നിർദിഷ്ട ലോക്‌സഭാ മണ്ഡല പുനർനിർണയ നീക്കം ദേശീയ രാഷ്ട്രീയത്തിൽ സജീവ ചർച്ചാവിഷയമാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽ നിന്നും ഉയർന്നുകേട്ടത്. ‘മണ്ഡല പുനർനിർണയ നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുമേൽ ഡെമോക്ലസിന്റെ വാൾപോലെ ഭീഷണിയായി തൂങ്ങിനിൽക്കുന്നു’ എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മണ്ഡല പുനർനിർണയ നീക്കത്തെ വിശേഷിപ്പിച്ചത്. ഇപ്പോൾ 39ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാടിന്റെ സീറ്റുകളുടെ എണ്ണം പുനർനിർണയത്തോടെ 31 ആയി ചുരുങ്ങുമെന്ന ആശങ്കയാണ് സ്റ്റാലിൻ പങ്കുവയ്ക്കുന്നത്. ഇത് കേവലം സംസ്ഥാനത്തുനിന്നുള്ള ലോക്സഭാ അംഗങ്ങളുടെ എണ്ണത്തിന്റെ മാത്രം പ്രശ്നമല്ലെന്നും, മറിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ നിഷേധമാണെന്നും സ്റ്റാലിൻ വിലയിരുത്തുന്നു. തമിഴ്‌നാടിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശത്തെ സംബന്ധിക്കുന്ന പ്രശ്നത്തെപ്പറ്റി ചർച്ചചെയ്യാൻ, സംസ്ഥാനത്തെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള 40 രാഷ്ട്രീയപാർട്ടികളുടെയും ആലോചനയോഗം മാർച്ച് അഞ്ചിന് വിളിച്ചുചേർക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ അംഗങ്ങളെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തയയ്ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അക്കാരണത്താൽതന്നെ മണ്ഡല പുനർനിർണയത്തെ തുടർന്ന് തങ്ങളുടെ സീറ്റുകളിൽ ഉണ്ടാവുന്ന ഗണ്യമായ കുറവിൽ അവർക്കുള്ള ആശങ്ക അവഗണിക്കാവുന്നതല്ല. എന്നാൽ ഇത് തമിഴ്‍നാടിന്റെ മാത്രം ഉത്കണ്ഠയോ അവകാശപ്രശ്നമോ അല്ല. പൊതുവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയാകെ ബാധിക്കുന്നതും ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെ ഗണ്യമായി പരിമിതപ്പെടുത്തുന്നതുമായ വിഷയമായി മണ്ഡല പുനർനിർണയ നീക്കം മാറിയിരിക്കുന്നു. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ മാത്രം അടിസ്ഥാനത്തിലാണ് മണ്ഡല പുനനിർണയം നടത്തുന്നതെങ്കിൽ ഒരു ദേശീയ ലക്ഷ്യം എന്നനിലയിൽ ആസൂത്രിതമായി ജനസംഖ്യാ നിയന്ത്രണം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളടക്കം രാജ്യത്തെ നിരവധി സംസ്ഥാനങ്ങളുടെ ലോക്‌സഭാ പ്രാതിനിധ്യത്തെ പ്രതികൂലമായി ബാധിക്കും. നേട്ടമുണ്ടാവുക ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കായിരിക്കും.
ഭരണഘടനയുടെ അനുച്ഛേദം 80, 170 എന്നിവയനുസരിച്ച് ഓരോ കാനേഷുമാരി കണക്കെടുപ്പിനുശേഷവും ലോക്‌സഭ, സംസ്ഥാന നിയമസഭ മണ്ഡലങ്ങളുടെ അതിർത്തി പുനഃനിർണയം നടത്തേണ്ടതുണ്ട്. പാർലമെന്റിന്റെ നിയമനിർമ്മാണം വഴി രൂപീകൃതമാകുന്ന ‘ഡീലിമിറ്റേഷൻ കമ്മിഷൻ’ ആണ് അത് നിർവഹിക്കേണ്ടത്. 1951, 1961, 1971 വർഷങ്ങളിലെ സെൻസെസ് കണക്കെടുപ്പുകളെത്തുടർന്ന് അത്തരത്തിൽ മണ്ഡല പുനർനിർണയം നടന്നിരുന്നു. എന്നാൽ 1971ന് ശേഷം ആ പ്രക്രിയ 42-ാം ഭരണഘടനാ ഭേദഗതിവഴി 2000 വരെ മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമാക്കി, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ നടപടി. തുടർന്ന് 84-ാം ഭേദഗതി വഴി 2026 വരെ ആ നിലപാട് തുടരുകയായിരുന്നു. ഈ കാലയളവിൽ നടന്ന മണ്ഡല പുനർനിർണയങ്ങളെല്ലാം 1971ലെ സെൻസസ് കണക്കുകളെ അടിസ്ഥാനമാക്കിയാണ് നിർവഹിച്ചിരുന്നത്. സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ വോട്ടർമാരുടെ എണ്ണം വർധിപ്പിച്ചുള്ള പുനർനിർണയമാണ് ഇക്കാലയളവിൽ നടന്നത്. 2026ൽ മണ്ഡല പുനർനിർണയം നടത്തേണ്ടത് 84-ാം ഭേദഗതിവഴി നിയമപരമായ ബാധ്യതയാണ്. എന്നാൽ 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കണക്കെടുപ്പ് കോവിഡ് മഹാമാരി കാരണം നടക്കുകയുണ്ടായില്ല. അതിനുശേഷവും കേന്ദ്രസർക്കാർ സെൻസസ് കണക്കെടുപ്പ് തങ്ങളുടേതായ നിക്ഷിപ്ത കാരണങ്ങളാൽ അവഗണിക്കുകയായിരുന്നു. സാമ്പത്തിക വളർച്ചയെപ്പറ്റിയും വികാസത്തെപ്പറ്റിയും മോഡി സർക്കാർ തുടർന്നുവരുന്ന അവകാശവാദങ്ങളുടെ കള്ളി പുറത്താകാൻ താല്പര്യമില്ലാത്തതാണ് അതിന്റെ കാരണം. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിലാവട്ടെ സെൻസസ് പോയിട്ട് മറ്റ് അടിസ്ഥാന കണക്കെടുപ്പുകൾക്കും സർവേകൾക്കും മതിയായ തുകപോലും വകയിരുത്തിയിട്ടില്ല. വസ്തുത ഇതായിരിക്കെ ഇപ്പോൾ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡല പുനർനിർണയ പ്രക്രിയ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആശങ്ക ശക്തമാണ്. ജനസംഖ്യ അടിസ്ഥാനത്തിൽ പുനർനിർണയം നടത്തിയാൽ ലോക്‌സഭയിൽ ഇപ്പോഴുള്ള 543ൽ നിന്നും സീറ്റുകളുടെ എണ്ണം 848 വരെ ഉയർന്നേക്കാം. ജനസംഖ്യ മാത്രം മാനദണ്ഡമാക്കി വിഭജിച്ചാൽ ഏറെ നഷ്ടം സഹിക്കേണ്ടിവരിക കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായിരിക്കും. പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്കും പ്രാതിനിധ്യത്തിൽ നഷ്ടം നേരിടേണ്ടിവരും. ഗണ്യമായ നേട്ടം ലഭിക്കുന്ന ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ രാഷ്ട്രീയമായി ബിജെപിക്ക് വിലപ്പെട്ടതാണ്.
വസ്തുതകൾ ഇതായിരിക്കെ ജനസംഖ്യ മാത്രം മാനദണ്ഡമാക്കിയുള്ള മണ്ഡല പുനർനിർണയത്തെ ശക്തിയുക്തം എതിർക്കേണ്ടതുണ്ട്. നീതിപൂർവവും ഫെഡറൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുമുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം നിർദിഷ്ട മണ്ഡല പുനര്‍നിർണയ പ്രക്രിയ. രാജ്യത്തെ രജിസ്റ്റർചെയ്യപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും അഭിപ്രായങ്ങൾ ആരാഞ്ഞ്, വിശാലമായ ഒരു സമവായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നടക്കേണ്ടതാണ് നിർണായക പ്രാധാന്യമർഹിക്കുന്ന മണ്ഡല പുനർനിർണയ പ്രക്രിയ. അടുത്ത സെൻസസ് നടപടികൾ പൂർത്തിയാക്കി ദേശീയ സമവായം ഉരുത്തിരിയുംവരെ 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിലുള്ള തൽസ്ഥിതി തുടരാൻ പാർലമെന്റിന് തീരുമാനിക്കാമെന്നിരിക്കെ ഇക്കാര്യത്തിൽ മോഡി സർക്കാർ പ്രകടിപ്പിക്കുന്ന അനാവശ്യ തിടുക്കം അതിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ ചോദ്യംചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.