20 December 2025, Saturday

രാജ്യത്തെ അടിയറവയ്ക്കരുത്

Janayugom Webdesk
March 10, 2025 5:20 am

ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023 — 24ൽ 11,800 കോടി ഡോളറിന് മുകളിലായിരുന്നു. അടുത്ത ഏതാനും വർഷത്തിനുള്ളിൽ വ്യാപാരം 5,000 കോടി ഡോളർ കൂടി വളരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ശക്തമായ സാമ്പത്തിക സഹകരണത്തിനുള്ള ഗണ്യമായ സാധ്യതകളെയാണ് ഇത് അടിവരയിടുന്നത്. ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങളോടെ ഇന്ത്യൻ നിർമ്മാതാക്കളെ ആഗോള വിതരണ ശൃംഖലകളിൽ സംയോജിപ്പിക്കാൻ സഹായിക്കുന്നതിന് യുഎസുമായി വിശാലമായ ഒരു വ്യാപാര, നിക്ഷേപ കരാര്‍ ആശാസ്യവുമാണ്. എന്നാല്‍ നിലവിലെ യുഎസ് ഭരണകൂടവും ഇന്ത്യയിലെ മോഡിഭരണകൂടവും എടുക്കുന്ന നിലപാടുകള്‍ ദുരൂഹവും ഇന്ത്യന്‍ താല്പര്യങ്ങള്‍ ബലികഴിക്കുന്നതുമാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താരിഫ് നിരക്കില്‍ പകരത്തിന് പകരമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിന് ഇന്ത്യ വഴങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലത്തേത്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് വെള്ളിയാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ‘അവർ സമ്മതിച്ചു — അവരിപ്പോൾ അവരുടെ തീരുവ കുറയ്ക്കാൻ ആഗ്രഹിക്കുന്നു. ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പരസ്പര താരിഫുകള്‍ യുഎസ് വ്യാപാര നയത്തില്‍ ഒരു സുപ്രധാന മാറ്റം അടയാളപ്പെടുത്തും. മറ്റ് രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന താരിഫ് രാജ്യങ്ങള്‍, മുതലെടുക്കുന്നത് യുഎസ് ഇനി സഹിക്കില്ല’ എന്നാണ് ട്രംപ് പറഞ്ഞത്. 

ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, യുഎസ് വാണിജ്യകാര്യ ചുമതലയുള്ള ഹോവാര്‍ഡ് ലുട്‌നിക്കുമായി വ്യാപാര ചര്‍ച്ചകള്‍ക്കായി വാഷിങ്ടണില്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. സമഗ്ര വ്യാപാരക്കരാറിന് വേണ്ടിയുള്ള യുഎസ് സമ്മര്‍ദത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ വിശദമായ പ്രതികരണം നടത്തിയിട്ടില്ല എന്നത് ദുരൂഹമാണ്. ട്രംപിന്റെ പ്രസ്താവന നിഷേധിക്കാനും മോഡി സർക്കാർ തയ്യാറായിട്ടില്ല. അമേരിക്കൻ താല്പര്യങ്ങൾക്ക് മുന്നിൽ പൂർണമായും ഇന്ത്യന്‍ ഭരണകൂടം കീഴടങ്ങിയെന്ന പ്രതിപക്ഷ വിമർശനം ശരിവയ്ക്കുന്ന തരത്തിലാണ് പ്രധാനമന്ത്രിയുടെ മൗനം. നരേന്ദ്ര മോഡി ട്രംപുമായും വാണിജ്യ മന്ത്രി യുഎസ് വ്യാപാരപ്രതിനിധി ജാമീസൺ ഗ്രീറുമായും ചർച്ച നടത്തിയിട്ടും നികുതി വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് അമേരിക്ക തയ്യാറായിട്ടില്ലെന്നുവേണം നിലവിലെ സാഹചര്യത്തില്‍ അനുമാനിക്കാന്‍. പിയൂഷ് ഗോയൽ — ജാമീസൺ ഗ്രീർ ചർച്ചയ്ക്ക് ശേഷമാണ്, ഇറക്കുമതിത്തീരുവ കുറയ്ക്കാമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. അതേസമയം അമേരിക്കയുമായി ഉഭയകക്ഷി വ്യാപാരക്കരാറിൽ ഏർപ്പെടാൻ ശ്രമിക്കുകയാണെന്ന് മാത്രമാണ് വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഉഭയകക്ഷി വ്യാപാരക്കരാറിന്റെ വിശദാംശങ്ങൾ മൂടിവയ്ക്കാനാണ് കേന്ദ്രശ്രമം എന്ന സംശയത്തിന് ഇത് ഇടനല്‍കുന്നു. വെള്ളിയാഴ്ച ട്രംപിന്റെ പരാമർശത്തിന് തൊട്ടുമുമ്പ്, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ഇന്ത്യ ടുഡേ കോൺക്ലേവിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തുകൊണ്ട് ‘അമേരിക്കൻ ഇറക്കുമതികളുടെ തീരുവയിൽ മേഖലാടിസ്ഥാനത്തിലുള്ള കുറവല്ല, വിശാലമായ ഒരു പദ്ധതി ഇന്ത്യ പിന്തുടരേണ്ടതുണ്ടെന്ന്’ ആവശ്യപ്പെട്ടിരുന്നു. കാർഷികോല്പന്നങ്ങളുടെ തീരുവ പിൻവലിക്കുന്നത് മോഡി സർക്കാരിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് സൂചിപ്പിച്ചപ്പോൾ, ‘കാർഷിക വിപണി തുറക്കേണ്ടതുണ്ട്, അത് അടച്ചിടാൻ കഴിയില്ല’ എന്നായിരുന്നു ലുട്‌നിക് മറുപടി നൽകിയത്. 

ട്രംപ് ഭരണകൂടവുമായുള്ള ചര്‍ച്ചകളില്‍നിന്ന് ഇന്ത്യ പിന്മാറിയില്ലെങ്കില്‍ യുഎസിന് പൂര്‍ണമായി വഴങ്ങേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ സംഭരണം, കാര്‍ഷിക സബ്സിഡികള്‍, പേറ്റന്റ് നിയമ ഇളവുകള്‍ എന്നിവയെക്കുറിച്ചുള്ള കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ യുഎസ് ശ്രമം നടത്തുന്നത് അപകടകരമാണ്. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളായ മൃഗസംരക്ഷണവും ഇന്ത്യന്‍ ഗ്രാമീണ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലാണ്. 700 ദശലക്ഷത്തിലധികം പേരുടെ ഉപജീവനമാര്‍ഗമാണിത്. കാര്‍ഷികമേഖലയെ ഉദാരവല്‍ക്കരിക്കാനുള്ള നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കും. കാര്‍ഷിക സബ്സിഡിയുള്ള വിദേശങ്ങളിലെ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ വിലകുറഞ്ഞ ഭക്ഷ്യോല്പന്നങ്ങളുടെ കടന്നുകയറ്റമുണ്ടാവുകയും രാജ്യത്തെ കര്‍ഷകരുടെ വരുമാനത്തെയും ഉപജീവനമാര്‍ഗത്തെയും സാരമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പാർലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡി “പ്രിയ സുഹൃത്ത്” എന്നാണ് ട്രംപിനെ വിശേഷിപ്പിക്കുന്നത്. എന്നിട്ടും ഇന്ത്യൻ കുടിയേറ്റക്കാരെ മനുഷ്യത്വരഹിതമായി അധിക്ഷേപിച്ചും ചങ്ങലകളിൽ ബന്ധിച്ചുമാണ് ട്രംപ് കഴിഞ്ഞമാസം ഇന്ത്യയോടുള്ള നിലപാട് വ്യക്തമാക്കിയത്. അപ്പോഴും ഉറ്റചങ്ങാതിക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ നരേന്ദ്ര മോഡി തയ്യാറായില്ലെന്നു മാത്രമല്ല, അന്നാട്ടിലെത്തി നേരിട്ട് അനുമോദിക്കാനും മറന്നില്ല. ഈ ലജ്ജാകരമായ പരസ്പരബന്ധം, ബ്രിട്ടീഷ് ഭരണാധികാരികൾക്ക് മുമ്പില്‍ സംഘ്പരിവാർ നടത്തിയ ചരിത്രപരമായ കീഴടങ്ങലിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. വ്യാപാരക്കരാറിലും ഒക്കച്ചങ്ങാതിക്ക് കീഴടങ്ങി രാജ്യത്തെ അടിയറവയ്ക്കുമോ എന്ന ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ കേന്ദ്രഭരണകൂടം തയ്യാറാകണം.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.