12 December 2025, Friday

നാണക്കേടിന്റെ പരിധി കടന്ന് ഇഡി

Janayugom Webdesk
May 24, 2025 5:00 am

രേന്ദ്ര മോഡി അധികാരത്തിലെത്തിയതു മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ എതിരാളികളെയും ബിജെപിയിതര സർക്കാരുകളെയും വേട്ടയാടുന്നതിനുള്ള വളർത്തു ജീവികളെപോലെയാണ് പ്രവർത്തിക്കുന്നത് എന്ന വിമർശനം പതിവായിരുന്നു. ബിജെപിയുടെയും സംഘ്പരിവാറിന്റെയും എതിർപക്ഷത്തു നിൽക്കുന്ന ഏതൊരു വ്യക്തിയും പ്രസ്ഥാനവും നിരന്തര വേട്ടയ്ക്കിരയായതിന്റെ ഉദാഹരണങ്ങളും നിരവധിയാണ്. സവർണ, ഫാസിസ്റ്റ് ആശയങ്ങൾക്ക് വേരോട്ടമുണ്ടാക്കുന്നതിന് നിദാനമായ ഗുജറാത്ത് വംശീയ കലാപത്തിന്റെ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ പ്രേക്ഷക സമക്ഷം അവതരിപ്പിച്ച എമ്പുരാൻ എന്ന ചലച്ചിത്രത്തിനുനേരെ ആദ്യം അവർ ഉയർത്തിയ വെല്ലുവിളികളും അതിന് പിന്നാലെ സിനിമയുടെ നിർമ്മാതാവ് ഗോകുലം ഗോപാലൻ, സംവിധായകൻ പൃഥ്വിരാജ്, മറ്റ് അണിയറ പ്രവർത്തകർ എന്നിവർക്കെതിരെ വിവിധ കാരണങ്ങൾ പറഞ്ഞ് ഇഡി നടപടി ആരംഭിച്ചതും അടുത്തകാലത്തെ ഉദാഹരണങ്ങളിൽ ഒന്നാണ്. ഇഡി കേസെടുത്ത് കോഴയ്ക്കുള്ള അവസരമാക്കുന്നു എന്ന പരാതികളും അടുത്തിടെയുണ്ടാകുകയും കേരള വിജിലൻസ് കേസെടുക്കുകയും ചെയ്ത സംഭവവും ഏജൻസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

ബിജെപിയിതര രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിക്കുന്ന മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, പൊതുപ്രവർത്തകർ എന്നിങ്ങനെ ഇഡി വലയിൽ കുടുക്കിയവരുടെ എണ്ണം വളരെയധികമാണ്. ഇഡി വേട്ടയാടുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത വ്യക്തികളുടെ എണ്ണത്തെക്കാൾ കൂടുതൽ തവണ വിവിധ കോടതികളിൽ നിന്ന് ഈ കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷവിമർശനങ്ങളും കടുത്ത ഭാഷയിലുള്ള പരാമർശങ്ങളും ഉണ്ടാകുകയും ചെയ്തു. എങ്കിലും ഭരണകൂട യജമാനന്മാരുടെ വിനീതദാസന്മാരായി, നാണക്കേടിന്റെ കണികയേതുമില്ലാതെ പണിയെടുക്കുകയാണ് അവർ. നാണവും മാനവുമുണ്ടെങ്കിൽ ഇത്തരം തറപ്പണി നിർത്തിപ്പോകേണ്ട പരാമർശങ്ങളാണ് പരമോന്നത കോടതിയിൽ നിന്ന് പോലും അവർക്കും മറ്റുപല കേന്ദ്ര ഏജൻസികൾക്കുമെതിരെ ഉണ്ടായത്. അതിൽ ഒടുവിലത്തേതായിരുന്നു തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനെതിരെ (ടാസ്മാക്) ഇഡി നടത്തുന്ന അന്വേഷണവും റെയ്ഡും റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതിയിൽ നിന്നുണ്ടായ രൂക്ഷ വിമർശനങ്ങൾ. 

ടാസ്മാക് മദ്യ ഇടപാടിൽ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഇഡി കേസെടുത്തത്. അത് ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ‘ഇഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഫെഡറൽ സംവിധാനത്തെ പൂർണമായും ഹനിക്കുന്ന നടപടികളാണ് നടത്തുന്നതെന്നും’ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ടാസ്മാക് എന്ന സർക്കാർ സംവിധാനത്തിനെതിരെയാണ് അന്വേഷണവും റെയ്ഡും നടത്തുന്നത്. വ്യക്തികൾക്കെതിരെ കുറ്റം ചുമത്താം. എന്നാൽ ഒരു കോർപറേഷനെതിരെ ഇത്തരത്തിൽ കുറ്റം ചുമത്തുന്നത് എങ്ങനെയാണെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു. അഴിമതി പുറത്തുവന്നപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇഡിയുടെ അന്വേഷണം എന്തിനാണെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശത്തിൽ നിന്നുതന്നെ ഇഡിയുടെ ദുഷ്ടലാക്കും പക്ഷപാതിത്തവും തുറന്നുകാട്ടപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് ഡസനിലധികം തവണയെങ്കിലും ഇഡിയുടെ നടപടികൾ ഇത്തരത്തിൽ കോടതിയുടെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. 

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെയും സിബിഐയുടെയും സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചായിരുന്നു ബിആർഎസ് നേതാവ് കെ കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബറിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലും ഇഡി നടപടി കോടതിയുടെ വിമർശനത്തിന് വിധേയമായി. തെളിയിക്കപ്പെട്ട കുറ്റങ്ങളില്ലാതെ വ്യക്തികളെ എത്രയും കാലം തടവിലാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ഈ കേസിൽ വ്യക്തമാക്കുകയുണ്ടായി. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി മംഗേലാൽ സുനിൽ അഗർവാളിന് ജാമ്യം അനുവദിച്ച ഡൽഹി കോടതിയും ഇഡിയുടെ നടപടികളെ നിശിതമായി വിമർശിക്കുകയുണ്ടായി. അറസ്റ്റ് ചെയ്യുക എന്നത് തോന്നിയതുപോലെ ചെയ്യേണ്ടതല്ലെന്നും വ്യക്തമായ നിയന്ത്രണങ്ങളുടെയും കർശനമായ മേൽനോട്ടത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നുമായിരുന്നു അന്ന് കോടതി നിർദേശിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കാട്ടുന്ന അതിക്രമത്തിനെതിരായ സുപ്രീം കോടതി പരാമർശമുണ്ടായത് കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു. ജാമ്യവ്യവസ്ഥയിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്ന ഉപാധികൾ അനുവദിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഈ വർഷം ജനുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാക്കപ്പെട്ട വനിതയ്ക്ക് ജാമ്യം അനുവദിക്കുന്ന വേളയിലും സുപ്രീം കോടതിയിൽ നിന്ന് കേന്ദ്ര സർക്കാരിനും ഇഡിക്കുമെതിരെ നിശിതമായ പരാമർശങ്ങളുണ്ടായി. ഇത്തരം നിരവധി പരാമർശങ്ങളും വിമർശനങ്ങളും വിധികളും സുപ്രീം കോടതിയുൾപ്പെടെ വിവിധ നീതിന്യായ സംവിധാനങ്ങളിൽ നിന്നും ഉണ്ടായിട്ടും ഇഡി ഉൾപ്പെടെ ഏജൻസികൾ ബിജെപി സർക്കാരിന്റെ തിട്ടൂരങ്ങൾക്കനുസരിച്ചുള്ള വേട്ട തുടരുകയാണ്. പ്രതിപക്ഷം ഉന്നയിക്കുന്നതുപോലെ, ഇഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ ദാസ്യപ്പണിയെന്നത് വസ്തുതയാണെന്ന് തെളിയുകയാണ് കോടതി വിധികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും. എന്നിട്ടും നാണക്കേടിന്റെ എല്ലാ പരിധികളും കടന്ന് വിധേയത്വം തുടരുന്നതിനെ അയ്യോ കഷ്ടമെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.