18 April 2025, Friday
KSFE Galaxy Chits Banner 2

ബുൾഡോസർരാജ് തുടരുമ്പോൾ കോടതികൾ വീണ്ടും ഇടപെടണം

Janayugom Webdesk
March 17, 2025 5:00 am

രാഷ്ട്രീയ, സമുദായിക എതിരാളികളെ നേരിടുന്നതിന് ബിജെപി സർക്കാരുകൾ പുതിയതായി കണ്ടെത്തിയ ആയുധമാണ് ബുൾഡോസർ രാജ്. കുറ്റാരോപിതരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് വിചാരണയ്ക്കുശേഷം അര്‍ഹമായ ശിക്ഷ നൽകണമെന്ന നിയമ വ്യവസ്ഥ ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ തന്നെ ശിക്ഷയായി കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്ന രീതിയാണ് ഇതിലൂടെ വിവിധ ബിജെപി സർക്കാരുകൾ അവലംബിച്ചത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, അസം, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സർക്കാരുകൾ വ്യാപകമായി ഉപയോഗിച്ച ഈ നിയമാതീത ശിക്ഷാരീതി ഒട്ടുമിക്ക ബിജെപി സംസ്ഥാനങ്ങളിലും അവരുടെ സർക്കാരുകൾ പിന്തുടർന്നുപോന്നു. ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കാറ്റിൽപ്പറത്തിയും കോടതികളെ നോക്കുകുത്തിയാക്കിയും എതിരാളികളെ ശിക്ഷിക്കുന്ന ഈ സമീപനത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ, സാമൂഹ്യ സംഘടനകൾ എന്നിവരെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ തങ്ങൾക്ക് മുന്നിലെത്തിയ ഹർജികളുടെ അടിസ്ഥാനത്തിൽ ഭരണാധികാരികൾ ജഡ്ജിമാരായി മാറേണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞ വർഷം നവംബർ 13ന് ബുൾഡോസർ രാജിനെതിരെ ശക്തമായ നിലപാടെടുത്തു. ബുൾഡോസർ രാജ് അധികാര ദുർവിനിയോഗമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച പരമോന്നത കോടതി ഏതെങ്കിലും കേസുകളിൽ പ്രതികളോ ശിക്ഷിക്കപ്പെട്ടവരോ ആയ വ്യക്തികളുടെ വീടുകൾ അനധികൃതമായാണ് നിർമ്മിച്ചതെന്ന പേരിൽ ഇടിച്ചുനിരത്തുന്നത് ഭരണകൂട ഭീകരതയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മതന്യൂനപക്ഷങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരായ ഫലപ്രദമായ ഉപാധിയായാണ് ബിജെപി സർക്കാരുകൾ ഇതിനെ ഉപയോഗിച്ചത്. അതിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ ഫലപ്രദവും ശക്തവുമായ ഇടപെടലുണ്ടായത്. എന്നാൽ കോടതികളെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് വിവിധ ബിജെപി സർക്കാരുകൾ ഇടിച്ചുനിരത്തൽ തുടരുകയാണ്. 

മുസ്ലിങ്ങൾ വിശുദ്ധമാസമെന്ന് കരുതുന്ന റംസാൻ മാസത്തിൽ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ മദ്രസ ഇടിച്ചുനിരത്തുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 12 മദ്രസകൾക്കും ഒരു മസ്ജിദിനുമെതിരെയാണ് പൊളിച്ചുനീക്കുന്നതിനുള്ള നോട്ടീസ് നൽകിയത്. നേരത്തെ ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു നടപടിയെങ്കിൽ ഇപ്പോൾ നോട്ടീസ് നൽകുന്നുവെന്ന വ്യത്യാസം മാത്രം. നോട്ടീസിന് മതിയായ വിശദീകരണം നൽകിയാലും നടപടിയിൽ നിന്ന് അധികൃതർ പിന്നോട്ടുപോകാറില്ല എന്നതിനാൽ നോട്ടീസ് നൽകുന്നത് കോടതിയുടെ കണ്ണിൽപ്പൊടിയിടാനുള്ള ഏർപ്പാടാണെന്ന ആക്ഷേപവുമുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ കുറ്റാരോപിതരായ 14 വ്യക്തികളിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ ആറ് പേരുടെ വീടുകളാണ് ശനിയാഴ്ച പൊളിച്ചുനീക്കിയത്. വ്യാഴാഴ്ച പ്രദേശത്തുണ്ടായ സംഘർഷത്തിലെ കുറ്റാരോപിതരുടെ വീടുകളാണ്, അനധികൃതമായി നിർമ്മിച്ചതെന്ന് ആരോപിച്ച് തകർത്തുകളഞ്ഞത്. ഫെബ്രുവരി 24നാണ് മഹാരാഷ്ട്രയിൽ 15 വയസുകാരന്റെ കുടുംബവീട് തകർത്തത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുന്നതായി കേട്ടുവെന്ന സംഘ്പരിവാർ സംഘടനാ പ്രവർത്തകന്റെ പരാതിയെ തുടർന്നായിരുന്നു നഗരസഭ, വീട് തകർക്കുന്ന നടപടി കൈക്കൊണ്ടത്. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിൽ 15കാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നിർബന്ധത്തിന് വഴങ്ങി നഗരസഭ വീട് പൊളിക്കുകയും ചെയ്തു. രാജസ്ഥാനിൽ ബലാത്സംഗക്കേസിലെ കുറ്റാരോപിതരുടെ വീടുകൾ പൊളിക്കുന്നതിനാണ് നോട്ടീസ് നൽകിയത്. ഇതിനെതിരെയുള്ള ഹർജിയെ തുടർന്ന് ഹൈക്കോടതി പൊളിക്കൽ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാൽ സ്റ്റേ നീക്കി നടപടിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ നീക്കം. ഇങ്ങനെ പല സംസ്ഥാനങ്ങളിലും ബുൾഡോസർരാജുമായി ബിജെപി സർക്കാരുകൾ മുന്നോട്ടുപോകുന്നു. 

2024 നവംബർ 13ന് സുപ്രീം കോടതി ബുൾഡോസർരാജിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ഇടിച്ചുനിരത്തലിന് ഉത്തരവ് നൽകുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കൂടാതെ 2020ലെ ഒരു കേസിൽ നിയമവിരുദ്ധമായി കെട്ടിടം തകർത്തതിന് ഉത്തർപ്രദേശ് സർക്കാരിന് 25 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. വിവിധ ഹൈക്കോടതികളിൽ നിന്നും സമാനമായ വിധി ഉണ്ടായിരുന്നതുമാണ്. എന്നിട്ടും കോടതിവിധികളെ പോലും മാനിക്കാതെയാണ് ബുൾഡോസർരാജ് തുടരുന്നത്. ബിജെപിയുടെ ഭരണകൂടങ്ങൾ ജനാധിപത്യത്തെ മാത്രമല്ല നീതിന്യായ വ്യവസ്ഥയെയും അംഗീകരിക്കുവാൻ തയ്യാറാകുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നടപടികൾ. പരമോന്നത കോടതിയും വിവിധ ഹൈക്കോടതികളും നൽകിയ നിർദേശങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ഈ നിഷേധാത്മക സമീപനം തിരുത്തിക്കുന്നതിന് ജനകീയമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം കോടതികളിൽ നിന്നുതന്നെ ശക്തമായ നടപടികളും ആവശ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.