ഇതര മതസ്ഥർക്കെതിരെ കുപ്രചരണങ്ങൾ നടത്തിയും വിദ്വേഷവും വെറുപ്പും ഉല്പാദിപ്പിച്ചും തീവ്ര ഹിന്ദുത്വ ശക്തികൾ രാജ്യവ്യാപകമായി സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം തകർക്കുന്നതിനുള്ള ബോധപൂർവ ശ്രമങ്ങൾ നടത്തിവരികയാണ്. അതിന് ശക്തിയേകുന്ന വിധം പൗരത്വ ഭേദഗതി നിയമം, കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയൽ തുടങ്ങി വഖഫ് നിയമ ഭേദഗതി വരെയുള്ള നിയമനിർമ്മാണങ്ങൾ ഭരണതലത്തിലും രൂപപ്പെടുത്തുന്നു. മതപരമായ ആഘോഷങ്ങളെ അക്രമത്തിന് അവസരമാക്കിയുള്ള കലാപശ്രമങ്ങളും അവലംബിക്കുന്നു. ഏറ്റവും ഒടുവിൽ ഹോളി ആഘോഷവേളയിൽ പലയിടങ്ങളിലും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുണ്ടായി. സംഘർഷത്തിന് ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ഹോളിക്ക് മുന്നോടിയായി ബിജെപി മുഖ്യമന്ത്രിമാർ ഉൾപ്പെടെ നേതാക്കളിൽനിന്നും അവരുടെ ഉദ്യോഗസ്ഥ വിഭാഗങ്ങളിൽ നിന്നുമുണ്ടായതെന്നതും നാം കണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാമ നവമിയുമായി ബന്ധപ്പെട്ടും സംഘർഷ ശ്രമങ്ങൾ നടന്നു. പുറത്ത് ഇത്തരം ശ്രമങ്ങളുണ്ടാകുമ്പോൾ അതിന്റെ കാറ്റ് ഏശാതെ പോകുന്ന സംസ്ഥാനമാണ് കേരളം.
ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലുള്ള സമരങ്ങൾ കലാപങ്ങളായി മാറാതിരുന്നത് മതേതരത്വവും സാമുദായിക സൗഹാർദവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നതാണ് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം എന്നതുകൊണ്ടായിരുന്നു. അതിന് ഭംഗം വരുത്തുന്നതിനുള്ള നീക്കങ്ങൾ സംഘ്പരിവാർ ശക്തികൾ ഇടയ്ക്കിടെ നടത്തിവരാറുണ്ട്. താൽക്കാലിക ഭൗതിക നേട്ടത്തിനായി മാത്രമാണ് അവർ അത് ചെയ്യുന്നതെന്നതിൽ സംശയവുമില്ല. എന്നാൽ നമ്മുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ചില വ്യക്തികളും സംഘടനകളും എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനം സ്വീകരിക്കുന്നതിന് അടുത്ത കാലത്തായി നാം സാക്ഷികളാകുകയാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്ന് കഴിഞ്ഞ ദിവസമുണ്ടായ പ്രസ്താവന അതിന്റെ ഉദാഹരണമായിരുന്നു. ശനിയാഴ്ച പുറത്തുവന്ന അദ്ദേഹത്തിന്റെ വാക്കുകൾ നാക്കുപിഴയായിരിക്കുമെന്നും തിരുത്തപ്പെടുമെന്നുമാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച അദ്ദേഹം തന്റെ ചില വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചുവെന്ന് പറഞ്ഞ് നടത്തിയ വാർത്താസമ്മേളനത്തിൽ നൽകിയ വിശദീകരണം കേരളം കാത്തുപോരുന്ന നവോത്ഥാന ബോധ്യത്തിനുനേരെ ഉയരുന്ന വെല്ലുവിളിയാണ്. മലപ്പുറം ജില്ല പ്രത്യേകരാജ്യം പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മലപ്പുറമെന്ന് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലുള്ളത്. സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളിലും മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിലും സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗത്തും മലപ്പുറത്തിന്റെ പാരമ്പര്യം ആർക്കും നിഷേധിക്കാനാവാത്തതാണ്. മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ, പൂന്താനം നമ്പൂതിരി, മേല്പത്തൂർ നാരായണ ഭട്ടതിരി, വള്ളത്തോൾ, ഇടശേരി, ഉറൂബ്, മോയിൻകുട്ടി വൈദ്യർ, കെ സി എസ് പണിക്കർ, രാഷ്ട്രീയ രംഗത്ത് ഇഎംഎസ്, കെ ദാമോദരൻ തുടങ്ങി നിരവധി പ്രതിഭാധനർക്ക് ജന്മം നൽകിയ മണ്ണാണ് മലപ്പുറത്തിന്റേത്. അവരുടെ പാരമ്പര്യങ്ങളെ കളങ്കപ്പെടുത്താനുള്ള നീക്കം അപലപനീയമാണ്.
വിദ്യാഭ്യാസം ഉൾപ്പെടെ നേടിയ പുരോഗതിയിൽ മലപ്പുറം ഇതര ജില്ലകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക പരിഗണനകൾ നേടി എന്ന് സ്ഥാപിക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പക്ഷേ അതിനായി വസ്തുതാപരമായ കണക്കുകൾ അവതരിപ്പിക്കുന്നില്ല.
സ്ഥിതിവിവരക്കണക്കുകൾ വച്ച് സംവാദത്തിന് തയ്യാറാണെന്ന് ചില മുസ്ലിം സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ആ വെല്ലുവിളി ഏറ്റെടുക്കുവാൻ അദ്ദേഹം തയ്യാറാകുമോ എന്ന് കാത്തിരുന്നു കാണണം. തന്റെ സമുദായത്തിന് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന പരിഭവം പങ്കുവച്ചാണ് അദ്ദേഹം ആ ജില്ലയ്ക്കും അതുവഴി പ്രത്യേക വിഭാഗങ്ങൾക്കുമെതിരെ വിദ്വേഷ പ്രസ്താവന നടത്തിയത്. താൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ പിന്നാക്കാവസ്ഥ എടുത്തുപറയുന്നതിന് എന്ന വ്യാജേന അദ്ദേഹം ഇതരമതവിദ്വേഷമാണ് യഥാർത്ഥത്തിൽ പ്രകടിപ്പിച്ചത്. അതിലൂടെ അദ്ദേഹത്തിന്റെ വാണിജ്യ മനസാണ് പുറത്തുവന്നതെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാകില്ല. സംഘ്പരിവാറിന്റെയോ അതിനെക്കാൾ കടുത്തതോ ആയ ഭാഷയിലാണ് എസ്എൻഡിപി പോലൊരു സംഘടനയുടെ ജനറൽ സെക്രട്ടറി സംസാരിച്ചത് എന്നത് അത്ഭുതപ്പെടുത്തുന്നു. സാഹോദര്യ സ്നേഹവും സാമുദായിക സൗഹാർദവും വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പിന്തുർച്ച അവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ പുലർത്തേണ്ട മിതത്വമോ സംയമനമോ ഇല്ലാതെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന കേരളത്തെ ഉത്തരേന്ത്യൻ മാതൃകയിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല ആക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്ക് വളമേകുന്നതാണ്. ശ്രീനാരായണഗുരുവിന്റെ പിൻഗാമിയെന്നവകാശപ്പെടുന്നതുകൊണ്ട് നവോത്ഥാന മൂല്യങ്ങളുടെ കാവലാളാകേണ്ട ഒരാളിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നത് ശ്രീനാരായണ ദർശനങ്ങളെ അവഹേളിക്കുന്നതിന് തുല്യവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.