15 December 2025, Monday

ഇലോൺ മസ്കിനെതിരെ ആഗോള പ്രതിഷേധം ഇന്ന്

Janayugom Webdesk
March 29, 2025 5:00 am

ഇന്ന് അമേരിക്കൻ ഐക്യനാടുകളും ലോകവും അഭൂതപൂർവമായ ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും ട്രംപ് ഭരണകൂടത്തിന്റെ നിയാമക ശക്തിയായി ഇതിനകം മാറിക്കഴിഞ്ഞ ഭരണകൂട കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയുമായ ഇലോൺ മസ്കും അദ്ദേഹത്തിന്റെ ടെസ‌്‌ല ഇലക്ട്രിക്ക് വാഹന വില്പന ശൃംഖലയുമാണ് ഈ ആഗോള പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദു. ടെ‌സ്‌ലയുടെ യുഎസിലെയും ലോകത്തെയും ഇരുനൂറോളം വരുന്ന വില്പന‑പ്രദർശന ശാലകളായിരിക്കും ജനകീയ പ്രതിഷേധത്തിന്റെ വേദികൾ. ഇലോൺ മസ്കിന്റെ ഇടപെടലിലൂടെ യുഎസ് ഫെഡറൽ ഗവണ്മെന്റിലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിലും വിവിധ സർക്കാർവകുപ്പുകളുടെ ബജറ്റ് നീതീകരണം കൂടാതെ വെട്ടിക്കുറയ്ക്കുന്നതിനും വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിലും ട്രംപ് സ്ഥാനാരോഹണ ചടങ്ങിൽ മസ്ക് നടത്തിയ നാസി സല്യൂട്ട് പ്രകടനത്തിനും എതിരായ പ്രതിഷേധസന്ദേശം ട്രംപ് ഭരണകൂടത്തിന് നൽകുകയാണ് ഈ ആഗോള പ്രതിഷേധത്തിന്റെ ലക്ഷ്യം. ജനവിധി കൂടാതെ, ആരാലും തെരഞ്ഞെടുക്കപ്പെടാതെ, ലോകത്തെ ഏറ്റവും ശക്തമെന്ന് കരുതപ്പെടുന്ന യുഎസ് ഭരണകൂടത്തിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഭരണാധികാരിയായിമാറിയ മസ്കിനെയും അയാളുടെ സുപ്രധാന ലാഭസ്രോതസായ ടെസ്‌ലയെയും പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രതിഷേധത്തിന്റെ സംഘാടകർ പ്രഖ്യാപിക്കുന്നു. ട്രംപിനൊപ്പം അധികാരം കയ്യാളുന്ന മസ്കിനും അയാളുടെ ടെസ്‌ല ഇലക്ട്രിക് കാർ വ്യവസായത്തിനുമെതിരായ ഈ പ്രതിഷേധം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. തെരഞ്ഞെടുക്കപ്പെടാതെയും യുഎസ് ജനപ്രതിനിധിസഭയുടെയോ ഉപരിസഭയായ സെനറ്റിന്റെയോ അംഗീകാരവും കൂടാതെ തന്റെ പണക്കൊഴുപ്പിന്റെ പിൻബലത്തിൽ അധികാരത്തിലെത്തിയ മസ്ക് ഫെഡറൽ സർക്കാരിന്റെ ചെലവുചുരുക്കലിന്റെ പേരിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവും യുഎസിന്റെ ജനാധിപത്യ പാരമ്പര്യങ്ങൾക്ക് നിരക്കാത്തതുമായ നടപടികൾ ആ രാജ്യത്തും ലോകത്തും വൻ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തുന്നത്. അത് മസ്കിന്റെ ബിസിനസ് സംരംഭങ്ങൾക്കും അയാളുടെ ആസ്തിക്കും ഇതിനകം വൻ നഷ്ടമാണ് വരുത്തിവച്ചിട്ടുള്ളത്. 

യുഎസിൽ ഇതിനകം നടന്ന പ്രതിഷേധങ്ങൾ പൊതുവിൽ സമാധാനപരമായിരുന്നെങ്കിലും പലയിടത്തും അവ അക്രമാസക്തമാകുകയും തീവയ്പുകൾക്കും ടെസ്‌ലയ്ക്ക് വ­ലിയ സാമ്പത്തിക നഷ്ടങ്ങൾക്കും വഴിവയ്ക്കുകയുമുണ്ടായി. പ്രതിഷേധങ്ങളെത്തുടർന്ന് ടെസ്‌ലയുടെ ഓഹരിമൂല്യം ഡിസംബർ മുതൽ ഇതുവരെ 50 ശതമാനം കണ്ട് കൂപ്പുകുത്തി. ഓഹരിമൂല്യത്തിന്റെ ഇടിവുമൂലം ടെസ്‌ലയ്ക്ക് 77,000 കോടി ഡോളറിന്റെ വിപണിനഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. മസ്കിന്റെ സ്വകാര്യ സമ്പത്തിൽ 13,000 കോടി ഡോളറിന്റെ കുറവ് സംഭവിച്ചു. മസ്കിന്റെ രാഷ്ട്രീയപ്രവേശനം കമ്പനിയുടെ സൽപ്പേരിനും പ്രകടനത്തിലും പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായി 85 ശതമാനം ഓഹരിഉടമകളും അഭിപ്രായപ്പെടുന്നു. ടെസ്‌ല വാഹനങ്ങളുടെ വില്പനയെ പ്രതിഷേധങ്ങൾ പ്രതികൂലമായി ബാധിക്കുക മാത്രമല്ല വാഹനഉടമകൾ അവ നിർഭയം പുറത്തിറക്കാൻ മടിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവ ഉപയോഗിക്കുന്നവരിൽ പലരും മസ്കുവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ചാണ് പുറത്തിറങ്ങുന്നത്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ ഒരു ഹരിതഭാവിയിലേക്കുള്ള പരിവർത്തനം ലക്ഷ്യമാക്കിയാണ് ഉപഭോക്താക്കൾ ടെസ്‌ല ഇലക്ട്രിക്ക് കാറുകളെ വരവേറ്റത്. എന്നാൽ മാസ്കിന്റെ രാഷ്ട്രീയ പ്രവേശനവും ജനവിരുദ്ധ നിലപാടുകളും ഫാസിസത്തോടും ഹിറ്റ്ലറോടുമുള്ള അയാളുടെ ആഭിമുഖ്യവും മാറിചിന്തിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കി. 

കോർപറേറ്റ് മേധാവികളുടെ രാഷ്ട്രീയം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അവർക്കും അവരുടെ രാഷ്ട്രീയത്തിനും വിപണിയിൽ കണക്ക് പറയേണ്ടിവരുമെന്നുമാണ് ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത രാഷ്ട്രത്തിലെ ജനങ്ങൾ തെളിയിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ ബഹിഷ്കരണത്തെ സമരായുധമാക്കി മാറ്റിയ ചരിത്ര സംഭവപരമ്പരകളുടെ ഉടമകളാണ് യുഎസ് ജനത എന്ന വസ്തുതയും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ബഹിഷ്കരണത്തിലൂടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുമടക്കിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തെയാണ് യുഎസ് ജനത നമ്മെ അനുസ്മരിപ്പിക്കുന്നത്. ജനവിധിയിലൂടെ അധികാരത്തിലേറിയവർ ജനതാല്പര്യങ്ങൾ വിസ്മരിക്കുകയും അവർക്കെതിരെ തിരിയുകയും ചെയ്യുമ്പോൾ ശക്തമായ ചെറുത്തുനില്പ് സമരങ്ങൾ അനിവാര്യതയാവും. അത് ബന്ധപ്പെട്ട രാഷ്ട്രത്തിന്റെയും മൂലധന ശക്തികളുടെയും സാമ്പത്തിക താല്പര്യങ്ങൾക്ക് വിരുദ്ധമായി മാറുക തികച്ചും സ്വാഭാവികമാണ്. ഇവിടെ, ഇന്ത്യയിൽ ന്യായമായ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി കർഷകരും തൊഴിലാളികളുമടക്കം ഗതികെട്ട് സമരമാർഗം അവലംബിക്കാൻ നിർബന്ധിതരാകുമ്പോൾ ഉയർന്നുകേൾക്കുന്ന വിമർശനമാണ് അത്തരം നഷ്ടത്തിന്റെ കഥകൾ. ജനതാല്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ള പരമ്പരാഗത രാഷ്ട്രീയം ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നിടത്താണ് ജനങ്ങൾ തന്നെ സ്വയം സംഘടിച്ച് രംഗത്തിറങ്ങാൻ നിർബന്ധിതമാകുന്നത്. യുഎസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധം ഈ പശ്ചാത്തലത്തിൽവേണം വിലയിരുത്തപ്പെടാൻ. യുഎസ് ജനത ഈ പ്രക്ഷോഭത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്‍ ഭരണകൂടത്തിന്റെ മർമ്മത്തെയാണ്. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.