9 December 2025, Tuesday

ജിഎസ്ടി പരിഷ്കരണം ബാധ്യതയാകരുത്

Janayugom Webdesk
September 5, 2025 5:00 am

രാജ്യത്തെ ചരക്ക് സേവന നികുതി സമ്പ്രദായത്തിൽ സമ്പൂർണ പരിഷ്കരണത്തിന് ബുധനാഴ്ച ചേർന്ന ജിഎസ്‌ടി കൗൺസിൽ അംഗീകാരം നൽകിയതോടെ ഇനി മുതൽ അഞ്ച്, 18% സ്ലാബുകളിലാണ് നികുതി ഈടാക്കുക. അത്യാഡംബര വസ്തുക്കൾക്ക് 40% നികുതി എന്ന ഒരു സ്ലാബ് കൂടിയുണ്ട്. എന്നാൽ അത് സാധാരണക്കാരെ ബാധിക്കുന്നതല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അഭിപ്രായം. ഇപ്പോൾ വന്നിരിക്കുന്ന ജിഎസ്‌ടി പരിഷ്കരണം സാധാരണക്കാരെ കേന്ദ്രീകരിച്ചാണെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം ഒറ്റനോട്ടത്തിൽ നല്ലതാണെന്ന് തോന്നുമെങ്കിലും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്കുണ്ടാക്കുന്ന വരുമാനനഷ്ടവും അത് ദീർഘകാലാടിസ്ഥാനത്തിൽ എപ്രകാരമായിരിക്കും വികസനപ്രവർത്തനങ്ങളെ അടക്കം ബാധിക്കുക എന്നതും ഇതിനെ മറികടക്കാൻ ബദൽ മാർഗങ്ങൾ എന്തായിരിക്കുമെന്നതും ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. അമേരിക്കയുമായുള്ള തീരുവ പ്രശ്നം പരിഹരിക്കാനാകാതെ കിടക്കുകയും അത് രാജ്യത്തിന്റെ കയറ്റുമതിയെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അവസാനിക്കാതെ നിലനിൽക്കുകയും ചെയ്യുന്നതിനിടെ ജിഎസ്‌ടിയിലുണ്ടായ വരുമാന വിടവ് പരിഹരിക്കാൻ കേന്ദ്രം സ്വീകരിക്കുന്ന നിലപാടുകളെ കൂടി ആശ്രയിച്ചിരിക്കും നിലവിലെ പരിഷ്കരണത്തിന്റെ ഗുണഫലം എങ്ങനെയായിരിക്കും ജനങ്ങൾക്ക് ലഭ്യമാകുക എന്നറിയാൻ പോകുന്നത്. ഇക്കാര്യത്തിൽ നേരത്തെ തന്നെ കേന്ദ്രസർക്കാർ തീരുമാനമെടുക്കുകയും അത് ജിഎസ്‌ടി കൗൺസിൽ അംഗീകാരം നേടുകയുമായിരുന്നു. നിലവിൽ ജിഎസ്‌ടി കൗൺസിലിൽ വ്യക്തമായ ആധിപത്യം കേന്ദ്രസർക്കാരിനുണ്ട്. ചെയർമാൻ കേന്ദ്ര ധനകാര്യമന്ത്രിയാണ്. കേന്ദ്ര ധനകാര്യസഹമന്ത്രി, എല്ലാ സംസ്ഥാനങ്ങളുടെയും ധനമന്ത്രിമാർ, നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാർ എന്നിവരാണ് അംഗങ്ങൾ. ഇതിനു പുറമെ ധനകാര്യ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ പ്രത്യേക ക്ഷണിതാക്കളാണ്. അതിനാൽ തന്നെ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നയങ്ങളാകും ഇക്കാര്യത്തിലും പൂർണമായും നടപ്പിലാകുക.
കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ചരക്ക് സേവന നികുതിയിലൂടെയാണ്.

വ്യക്തമായ ദിശാബോധത്തോടെ, ദീർഘകാല പദ്ധതികളോടെയുള്ള പരിഷ്കരണ നടപടികൾ നടപ്പിലാക്കിയില്ലെങ്കിൽ അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ബിജെപിയുടെ നിലവിലെ പരിഷ്കരണ നടപടികളെല്ലാം തന്നെ ജനങ്ങളുടെ കണ്ണിൽ പൊ­ടിയിടാനുള്ളതും അശാസ്ത്രീയവുമാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കേന്ദ്രസർക്കാരിന്റെ നടപടികളെല്ലാം തന്നെ രാജ്യത്തിന്റെ സാമ്പത്തികമേഖലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ പെരുപ്പിച്ച് വൻകുതിപ്പിലെന്ന് പറയുമ്പോ­ൾ തന്നെ അടിസ്ഥാന സൗകര്യവികസന രംഗത്തടക്കം രാജ്യം വലിയ പ്രതിസന്ധികളെ നേരിടുന്നുണ്ട്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം കാലാകാലങ്ങളിൽ വെട്ടിക്കുറയ്ക്കുന്നതിലൂടെ പ്രാദേശിക വികസനത്തിലും സാമ്പത്തിക വളർച്ചയിലും വലിയ പാളിച്ചകളാണുണ്ടായിരിക്കുന്നത്. അതിനൊപ്പമാണ് നിലവിൽ രാജ്യത്തെ ചരക്ക് സേവന നികുതി സമ്പ്രദായത്തിലും അശാസ്ത്രീയമായ പരിഷ്കരണങ്ങൾ ഒറ്റയടിക്ക് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജിഎസ്‌ടി സ്ലാബുകളില്‍ മാറ്റങ്ങൾ വരുത്തുമ്പോൾ അത് സംസ്ഥാനങ്ങൾക്കുണ്ടാക്കുന്ന വരുമാന നഷ്ടം എങ്ങനെയാണ് നികത്തുകയെന്ന് ജിഎസ്‌ടി കൗൺസിലിൽ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ കേന്ദ്രധനമന്ത്രി ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. നിലവിലെ പരിഷ്കരണ പ്രകാരം ഒറ്റയടിക്ക് 12%, 28% സ്ലാബുകൾ ഒഴിവാക്കുന്നത് സംസ്ഥാനങ്ങളുടെ മാത്രമല്ല, കേന്ദ്രത്തിന്റെയും വരുമാനത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു. കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തിന് മാത്രം ഏകദേശം 8000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് ഇത്തരത്തിലുള്ള വരുമാനനഷ്ടം വലിയ തിരിച്ചടി തന്നെയാകും. ജിഎസ്‌ടി പരിഷ്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് കേന്ദ്രസർക്കാർ വലിയ ജനക്ഷേമ നടപടിയായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതുവഴി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്കുണ്ടാകുന്ന വരുമാനനഷ്ടം നികത്താൻ ആവശ്യമായ നടപടികൾ ഉണ്ടാകും. ഇത് വാസ്തവത്തിൽ മറ്റ് തരത്തിൽ ജനങ്ങളുടെ കയ്യിൽ നിന്നുതന്നെ ഈടാക്കാനുള്ള വഴികളായിരിക്കും കേന്ദ്രം ആലോചിക്കുക. സോപ്പിനും ചീപ്പിനും അമ്പതുപൈസ വിലകുറച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ വിലവർധിപ്പിച്ചാൽ അതിനെ ജനക്ഷേമ നടപടിയെന്ന് വിശേഷിപ്പിക്കാനാവില്ല. ഇത്തരത്തിലൊരു നടപടിയാണ് ജിഎസ്‌ടി പരിഷ്കരണത്തിലൂടെ ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുന്നത് എന്നതാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.