26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 17, 2024
December 14, 2024
December 13, 2024

ഹിന്ദി വാദം നയിക്കുക നിശബ്ദ വംശഹത്യയിലേക്ക്

Janayugom Webdesk
October 13, 2022 5:00 am

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി 11ാമത് റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചത് കഴിഞ്ഞദിവസമാണ്. കേന്ദ്ര നിയമനത്തിനുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ ഹിന്ദിയിൽ മാത്രമാക്കണമെന്നും കേന്ദ്രസർവീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിർബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥയും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര സർവകലാശാലകളിലും സാങ്കേതിക–അക്കാദമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഭാഷ ഹിന്ദിയാകും. ശുപാർശ നടപ്പായാൽ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിർബന്ധമാകും. ഒഴിച്ചുകൂടാനാകാത്തിടത്ത് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കാവൂ. പ്രാദേശിക ഭാഷയ്ക്ക് പ്രാധാന്യം നൽകണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശത്തിന് കടകവിരുദ്ധമാണ് പുതിയ ശുപാർശ. ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ട ഗൗരവപൂർണമായി വിലയിരുത്തപ്പെടേണ്ടതാണ്.
ഇത് വളരെ പെട്ടെന്നുണ്ടായ നിർദ്ദേശമാണെന്ന് കരുതുക വയ്യ.


ഇതുകൂടി വായിക്കു; ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു: പ്രധാനമന്ത്രിക്ക് കത്തയച്ച് ബിനോയ് വിശ്വം


2014ൽ അധികാരത്തിലേറിയത് മുതൽ കൃത്യമായ ഇടവേളകളിൽ ഹിന്ദി ദേശീയഭാഷയാക്കുന്നതിനെ കുറിച്ചുള്ള പ്രസ്താവനകൾ ബിജെപി നേതാക്കൾ നടത്താറുണ്ട്. 2019 ൽ ഹിന്ദി ദിവസിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഇതേ പ്രസ്താവന അമിത്ഷാ നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരസ്പരം സംസാരിക്കുന്നത് ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ ആകണമെന്ന് ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിൽ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് ഇറങ്ങിയപ്പോഴും ഹിന്ദിയുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടു. ഹിന്ദി പഠനം നിർബന്ധമാക്കണമെന്ന കരടിലെ നിർദ്ദേശങ്ങൾക്കെതിരെ വലിയ പ്രതിഷേധമുണ്ടായത് രണ്ടാംമോഡി സർക്കാർ അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്ന് ആ നയം സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ, പിന്നീട് അവസരം കിട്ടിയപ്പോഴാെക്കെ സർക്കാരിന്റെ നിലപാട് അമിത്ഷാ ആവർത്തിച്ചു.

ഒരു രാജ്യം, ഒരു ഭാഷ എന്ന ആർഎസ്എസ് അജണ്ട മുൻനിർത്തിത്തന്നെയാണ് വീണ്ടും ഹിന്ദിവാദം ഉയർത്തുന്നതെന്ന് വ്യക്തമാണ്. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ഇന്ത്യയുടെ വൈവിധ്യങ്ങൾക്കും ബഹുസ്വരതയ്ക്കും ഫെഡറൽ സ്വഭാവത്തിനും അനുയോജ്യമായ ഭാഷാനയമാണ് പിന്തുടർന്നു വരുന്നത്. ബഹുഭാഷാ ഗോത്രങ്ങളും പ്രദേശങ്ങളും സംസ്കാരവും ചേർന്ന ഭാഷാരീതികൾ പരസ്പരം ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഹിന്ദിയെ ദേശീയഭാഷയായും ഔദ്യോഗിക ഭാഷയായും അംഗീകരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനകളെ കാണേണ്ടത്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിർത്താൻ സാധിക്കുമെങ്കിൽ അത് ഹിന്ദിക്കാണെന്നുമാണ് ആർഎസ്എസ്-ബിജെപി നിലപാട്. നാനാത്വമല്ല ഏകത്വമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം.2011ലെ സെൻസസ് അനുസരിച്ച് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷകളാണ് 96.71 ശതമാനം ജനങ്ങള്‍ സംസാരിക്കുന്നത്. ഇവയുടെ 122 വകഭേദങ്ങള്‍ ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകൾ ഇന്ത്യയിലുണ്ട്. ജനസംഖ്യയുടെ 43.6 ശതമാനം വരുന്ന 52.8 കോടി ജനങ്ങളുടെ മാതൃഭാഷ ഹിന്ദിയാണെന്നാണ് കണക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ എന്നതാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനു പിന്നിലെ കാരണമായി ആർഎസ്എസും ബിജെപിയും വ്യക്തമാക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 35 സംസ്ഥാനങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ഹിന്ദി ഭാഷ സംസാരിക്കുന്നത്. എന്നാൽ ദേവനാഗരി ലിപിയിലെഴുതുന്ന ഹിന്ദിക്ക് എങ്ങനെയാണ് ഇത്രയും വകഭേദങ്ങളുള്ള ഭാഷാസംസ്കാരത്തെ ഒന്നിപ്പിച്ച് നിർത്താനാവുക എന്ന ചോദ്യത്തിന് ഉത്തരവുമില്ല.


ഇതുകൂടി വായിക്കു; ഹിന്ദിയും നാനാത്വത്തില്‍ ഏകത്വവും


കേന്ദ്ര സർക്കാർ നിലവിൽ പുലർത്തുന്ന കേന്ദ്രീകൃത സമീപനം ഫെഡറലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കു വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള വെല്ലുവിളിയുമാണ്. ഇന്ത്യയെ പോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത്‌ പൊതു ഭാഷയിൽ സര്‍ക്കാര്‍ പ്രവർത്തിക്കുന്നതിനെ പറ്റി ഒരു നൂറ്റാണ്ട്‌ മുമ്പേ ആരംഭിച്ച ചർച്ചകളും വിവാദങ്ങളും ഇന്നും രാഷ്ട്രീയ മുതലെടുപ്പിനായി അവര്‍ ആവര്‍ത്തിക്കുകയാണ്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ സൗഹാർദപൂർണമായ സഹവർത്തിത്വമാണ് രാജ്യത്തിന്റെ വൈവിധ്യങ്ങളുടെ മുഖമുദ്ര. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുൾപ്പെട്ട 22 ഭാഷകളും, ഇനി ഉൾപ്പെടുത്താനിരിക്കുന്നവയും സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. ഭാഷകളില്‍ വിവേചനം ഉണ്ടായിക്കൂടാ. ഹിന്ദിക്കും സംസ്കൃതത്തിനും മാത്രം പ്രാധാന്യം നല്കുകയും അവയിലേതെങ്കിലും അടിച്ചേല്പിക്കുകയും ചെയ്യുന്നത് നിശബ്ദമായ വംശഹത്യകളിലേക്കാണ് നയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.