ബിജെപി സർക്കാരിന് കീഴിൽ രാജ്യത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ പോലും കൺകെട്ട് വിദ്യയാകുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ട് പാർലമെന്ററി സമിതി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രധാനപ്പെട്ട രണ്ട് ഇനങ്ങളിലാണ് പാർലമെന്ററി സമിതി വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതാകട്ടെ രാജ്യത്തെ ഗ്രാമീണ, നഗര ജനങ്ങളുടെ സാമ്പത്തിക ഉന്നതിയും സാമൂഹ്യ പുരോഗതിയും ലക്ഷ്യംവച്ചുള്ളവയാണ് എന്നത് വീഴ്ചകളെ ഗൗരവതരമാക്കുന്നു. കോവിഡ് കാലത്തുപോലും ഗ്രാമീണ ജനതയ്ക്ക് അത്താണിയായിരുന്നു മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. തൊഴിൽ ചെയ്യുന്നതിന് സന്നദ്ധതയുള്ള ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂർത്തിയായവർക്ക് സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനായി ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 2005ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമമനുസരിച്ചാണ് ഇത് രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയത്. ആദ്യം 200 ജില്ലകളിലും പിന്നീട് 2008 ഏപ്രിൽ മുതൽ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. തൊഴിൽ മൗലികാവകാശമാണെന്ന ഭരണഘടനാ കാഴ്ചപ്പാടിന്റെ ഭാഗികമായ നടപ്പിലാക്കൽ കൂടിയാണ് ഇതിലൂടെ സാധ്യമായത്. എന്നാൽ ബിജെപി അധികാരത്തില്‍ എത്തിയതിനുശേഷം പദ്ധതിയെ ദുർബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഭരണതലത്തിൽ നടന്നുവരുന്നത്. അതിന്റെ ഭാഗമായി ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുക, സംസ്ഥാനങ്ങളുടെ വിഹിതം നൽകാതിരിക്കുക, സാങ്കേതിക സംവിധാനങ്ങളുടെ പേരുപറഞ്ഞ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്നിങ്ങനെ വിവിധ നടപടികൾ ബിജെപി സർക്കാരിൽ നിന്നുണ്ടായി. ഇതിന്റെ ഫലമായി അഞ്ച് കോടിയിലധികം പേരെ തൊഴിൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ് പ്രകാരം 1.25 കോടിയാണ് പുറത്തായവരുടെ എണ്ണം. ഈ രീതിയിൽ പദ്ധതിയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ, പദ്ധതി വിഹിതം അനുവദിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്നാണ് പാർലമെന്ററി സമിതി കുറ്റപ്പെടുത്തിയിരിക്കുന്നത്.
സമിതി മുമ്പാകെ നൽകിയ ഫെബ്രുവരി 15 വരെയുള്ള വിവരങ്ങൾ അനുസരിച്ച് 23,446.27 കോടി കുടിശികയാണെന്നും നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റിൽ നീക്കിവച്ച വിഹിതത്തിന്റെ 27.26 ശതമാനമാണിതെന്നുമാണ് റിപ്പോർട്ടിലുള്ളത്. മുൻവർഷത്തെ കുടിശിക നൽകണമെങ്കിൽത്തന്നെ അനുവദിച്ചതിന്റെ നാലിലൊന്ന് ആവശ്യമായി വരും. അതനുസരിച്ച് മുഴുവൻ തുകയും അനുവദിച്ചാൽ പോലും നടപ്പുവർഷത്തെ ബജറ്റ് വിഹിതം 62,553.73 കോടിയായി കുറയുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വിഹിതം കൂട്ടണമെന്നും തൊഴിൽദിനവും വേതനവും വർധിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമായി എല്ലാ കോണുകളിൽ നിന്നും ഉയർന്നുകൊണ്ടിരിക്കെയാണ് ഗ്രാമീണ സമ്പദ്ഘടനയ്ക്ക് കൈത്താങ്ങ് നൽകുന്ന പദ്ധതിക്കെതിരായ കേന്ദ്ര നടപടികളെന്നത് ശ്രദ്ധേയമാണ്. സമാനമായ കണ്ടെത്തലുകൾ തന്നെയാണ് നഗര വികസനത്തിനായി നീക്കിവച്ചതിൽ വലിയൊരു തുക പാഴാക്കി എന്നത്. പാർലമെന്ററി സമിതി മുമ്പാകെ നഗര വികസന വകുപ്പ് നൽകിയ ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകൾ പരിശോധിച്ചതിലാണ് ഭീമമായ തുക പാഴായതായി വിലയിരുത്തിയത്. 82,576.57 കോടി രൂപ ബജറ്റിൽ വകയിരുത്തിയത് പുതുക്കിയ കണക്കുകൾ പ്രകാരം 63,669.93 കോടിയായി കുറച്ചതിനുശേഷം 21,000 കോടിയോളം രൂപ വിനിയോഗിച്ചില്ലെന്നാണ് സമിതി കണ്ടെത്തിയത്.
ബജറ്റ് പ്രഹസനമാക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളാണ് നഗര വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പരിശോധിച്ച ബിജെപി സഖ്യകക്ഷിയായ ടിഡിപി നേതാവ് എം ശ്രീനിവാസലു റെഡ്ഡി അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലുള്ളത്. നഗരങ്ങളിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് എന്ന പേരിൽ 2022–23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പിഎം — ഇ ബസ് സേവാ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ 2023 ഓഗസ്റ്റിൽ കേന്ദ്രം അംഗീകാരം നൽകിയ ഈ പദ്ധതിക്ക് ബജറ്റ് വിഹിതം അവനുവദിച്ചതാകട്ടെ 2024–25 സാമ്പത്തിക വർഷത്തിലും. 1,300 കോടി രൂപ ആദ്യം നീക്കിവച്ചെങ്കിലും പിന്നീട് അത് 500 കോടിയായി കുറയ്ക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ജൂലൈയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച സമ്പൂർണ ബജറ്റിൽ പ്രഖ്യാപിച്ച്, 1,150 കോടി രൂപ വകയിരുത്തിയ പദ്ധതിയായിരുന്നു നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ (എൻയുഡിഎം). എന്നാൽ സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കേ, പദ്ധതിക്ക് ഇതുവരെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടില്ല. നിലവിലുള്ള പദ്ധതികളുടെ ചെലവുകൾ നിർവഹിക്കുന്നതിനും പുതിയവ പ്രഖ്യാപിക്കുമ്പോൾ അതിനായി വിനിയോഗിക്കുന്നതിനും തുക നീക്കിവയ്ക്കുകയും വരവ്, ചെലവുകൾ ക്രമീകരിക്കുകയും ചെയ്യുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ബജറ്റിലൂടെ സർക്കാരുകൾ നിർവഹിക്കേണ്ടത്. ബജറ്റിൽ നീക്കിവയ്ക്കുന്ന വിഹിതം, ചെലവഴിക്കൽ വേളയിൽ പൊരുത്തപ്പെടാതെ വരികയാണെങ്കിൽ പുതുക്കുന്ന കണക്കുകൾ പ്രകാരം അധികമായി തുക നീക്കിവയ്ക്കുക എന്നിങ്ങനെയാണ് ബജറ്റിന്റെ രീതിശാസ്ത്രം. എന്നാൽ ചെലവാകുന്ന തുക അനുവദിക്കാതെയും, നീക്കിവയ്ക്കുന്നവ ചെലവഴിക്കാതെ പാഴാക്കിയും, പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളെ ഗൗരവത്തിലെടുക്കാതെ, കടലാസിലുറക്കുകയും ചെയ്തുകൊണ്ട് ബജറ്റ് തന്നെ പ്രഹസനമാക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.