27 July 2024, Saturday
KSFE Galaxy Chits Banner 2

കൽക്കരിയെക്കാൾ വിലകുറഞ്ഞതാണ് ഇവിടെ മനുഷ്യജീവൻ

Janayugom Webdesk
November 13, 2022 5:00 am

അസമിലെ ടിൻസുകിയ ജില്ലയിൽ മാർഗരിറ്റ സബ് ഡിവിഷനു കീഴിലുള്ള ലെഡോ മേഖലയിലെ ടിക്കോക് മാലു കുന്നുകളിൽ കൽക്കരി ഖനനത്തിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബർ 18 നായിരുന്നു ദാരുണമായ ഈ സംഭവം. എലിമാളം പോലെ നീളുന്ന ഇടുങ്ങിയ ഖനികളിലെ തൊഴിലിടങ്ങളുടെ ദുരിത സാഹചര്യം മറികടക്കുന്നതിനോ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനോ സുരക്ഷാ സംവിധാനങ്ങളൊന്നും ക്രമീകരിച്ചിരുന്നില്ല. ഖനിയിൽ പുറന്തള്ളുന്ന വിഷവാതകമാണ് തൊഴിലാളികളുടെ മരണത്തിന് കാരണമായതെന്ന് വ്യക്തം. കൊല്ലപ്പെട്ട സെയ്ദുൽ ഇസ്‌ലാം, ഹുസൈൻ അലി, അസ്മത്ത് അലി എന്നിവർക്ക് മുപ്പതു വയസിൽ താഴെ മാത്രമാണ് പ്രായം. ഈ മേഖലയിൽ കാലങ്ങളായി തുടരുന്ന അനധികൃത ഖനനത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവരുന്നുണ്ട്. എന്നാൽ ഭരണകക്ഷി നേതാക്കളുടെ ഇടപെടൽ കാരണം അധികാരികൾ നിശബ്ദരാണ്. ഗതികേടിന്റെ പാരമ്യത്തിലാണ് സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിലും, മരണക്കെണി തീർക്കുന്ന ഖനികളിലെ തൊഴിലുകൾ ഏറ്റെടുക്കാൻ യുവാക്കളടക്കം നിർബന്ധിതരാകുന്നത്. വിഷവാതക ബഹിർഗമനം മാത്രമല്ല കാലാകാലങ്ങളിലുള്ള നവീകരണ നടപടികൾ പോലും അന്യമാകുമ്പോൾ അപകട മരണങ്ങള്‍ ആവർത്തിക്കുന്നു. ഖനനം ചെയ്തെടുക്കുന്ന കൽക്കരിയെക്കാൾ വിലകുറഞ്ഞതാണ് ഇവിടെ മനുഷ്യജീവൻ എന്നു വരുന്നു.

 


ഇതുകൂടി വായിക്കു; ബിജെപിക്ക് ഫണ്ടുണ്ടാക്കാൻ ഇലക്ടറല്‍ ബോണ്ട് ഭേദഗതി


 

അപകടങ്ങൾ ആവർത്തിക്കുമ്പോഴും വാർത്തയാക്കാൻ മാധ്യമങ്ങളെ ഖനിമാഫിയ അനുവദിക്കാറുമില്ല. ടിക്കോക് മാലു കുന്നുകളിൽ നിന്ന് 900 കിലോമീറ്റർ അകലെ ജോഗിഗോപയിലാണ് ദുരന്തങ്ങൾക്ക് തുടക്കം. എലിമാള സമാനം നീളുന്ന ഇടുങ്ങിയ തുരങ്കങ്ങളിലൂടെ നൂഴ്ന്നിറങ്ങി തൊഴിലെടുക്കേണ്ട ആയിരം ഖനികളെങ്കിലും ഈ ജില്ലയിൽ മാത്രം പ്രവർത്തിക്കുന്നു. തുടരുന്ന അപകടങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ഖനി മാഫിയ ആരെയും അനുവദിക്കുന്നില്ല. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള അത്യാഗ്രഹമാണ് ഖനന മാഫിയയുടെ ഊർജം. 89.44 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ തിങ്ങുന്ന ദെഹിങ് പട്കായ് പാർക്ക് 2004 ജൂൺ 13 മുതൽ വന്യജീവി സങ്കേതമാണ്. 2020 ഡിസംബർ 13നാണ് അസം സർക്കാർ ഇവിടം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. 2021 ജൂൺ ഒന്‍പതിന് അസമിലെ വനംവകുപ്പ് ദേശീയോദ്യാനമായുള്ള വിജ്ഞാപനം പൂർത്തീകരിച്ചു. അഭൂതപൂർവമായ പ്രകൃതിഭംഗി നിലനിൽക്കെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി ഖനനത്തിനായി ദെഹിങ്-പട്കായ് വൈൽഡ് ലൈഫ് റിസർവിലുള്ള 98.59 ഹെക്ടർ ഭൂമി ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്ന നിർദ്ദേശം ദേശീയ വന്യജീവി ബോർഡ്(എൻബിഡബ്ല്യൂഎൽ) അംഗീകരിച്ചു. ദെഹിങ് പുഴയാണ്. ഒഴുക്ക് വനത്തിലൂടെയും. പട്കായ് ആകട്ടെ മലനിരകളും. ഇനി ഇവ എന്താകുമെന്ന് ആർക്കുമുറപ്പില്ല.

കൽക്കരി ഖനനത്തിനായുള്ള പദ്ധതികളിൽ നിർദ്ദിഷ്ട സംരക്ഷിത വനമേഖലയായ സലേക്കിയയും ഉൾപ്പെടുന്നു. 111.19 ചതുരശ്ര കിലോമീറ്റർ മഴക്കാടുകളും ദിബ്രുഗഡ്, ടിൻസുകിയ, സിബ്സാഗർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിവിധ സംരക്ഷിത വനമേഖലകളും ഉൾക്കൊള്ളുന്ന ദെഹിങ്-പട്കായ് സംരക്ഷിത വനമേഖലയുടെ ഭാഗമാണ് സലേകി. ജന്തുജന്യ രോഗങ്ങളും വനനശീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്നും ജന്തുജന്യ രോഗങ്ങളുടെ കുത്തനെയുള്ള വർധനവിന് വനനശീകരണം വഴിയൊരുക്കുമെന്നും ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. മൃഗങ്ങളിലൂടെ പടരുന്ന പക്ഷിപ്പനി, എബോള, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), നിപ, സിക, കൊറോണ എന്നിവ വാ പിളർന്നിരിക്കുന്നു. മാരകമായ ഈ രോഗങ്ങളുടെ പട്ടികയ്ക്ക് കാരണം മനുഷ്യന്റെ പ്രകൃതിയിലുള്ള അത്യാർത്തിപൂണ്ട ഇടപെടലാണ്. മഹാമാരിയുടെ കാലത്തും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയങ്ങൾ പരിസ്ഥിതി തകർക്കുന്ന വ്യാവസായിക പദ്ധതികൾ ആസൂത്രണം ചെയ്തു. ഇതിനുതകുന്ന പുതിയ നിയമങ്ങളുടെ നീണ്ടനിര അവതരിപ്പിച്ചു. പരിസ്ഥിതി ആഘാതങ്ങൾ വിലയിരുത്താൻ വിജ്ഞാപനം ചെയ്ത 2020ലെ എൻവയോൺമെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് (ഇഐഎ) നോട്ടിഫിക്കേഷൻ 2006ലെ ഇഐഎ വിജ്ഞാപനത്തിന് പകരമായിട്ടുള്ളതാണ്. ഇതാകട്ടെ പരിസ്ഥിതി വന സംരക്ഷണ തത്വങ്ങൾക്ക് തികച്ചും വിരുദ്ധവും. ദേശീയ വന്യജീവി ബോർഡ് നൽകിയ അംഗീകാരം 1980 ലെ വനസംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനവുമാണ്.

 


ഇതുകൂടി വായിക്കു; ലോകവ്യാപാര സംഘടനയുടെ മുന്നറിയിപ്പും മോഡി ഭരണകൂടത്തിന്റെ നിസംഗതയും


 

കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് നോർത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ്. 1973ൽ ഈ മേഖലയിൽ 30 വർഷത്തെ ഖനനം പാട്ട വ്യവസ്ഥയിൽ അനുവദിക്കുകയായിരുന്നു. പാട്ടകാലാവധി 2003ൽ കഴിഞ്ഞെങ്കിലും അനധികൃതമായുള്ള ഖനനം തുടരുകയാണ്. ദിബ്രുഗഡിൽ ഖനിത്തൊഴിലാളികൾ നേരിടുന്ന അപകടത്തിന്റെ ഭീതിതമായ അവസ്ഥയിലാണ് ദെഹിങ്-പട്കായ് വന്യജീവി മേഖലയും ചേർന്നുള്ള ആന സംരക്ഷണ കേന്ദ്രവും. ഭാവി കൂടുതൽ ഭയാനകവും ആശങ്കാജനകവുമാണ്. 2030ഓടെ ഗ്രീൻ ഹൗസ് പ്രഭാവം 1.5 ഡിഗ്രി സെൽഷ്യസ് കടക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത 197 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം പ്രകടമെന്ന് ക്ലൈമറ്റ് ആക്ഷൻ ട്രാക്കർ, ഇൻഡിപെൻഡൻഡ് അനാലിസിസ് റിപ്പോർട്ടുകൾ വിശദീകരിക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവർത്തനം കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ളവയെ നേരിടാൻ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ തടയുന്നതിൽ ലോകം പരാജയപ്പെടുകയാണെന്ന് ഐക്യരാഷ്ട്ര സഭയും പറയുന്നു. രാജ്യങ്ങൾ അവരുടെ വാഗ്ദാനങ്ങൾ പാലിക്കുകയാണെങ്കിൽപ്പോലും ലോകം 2.5 ഡിഗ്രി സെൽഷ്യസ് ചൂടിന്റെ പാതയില്‍ തന്നെയാണ്. പാരിസ് കരാറിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് ഉദ്‍വമനം 2030 ആകുമ്പോഴേക്കും 45 ശതമാനം കുറയണം. എന്നാൽ, അതിന് ഒരിക്കൽ ആഘോഷിച്ച ജീവിതത്തെ ഭൂമി തന്നെ നിരാകരിക്കുകയാണോ എന്ന ചിന്തയിൽ വ്യഥപൂണ്ട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.