12 December 2025, Friday

ആഗോളതലത്തിൽ അവഗണിക്കപ്പെടുന്ന ഇന്ത്യ

Janayugom Webdesk
July 2, 2025 5:00 am

വിശ്വഗുരു എന്ന പര്യായപദമുപയോഗിച്ച് ഇന്ത്യയുടെ യശസ് ആഗോളതലത്തിൽ ഉയർത്തിയ നേതാവാണ് നരേന്ദ്ര മോഡിയെന്ന പ്രചരണം ശക്തമായിട്ട് വർഷങ്ങളായി. കെട്ടിച്ചമച്ച വാർത്തകളും കെട്ടുകാഴ്ചകളുമായി അത്തരമൊരു പ്രതീതി നിർമ്മിതിക്കുള്ള ബോധപൂർവമായ ശ്രമമാണ് നടന്നുവന്നത്. എന്നാൽ ആ പ്രതിച്ഛായ തകർന്നുവീഴുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാന് നാം ശക്തമായ തിരിച്ചടിയാണ് നൽകിയത്. അതേത്തുടർന്ന് ഇവിടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയും അഭിമാനം കൊള്ളുകയും ചെയ്തു. അത്തരമൊരു നടപടിയുടെ ആവശ്യകതയും അതിർത്തി കടന്ന് നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ നൽകുന്ന സഹായങ്ങളുടെ തെളിവുകളും ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഉന്നതതല സർവകക്ഷി സംഘത്തെ അയയ്ക്കുന്നതിന് തീരുമാനിക്കുകയും അതനുസരിച്ച് സംഘം 33 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. പക്ഷേ അത് ഫലപ്രദമായിരുന്നുവോ എന്ന് വ്യക്തമാക്കുന്നതിന് ഇതുവരെ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. ഇത്തരം വിഷയങ്ങൾ വിശദീകരിക്കുന്നതിനും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ഒറ്റക്കെട്ടായ സമീപനം പ്രകടിപ്പിക്കുന്നതിനും പാർലമെന്റ് വിളിച്ചു ചേർക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ നിന്നുതന്നെ അതിന്റെ ഫലപ്രാപ്തി സംശയാസ്പദമാകുന്നു. ഇന്ത്യ ചെന്നുകാണുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്ത ചില രാജ്യങ്ങളും ആഗോള സംഘടനകളും പാകിസ്ഥാനോട് മൃദുസമീപനം തുടരുന്നതിലൂടെയും വ്യക്തമാകുന്നത് ആഗോളതലത്തിൽ ഭരണാധികാരികൾ അവകാശപ്പെടുന്നതുപോലെ ഇന്ത്യക്ക് വലിയ പങ്കൊന്നുമില്ലെന്നുതന്നെയാണ്. ഇന്ത്യയുടെ ഉന്നതതല സംഘങ്ങൾ ലോകരാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ തന്നെ അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്), ഏഷ്യൻ വികസന ബാങ്ക് (എഡിബി) തുടങ്ങിയ സാമ്പത്തിക ഏജൻസികൾ പാകിസ്ഥാന് സഹായം നൽകുന്നതിന് സന്നദ്ധമായതും നാം കണ്ടതാണ്. ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാവുന്നതുൾപ്പെടെ രാജ്യങ്ങളെ പാക് ഭീകരതയെക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടും ഇതായിരുന്നു സ്ഥിതി. 

ഓപ്പറേഷൻ സിന്ദൂറിന് പെട്ടെന്ന് അന്ത്യം കുറിച്ചുകൊണ്ട് വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ ദുരൂഹതകൾ നീക്കുന്നതിനും ഇതുവരെ സാധ്യമായിട്ടില്ല. താൻ ഇടപെട്ടതിനാലാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിന് സന്നദ്ധമായതെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ശരിയോ തെറ്റോ എന്ന് ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടുമില്ല. എന്നുമാത്രമല്ല വ്യാപാര കരാറുമായി ബന്ധപ്പെടുത്തിയാണ് വെടിനിർത്തലിന് ഇന്ത്യ സന്നദ്ധമായതെന്ന് ട്രംപ് കടത്തിപ്പറയുകയും ചെയ്തു. കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന നിലപാടാണ് തങ്ങൾക്കുമെന്ന് ആവർത്തിക്കുന്ന പ്രധാനമന്ത്രി ട്രംപിന്റെ അവകാശവാദത്തിനെതിരെ എന്തെങ്കിലും പറയുന്നതിന് ഇതുവരെ തയ്യാറായില്ല. ഏഴുതവണ ഒരേ കാര്യം ട്രംപ് ആവർത്തിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്നും അങ്ങനെ ഇടപെട്ടിട്ടില്ലെന്ന് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് പറയിക്കുക മാത്രമാണുണ്ടായത്. അതിനുശേഷവും ട്രംപ് അതേകാര്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴാകട്ടെ ട്രംപിന്റെ അവകാശവാദമായിരുന്നു ശരിയെന്ന് തോന്നിപ്പിച്ചുകൊണ്ട് യുഎസ് ഇന്ത്യയുമായി വലിയ തോതിലുള്ള വ്യാപാര കരാറിലേർപ്പെടാൻ പോകുന്നുവെന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നു. ഇന്നലെയും ഇതുസംബന്ധിച്ച പ്രതികരണം വൈറ്റ് ഹൗസിൽ നിന്നുണ്ടായി. പ്രസ്തുത വ്യാപാര കരാർ വസ്തുതാപരമാണെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മലാ സീതാരാമന്റേതായി വന്ന പ്രതികരണത്തിൽ നിന്ന് മനസിലാകുന്നുമുണ്ട്. ഇന്ത്യ ഏർപ്പെടുന്ന വ്യാപാര കരാറിന്റെ വിവരങ്ങൾ വൈറ്റ് ഹൗസിൽ നിന്ന് വെളിപ്പെടുത്തുകയും അത് കേൾക്കേണ്ടിവരികയും ചെയ്യുകയെന്നത് 142 കോടിയിലധികം വരുന്ന പൗരന്മാർക്കും നാണക്കേടുണ്ടാക്കുന്നതാണ്.

ലോകംചുറ്റി പാക് ഭീകരതയുടെ കാഠിന്യം ബോധ്യപ്പെടുത്തിയതിനുശേഷമായിരുന്നു ഷാങ്ഹായ് കോർപറേഷൻ ഓർഗനെെസേഷ (എസ്‍സിഒ) ന്റെ സംയുക്ത പ്രസ്താവനയിൽ നിന്ന് ഇന്ത്യക്ക് വിട്ടുനിൽക്കേണ്ടിവന്നത്. പഹൽഗാം ഭീകരാക്രമണത്തെയും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിനെയും കുറിച്ച് പരാമർശമില്ലാത്തതിനാലുള്ള ഈ നിലപാട് ശരിയായിരുന്നു. എന്നാൽ ബിജെപി അവകാശപ്പെടുന്നതുപോലെ ഇന്ത്യയുടെ ആഗോള നിലപാടുകൾക്ക് അത്രമേൽ അംഗീകാരം ലഭിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്. ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ പുറപ്പെടുവിച്ച എസ്‍സിഒ പ്രസ്താവനയിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതും മറ്റൊരുദാഹരണമാണ്. ട്രംപിന്റെ വലതുവശത്താണെന്നും റഷ്യൻ പ്രസിഡന്റ് പുടിന്റെ മടിയിലാണെന്നുമൊക്കെയുള്ള സ്തുതിഗീതങ്ങൾ അന്തരീക്ഷത്തിൽ നിറയുമ്പോഴാണ് മോഡിയുടെ വിശ്വഗുരു പ്രതിച്ഛായ കെട്ടുകഥയാണെന്ന് വ്യക്തമാക്കുന്ന ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നത്. ഇതിലൂടെ മോഡിയുടെ മുഖംമൂടി അഴിഞ്ഞുവീഴുക മാത്രമല്ല സംഭവിക്കുന്നത്, ആഗോളതലത്തിൽ രാജ്യമാകെ നാണംകെടുകയും അവണിക്കപ്പെടുകയുമാണ്. നാം ഇതുവരെ പിന്തുടർന്നുപോന്ന വിദേശനയത്തിൽ നിന്നുള്ള വ്യതിയാനമാണ് അതിന് പ്രധാന കാരണമായത്. സത്യത്തിൽ ഇന്ത്യയുടെ വിദേശനയമെന്താണെന്നുപോലും വിശദീകരിക്കാനാകാത്ത സ്ഥിതിയിലാണ് ഇ­പ്പോൾ എത്തിനിൽക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.