8 April 2025, Tuesday
KSFE Galaxy Chits Banner 2

ഇഡിക്ക് കാണാനാകാത്ത കുഴൽപ്പണം

Janayugom Webdesk
April 1, 2025 5:00 am

കൊടകര കുഴൽപ്പണ കേസിൽ പൊലീസ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത് ബിജെപി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്റെ മൊഴിയിൽ കഴമ്പുണ്ടെന്നാണ്. തൃശൂരിലെ ബിജെപി ജില്ലാ ഓഫിസിൽ എത്തിയ കുഴൽപ്പണം ചാക്കുകളിലാക്കി മണ്ഡലങ്ങളിലേക്ക് വിതരണത്തിന് കൊണ്ടുപോകുന്നത് കണ്ടുവെന്നായിരുന്നു സതീശൻ വെളിപ്പെടുത്തിയത്. ഈ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ അന്യായവും സതീശൻ നൽകിയിട്ടുണ്ട്. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് അന്തിമ കുറ്റപത്രം സമർപ്പിച്ച് കൈകഴുകി. കേസിൽ ഇഡി, സതീശന്റെ മൊഴിപോലും എടുക്കാൻ തയ്യാറാകാത്തത് യജമാനന്മാരോടുള്ള ഇഡിയുടെ ഭയഭക്തിയാണ് വെളിപ്പെടുന്നത്. കൊടകര കേസില്‍ പൊലീസ് സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങൾ ഉൾപ്പെടെ നൽകിയിട്ടും സാക്ഷിപ്പട്ടികയിലെ കെ സുരേന്ദ്രന്റെ പേര് പോലും കണ്ണിൽപ്പെടാത്ത വിധം മതിഭ്രമത്തിലാണ് ഇഡി. കൊടകര കേസുമായി ബന്ധപ്പെട്ട് തിരൂർ സതീശൻ ഗുരുതരമായ ആരോപണങ്ങളാണ് ബിജെപിക്കെതിരെ ഉയർത്തിയത്. അതിൽ മൊഴിയെടുക്കാനെന്ന് പറഞ്ഞെങ്കിലും സതീശനെ ഒന്നു വിളിച്ചുവരുത്താനുള്ള സാമാന്യമായ ‘അന്വേഷണത്വര’ എന്തുകൊണ്ടാണ് ഈ കേന്ദ്ര എജൻസിക്ക് ഇല്ലാതെ പോയത്. കേസ് അന്വേഷിച്ച കേരള പൊലീസ്, കുഴൽപ്പണ ഇടപാടിലെ പ്രധാനികളെ രേഖപ്പെടുത്തി നൽകി. അതിനെ സാധൂകരിക്കുന്ന സാക്ഷി മൊഴിയുമുണ്ട്. പക്ഷെ ഇഡിക്ക് ഇതിലൊന്നും താല്പര്യമില്ല. 

കൊടകര കുഴൽപ്പണ കേസ് ഇഡി അന്വേഷിക്കണ്ട വിഷയമല്ലെന്നാണ് പറയുന്നത്. കർണാടകയിൽ നിന്നെത്തിയ കള്ളപ്പണമായതിനാൽ അന്തർസംസ്ഥാന ബന്ധവും ശതകോടികളും എല്ലാം ഉണ്ടെങ്കിലും ഇഡി ഉദ്യോഗസ്ഥർക്ക് അത്ര ബോധിച്ച മട്ടില്ല. വേണമെങ്കിൽ ആദായനികുതി വകുപ്പ് അന്വേഷിക്കട്ടെ എന്നാണ് ഭാവം. കള്ളപ്പണ ഇടപ്പാട് നടന്നിട്ടുണ്ടെന്നും തൃശൂർ ജില്ലയിലെ പ്രധാന ബിജെപി നേതാക്കളായ മൂന്ന് പേർക്കെതിരെ ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് സതീശൻ പങ്കുവച്ചിരുന്നത്. ഇതു ഗൗരവമായി അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതും. ഇവയൊന്നും പരിഗണിക്കാതെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. അന്തർസംസ്ഥാന ബന്ധങ്ങൾ കൂടി ഉള്ളതിനാലാണ് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഈ കേസ് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ ലഭിച്ച പരമാവധി വിവരങ്ങളും കൈമാറിയിരുന്നു. ഇതിനു പുറമെയാണ് കൊടകരയിൽ കവർന്ന മൂന്നരക്കോടി, ബിജെപിയുടെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ ആറ് ചാക്കുകളിലാക്കി എത്തിച്ചത് കണ്ടെന്ന അന്നത്തെ ഓഫിസ് സെക്രട്ടറി തിരൂർ സതീശൻ 2024 ഒക്ടോബർ 30ന് വെളിപ്പെടുത്തിയത്. 2021 ഏപ്രിൽ മൂന്നിനു പുലർച്ചെയാണ് പണമടങ്ങുന്ന വാഹനത്തിൽ നിന്നും കൊടകരയിൽവച്ച് തട്ടിപ്പു സംഘം പണം കവർന്നത്. ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പിനായി കർണാടകയിൽനിന്നും 12 കോടി കുഴൽപ്പണം എത്തിച്ചുവെന്ന ധർമ്മരാജന്റെ മൊഴിയും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. 22 പേരാണ് കൊടകര കുഴൽപ്പണ കേസിൽ പ്രതിസ്ഥാനത്തുള്ളത്. 

കള്ളപ്പണം കൊണ്ടുവന്നത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫിസ് സെക്രട്ടറി ജി ഗിരീശൻ എന്നിവരുടെ അറിവോടെയാണെന്നും ധർമ്മരാജൻ ബിജെപിയുടെ ഹവാല ഇടപാടുകാരനാണെന്നും പണം നഷ്ടപ്പെട്ടയുടൻ ധർമ്മരാജൻ വിളിച്ചത് കെ സുരേന്ദ്രനെയും എം ഗണേശനെയുമാണെന്നും പൊലീസ് കുറ്റപത്രത്തിലുണ്ട്. പൊലീസിന്റെ സാക്ഷിപ്പട്ടികയിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ 19 ബിജെപി നേതാക്കളുണ്ട്. ധർമ്മരാജൻ യഥാർത്ഥത്തിൽ കടത്തിയത് 41.40 കോടി രൂപയുടെ കള്ളപ്പണമായിരുന്നുവെന്നും ഇതു പല ജില്ലകളിലായി ബിജെപി ഓഫിസുകൾക്ക് വീതിച്ചു നൽകിയെന്നും പൊലീസ് പറയുന്നു. ഇതെല്ലാം യാതൊരു അടിസ്ഥാനവും ഇല്ലാതെ റദ്ദാക്കുകയും ബിജെപി എന്ന ഒരു വാക്കുപോലും കുറ്റപത്രത്തിൽ പരാമര്‍ശിക്കാന്‍ ഭയക്കുകയും ചെയ്യുന്ന ഇഡി ഉദ്യോഗസ്ഥർ, ബിജെപിയുടെ വെറും കളിപ്പാവകളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഹോട്ടൽ വാങ്ങാൻ ബിസിനസുകാരനായ ധർമ്മരാജൻ കൊണ്ടുവന്ന പണം കവർന്നുവെന്നും കേസിൽ ബിജെപി നേതാക്കളെ സാക്ഷികളാക്കിയിട്ടില്ലെന്നും 3.50 കോടി മാത്രമാണ് കൊണ്ടുവന്നതെന്നുമാണ് ഇഡി പറയുന്നത്. കുഴൽപ്പണ കടത്തിനെക്കുറിച്ച് തനിക്കറിയാമെന്ന് അതു കൈകാര്യം ചെയ്തവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാൾ വെളിപ്പെടുത്തുക, അതിന്റെ വ്യക്തമായ കാര്യങ്ങൾ ദിവസവും സമയവും ഉൾപ്പെടെ പറയുക, പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ അതേ മൊഴി നല്‍കുക, വിഷയത്തിൽ കോടതിയിൽ സ്വകാര്യ അന്യായം നല്കുക, ഇതെല്ലാം തിരൂർ സതീശൻ ചെയ്യുമ്പോൾ, യജമാന ഭയത്താൽ ഓടിയൊളിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.