർക്കാറിന്റെയും സംസ്ഥാന സഹകരണ രജിസ്ട്രാറുടെയും നിയന്ത്രണത്തിലാണ് കേരളത്തിലെ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. കേരളബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളുമുള്ള ദ്വിമുഖ സംവിധാനമാണ് സഹകരണ മേഖല. നിലവിൽ 15,624 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 1611 എണ്ണം പ്രാഥമിക കാർഷിക സഹകരണസംഘങ്ങളാണ്. ഇവയില്‍ 69,925 കോടി നിക്ഷേപവും 71,301 കോടി വായ്പയുമുണ്ട്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, പട്ടികജാതി സഹകരണസംഘങ്ങൾ, പട്ടികവർഗ സഹകരണ സംഘങ്ങൾ, വനിതാ സഹകരണസംഘങ്ങൾ, മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾ തുടങ്ങി മെഡിക്കൽ, എൻജിനീയറിങ് കോളജുകൾവരെ നടത്തുന്ന സംഘങ്ങളും കേരളത്തിലുണ്ട്. കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആരോപിച്ച് നോട്ടുനിരോധന കാലത്ത് കേന്ദ്രം ഈ മേഖലയിൽ ഇടപെടലിന് ശ്രമം നടത്തിയിരുന്നു. വലിയ ചെറുത്തുനില്പിലൂടെ താല്ക്കാലികമായി അത് തടയാൻ കഴിഞ്ഞെങ്കിലും ഭീതി ഒഴിവായിട്ടില്ല.


ഇതുകൂടി വായിക്കു;  ഇന്ത്യക്ക് ആവശ്യം ആരോഗ്യസംരക്ഷണ രംഗത്തെ വിപ്ലവം


 

ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡ‍റേഷൻ എന്ന അമൂലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ ഏതാനുംദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത് മറ്റൊരു മുന്നറിയിപ്പായി കാണണം. ഫെഡറൽ തത്വങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ ഇടപെടൽ ഏതു സഹകരണ സംഘത്തിന് മേലും ഉണ്ടാകാം. അമൂൽ എന്ന ബ്രാന്റിനെ ലോകോത്തരമായി വളർത്തുകയും രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നകയും ചെയ്യുന്ന വർഗീസ് കുര്യനെ ഗുജറാത്തിലെ പാൽ സഹകരണമേഖലയിൽനിന്ന് പുറത്താക്കിയത് അമിത് ഷായാണ്. അതിനായി തികഞ്ഞ മതേതരനായ അദ്ദേഹത്തിനെതിരെ മതപരിവർത്തനം വരെ ആരോപിക്കാൻ ബിജെപി സംഘത്തിന് മടിയുണ്ടായില്ല. കേരളത്തിൽ സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങൾക്ക് ഉപകരിക്കുന്നത് വാണിജ്യബാങ്കുകളെക്കാൾ സഹകരണ സ്ഥാപനങ്ങളാണെന്ന് റിസർവ് ബാങ്ക് നടത്തിയ പഠനം കണ്ടെത്തിയിരുന്നു. അതുകൊണ്ട് കൂടിയാകാം സംസ്ഥാനവികസനത്തിൽ പങ്കാളിയാകുന്ന സഹകരണമേഖലയെ ഞെരിച്ചുകൊല്ലാൻ കേന്ദ്ര ഭരണകൂടം തക്കംപാർത്തിരിക്കുന്നത്. ഏതു രൂപത്തിലും ഏത് നിമിഷത്തിലും ആ ശ്രമം ഫലപ്രാപ്തിയിലെത്തിക്കാൻ അവർ തയാറാകും. കൂട്ടായതും ജാഗ്രത്തുമായ പ്രതിരോധമുണ്ടാകണം നമ്മുടെ സഹകരണ മേഖലയെ സംരക്ഷിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.